ADVERTISEMENT

ദേവകി ടീച്ചർ ഇന്ന് വളരെ ആഹ്ലാദത്തിലാണ്. വർഷങ്ങൾക്കുശേഷം തന്റെ ഇഷ്ടലോകത്തെ പുൽകുവാൻ സാധിക്കുമെന്ന അഹ്ലാദം. നീണ്ട 8 വർഷങ്ങൾ ഈ അഗതി മന്ദിരത്തിൽ മരവിച്ചു കിടന്നശേഷം വീണ്ടും തളിർക്കുകയാണ് തന്റെ ജീവിതം. അതെ, തന്റെ നാട് തന്നെ കൂട്ടിക്കൊണ്ട് പോവുകയാണത്രെ. ആ മണ്ണിലേക്ക്. ജനിച്ച് വളർന്ന് വൃദ്ധയാവുന്നത് വരെ ജീവിച്ച മണ്ണിലേക്ക്. സനാഥയായി വളർന്ന് അനാഥയാകുന്നത് വരെ ഇഴുകിച്ചേർന്ന മണ്ണിലേക്ക്...

നാട്ടിലെ അറിയപ്പെടുന്ന പ്രമുഖ വീട്ടിൽ ഏകമകളായി ജനിച്ചു വളർന്ന ദേവകി ടീച്ചർ വിവാഹശേഷവും അച്ഛൻ നിർമ്മിച്ചു നൽകിയ വീട്ടിലായിരുന്നു ജീവിച്ചിരുന്നത്. ഏകമകളായതിനാൽ ഭർതൃവീട്ടിലേക്ക് പറഞ്ഞയക്കില്ലെന്നു ഉണ്ണിനായർ ആദ്യമേ തീരുമാനമെടുത്തിരുന്നു. അതിനാൽ ദേവകി ടീച്ചർ നാടിന്റെ ടീച്ചറായി പുതു തലമുറയുടെ അമ്മയായി ആ നാടിന്റെ ഭാഗമായി മാറി. അകാലത്തിൽ ഭർത്താവ് മരണപ്പെട്ടു എങ്കിലും പ്രയാസമില്ലാതെ മക്കളെ വളർത്തി. 4 ആൺമക്കളും ഒരു മകളുമായിരുന്നു. അച്ഛന്റെ മരണമായിരുന്നു ടീച്ചറെ തകർത്തത്. എന്നും വലിയൊരു ശക്തിയായ് തണലായ് അദ്ദേഹമുണ്ടായിരുന്നു. ആ വിയോഗത്തിൽ അനാഥയായ ഒരു കുഞ്ഞിനെ പോലെ ടീച്ചർ തളർന്നു പോയി.

പിന്നീടുള്ള ജീവിതം നഷ്ടങ്ങൾ മാത്രമാണ് അവർക്ക് സമ്മാനിച്ചത്. മക്കളെല്ലാം വീടെടുത്ത് അവരുടേതായ ലോകത്തേക്ക് പറന്നു. പല ഭാഗങ്ങളിലുള്ള സ്ഥലങ്ങൾ അവർക്ക് ഭാഗിച്ചു നൽകിയതിൽ നിന്നാണ് ഭിന്നസ്വരങ്ങൾ ആരംഭിക്കുന്നത്. ആദ്യ മക്കൾക്ക് മികച്ച സ്ഥലം നൽകി എന്നാരോപിച്ച് കലഹം തുടങ്ങി. സ്കൂളിൽ നിന്ന് വിരമിച്ചപ്പോൾ ടീച്ചർ തീർത്തും അനാഥയായിരുന്നു. ആരോഗ്യം ക്ഷയിച്ചു തുടങ്ങിയതോടെ അവർക്ക് പരസഹായം ആവശ്യമായി. എന്നാൽ മക്കളുടെയും മരുമക്കളുടേയും കറുത്ത മുഖങ്ങളും കുത്തുന്ന വാക്കുകളും അവരെ പടിയിറങ്ങുവാൻ പ്രേരിപ്പിച്ചു. ഒരു നാടിന്റെ ടീച്ചറമ്മയായിരുന്നിട്ടും മറ്റ് സ്ത്രീകളെ പോലെ ഇത്തരം സന്ദർഭങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്യുവാൻ തനിക്കാവാത്തതിൽ അവർ അത്ഭുതപ്പെട്ടു. പാഠഭാഗങ്ങൾ പകർത്തി നൽകുക എന്നതിനപ്പുറം അച്ഛന്റെ ഒരു കുഞ്ഞുമകൾ മാത്രമായിരുന്നല്ലോ താനെപ്പോഴുമെന്നവർ ആലോചിച്ചു. 

മകളുടെ വീട്ടിൽ നിൽക്കുവാൻ ആത്മാഭിമാനബോധം അവരെ അനുവദിച്ചില്ല. ഏകവഴി തന്റെ പെൻഷനിൽ ഒതുങ്ങുന്ന ഒരിടത്തെ വിശ്രമജീവിതം മാത്രമാണെന്ന തിരിച്ചറിവിലായിരുന്നു ചുരമിറങ്ങി തുടർവാസത്തിന് വേണ്ടി ഈ അഗധിമന്ദിരം അവർ തെരഞ്ഞെടുത്തത്. ചുരുക്കം ചില ഘട്ടങ്ങളിൽ പ്രധാന വിവരങ്ങൾ പറയുവാനും ക്ഷണിക്കുവാനും വന്നതല്ലാതെ മക്കളെ കണ്ടിട്ടില്ല. എന്റെ കൂടെ താമസിക്കാം അമ്മേ എന്നൊരു വാക്ക് അവരിൽ നിന്ന് കേൾക്കുവാൻ കൊതിച്ചിരുന്നു. പേരമക്കളുടെ വിവാഹങ്ങൾക്ക് മാത്രമാണ് ചുരം കയറിയത്. പഴയ സഹപ്രവർത്തകരെ, വിദ്യാർഥികളെ എല്ലാം കാണുവാൻ സാധിക്കുമല്ലോ എന്നതായിരുന്നു അത്തരം യാത്രകളിലെ ആനന്ദം. മകൾ വരുമ്പോഴും കാൾ ചെയ്യുമ്പോഴും എത്ര സമയമായെന്ന് മറന്നു പോവാറുണ്ട്. അവളില്ലെങ്കിൽ പൂർവകാലം മറക്കുവാൻ താനൊരു സന്യാസിനിയായ് മാറുമായിരിക്കും. 

തന്റെ വിദ്യാർഥികളായിരുന്ന കുറച്ചു യുവാക്കളുടെ നേതൃത്വത്തിൽ അവരുടെ ടീച്ചറമ്മയ്ക്ക് ഒരു വീട് നിർമ്മിക്കുന്നു എന്ന് താനറിയുന്നത് വൈകിയായിരുന്നു. അല്ലെങ്കിൽ താൻ അത് തടയുമായിരുന്നു. മക്കൾക്ക് അതൊരു അപമാനമായേക്കാം എന്ന് താൻ ഭയന്നു. എന്നാൽ സഹപ്രവർത്തകരായിരുന്നവരും കുട്ടികളും നാട്ടുകാര്യം ഒന്നിച്ചു പറയുമ്പോൾ ആ സ്നേഹം വേണ്ടെന്നു വെയ്ക്കുവാൻ സാധിച്ചില്ല. ഇന്ന് പ്രിയ വിദ്യാർഥി ആയിരുന്ന മനുട്ടൻ വരുമത്രെ...! കൊണ്ടുപോകുവാൻ. മക്കൾക്ക് വേണ്ടാത്ത ഈ പടുവൃദ്ധയെ ആ യുവാക്കൾക്ക് വേണമത്രെ...! ഒരു പ്രയാസവും വരാതെ തന്നെ അവർ പരിചരിക്കുമത്രെ. സ്നേഹിച്ചു വളർത്തിയ മക്കളേക്കാൾ തന്നെ ആ മക്കൾ സ്നേഹിക്കുന്നു. എങ്കിലും തന്റെ മക്കളെ വെറുക്കുവാനോ മാറിലെ സ്നേഹം മായ്ക്കുവാനോ തനിക്കാവില്ല. തന്റെ യാത്ര അവരെ വേദനിപ്പിക്കരുതേ എന്നു മാത്രമാണ് ഈ അമ്മയുടെ പ്രാർഥന. 

English Summary:

Malayalam Short Story ' Devaki Teacher ' Written by Anas V. Pengad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com