മണിവീണ – ശ്യാമള ഹരിദാസ് എഴുതിയ കവിത

Mail This Article
മണിവീണമീട്ടി പാടിടുന്നു ദേവീ
നിൻ സ്തുതിഗീതങ്ങൾ
ഈ ധന്യമാം നിമിഷത്തിൽ
നിൻ മാഹാത്മ്യം പാടി പുകഴ്ത്തിടുന്നു
ഞാൻ വീണതൻ തംബുരുമീട്ടി.
എൻ ഹൃദയകോവിലിൻ വാതിൽ തുറന്നു ഞാൻ
അമ്മേ നിനക്കായൊരു പീഠമിട്ടു
കണ്ണുനീരാലതു കഴുകി തുടച്ചു
തേങ്ങലാൽ പൂം പട്ടു വിരിച്ചു
ആശകൾ കത്തിച്ചു ദീപം കൊളുത്തി ഞാൻ
ഗാനങ്ങളാൽ നിറമാല ചാർത്തി.
ഇരുളാർന്നൊരീ വൻ തടാകത്തിൽ
മിഴിയൊഴുക്കിക്കൊണ്ടനുദിനം
മിഴിയടച്ചിരുന്നു തപസ്സിരുപ്പു ഞാൻ
ജ്വലിക്കും പ്രഭയുമായ് എന്നമ്മ അരികെ
അണയുമ്പോൾ പ്രഭയേറ്റു വിടരാനായ്
കൊതിച്ചിരുന്നു.
ചഞ്ചല മാനസത്തിൽ ചിന്തകൾ ചേക്കേറിടാതെ
സന്ധ്യതൻ പ്രഭയിൽ വീണമീട്ടി നിൻ ചരിതങ്ങൾ
ഈണത്തിൽ താളത്തിൽ പാടുന്നു ഞാൻ
മണിവീണ മണിമാല കരതാരിൽ കലരും
കനിവിന്റെ മുത്തുകൾ നിനക്കായ് ഒഴുക്കിടുന്നു.
വിദ്യതൻ അറിവേകി നീ കനിഞ്ഞിടു
അറിവിൻ ചെപ്പുകൾ എനിക്കായ് തുറന്നു തരൂ
അകതാരിൽ അറിവായ് വിളങ്ങിടേണേ
മിഴിനീരൊഴുക്കി അവിടുത്തെ
തിരുദർശ്ശനത്തിന്നായ് കാത്തിരിപ്പു
വാണിയായ് ലക്ഷ്മിയായ് പാർവ്വതിയായ്
സൃഷ്ടി സ്ഥിതിലയ ശക്തിയായ്
ചണ്ഡികയായ് ദുഷ്ടസംഹാരയായ് ധർമ്മ
സംരക്ഷണയായ് അവിടുന്നീഭൂമിയിലവതരിച്ചു.
ഹിമഗിരിതനയെ ശിവന്റെ പ്രാണപ്രിയേ
മണിവീണ മീട്ടി ഞാൻ നിനക്കായ് കാത്തിരിപ്പു.......
ആശകൾ കത്തിച്ചു ദീപം കൊളുത്തി ഞാൻ
നാമങ്ങളാൽ നിറമാല ചാർത്തി.