പാരിലെ പൊരുൾ – ഡോ. യൂസഫ് പേരാമ്പ്ര എഴുതിയ കവിത

Mail This Article
ഓർമ്മകൾക്ക് നിലാവിന്റെ മണമാണ്,
തഴുകുന്ന വാക്കുകൾക്ക് തേനിന്റെ രുചിയും.
പൂക്കളിൽ ഉന്മാദം നിറയുന്നത്
നിന്റെ പുഞ്ചിരി കാണുമ്പോഴാണ്.
ഹൃദയത്തോട് ആകാശനീലിമയെപ്പറ്റി
വെറുതെ ചോദിക്കരുത്.
ശലഭങ്ങൾ പൂക്കളോട് പറയുന്നത്,
അവൻ പ്രണയിനിയോട് പറഞ്ഞ രഹസ്യങ്ങളാണ്.
അവന്റെ ലേപനങ്ങളാണ് സ്മൃതികളിൽ
പുരട്ടി നാം സായൂജ്യമടയുന്നത്.
ഒരു സുഗന്ധവും ആത്മാവിനു വെളിയിലല്ല,
ഒരു പുണ്യവും ജീവനു കീഴെയല്ല.
മണ്ണിൽ നിറയുന്നതെന്നും ആകാശം,
ഉയരങ്ങളിൽ പടരുന്നത് മണ്ണും.
നിന്റെ കണ്ണുകളിൽ നിറയുന്നത്
രണ്ടും കലർന്ന ചായം കൊണ്ടുള്ള
കഥകളാണല്ലോ.
ചിത്രങ്ങളെല്ലാം അവന്റെ പൊരുളിൽ
പൊതിഞ്ഞ ഓർമകളാണ് -
പുലർകാല വാനവും
ത്രിസന്ധ്യയിലെ കടൽക്കരയുമടക്കം.
അവനെയ്യുന്ന ശരങ്ങൾ മഴയായ് പെയ്യുന്നു,
അലകടലിൽ മീനുകൾ പുളയുന്നു.
ഓടിച്ചെന്നെടുക്കാൻ തുനിയുന്ന നേരുകൾ
ഓടിയകലുന്നതിൻ പൊരുളവിടെ തിരയാം,
പെരുമയുടെ കോട്ടകൾ കെട്ടി കോമരമാടുന്നോർ
പേമാരി പെയ്യുന്ന രാവിൽ
പെരുവഴിയിലാണ്ടു പോകുന്നു.
പൊരുളുകളിതുപോൽ പരശ്ശതം പറവാനെങ്കിലും
പൊരുളവൻ പകലിരവിൽ പതിവായ്
പാർക്കുന്നു പാരിൽ.