ചിത്രലിപികൾ – വേണു നമ്പ്യാർ എഴുതിയ കവിത

Mail This Article
മഹാകാലലോകത്തിന്റെ
ഇന്ദ്രിയസംവേദനലഹരിയുടെ
മുഷിച്ചിലിൽ ഞാൻ
പാതാളമായ പാതാളം തൊട്ട്
സ്വർഗ്ഗമായ സ്വർഗ്ഗം വരെ
സ്വയം എന്നെ തേടാനിറങ്ങുന്നു
തകർന്ന ചിത്രലിപികളെ
തോന്നിപ്പിക്കുന്ന നക്ഷത്രങ്ങൾ
തൂക്കിയിട്ടുള്ള ഒരു പ്രാക്തനഗുഹയിൽ
നിന്നെ കണ്ടെത്തുന്നു
നിന്റെ മാദകലഹരിയിൽ മുഗ്ദ്ധനായി
ഞാൻ എന്നെ വിസ്മരിക്കുന്നു
നിന്റെ വർണ്ണദൃശ്യങ്ങളിൽ
ഞാൻ അന്ധനാകുന്നു
നിന്റെ സ്വരലയത്തിൽ
ഞാൻ ശ്രവണാന്ധതയ്ക്കിരയാകുന്നു
നിന്റെ കൊലുസ്സിലും അരഞ്ഞാണത്തിലും
ഞാൻ സ്വർണ്ണഖനിയെ വിസ്മരിക്കുന്നു
ഞാൻ തന്നെയൊ നീ
നീ തന്നെയൊ ഞാൻ
എന്ന ചിന്തയ്ക്ക് അവധി കൊടുത്ത്
വിഷസർപ്പമെത്തയിൽ
നിന്റെ ചുംബനദംശനങ്ങളേറ്റ്
ഞാൻ മരണവെപ്രാളം കൊള്ളുന്നു
എല്ലാം എല്ലാമായ ഞാൻ
ജീവനെ വെടിഞ്ഞ്
വീണ്ടും അങ്കുരിക്കുവാൻ
സസ്യ പ്ലവകങ്ങൾ പിന്നിട്ട്
കടലിന്റെ അടിത്തട്ടിലുള്ള
ഉപ്പുമണ്ണിലേക്കാഴുന്നു
കടലിന്റെ ആഴത്തിൽ
തകർന്ന ചിത്രലിപികളെ
തോന്നിപ്പിക്കുന്ന നക്ഷത്രങ്ങൾ
പ്രകാശിക്കുന്ന പവിഴപുറ്റിന്റെ
തിളക്കം പരന്ന ഗുഹയിൽ
ഒരു ജലകന്യകയുടെ വേഷത്തിൽ
നീ എന്നെ കാത്തിരിക്കുന്നു
നിന്റെ സ്നേഹാർദ്രമായ
സാഗരനിസ്സംഗത
എന്റെ രതിമോഹങ്ങൾക്ക്
തടയിണയിടുന്നു
സ്വപ്നരഹിതമായ ദിവ്യനിദ്ര തന്നെ
ഉണർവ്വായി തഴുകുമെന്ന പ്രതീക്ഷയിൽ
എന്റെ ശിരസ്സും കൈകാലുകളും
നിന്റെ പ്രചണ്ഡശൂന്യതയ്ക്കു ചുറ്റും
ഉന്മാദത്തിൽ നടനം ചെയ്യുന്നു!