കുട്ടിക്കടത്ത് – സനീഷ് രാമപുരം എഴുതിയ കവിത

Mail This Article
പൂതപ്പാട്ടങ്ങനെ താളത്തിൽ പാടി
തങ്കക്കിടാവിനെ ഉറക്കിയമ്മ
ഉണ്ണിയും പൂതവും അമ്മയുമങ്ങനെ
സ്വപ്നത്തിൽ കണ്ടവളുറക്കമായി
പിറ്റേന്ന് നേരം വെളുത്തു പരന്നപ്പോൾ
നാടാകെ ഞെട്ടിയാ വാർത്ത കേട്ട്
അമ്മ തൻ തങ്കക്കുടത്തിനെയാരോ
കട്ടോണ്ടു പോയി ഇരുട്ടിലൂടെ
മാറു പിളർന്നമ്മ പൊട്ടിക്കരഞ്ഞപ്പോൾ
താതന്റെ നെഞ്ചം പിടഞ്ഞു നിന്നു
എന്തു നടന്നുവെൻ പൈതലേ തങ്കമേ
എൻ പക്കലേക്കിനി എപ്പോൾ വരും?
കുഞ്ഞേ നീയിപ്പോൾ കരയുന്നുവോ
അതോ പേടിച്ചരണ്ടങ്ങിരിക്കുവാണോ?
കുഞ്ഞി വയറിപ്പോൾ വിശന്നിരിക്കുന്നുവോ
അമ്മയെ കാണാതെ തേങ്ങുവാണോ?
പൈതലേ നിന്നെ കാണാ,തറിയാതെ
കാടേറി പോകുന്നെന്നാകുല ചിന്തകൾ
എന്തു നടന്നുവോ, എങ്ങു നീ, എങ്ങനെ,
ആരായിരിക്കാം അതും എന്തിനാണോ?
എന്തായിരുന്നാലും ഏതായിരുന്നാലും
എനിക്കെന്റെ കുഞ്ഞിനെ തിരികെ വേണം
പണ്ടൊരു പൂതമാ കുഞ്ഞിനെ കട്ടത് -
മാതൃത്വ മോഹങ്ങൾ പൂവണിയാൻ!
ഇന്നത്തെ പൂതങ്ങൾ, യക്ഷികൾ ക്രൂരരോ-
പിഞ്ചിലേ റാഞ്ചുന്നു കുഞ്ഞിളം മേനികൾ.
സ്വത്തും കാമവും മത വൈരാഗ്യങ്ങളും
ഇല്ലൊരു ഭേദം കുഞ്ഞോ കിളവിയോ!
നിങ്ങൾക്കുമില്ലേ പിഞ്ചിളം മക്കൾ
നിങ്ങൾക്കുമില്ലേ സ്നേഹിക്കുമമ്മ
പൊറുക്കുവാനാകുമോ ഉറ്റവർ വേദന
കേൾക്കാതിരിക്കുമോ അമ്മ തൻ രോദനം
നീ കവരുന്നതെൻ സ്വപ്നവും നാളെയും
നീ കവരുന്നതൊരു പൈതലിൻ പുഞ്ചിരി
നീ കവരുന്നതോ നിന്നിലെ സ്വത്വം!
തിരികെ തരൂ നീ കവർന്നോരെൻ മാതൃത്വം.
ചൂണ്ടയിൽ കോർത്തോരിരയെ കണക്കവൻ
വേണ്ട പണത്തിനു കളമൊരുക്കി
അഷ്ടിക്കു കഷ്ടപ്പെടുന്നവരെങ്കിലും
കുഞ്ഞിനെ കാക്കുവാൻ ഓട്ടമായി
മാധ്യമ കൂട്ടരും കാവലാളും പിന്നെ
നല്ലവർ കുഞ്ഞിനെ തേടിയപ്പോൾ
ചോലയിലെങ്ങോ കിടത്തിയൊളിഞ്ഞവൻ
ചോരൻ കലികാല പൂതമവൻ!
കരുതിയിരിക്കൂ കുരുന്നേ കിനാക്കളെ
ഒളിഞ്ഞിരിപ്പോമവർ കൂട്ടത്തിലൊരുത്തരായ്
സ്നേഹം നടിക്കും കണ്ണീർ തുടയ്ക്കും
ചോരൻ കലികാല പൂതമവൻ !