ഊർമ്മികങ്ങളിലൂടെ – പ്രമോദിനി ദാസ് എഴുതിയ കവിത

Mail This Article
മോതിരവിരലിൽ തൂങ്ങിക്കൊണ്ടനന്ത
സീമതന്നന്ത്യം കുറിച്ചിട്ടതെത്രയോ
മോഹസംഗീതങ്ങളത്രേ!!
ഋതുഭേദങ്ങളിലൂടെ
മൗനങ്ങളായെത്ര മാഞ്ഞു!
മുഷിഞ്ഞ ചിത്തച്ചിതലന്നരിച്ചതും
കറുത്ത നിശയുടെ
മടിയിൽപ്പിടഞ്ഞതും
കരിഞ്ഞപൂക്കളായ്
മണ്ണിൽ പടർന്നതും
കവിപാടിക്കരയിച്ച
വരികളല്ലേ.
ഏതോ നിലാവത്ത്
തേങ്ങിമറഞ്ഞതും
അന്തപുരങ്ങളിലന്ത്യമായ് തീർന്നതും
യവനികയ്ക്കുള്ളിലൂ
ടകമേറി വന്നതും
മൊട്ടിട്ട പ്രണയത്തിലൂടെ വിരിഞ്ഞതും
താളകം നോവിച്ച സത്യമല്ലേ !
ചിതറിയ രക്തത്തിലെത്രയോ പുഷ്പങ്ങൾ
കത്തിക്കരിയുന്നതറിഞ്ഞിടുന്നു.
ആശാന്റെ ലീലയും വാസവദത്തയും
ചൂടിയ മോഹത്തിൻ കഥപറഞ്ഞു.
ഇഷ്ട്ടം ചുമന്നതിലേറെയുമെന്നും
നഷ്ടം ചുമന്നതാണേറെയത്രേ.
തീരുകില്ലെന്നതാണത്രേയെങ്കിലും
തീരെയില്ലാതെയും തീർക്കുന്നി-
തെത്രയോ ജീവിതങ്ങൾ.
മോതിരവിരലിൽ തൂങ്ങിക്കൊണ്ടനന്ത
സീമതന്നന്ത്യം കുറിച്ചിട്ടതെത്രയോ
മോഹസംഗീതങ്ങളത്രേ !!