കവിത പോലെയൊരു ഗാനം, ഹൃദയത്തിൽ വന്നലക്കുന്ന പ്രണയപ്രവാഹം...
Mail This Article
ഹിമശൈലസൈകതഭൂമിയിൽ നിന്ന് പ്രണയപ്രവാഹം പോലെ ഒഴുകി വന്ന പാട്ട്. വയലാറിന്റെ രാജശിൽപ്പി പോലെ ഭാസ്കരൻ മാഷിന്റെ അവിടുന്നെൻ ഗാനം പോലെ ശ്രീകുമാരൻതമ്പിയുടെ ആ നിമിഷത്തിന്റെ നിർവൃതിയിൽ പോലെ എംഡി രാജേന്ദ്രൻ എന്ന പ്രതിഭയുടെ ഹിമശൈലസൈകതഭൂമി മലയാളം കേട്ട ഏറ്റവും മനോഹരമായ ഗായികാഗാനമാണ്.
കവിതയെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഗാനം. ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിന് വേണ്ടി എം.ഡി. രാജേന്ദ്രൻ എഴുതി ദേവരാജൻ മാഷ് സംഗീതം പകർന്ന് ഹൃദയത്തെ കോൾമയിർ കൊള്ളിച്ചൊരു പാട്ട്. കേൾവിയിൽ കുളിർമഴ പോലെ പെയ്തിറങ്ങിയ പാട്ട്. എം.ഡി.ആർ. എഴുതി ആകാശവാണി പ്രക്ഷേപണം ചെയ്ത കവിതയാണ് ഈ പാട്ടിന്റെ ആദ്യ രൂപമെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതോർക്കുന്നു.
"കുളിരുള്ളോരോമൽ പ്രഭാതത്തിലിന്നലെ
കനകലതേ നിന്നെ കണ്ടൂ
അതിഗൂഢസുസ്മിതം ഉള്ളിലൊതുക്കുന്ന
ഋതുകന്യപോലെ നീ നിന്നൂ"
കവിത പക്ഷേ പൂർണ്ണമായും ദേവരാജൻ മാഷിന് ബോധിച്ചില്ല. മാഷിന്റെ നിർദേശാനുസരണം കവിതയിൽ ചില മാറ്റങ്ങൾ എം.ഡി.ആർ. വരുത്തി. ഹിമശൈലസൈകതഭൂമി, അതിഗൂഢസുസ്മിതം, പ്രഥമോദബിന്ദു, എന്നിങ്ങനെയുള്ള അഭൗമങ്ങളായ വാക്കുകൾ കോർത്തെടുത്തു എം.ഡി.ആർ. നൽകിയപ്പോൾ ദേവരാജസംഗീതത്തിന്റെ മാസ്മരികതയിലും മാധുരിയമ്മയുടെ അതിമധുരമായ ആലാപനത്തിലും പിറന്നു വീണതൊരു വിസ്മയമാണ്.
"ഹിമശൈലസൈകതഭൂമിയിൽ നിന്നു നീ
പ്രണയപ്രവാഹമായി വന്നൂ..
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നൂ.."
അനുപല്ലവിയും ചരണവുമൊക്കെ അടർന്ന് വീണൊരു കാവ്യശകലം പോലെ അതിസുന്ദരമായിരുന്നു. എം.ഡി.ആർ. എഴുതിയ വരികളുടെ ആത്മാവ് തൊട്ടറിഞ്ഞാണ് ദേവരാജൻമാഷ് ഈണം പകർന്നത്. വ്യക്തിപരമായി ദേവരാജൻ മാഷിനും ഏറെയിഷ്ടമുള്ള ഗാനം.
"നിമിഷങ്ങൾതൻ കൈക്കുടന്നയിൽ
നീയൊരു നീലാഞ്ജന തീർഥമായി..
പുരുഷാന്തരങ്ങളെ കോൾമയിർ കൊള്ളിക്കും
പീയൂഷവാഹിനിയായി.."
എന്നെയെനിക്കു തിരിച്ചു കിട്ടാതെ ഞാൻ
ഏതോ ദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരി തൻ
സ്വേദ പരാഗമായ് മാറി
കാലം ഘനീഭൂതമായ് നിൽക്കുമക്കര-
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടു പോയി ഞാൻ,
എന്റെ സ്മൃതികളേ..
നിങ്ങൾ വരില്ലയോ കൂടെ.."
ഒട്ടേറെ മനോഹരഗാനങ്ങൾ ഉണ്ടെങ്കിലും എം.ഡി. രാജേന്ദ്രൻ എന്ന പേര് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓർത്തുപോകുന്ന പാട്ടാണിത്. ഓരോ കേൾവിയിലും ഹിമശൈലസൈകത ഭൂമിയിൽ നിന്ന് ഒഴുകി വരുന്ന പ്രണയപ്രവാഹം വന്നലക്കുന്നത് ഹൃദയത്തിലാണ്.