പ്രകൃതിയിലേക്ക് ഊളിയിട്ട് – ഹിസാന ഒള്ളക്കൻ എഴുതിയ കവിത
Mail This Article
'സോഷ്യൽ' ബന്ധനങ്ങളെ പൊട്ടിച്ചെറിഞ്ഞ്
കോലായി വിട്ടൊന്നിറങ്ങണം.
വീടിനു ചുറ്റും പ്രദക്ഷിണം ചെയ്‌ത്,
വഴി അരികിലെ ചെടികളോട്
കിന്നാരം പറഞ്ഞ്,
നീലാകാശത്തേക്ക് നോട്ടമെറിഞ്ഞ്
കാടും മലയും താണ്ടിക്കടന്ന്
പ്രകൃതിയിലേക്കൊന്ന് ഊളിയിടണം.
ചെറുവരയിൽ നിശബ്ദമായ് ഒഴുകുന്ന
കൊച്ചരുവികൾ, കവിഞ്ഞൊഴുകാൻ
സ്വാതന്ത്ര്യമില്ലെന്നുരയുന്ന ചെറുകുളങ്ങൾ.
ഇളം തെന്നലിൽ കരയോടടുത്ത് കാതിൽ
പതിയെ സ്വകാര്യം മൂളുന്ന നദികൾ.
എത്ര സൂക്ഷ്മതയോടെയാണ്
നെയ്ത്തുകാരനെ പോലെ,
എട്ടുകാലി വലനെയ്യുന്നത്.
വിത്തുകൾ മുളപൊട്ടി
പുതുനാമ്പായ് കിളിർക്കുന്നത്.
ചുള്ളികൾ പെറുക്കിയടുക്കി
കാക്കകൾ കൂട്ടുണ്ടാകുന്നത്.
ചോണനുറുമ്പുകൾ അനുസരണയോടെ
വരിതെറ്റാതെ അരിച്ചരിച്ച് പോകുന്നത്.
എന്ത് ജാഗ്രതയിലാണ് ചിതലുകൾ
പുറ്റുണ്ടാകുന്നത്.
കുഞ്ഞ് പൂക്കൾ കള്ളച്ചിരിയോടെ
കൺമിഴിക്കുന്നത്.
എത്ര മനോഹരമീ ദൃശ്യങ്ങൾ,
നയനങ്ങളിൽ തടഞ്ഞതൊക്കെയും
കുളിരേകുന്ന കാഴ്ചകൾ മാത്രം ..!!
അങ്ങനെ അങ്ങനെ ഇതെന്തു
കാഴ്ചകളാണ്.
പക്ഷേ, കാണാനുള്ള കൗതുക
കണ്ണുകൾ ഇന്നെവിടെ?