കറുത്ത മാനം – ജയകുമാർ മല്ലപ്പള്ളി എഴുതിയ കവിത

Mail This Article
കറുത്ത മാനം കണ്ണിൽ നോക്കി
കരഞ്ഞു തീരും കാഴ്ചകളിൽ
വെളുത്ത നേരം വിതുമ്പിയെങ്ങും
ഇരുട്ട് മൂടി തീരുന്നു.
പാതി വിടർന്നു പറക്കും കൊടികളിൽ
ചോര പൊടിച്ചു തെറിക്കുമ്പോൾ
ചാരെ കാണാം വിടരാമലരുകൾ
ഇതള് കൊഴിഞ്ഞു കിടക്കുന്നു.
തലയ്ക്ക് മീതെ വെള്ളിടി വെട്ടി
പറന്നു പൊങ്ങും യന്ത്രങ്ങൾ
പടർന്നു ചുറ്റും തീഗോളങ്ങളിൽ
പകച്ചു കത്തും നഗരങ്ങൾ.
നാമുണ്ടിവിടെ ഉണർന്നു വെളുപ്പിന്
കുഞ്ഞി കൈകൾ ചേർക്കുമ്പോൾ
അവിടെയൊരച്ഛൻ ഉണരാക്കുഞ്ഞിൻ
കവിളിൽ മുത്തം വയ്ക്കുന്നു.
ഇനി നീ ഓടിയടുക്കില്ലേയെന്ന്
അമ്മ മനസ്സുകൾ നീറുമ്പോൾ
ഇനിയും തീരാ പകയുടെ കനലുകൾ
തീജ്വാലകളായ് തീരുന്നു.
പുതിയൊരു പുലരി കിനാവ് കണ്ടേൻ
മൃതിയുടെ പടവാളേന്തുമ്പോൾ
ഇവിടൊരു രാജ്യം തീ വെന്താളി
പിടഞ്ഞു കത്തി തീരുന്നു.
ഓർക്കുക ഇനി നാം, നമ്മുടെ വേരുകൾ
മനുഷ്യരാശിയിലാഴുന്നു
ഓർക്കുക ഇനി നാം, നമ്മൾ ചിന്തും
നമ്മുടെ ചോരയ്ക്കൊരേ നിറം.