നഷ്ടപ്പെടുവാനെന്തുണ്ട് – വേണു നമ്പ്യാർ എഴുതിയ കവിത
Mail This Article
പ്രണയനൂലിൽ കോർത്തിണക്കിയ
രണ്ട് രത്നങ്ങളായ
നിനക്കും എനിക്കുമിടയിൽ
നഷ്ടപ്പെടുവാനെന്തുണ്ട്
നഷ്ടപ്പെടുവാനെന്തുണ്ട്
തിരമാലകൾക്കും
മേഘങ്ങൾക്കുമിടയിൽ
സ്വപ്നത്തിലെ നിശ്ചലമായ
പുഴയ്ക്കും ഒഴുകാത്ത കടലാസ്സു–
തോണിയ്ക്കുമിടയിൽ
നഷ്ടപ്പെടുവാനെന്തുണ്ട്
നഷ്ടപ്പെടുവാനെന്തുണ്ട്
പ്ലാറ്റ്ഫോമിലെ വലിച്ചെറിയപ്പെട്ട
ചായക്കപ്പിനും
ഉരുക്കുചക്രങ്ങൾക്കടിയിൽ
അരഞ്ഞു പോയ ലിപ്സ്റ്റിക്ക് തേച്ച
ചുണ്ടിനുമിടയിൽ
മണിയറയിലെ മുല്ലപ്പൂവിന്റെ
സൗരഭ്യമുള്ള ചുളിഞ്ഞ
കിടക്കയ്ക്കും
കറുത്ത ശവപ്പെട്ടിക്കുമിടയിൽ
നഷ്ടപ്പെടുവാനെന്തുണ്ട്
നഷ്ടപ്പെടുവാനെന്തുണ്ട്
തേൻകുരുവിയ്ക്കും
തെച്ചിപ്പൂങ്കുലയ്ക്കുമിടയിൽ
കൊടുങ്കാട്ടിൽ ദിശ തെറ്റിയ മുടന്തിനും
അന്ധതയ്ക്കുമിടയിൽ
നഷ്ടപ്പെടുവാനെന്തുണ്ട്
നഷ്ടപ്പെടുവാനെന്തുണ്ട്
മരക്കുരിശിനും ചോരയിറ്റുന്ന
ഇരുമ്പാണി മൊട്ടുകൾക്കുമിടയിൽ
അനശ്വരമായ ആത്മാവിനും
നശ്വരവും ക്രൂരവുമായ
ലോകത്തിനുമിടയിൽ
നഷ്ടപ്പെടുവാനെന്തുണ്ട്
നഷ്ടപ്പെടുവാനെന്തുണ്ട്
തീ പിടിച്ച ആകാശത്തിനും
പ്രളയത്തിൽ മുങ്ങിയ
ഭൂമിയ്ക്കുമിടയിൽ?