പ്രണയവും ഞാനും – സവിത കെ. ആർ. എഴുതിയ കവിത

Mail This Article
എൻ ഋതുവിനാരംഭത്തിലെപ്പോഴോ
പ്രണയമേ ഞാൻ കരുതി
നിനക്കെന്തൊരു അഴകാണെന്നു
എൻ മുടിയിഴപോലും തഴുകാതെ
ഒരു കാറ്റല പോലെ നീ എൻ അരികിലൂടെ
പോകവേ പ്രണയമേ ഞാൻ കരുതി
നിനക്കെന്തൊരു സുഗന്ധമെന്ന്
സഖികൾ നിന്നാലസ്യം ചൊല്ലി നടക്കവേ
പ്രണയമേ ഞാൻ കരുതി
നിനക്കെത്ര വർണമെന്നു
ഒരു വേളപോലും നിന്നെ പുൽകാതെ
മംഗല്യ പുടവ ചുറ്റവെ
പ്രണയമേ ഞാൻ കരുതി
നീയൊരു സുന്ദര സ്വപ്നമെന്നു
കുങ്കുമം പടർന്ന രാവിൻയാമങ്ങളിൽ
മൃദു ചുംബനം കാംഷിച്ചൊരെൻ മിഴികളി-
ന്നറിയുന്നു പ്രണയമേ നീയെനിക്കു
അശ്രുബാഷ്പമെന്നു
കാന്തനോടൊപ്പം നിന്നുത്തമ
സഹധർമിണി ചമയവേ
തേൻ വാക്ക് കൊതിച്ചൊരെൻ കാതുകളി-
ന്നറിയുന്നു പ്രണയമേ നീയെനിക്കു
കാത് തുളക്കും ഭ്രമരമെന്നു
പൂർവ്വ പ്രണയത്തിൻ കാരമുൾ കൂട്ടിൽ
നിന്നടരുവാൻ കഴിയാത്തൊരെൻ
പ്രാണപതിയെന്നെ അറിയിക്കുന്നു
പ്രണയമേ നീയൊരു വിഭ്രാന്തിയെന്നു
കരുതലിൽ നിന്നൊരു അറിവായ് നീ
നിറയവെ ഞാനറിയുന്നു
പ്രണയമേ നീ എനിക്കൊരു
ഹൃദയ നോവാണെന്നു
ഞാൻ അറിയുന്നു..
എൻ ആത്മാവിനായ് നീ തീർത്തതൊരു
കനൽ കുണ്ഡമെന്ന്..
ഈ മുഴു ജന്മത്തിൻ അഗ്നി പരീക്ഷയെന്ന്...