വിഷം പുരട്ടിയ ചുംബനങ്ങൾ – രൺജിത് നടവയൽ എഴുതിയ കവിത

Mail This Article
തെരുവ പുല്ല് അതിരുമേയുന്ന കാടിന്റെ അറ്റത്ത്
പകലുറങ്ങി രാത്രിയിൽ ദുശ്ശാസന ശാസനകൾ
നൽകുന്നൊരു രാജാവുണ്ട്
അക്ഷരങ്ങളെ പൂട്ടിയിട്ട പത്തായപുരകളിൽ നിന്ന്
രക്ഷപ്പെട്ട പുറത്തുവന്ന ഒന്നോ രണ്ടോ അക്ഷരങ്ങൾ
രക്ഷപ്പെടാനായി ഓടിയപ്പോൾ വിഷചൂരടിച്ചാണ്
ആ ഗ്രാമവാസികളിലെ രണ്ടുപേർ തൽക്ഷണം കൊല്ലപ്പെട്ടത്
മുള്ളു മാത്രം വിരിയുന്ന ചെടികളിൽ നിന്ന്
മുള്ളുകൾ അടർത്തി തിന്ന് അജീർണ്ണം പിടിക്കാതെ
രാവും പകലും കഴിച്ചുകൂട്ടും ആ ഗ്രാമവാസികൾ
ഒഴുകുന്ന പുഴ ഇളകുന്ന ഇലകൾ ചലിക്കുന്ന കാറ്റ്
പറക്കുന്ന പക്ഷികൾ അവയൊക്കെ പെട്ടെന്ന്
ചലനം നഷ്ടപ്പെട്ട് പ്രതിമകളായി
മല പാടം താഴ്‌വാരം ഇവർ ലെഫ്റ്റ് റൈറ്റ്
മാർച്ച് ചെയ്തു ഗ്രാമം വിട്ട് പോയി
മഴകൾ കാർക്കിച്ചു തുപ്പുന്ന വെയിലുകൾ ഓക്കാനിക്കുന്ന
ഗ്രാമത്തിലെ പകലുകൾക്ക് ആരോ പറഞ്ഞ
അശ്ലീലത്തിന്റെ വാടയായിരുന്നു
നിലാവിനെ വെടിവെച്ച് കൊല്ലുന്ന രാത്രികളിൽ
രാജാവ് ഇപ്പോഴും ഉറങ്ങാറില്ലത്രെ