അച്ഛൻ മരിച്ചു, നാട്ടിലേക്ക് പോകാൻ പണമില്ല; 'അപ്രതീക്ഷിതമായി ഓഫീസിൽ നിന്ന് ഒരാൾ വേണ്ട പണം അക്കൗണ്ടിലിട്ടു...'
Mail This Article
ഓഫീസിൽ എപ്പോഴും തണുപ്പ് പെയ്തുകൊണ്ടേയിരിക്കും. അറബികളുടെ ഒപ്പം എട്ടു മണിക്കൂർ ജോലി ചെയ്യുമ്പോൾ ഏറ്റവും അസഹനീയം ഈ തണുപ്പുതന്നെയാണ്. ബഹ്റിനിൽ ജോലി തുടങ്ങിയിട്ട് പത്ത് വർഷമാകുന്നു. ദുബായ് എന്ന കടലിൽ നിന്നും ഒരു കുളത്തിൽ പെട്ടപോലെയായിരുന്നു ആദ്യമൊക്കെ ബഹ്റിൻ പ്രവാസം. പക്ഷേ പിന്നീടങ്ങോട്ട് സ്വന്തം നാട് പോലെ ഫീൽ ചെയ്യുന്ന എന്തോ ഒരു മാജിക് ഈ രാജ്യത്തിന് ഉള്ളതുപോലെ തോന്നും. രാവിലെ എഴുന്നേറ്റ് ഓഫീസിലേക്കുള്ള യാത്രയിൽ ഡ്രൈവറുടെ കട്ട ബംഗാളി കേട്ട് കർണ്ണപുടം ഒക്കെ തകർന്നപോലെ ആയിട്ടുണ്ട്. ഒന്നോർക്കുമ്പോൾ പ്രവാസം ഒരു മായപോലെ തോന്നും, ഉറക്കമുണരുമ്പോൾ മാഞ്ഞുപോകുന്ന ഒരു സ്വപ്നം പോലെ തന്നെയാണ് പ്രവാസം. എത്ര മനുഷ്യരെയാണ് ഈ കാലഘട്ടത്തിൽ പരിചയപ്പെട്ടത്, സ്നേഹം കുറുക്കിത്തന്ന ചിലർ, വെറുപ്പുകൊണ്ട് ചുറ്റിവരിഞ്ഞവർ, എല്ലാം നമ്മുടെ അനുഭവങ്ങളുടെ വളർച്ചക്ക് വളമായി എന്ന് പറയുന്നതാണ് ശരി.
നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ച് എത്തിയതിന്റെ പിറ്റെന്നാൾ ആണ് പൊടുന്നനെ അപ്പച്ചൻ മരിക്കുന്നത്. പ്രവാസനാളിൽ ഏറെ സങ്കീർണ്ണമായ ദിവസം. ജോലിക്ക് ജോയിൻ ചെയ്തിട്ടില്ല, ഒറ്റ മകനാണ് അപ്പച്ചന്റെ കർമ്മങ്ങൾ നിർവഹിക്കണം, ആകെ തകർന്നുപോയ നിമിഷങ്ങൾ.. ഞാൻ തിരിച്ചുവന്ന് ജോലിക്ക് കയറിട്ട് അവധിക്ക് പോകാൻ തയാറെടുത്തിരിക്കുന്ന സുഹൃത്തിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. അന്യരാജ്യക്കാരൻ കൂടിയായ അവൻ എന്ത് പറയാൻ? ടിക്കറ്റ് എടുക്കാൻ പോലും പണമില്ല. കമ്പനി അവധി ഒരാഴ്ച കൂടി നീട്ടിത്തന്നു. ഓഫീസിൽ വന്ന് സുഹൃത്തായ ആര്യയോട് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറഞ്ഞുനിൽക്കുമ്പോൾ ആണ് മൊബൈലിൽ ഒരു മെസ്സേജ് കണ്ടത്. കൂടെ വർക്ക് ചെയ്തിരുന്ന ബഹ്‌റിനിയായ ഒരു സഹജോലിക്കാരി എനിക്ക് വേണ്ട പണം എന്റെ അക്കൗണ്ടിൽ ബെനഫിറ്റ് ചെയ്തിരിക്കുന്നു. അതിൽ നിന്ന് ടിക്കറ്റ് തുക ആര്യക്ക് കൊടുത്തിട്ട് ഞാൻ വേഗത്തിൽ ലിഫ്റ്റിൽ കയറുമ്പോൾ എനിക്ക് പണം അയച്ചുതന്ന സുഹൃത്ത് ആംഗ്യഭാഷയിൽ എല്ലാവിധ ആശംസകളും നേരുന്നുണ്ടായിരുന്നു. ബസ്സിൽ കയറി കാഴ്ചകൾ ഓഫീസും ഈന്തപ്പനകളും കടന്നു വേഗത്തിൽ മറയുമ്പോൾ അപ്പച്ചന്റെ ക്ഷീണിച്ച ശരീരവും, ഒരിക്കലും കരഞ്ഞിട്ടില്ലെങ്കിലും എന്തോ അടക്കിപ്പിടിച്ച് വിതുമ്പുന്ന മുഖവുമായിരുന്നു മനസ്സിൽ.
ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും കരുത്തനായ മനുഷ്യന്‍ എന്റെ അപ്പച്ചനാണ്. പൊലീസിനും, ജയിലിനും, ഒരു മനുഷ്യനും എന്റെ അപ്പച്ചനെ ഭയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഒരു സംഭവബഹുലമായ ജീവിത യാത്രയിലെ ഒരു വഴിസൂചിക തന്നെയാണ് എനിക്ക് അപ്പച്ചൻ. സന്തോഷങ്ങളും, സങ്കടങ്ങളും ഒക്കെ അപ്പച്ചൻ തന്നിട്ടുണ്ട്. പക്ഷേ ചെറുതെങ്കിലും സന്തോഷനിമിഷങ്ങൾ മാത്രം ഓർക്കാനാണ് എനിക്കിഷ്ടം. പ്രവാസം തന്ന പരിചയങ്ങൾ പലരിലൂടെ ഒഴുകുമ്പോൾ ചിലരെ മറക്കാൻ സാധിക്കില്ല. പ്രവാസകാലത്തെ എന്റെ ഓണവും, ക്രിസ്മസും, ഈസ്റ്ററും തോമസ് ഭായി തന്നെയായിരുന്നു, പിന്നെ ബ്രിട്ടനിലേക്ക് കുടിയേറിപ്പോയ അദ്ദേഹത്തിന്റെ ഓർമകൾ ആണ് ഇപ്പോഴും മനസ്സിൽ. പ്രവാസം മടുത്ത് കേരളത്തിലേക്ക് മടങ്ങിപ്പോയ അനിൽ ഭായ്, ഓസ്ട്രേലിയയിലേക്ക് പറന്ന ടോണി, അനൂപ് എല്ലാവരും എന്നെ ഇവിടെ ബാക്കി വെച്ചിരിക്കുന്നു. ഓഫീസിൽ തണുപ്പ് ഇപ്പോഴും പെയ്തിറങ്ങുന്നു. അപ്പച്ചന്റെ ഓർമകൾ ദഹിക്കാത്ത വറ്റുപോലെ നെറുകയിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു.