കർക്കടകം – കാവല്ലൂർ മുരളീധരൻ എഴുതിയ കവിത

Mail This Article
രാത്രി മുഴുവൻ മഴയുടെ രൗദ്രതാളമായിരുന്നു
നീയെന്നിലേക്ക് പെയ്തിറങ്ങുന്നതുപോലെ
നിന്നോടൊപ്പം നനഞ്ഞു നടക്കാനൊരു കൊതി.
വാതിൽ തുറന്നു മഴയിലേക്ക് നടന്നു
നീ വാരിപ്പുണരുന്നതുപോലെ ഒരു ശീതക്കാറ്റ്
എന്നെ കെട്ടിപ്പുണർന്നു.
തണുത്തുറഞ്ഞെങ്കിലും അതിന്
നിന്റെ ഗന്ധമുണ്ടായിരുന്നു
അരമതിലിൽ മലർന്നു കിടന്നു മാനം നോക്കി
നിന്റെ വിരലുകൾ എന്റെ നെഞ്ചിൽ
സരിഗമപധനിസയുടെ രാഗധാരകൾ
തീർക്കുന്നതുപോലെ
കനത്ത മഴത്തുള്ളികൾ നെഞ്ചിൽ പതിഞ്ഞമരുന്നു.
അതോ ഓരോ മഴത്തുള്ളിയും
ഓരോ ചുംബനങ്ങളാണോ
പുണർന്നുതീരാത്ത ആവേശങ്ങളായി
കാറ്റ് ചുറ്റിവരിയുന്നു
ഒരിക്കലും പെയ്തുതീരാത്ത പ്രണയം
നീയെന്നിലേക്ക് പെയ്യുകയാണ്
ഇടയ്ക്ക് കാതുകളിൽ ചുണ്ടുകൾ ചേർത്ത്
നീ മുറുമുറുക്കുന്നതൊക്കെയും
നിന്റെ ഹൃദയതാളങ്ങളാണ്
നിന്റെ കണ്ണുകൾ വിടരുന്നത്
എന്നെ വിഴുങ്ങാനാണ്
പെട്ടെന്ന് ഒരു മിന്നൽപ്പിണർ ധമനികളെ
പേടിപ്പിച്ചു തളർത്തിയപോലെ
തൊട്ടടുത്ത് ഒരു ഭൂകമ്പം നടന്നപോലെ
വലിയ ഇടിമുഴക്കം
വീടിന് മുന്നിലെ കവുങ്ങ് കടപുഴകി വീണു
വീട്ടിലേക്ക് കയറുമ്പോൾ മുത്തശ്ശിയുടെ
പിറുപിറുക്കൽ അയാൾ കേട്ടു
"ചേട്ട പോയ വഴി കണ്ടോ,
ഒരു കവുങ്ങേ പോയുള്ളൂ"