ആത്മഹത്യ ചെയ്തവൾ – അശ്വതി മനോജ് എഴുതിയ കവിത
Mail This Article
×
കരളുരുകി കരിഞ്ഞൊരു സ്വപ്നം
ഒരു മുഴം കയറിൽ തൂങ്ങിയാടുന്നു
പാതിയടഞ്ഞൊരു മിഴിത്തുമ്പിൽ
ആർദ്രമായി ഇറ്റുവീഴാൻവെമ്പി
നിൽക്കും, തറ്റുപോയൊരു
ജീവിതത്തിൻ തിരുശേഷിപ്പുകൾ
ശോണിമയാർന്നൊരു കപോലങ്ങളിൽ
വേനലിൽ വറ്റിയ വസിരത്തിൻ നിഴൽപ്പാടുകൾ.
പുഞ്ചിരിമാഞ്ഞൊരു പൂവിതൾത്തുമ്പിൽ
കാതോർക്കാതെപോയ ജീവിത
കഥകളുറങ്ങുന്നു
കാലം വരച്ചൊരു തിരക്കഥയിൽ
ആടിത്തിമിർത്തൊരു വികടവേഷക്കഥ
നിലച്ചൊരു ഹൃത്തിലിപ്പോഴും കേൾക്കാം
തിരയടങ്ങാത്ത കടലിരമ്പം.
തളർന്നൊരു മുഷ്ടിയിൽ തെളിഞ്ഞുനിൽപ്പൂ
അതിജീവനത്തിന്റെ സിരാനികരം
മോക്ഷംതേടും ആത്മാവിപ്പോഴും
വിതുമ്പുന്നുവോ
വ്യർഥമാം ജീവിതത്തിൻ പൊരുളറിയാതെ.
കാലമാം പാശത്തിൽ കുരുങ്ങി
മൃതിയടഞ്ഞവൾക്കുണ്ടോ
വീണ്ടുമൊരു തൂക്കുമരണത്തിൻ
നോവുകൾ.
English Summary:
Malayalam Poem ' Athmahathya Cheythaval ' Written by Aswathy Manoj
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.