ഓർമ്മകൾ – ഗിരിജ ചാത്തുണ്ണി എഴുതിയ കവിത

Mail This Article
ചിന്തകളുടെ ഗർത്തങ്ങളിൽ
സ്വയം നഷ്ടപ്പെട്ടപ്പോഴാണ്
സ്വപ്നങ്ങളുടെ താഴ്‌വരയിൽ
രാ മാഞ്ഞ രാമഴയുടെ വേരിനെ
കോലായയുടെ തണുപ്പിലേക്ക്
കൈക്കുമ്പിളിലെടുത്തത്.
വേർപ്പാടുകളുടെ വിടവുകളിൽ
രണ്ടു വ്യത്യസ്ത ഭൂഖണ്ഡങ്ങളിലിരുന്ന്
ഒരേ പുടവയ്ക്ക് ഊടും പാവും നെയ്യുമ്പോൾ
കൃഷ്ണമണിയിലേക്ക് നോക്കികൊണ്ടൊരു
മൺചെരാത് മാത്രം നിദ്രയ്ക്ക് കാവലിരുന്നു.
കഥ കൊണ്ടുനടക്കുന്ന
കടവിലേക്കെത്തിനോക്കി ഒഴുകിയ പുഴ
മാനത്തമ്പിളിയുടെ നിശാവസ്ത്രങ്ങളെ
നിലാവിൽ ഉണക്കാനിട്ടു
ആഴകടലിലേക്ക് സ്നാനത്തിന്നിറങ്ങിയ
പകലോൻ പുലരിയുടെ ഉടുപ്പണിഞ്ഞപ്പോൾ
ഹിമകണങ്ങളുടെ വൈഡൂര്യ മിഴികൾ
നനഞ്ഞൊഴുകിയപ്പോൾ
ശൂന്യതയുടെ ഇന്നലെകളിൽ ഒരു
വർണ്ണകമ്പളം മെനഞ്ഞെടുത്ത മാനസം
അക്ഷരച്ചോലയിൽ വൃത്തങ്ങൾ തീർത്ത
കവിതയെ,യെങ്ങോ
മറന്നുവെച്ചപ്പോൾ കരിമേഘം കണ്ണിലൊളിച്ചു.
ഉടൽനീളങ്ങൾക്ക്
കാലം തുന്നിക്കെട്ടി പാകമാക്കിയ
അപൂർണ്ണതയുടെ പൂർണ്ണതകളിൽ
മറന്നുവെച്ചതൊക്കെ മങ്ങാതെയവിടെ–
യിരുപ്പുണ്ടെന്നറിഞ്ഞപ്പോഴാണ്
എന്നിൽ നീ ചിരിച്ചുകൊണ്ടു കണ്ണുനിറച്ചത്!