നമ്മിലെ നമ്മൾ – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ എഴുതിയ കവിത

Mail This Article
എന്നെ മൂടുന്ന നിൻ
സ്നേഹ മധുധാരയെ
മഴയെന്നവർ വിളിച്ചു.
നിന്റെ മെയ് പുണരുന്നൊ-
രെന്നഭിലാഷത്തെ
വെയിലെന്നവർ വിളിച്ചു.
നമ്മുടെയുള്ളിലെ
മോഹത്തിൻ വെണ്മയെ
പൗർണ്ണമിയെന്നു വിളിച്ചു.
നമ്മുടെ മാത്രമാ-
മനുരാഗ യാമത്തെ
രാത്രിയെന്നും വിളിച്ചു.
നമ്മിൽ നാം കെട്ടി-
മേയുന്ന സ്വപ്നങ്ങളെ
വീടെന്നവർ വിളിച്ചു.
നമ്മിൽ പരസ്പ്പര-
മലയുന്ന കനവിനെ
കാറ്റെന്നവർ വിളിച്ചു.
ഇനിയും നാമറിയാത്ത
മധുരങ്ങളെ അവർ
കാവ്യമെന്നെന്നോ വിളിച്ചു.
സ്വയം മറന്നാത്മാവ്
പങ്കിടും മന്ത്രത്തെ
രതിയെന്നുമവർ വിളിച്ചു.
നാമെന്നുമലിയുന്ന
രാഗപരവേശത്തെ
കുളിരെന്നവർ വിളിച്ചു.
നാം തമ്മിൽ കണ്ടെത്തും
അർഥ തീർഥങ്ങളെ
സംഗീതമെന്നും വിളിച്ചു.
നിന്റെയുമെന്റെയും
വന്യ സങ്കൽപ്പത്തെ
സന്ധ്യയെന്നവർ വിളിച്ചു.
കൂടുകെട്ടും കിളി-
ക്കൂട്ടുകാർ നമ്മളെ
ദമ്പതിമാരെന്നും വിളിച്ചു.
നമ്മിലൂടൊഴുകുന്നൊ-
രുന്മാദ ഗംഗയെ
ജീവിതമെന്നു വിളിച്ചു.
നമ്മിലെ പ്രിയമെഴും
ആനന്ദ താളത്തെ
ജീവസ്പന്ദനമെന്നും വിളിച്ചു.