'എന്നും രാത്രി ഒരാളെ സ്വപ്നം കാണുന്നു'; ഡോക്ടറെ കണ്ടിട്ടും അവസ്ഥയ്ക്ക് മാറ്റമില്ല

Mail This Article
“മേ ഐ കം ഇന്‍ ഡോക്ടര്‍?”, സൈക്കാട്ട്രിസ്റ്റ് അനില്‍റാമിന്‍റെ കണ്‍സള്‍ട്ടിങ്ങ് റൂമിന്‍റെ വാതില്‍ പാതി തുറന്ന് ദമയന്തി ചോദിച്ചു. “പ്ലീസ് കമിന്‍...” അനില്‍ റാം പെട്ടെന്നുദിച്ച പുഞ്ചിരിയോടെ പറഞ്ഞു. “ഇരിക്കൂ.”
ദമയന്തി ഇരുന്നു. നാല്‍പ്പതിനോടടുത്ത പ്രായം. വെളുത്ത നിറം. ഫ്രെയ്മില്ലാത്ത കണ്ണട. അവരുടെ കട്ടിയുള്ള പുരികങ്ങള്‍, കണ്ണുകള്‍ക്ക് ഒരു പുരുഷഭാവം കൊടുക്കുന്നുണ്ട്. വീതികുറഞ്ഞ നെറ്റിയില്‍ പൊട്ടുതൊടാന്‍ ഇടമില്ലാത്തത് പോലെ. അല്‍പം വിടര്‍ന്ന മൂക്ക്, ഇപ്പോള്‍ അവര്‍ ദേഷ്യപ്പെടുമോ എന്നു സംശയം ജനിപ്പിക്കും. തടിച്ച അധരങ്ങള്‍. മേല്‍ച്ചുണ്ടിനു മുകളില്‍ നനുനനുത്ത സ്വര്‍ണരോമങ്ങള്‍ പുതുമഴക്ക് കിളിര്‍ക്കുന്ന പുതു പുല്‍നാമ്പുകള്‍ പോക്കുവെയിലില്‍ തിളങ്ങിനില്‍ക്കുംപോലെയുണ്ട്. അൽപം തടിച്ചുതുടങ്ങിയ ശരീരം. അവര്‍ക്കതില്‍ അല്‍പംപോലും ശ്രദ്ധയില്ലെന്ന് തോന്നും.
“ഞാന്‍ ദമയന്തി. എനിക്കിപ്പോള്‍ ഡോക്ടറുടെ സഹായം ആവശ്യമായി വന്നിരിക്കുന്നു.” അവര്‍ ഡോക്ടറുടെ പ്രതികരണത്തിന് കാക്കുന്നതായി തോന്നി. “ഓക്കേ, ഗോ എഹെഡ്. ലെറ്റ് മി സീ, ഇഫ് ഐ കാന്‍ ഹെല്‍പ് യു.” അനില്‍ റാം പറഞ്ഞു. “തികച്ചും അസാധാരണമാണ് എന്‍റെ പ്രശ്നം. കുറച്ചു ദിവസങ്ങളായി ഉറക്കത്തില്‍ ഞാനൊരാളെ സ്വപ്നം കാണുന്നു. അതും എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരാളെ! ആദ്യതവണ ഞാനതത്ര കാര്യമാക്കിയില്ല. പിന്നീടുള്ള ദിവസങ്ങളിലും അതാവര്‍ത്തിച്ചു. സ്കൂള്‍ കാലം മുതല്‍ ഇന്നുവരെയുള്ള എന്‍റെ ഓര്‍മ്മകളിലൊന്നും ഇങ്ങനെയൊരു മുഖമില്ല ഡോക്ടര്‍.”
ദമയന്തിയുടെ മുഖം ഒരു സാധാരണ സ്ത്രീയുടെ ഭാവത്തിലേക്ക് മാറുന്നത് അനില്‍റാം ശ്രദ്ധിച്ചു. “ഇത് കാര്യമാക്കാതെ വിട്ടുകളഞ്ഞുകൂടെ? മിസ്. ദമയന്തിക്ക് അത്ര ഡിസ്റ്റര്‍ബിങ്ങ് ആയി എന്തെങ്കിലും ഈ സ്വപ്നങ്ങളില്‍ കാണുന്നുണ്ടോ?” ഡോക്ടര്‍ അനില്‍റാം ചോദിച്ചു. “ഡിസ്റ്റര്‍ബിങ്ങ് ആണോ എന്നു ചോദിച്ചാല്‍, എന്നെ സംബന്ധിച്ച് അത് വളരെ ഡിസ്റ്റര്‍ബിങ്ങ് ആണ്.”
അവരുടെ മുഖത്ത് ഒരുതരം വിദ്വേഷഭാവം പരന്നു. “ഈസ് ദിസ് ഗയ് ഹാന്‍ഡ്‌സം?” അനില്‍റാം ഒരു കുസൃതിച്ചിരിയാല്‍ അവരെ ഒന്നു പ്രകോപിപ്പിക്കാന്‍ നോക്കി. “വാട്ട് യു മീന്‍?” അവരുടെ മൂക്ക് ദേഷ്യത്താല്‍ വിടര്‍ന്നു. കവിളുകള്‍ ചുവന്നു. “ഡോണ്ട് ബി ദാറ്റ് സീരിയസ്, മിസ്. ദമയന്തി. യഥാര്‍ഥത്തില്‍ എന്താണ് നിങ്ങള്‍ ഇതുവരെ കണ്ടത്? ലെറ്റ് മി നോ ഓള്‍ ഓഫ് യുവര്‍ ഡ്രീം എപ്പിസോഡ്സ്.” ഡോ. അനില്‍റാമിന്‍റെ സ്വരം പ്രഫഷണല്‍ ഗൗരവത്തിലായി. ദമയന്തി ഒന്നു തണുത്തു. അവള്‍ പറഞ്ഞുതുടങ്ങി:
“ആദ്യദിവസം അയാള്‍ പുഞ്ചിരിക്കുക മാത്രമായിരുന്നു. രണ്ടാം ദിവസം ആ ചിരി കുറച്ചുകൂടി ആഴത്തിലുള്ളതായി. പിന്നെ അയാളെന്‍റെ നേര്‍ക്കു നടന്നുവന്ന്, തൊട്ടു തൊട്ടില്ല എന്ന അകലത്തില്‍ വന്നുനിന്നു. അയാളുടെ ഗന്ധം പോലും എനിക്ക് കിട്ടുന്നൊരകലത്തില്‍, അയാള്‍ എന്‍റെ അരികത്തു നിന്നു.”
“എന്നിട്ട്?” ഡോക്ടര്‍ ചോദിച്ചു. “അയാളെന്‍റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു. എന്‍റെ ദേഹത്ത് തൊടുമോ എന്ന് ഭയന്ന നിമിഷത്തില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നു.” “പിറ്റേദിവസം നിങ്ങള്‍ അതേ സ്വപ്നം തന്നെ കണ്ടോ?” അനില്‍റാം ചോദിച്ചു. “പിറ്റേന്ന് അതിന്‍റെ തുടര്‍ച്ചയായിരുന്നു ഡോക്ടര്‍.” അത് തനിക്ക് തടയാനായില്ലല്ലോ എന്ന നിസ്സഹായത അവരുടെ സ്വരത്തില്‍ നിഴലിച്ചിരുന്നു.
അവര്‍ ബാഗില്‍നിന്ന് വാട്ടര്‍ബോട്ടിലെടുത്ത് കുറച്ചു വെള്ളം കുടിച്ചു. എന്നിട്ട് തുടര്‍ന്നു: “അയാള്‍ എന്നോട് ചേര്‍ന്നുനിന്ന് എന്‍റെ കവിളുകളില്‍ തലോടുകയും, എന്നെ ചേര്‍ത്തുപിടിക്കുകയും ചെയ്തു. ഒരുപൂച്ചക്കുട്ടിയെപ്പോലെ അയാളുടെ പരിരംഭണത്തില്‍ ഞാന്‍ ലയിച്ചുനിന്നു. തീയില്‍ തൊട്ടപോലെ ഞാന്‍ ഞെട്ടിയുണര്‍ന്നു ഡോക്ടര്‍.
"എനിക്കിത് ഇനിയും സഹിക്കാന്‍ കഴിയില്ല. എനിക്കിപ്പോള്‍ ഉറങ്ങാന്‍ ധൈര്യമില്ലാതായിരിക്കുന്നു. ഉണര്‍ന്നിരിക്കാന്‍ ഞാന്‍ പാടുപെടുകയും ചെയ്യുന്നു. ഉറക്കം വരാതിരിക്കാന്‍ സോഫയില്‍ നിവര്‍ന്നിരുന്ന ഞാന്‍ എപ്പോഴോ അറിയാതെ മയങ്ങിപ്പോയപ്പോഴാണ്, ഇന്നലെ ഈ സ്വപ്നം കണ്ടത്. രാവിലെ ഞാന്‍ ഉറപ്പിച്ചു, ഒരു സൈക്കാട്രിസ്റ്റിനെ കണ്ടേ മതിയാകൂ എന്ന്.”
“മിസ്. ദമയന്തി, വൈ ഡു യു ഗെറ്റ് ഡിസ്റ്റര്‍ബ്ഡ് ബൈ സച്ച് സില്ലി ഡ്രീംസ്? ആഫ്ടര്‍ ഓള്‍ ഇറ്റ്‌സ് എ ഡ്രീം. നോട്ട് എ റിയല്‍ തിങ്ങ്.” അവരെ ആശ്വസിപ്പിക്കും മട്ടില്‍ അനില്‍റാം പറഞ്ഞു.
പെട്ടെന്നാണ് അവരുടെ ഭാവം മാറിയത്. “ഐ കെനോട്ട് ടോളറേറ്റ് എ മാന്‍, ഈവന്‍ ഇന്‍ മൈ ഡ്രീംസ്, ഡോക്ടര്‍. നോട്ട് അറ്റ് ദി കോസ്റ്റ് ഓഫ് എനിതിങ്ങ്.” ഡോ. അനില്‍റാം ഒരു നിമിഷം മണിച്ചിത്രത്താഴിലെ നാഗവല്ലിയെ ഓര്‍ത്തുപോയി. “ഓകെ... ഓകെ... കൂള്‍ മിസ്. ദമയന്തി. നൗ ഐ വാണ്ട് ടു നൊ, ദി ഡീറ്റെയില്‍സ്. ഡു യു ടോക്ക് ടു ഹിം ഇന്‍ യുവര്‍ ഡ്രീംസ്? ഓര്‍ ഡസ് ഹി ടാക്ക് ടു യു?” അനില്‍റാം ചോദിച്ചു. “നൊ ഡോക്ടര്‍, ഞങ്ങള്‍ സംസാരിക്കുന്നേയില്ല.” “ഞങ്ങളോ?” അനില്‍റാം വീണ്ടും അവരെ ചൊടിപ്പിച്ചു.
“ഡോക്ടര്‍, ബി സീരിയസ്.” ദമയന്തിയുടെ മുഖം വീണ്ടും ചുവന്നു. അവരുടെ വിരലുകള്‍ ചേര്‍ന്നുമുറുകുന്നത് ഡോക്ടര്‍ കണ്ടു. “ഓകേ മിസ്. ദമയന്തി. നൗ ഐ നൊ ഇറ്റ് ഈസ് സീരിയസ്. അറ്റ്‌ലീസ്റ്റ്, ഇന്‍ യുവര്‍ കേസ് ഇറ്റ് ഈസ് സീരിയസ്. ഞാന്‍ കുറച്ചു ഗുളികകള്‍ തരാം. ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് അതു കഴിക്കുക. ലെറ്റ് അസ് സീ, വാട്ട് ഡ്രീം യു സീ ടുനൈറ്റ്.’’
അവരുടെ പിരിമുറുക്കം ഒന്നുകൂടി കുറയ്ക്കാന്‍ ഒരു പുഞ്ചിരിയോടെ ഡോക്ടര്‍ ഇത്രയും കൂടി പറഞ്ഞു: “വിഷ് യു എ ഡ്രീംലെസ് നൈറ്റ് ദമയന്തി!” “താങ്ക് യു ഡോക്ടര്‍.” ഇത്തവണ ഡോക്ടറുടെ പുഞ്ചിരി ദമയന്തിയെ പ്രകോപിപ്പിച്ചില്ല. അവര്‍ എഴുന്നേറ്റ് ബാഗ് തുറന്ന് കണ്‍സല്‍ട്ടിംഗ്ഫീ ഡോക്ടറുടെ മേശപ്പുറത്ത് വച്ചു. “ടേക്ക് മൈ കാര്‍ഡ്; കാള്‍ ഇഫ് യു വാണ്ട് ടു.” ഡോ. അനില്‍ റാം പറഞ്ഞു.
പിറ്റേന്ന് വൈകിട്ട് ക്ലിനിക്കില്‍ തിരക്കു കുറഞ്ഞ സമയം. വാതില്‍ പതിയെ തുറന്ന്, അകത്താരുമില്ലെന്നു കണ്ട്, ദമയന്തി മുറിക്കുള്ളിലേക്ക് കടന്നു. അകത്തുവന്ന ദമയന്തിയെ നോക്കി അനില്‍റാം പറഞ്ഞു: “ഹായ് ദമയന്തി! ഇരിക്കൂ. എങ്ങനെയുണ്ട് ഇപ്പോള്‍? ഇന്നലെ നന്നായുറങ്ങാന്‍ കഴിഞ്ഞോ? സ്വപ്നങ്ങളുടെ ശല്യമില്ലാതെ?”
മനപ്പൂര്‍വം ശബ്ദമുണ്ടാക്കാന്‍, കസേര പിന്നിലേക്ക് അമര്‍ത്തിവലിച്ചിട്ടാണ് ദമയന്തി ഡോക്ടര്‍ക്ക് എതിരെ ഇരുന്നത്. അവരുടെ മുഖം വല്ലാതെ വാടിയിരുന്നു. ഇരച്ചുകയറിയ ദേഷ്യം പടിയിറങ്ങാതെ നില്‍ക്കുന്നതിന്‍റെ ചുവപ്പുരാശി ഇപ്പോഴും കവിളില്‍ത്തന്നെയുണ്ട്. മുഖപേശികള്‍ വലിഞ്ഞുമുറുകിയും ശ്വാസഗതി ഏറിയും സ്വരമല്‍പ്പം കനത്തും ഡോക്ടറുടെ കണ്ണുകളിലേക്ക് തന്നെ കുത്തിനോക്കി ദമയന്തി ചോദിച്ചു: “സ്വപ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനായിരുന്നോ ഡോക്ടറെനിക്കാ ഗുളികകള്‍ തന്നത്?”
“എന്തുപറ്റി ദമയന്തി?” ഡോക്ടര്‍ ആകാംക്ഷയോടെ ചോദിച്ചു. “അല്ലെങ്കില്‍ത്തന്നെ സ്വപ്നത്തിലെനിക്ക് പ്രതിരോധിക്കാനാവുന്നില്ല. ആ നിസ്സഹായാവസ്ഥ ഡോക്ടര്‍ക്ക് മനസ്സിലാവുന്നേയില്ലല്ലോ. ഒരാളുടെ പ്രണയചാപല്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ഒരാളല്ല ഞാന്‍. ഇന്നലെ സ്വപ്നത്തില്‍ എനിക്കയാളെ ചവിട്ടിമെതിക്കണമെന്നു തോന്നി. പക്ഷേ, ഞാന്‍ അയാളുടെ പ്രിയഭാര്യയായി മാറി. എനിക്കിത് സഹിക്കാനാവുന്നില്ല ഡോക്ടര്‍! എല്ലാം സ്വപ്നത്തിലാണെങ്കില്‍ പോലും! അന്നേരമതെല്ലാം അനുഭവിച്ചു തീര്‍ക്കുന്ന ഞാനെങ്ങനെ, അതു ഞാനല്ലെന്ന് എന്നെപ്പറഞ്ഞു ബോധ്യപ്പെടുത്തും? എന്നെയൊന്നു വിശ്വസിപ്പിക്കും? ഇനി എന്താണൊരു വഴി? ഡോക്ടര്‍ തന്നെ പറയൂ.”
വേഗത്തിലൊരു ശ്വാസമെടുത്ത് അവര്‍ തുടര്‍ന്നു: “ഇന്നലത്തെ ഗുളികകള്‍ ഇനി വേണ്ട. അതെന്നെ സ്വപ്നത്തിലും തളര്‍ത്തിക്കളഞ്ഞുവെന്നു തോന്നുന്നു.” അതേ തളര്‍ച്ചയുടെ തുടര്‍ഭാവത്തില്‍ അവര്‍ അനില്‍റാമിനെ നോക്കി. “ദമയന്തിക്ക് ഇഷ്ടമുള്ള ആണ്‍സുഹൃത്തുക്കള്‍ ആരുംതന്നെയില്ലേ?”
അനില്‍റാം ചോദിച്ചു. “ഇല്ല. എന്തിനാണൊരു ആണ്‍സുഹൃത്ത്?” ദമയന്തിയുടെ സ്വരം കനത്തു. അത് മറ്റൊരു ചോദ്യത്തിന്‍റെ തുമ്പാണെന്ന് മനസ്സിലാക്കി അനില്‍ റാം ഇങ്ങനെ ചോദിച്ചു: “വെറുമൊരു ആണ്‍സുഹൃത്താവണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ. അല്‍പമെങ്കിലും ഇഷ്ടമുള്ള പഴയൊരാളെ സുഹൃത്താക്കുമെങ്കില്‍, എനിക്ക് ദമയന്തിയെ സഹായിക്കാമെന്നു തോന്നുന്നു.” “അല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നുറപ്പാണോ ഡോക്ടര്‍ക്ക്?”
അവര്‍ തൊട്ടടുത്ത കസേരയില്‍ വച്ചിരുന്ന തന്‍റെ ബാഗെടുത്ത് മടിയിലേക്ക് വച്ചുകൊണ്ട്, പോകാന്‍ തയ്യാറെടുക്കുംപോലെ മുന്നോട്ടാഞ്ഞ് ചോദിച്ചു. “ഇല്ല മിസ്. ദമയന്തി.” അനില്‍റാം പറഞ്ഞു. “സ്വപ്നത്തില്‍ അയാളുടെ കുഞ്ഞിനെ പ്രസവിക്കുന്നത് വരെ കാത്തിരിക്കാന്‍ ഏതായാലും ഞാന്‍ തീരുമാനിച്ചിട്ടില്ല.” അവര്‍ ഈര്‍ഷ്യയോടെ കസേര പുറകിലേക്ക് വലിച്ച്മാറ്റി, ബാഗുമെടുത്ത് തിരിഞ്ഞുനടക്കാന്‍ തുടങ്ങി.
ധ്യാനത്തില്‍നിന്നുണര്‍ന്ന് മൊഴിയുംപോലെ ഡോ. അനില്‍റാം ദമയന്തിയെ നോക്കി പറഞ്ഞു: “മിസ്. ദമയന്തീ, നിങ്ങള്‍ തന്നെയാണാ സ്വപ്നകാമുകന്‍. നിങ്ങളതില്‍ എന്തിന് ദേഷ്യപ്പെടണം? എന്തിന് പ്രതിരോധിക്കണം? എന്തിനു വേദനിക്കണം? നിങ്ങള്‍ക്കുള്ളിലുണ്ട് സ്ത്രീയും പുരുഷനും. നിങ്ങള്‍ക്കതിനെ അടര്‍ത്തിമാറ്റാനാവില്ല. അതു തിരിച്ചറിയുക. പ്രകൃതിയുടെ നിയമങ്ങള്‍ നിത്യസത്യങ്ങളാണ്. തീര്‍ഥം പോലെ ശുദ്ധവും.”
അതുകേട്ട് മറ്റൊരാളെപ്പോലെ, ദമയന്തി തിരികെ ഡോക്ടറുടെ അടുത്തേക്ക് പതിയെ നടന്നുവന്നു. അവള്‍ പ്രതീക്ഷയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി. ഡോ. അനില്‍റാം കരുണയോടെ അവളെനോക്കി പുഞ്ചിരിച്ചു. ഡോക്ടര്‍ക്കെതിരെയുള്ള കസേരയില്‍, അനുസരണയുള്ള ഒരു കുഞ്ഞിനെപ്പോലെ, അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്ത്, ദമയന്തി ഇരുന്നു.