നമ്പർ തെറ്റി വന്ന മെസേജിലൂടെ സുഹൃത്തുക്കളായി; ആദ്യമായി കാണാൻ പോയപ്പോൾ അറിഞ്ഞത് ദുരന്തവാർത്ത
Mail This Article
ഏറെ നാൾ കാത്തിരുന്ന ഒരു ദിവസമാണ് ഇന്ന്. എന്റെ പ്രിയ കൂട്ടുകാരിയെ നേരിട്ട് കാണാൻ പോകുന്ന ദിവസം. ഇന്നത്തെ രാവിലെക്ക് പോലും വല്ലാത്തൊരു കുളിർമയായിരുന്നു. എന്തോ വല്ലാത്തൊരുന്മേഷം. എന്നത്തേതിലും നേരത്തെ എണീറ്റു റെഡി ആയി നിന്നു. കോട്ടയത്ത് നിന്നും പാലക്കാട് എത്തണം. ട്രെയിൻ വഴിയാ പോകുന്നെ. ഇക്കയും വാപ്പച്ചിയും കൂടെ വരാമെന്നു പറഞ്ഞിരുന്നെങ്കിലും തനിയെ പോകണം എന്ന് ഞാൻ വാശിപിടിച്ചപ്പോ അവരെന്നെ റെയിൽവേ സ്റ്റേഷൻ വരേ ആക്കിത്തരാമെന്നേറ്റു. "ഷാനീ... സൂക്ഷിച്ചു പോണേ..." "ഓക്കേ അത്താ... ഇനി നിങ്ങൾ പൊയ്ക്കോ. ഞാൻ എത്തീട്ട് വിളിച്ചോളാ." ഉറക്കം എന്റെ വീക്നെസ് ആയത് കൊണ്ടും സ്ലീപ്പറിൽ സീറ്റ് ബുക്ക് ചെയ്തത് കൊണ്ടും നല്ലോണം കിടന്ന് ആസ്വദിച്ചാ ഞാൻ പോയത്. എങ്കിലും അഥവാ ഉറങ്ങിപ്പോയാ ഇറങ്ങാനുള്ള സ്റ്റേഷൻ മിസ്സാവോ പേടിച്ചിട്ട് മര്യാദക്ക് ഉറങ്ങാനും പറ്റൂലല്ലോ എന്ന വിഷമം ഉണ്ട്. എങ്കിലും അവളെ കാണാൻ ഉള്ള എക്‌സൈറ്റ്മെന്റ് കൊണ്ട് എന്റെ എല്ലാ ചടപ്പും മാറ്റി വെച്ച് നല്ല എനെർജിറ്റിക് ആയിട്ടേന്നെയാ ഞാൻ ഇരുന്നേ.
അവളെ ഞാൻ പരിചപ്പെടുന്നത് നാല് വർഷം മുന്നെയാണ്. ഒരു വൈകുന്നേരം ചുമ്മാ ഫോണിൽ കുത്തിക്കൊണ്ടിരിക്കുമ്പോഴാ അറിയാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നത്. ആൾ മാറി മെസ്സേജ് അയച്ചത് ആയിരുന്നെങ്കിലും പ്രൊഫൈൽ പിക്കിൽ ഉണ്ടായിരുന്ന മുഖം മുഴുവനായും കാണാത്ത ഒരു പെൺകുട്ടിയുടെ ആ ചിത്രം എന്നെ വല്ലാതങ്ങു ആകർഷിച്ചപ്പോ മുൻകയ്യെടുത്തു ഞാൻ തന്നെ പിന്നീട് മെസ്സേജ് അയച്ചു തുടങ്ങിയത്. ആദ്യം അവൾക് വല്ല്യ മൈൻഡ് ഇല്ലാത്ത പോലെ തോന്നിയപ്പോ ജാഡക്കാരിയാണെന്നൊക്കെ കരുതി ഞാൻ മെസ്സേജ് അയക്കുന്നതൊക്കെ നിർത്തിവെച്ചിരുന്നെങ്കിലും വീണ്ടും നിൽക്കപ്പൊറുതി ഇല്ലാതെ ഞാൻ തന്നെ മെസ്സേജ് അയച്ചു തുടങ്ങി.
'ഷാനിബ' അതായിരുന്നു അവളെ പേര്. അവളുടെ മാത്രം അല്ല, എന്റെ പേരും അത് തന്നെയായിരുന്നു. വൈകാതെ അവളും നല്ല കൂട്ടായപ്പോ ആ സൗഹൃദം വാട്സാപ്പ് വഴി ഞങ്ങൾ അങ്ങ് ആഘോഷിച്ചു. എന്നെ പോലെ ആയിരുന്നില്ല അവൾ. ഒരു പച്ചപാവം. എല്ലാത്തിനോടും പേടിയുള്ള ഒരു പാവം ഉമ്മച്ചിക്കുട്ടി. മിതഭാഷിയും അച്ചടക്കവും തോന്നിക്കുന്ന സ്വഭാവശൈലി. പേരൊക്കെ ഒന്നാണെങ്കിലും സ്വഭാവം രാവും പകലും തമ്മിലുള്ള അന്തരം ഉണ്ടായിരുന്നു. അങ്ങനെയങ്ങനെ പരസ്പരം എല്ലാം പങ്കുവെച്ചു സൗഹൃദത്തിന്റെ വല്ലാത്തൊരു വീഥിയിൽ എത്തിപ്പെട്ടിരുന്നു ഞങ്ങൾ.
ഇത്രയൊക്കെ ആയെങ്കിലും ഒരു ട്വിസ്റ്റ് ഉണ്ട്... ഞങ്ങൾ ഇതുവരെ ഒരു ഫോട്ടോയിൽ കൂടെ പോലും പരസ്പരം കണ്ടിട്ടില്ല. അവളുടെ പ്രൊഫൈലിലെ കണ്ണും മൂക്കിന്റെ ചെറിയ ഭാഗവും മാത്രം വെച്ച് ഞാൻ എന്റേതായ രീതിയിൽ നെയ്തെടുത്ത അവളുടെ ഒരു മുഖഛായ എന്റെ മനസ്സിൽ ഉണ്ട്.. അതല്ലാതെ ഞങ്ങൾ കണ്ടിട്ടേയില്ല. അവളോട് ഫോട്ടോ ചോദിക്കുമ്പോഴൊക്കെ ഒരിക്കൽ നമ്മൾ നേരിട്ട് കാണും.. അന്ന് കണ്ടാ പോരെ എന്ന് ചോദിക്കും... അങ്ങനെ ആവുമ്പോ എന്റെ ഫോട്ടോയും തരില്ല.. എന്നേം നേരിട്ട് കാണുമ്പോ കാണാന്ന് ഞാനും പറയും. രണ്ടാൾക്കും ഒരേ പേര് ആയതോണ്ട് ഞാൻ ഓളെ 'നിബു' എന്നാ വിളിച്ചിരുന്നേ... അവളെന്നെ 'ഷാനി' എന്നും..
അങ്ങനെ ഞങ്ങളുടെ സൗഹൃദത്തിന്റെ നാല് വർഷത്തെ ആയുസ്സ് പിന്നിടുമ്പോൾ ആ പാവം പൂച്ചക്കുട്ടിയായ നിബുവിൽ നിന്നും അത്ര കച്ചറ ഒന്നും ആയില്ലെങ്കിലും അത്യാവശ്യം നല്ലോണം സംസാരിക്കാനും എന്നെ ഇട്ട് വട്ടാക്കാനും ഒക്കെ അവൾ പഠിച്ചിരുന്നു. എന്റെയല്ലേ ഫ്രണ്ട്. ഞാൻ കേടാക്കിയില്ലെങ്കിലേ അത്ഭുതം ഉള്ളു. ഇതിനിടക്ക് ഞങ്ങളെ വീട്ടുകാരും നല്ല കൂട്ടായി.. ഇടക്ക് വിളികളും വീഡിയോ കാളുകൾ ഒക്കെ ഉണ്ടാവും. വീഡിയോ കാൾ ഒക്കെ ചെയ്യുമ്പോ രണ്ടും മുഖം കാണിക്കാതെ ക്യാമറ വല്ല ഫാനിനോ ചുമരിനോ ഒക്കെ നേരെ പിടിക്കും. ഒരിക്കലും രണ്ട് പേരും മുഖം കാണിക്കാൻ തയ്യാറാവാത്തത് കണ്ട് ഞങ്ങൾ തന്നെ പരസ്പരം ചിരിക്കും.
അങ്ങനെയാണ് വരുന്ന അവളുടെ ബർത്ത്ഡേക്ക് അവൾക്കൊരു സർപ്രൈസ് കൊടുക്കാന്ന് ഞാൻ പ്ലാൻ ആക്കിയത്. അതിനും വേണ്ടി രണ്ട് ദിവസം മുന്നേ തന്നെ അവളോട് കള്ളപ്പിണക്കം നടിച്ചു മെസ്സേജോ കോളോ ഒന്നും ചെയ്തില്ല. ആദ്യത്തെ ദിവസം അവൾ മിണ്ടിക്കാൻ കൊറേ ഫോൺ വിളിച്ചു ശല്യം ചെയ്തപ്പോ ഞാൻ ഉള്ളിൽ ചിരിയടക്കി അതെല്ലാം കട്ടാക്കി കളഞ്ഞു. പിറ്റേന്ന് രാവിലെ അവൾ വിളിച്ചിരുന്നെങ്കിലും പിന്നീട് അവളെ വിളിയൊന്നും വന്നില്ല. എന്തായാലും അവളെ പരിഭവം നാളത്തോടെ ശരിയാക്കാലോ എന്നോർത്തു ഞാൻ അത് മൈൻഡ് ആക്കീല. അങ്ങനെ അവളെ പിറന്നാൾ തലേന്ന് സർപ്രൈസ് കൊടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ് ഞാൻ.
അങ്ങനെ ഓളെ ബ്രദർ പറഞ്ഞത് വെച്ച് ഞാൻ പാലക്കാട് സ്റ്റേഷനിൽ ഇറങ്ങി. അവൻ എന്നെ കൂട്ടാൻ വരും എന്നാ പറഞ്ഞിരുന്നേ. അങ്ങനെ ഞാൻ അവനെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തപ്പോ ഉമ്മന്റേം അത്താന്റേം ഇക്കാന്റേം ഒക്കെ ഫോണിൽ നിന്ന് തിരുതുരെ മിസ്സ്ഡ് കാൾ വന്നു കിടക്കുന്നു. എന്റെ വിവരം ഒന്നും ഇല്ലാഞ്ഞിട്ടാവും. എന്തായാലും 'ശാക്കി'ക്ക് (നിബൂന്റെ ബ്രോ) വിളിച്ചിട്ട് വരാൻ പറഞ്ഞിട്ട് വീട്ടിൽക്ക് വിളിക്കാന്ന് കരുതി അവൻക് വിളിച്ചിട്ട് കാൾ എടുക്കുന്നില്ല. രണ്ടു മൂന്ന് തവണ വിളിച്ചിട്ടും സെയിം അവസ്ഥ. റബ്ബേ... ചെക്കൻ പറ്റിച്ചോ. എന്നൊക്കെ കരുതി ചുമ്മാ നിബൂക്ക് വിളിച്ചപ്പോ സ്വിച്ച് ഓഫ്. ഇതെന്ത് കൂത്ത്...?? ഇങ്ങനെ ഓൾ ഫോൺ സ്വിച്ച്ഓഫ് ആക്കി ഇടാറൊന്നും ഇല്ലല്ലോ. പിന്നെന്തേ...? ചിലപ്പോ എന്നോടുള്ള വാശിക്ക് ആവും. ഇത് വരേ ഓളോട് ഞാൻ ഇങ്ങനെ ഒന്നും പിണങ്ങീട്ടില്ലല്ലോ. വരട്ടെ. ഓളെ ഈ പിണക്കം മാറ്റാൻ അല്ലെ ഞാൻ ഇങ്ങട്ട് കെട്ട്കെട്ടി വന്നത്. ശരിയാക്കാം... പിന്നേം ശാക്കിക്ക് വിളിച്ചപ്പോ സെയിം അവസ്ഥ.
എന്നാ ഇനി ഉമ്മാക്ക് വിളിക്കാ എന്ന് കരുതി ഉമ്മാക്ക് വിളിച്ചപ്പോ ഉമ്മ കാൾ എടുക്കുന്നില്ല. ഇതെന്താ ഇപ്പൊ കഥ...? എല്ലാരും ഫോണും വലിച്ചെറിഞ്ഞു എങ്ങോട്ടാ പോയത്. അങ്ങനെ ഞാൻ അത്താക്ക് വിളിച്ചപ്പോ മൂപ്പര് ഫോൺ എടുത്ത്. പക്ഷേ പറയുന്നത് ഒന്നും വ്യക്തമല്ല. വേറെ എന്തൊക്കെയോ ഒച്ചപ്പാട് ആണ് കേൾക്കുന്നേ. ഞാൻ കൊറേ 'ഹലോ, ഹലോ..' പറഞ്ഞത് മിച്ചം. അറിയാത്തിടത്ത് വന്ന് പെട്ടോ എന്ന് കരുതി ഞാൻ അവിടെ കണ്ട ബെഞ്ചിൽ ഇരുന്നു. തനിയെ പോകാമെന്നു വെച്ചാ എനിക്ക് സ്ഥലപ്പേര് പോലും മര്യാദക് അറീല. അപ്പഴാ... എന്തായാലും കുടുങ്ങി. ഇനി ഇവിടെ ഇരിക്കന്നെ. അല്ലാതിപ്പോ എന്താ ചെയ്യാ... ഞാൻ അത്താക്ക് ഒന്നൂടെ വിളിച്ചപ്പോ കാൾ എടുത്തെങ്കിലും ഒന്നും വ്യക്തമായി കേൾക്കുന്നില്ല. എനിക്കാകെ എരിഞ്ഞു കേറി വന്നപ്പോ കാൾ കട്ടാക്കി. എനിക്കാണേൽ നല്ലോണം വിശപ്പും ഉണ്ടായിരുന്നു. ഒരു ചായേം സമൂസയും കഴിച്ചു ഞാൻ അവിടെ ഇരുന്നു.
ചുമ്മാ ഇരുന്നപ്പോ ഒരു ചെറിയ പെൺകുട്ടി ചുമന്ന റോസാപ്പൂക്കളുമായി വന്നത്. "വാങ്ങിക്കോ ചേച്ചി.. പത്തുരൂപയുള്ളു.." അവളെ കയ്യീന്ന് ഞാൻ ആ പൂക്കൾ മുഴുവനായും വാങ്ങി. നിബൂക്ക് ചുവന്ന റോസാപ്പൂക്കൾ വല്ലാത്ത ഇഷ്ടാണ്. ഏകദേശം ഞാൻ വന്നിട്ടിപ്പോ രണ്ട് മണിക്കൂറായി. എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല. നേരത്തെ കാൾ എടുത്തിരുന്ന അത്തയും ഇപ്പൊ കാൾ എടുക്കുന്നില്ല. അങ്ങനെ അന്തം വിട്ട് ഇരിക്കുമ്പോഴാണ് എന്റെ മുന്നിൽ വന്ന് നിർത്തിയ ട്രെയിനിൽ നിന്നും ഉമ്മയും അത്തയും ഇക്കയും ഇറങ്ങുന്നത്. അവരെ കണ്ടപ്പോ ഞാൻ ആകെ അന്തം വിട്ടു. എന്നെ കണ്ടപ്പോ അവരും വെപ്രാളം പിടിച്ചു എന്റെ അടുത്തേക്ക് ഓടി വന്നു. "മോളെ.. മോളെ ഷാനീ..." "ഉമ്മാ.. അത്താ... നിങ്ങളൊക്കെ എന്താ ഇവിടെ. വരണ്ടാന്നു ഞാൻ പറഞ്ഞതായിരുന്നില്ലേ..?"
"അത്... മോളെ... നിബു... നിബുമോൾ..."എന്നൊക്കെ പറഞ്ഞു ഉമ്മ തേങ്ങികരയാൻ തുടങ്ങിയപ്പോ കാര്യം അറിയാതെ ഞാൻ അന്തം വിട്ട് നിന്ന്. അപ്പോഴേക്ക് അത്ത ഉമ്മാനെ അവിടെ ബെഞ്ചിൽ പിടിച്ചിരുത്തി. "ഷാനി. ഇവിടെ വാ..." ഇക്ക എന്റെ കൈപിടിച്ചു അവിടെന്ന് മാറ്റി നിർത്തി. "എന്താ ഇക്കാ...?" "അത്.. ഷാനീ... ഞാൻ ഒരു കാര്യം പറഞ്ഞാ നീ സങ്കടപ്പെടല്ലേ.." "എന്താ ഇക്കാ... ടെൻഷൻ ആക്കാതെ കാര്യം പറയി..." "അത്... നിബു... ഓൾ നമ്മളെ വിട്ട് പോയി.." ഇക്ക പറഞ്ഞു തീർന്നതും ഒരലർച്ചയോടെ ഞാൻ അവിടെ കുഴഞ്ഞു വീണു പോയി. എന്റെ കൈയ്യിലുണ്ടായിരുന്ന റോസാപ്പൂക്കൾ അവിടെയാകെ പരന്നു വീണു. ആരൊക്കെ അതിന്മേൽ ചവിട്ടി കടന്നു പോയി..
"വാ.. ഷാനീ... എണീക്ക്... നിബൂനെ കാണണ്ടേ.." "വേണ്ട ഇക്കാ... എന്റെ മനസ്സിൽ ഞാൻ നെയ്തെടുത്ത നിബൂന്റെ പുഞ്ചിരിക്കുന്ന ഒരു മുഖമുണ്ട്. അത് മതിയെനിക്ക് ഞങ്ങളുടെ സൗഹൃദത്തിന്റെ അടയാളമായി ഈ ജന്മം ഓർത്തിരിക്കാൻ.. ഞങ്ങളുടെ സൗഹൃദത്തെ കാത്തുവെക്കാൻ ആ പുഞ്ചിരിക്കുന്ന മുഖം മാത്രം മതിയെനിക്ക്. അതിനപ്പുറം അവളുടെ നിർജീവമായി കിടക്കുന്ന ആ മുഖം കാണാണെനിക്ക് ആവില്ല ഇക്കാ..." അപ്പോഴും ആരുടെയൊക്കെയോ 'ഷാനിമോളെ...' എന്ന ആർത്തനാദം ആ വീടിനെ പ്രകമ്പനം കൊള്ളിച്ചിരുന്നു.