അവനെയും കാത്ത് അവൾ ബാൽക്കണിയിൽ നിൽക്കും; അഴിച്ചിട്ട നീണ്ട തലമുടിയും തിളങ്ങുന്ന മൂക്കുത്തിയുമാണ് അവനു പ്രിയം

Mail This Article
അഞ്ചാം നിലയിലുള്ള തന്റെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു അലോറ അകത്തു കയറി. ഫ്ലാറ്റ് നമ്പർ 501. ആകപ്പാടെ അവൾ ഒരു വിഹഗ വീക്ഷണം നടത്തി. വൃത്തിയായിരിക്കുന്നു. കൂട്ടുകാരി അവന്തികയോട് വരുന്ന കാര്യം ദിവസങ്ങൾക്കു മുമ്പേ വിളിച്ചു പറഞ്ഞിരുന്നു. ആരെയെങ്കിലും അയച്ചു ഒന്ന് ക്ലീൻ ചെയ്യാൻ പറഞ്ഞിരുന്നു. അല്ലെങ്കിലും രണ്ടു മൂന്നു വർഷങ്ങളായി അടച്ചിട്ടിരുന്ന തന്റെ ഫ്ലാറ്റ് അവൾ തന്നെയാണ് നോക്കിയിരുന്നത്. ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്കുള്ള തന്റെ ഈ വരവ് പെട്ടെന്നായിരുന്നു. ഒരിടയ്ക്കു ഫ്ലാറ്റ് വിൽക്കാൻ പോലും തീരുമാനിച്ചതാണ്. പിന്നെന്തോ വേണ്ടെന്നു വെച്ചു. ഒരു കണക്കിനു നന്നായി. അലോറ ചിന്തിച്ചു.
അലോറ എല്ലാ റൂമിലേക്കും കയറി നോക്കി. എല്ലാ സാധനങ്ങളും അതേപടി ഉണ്ട്. കിച്ചണിൽ ഗ്ലാസ് ബൗളുകളും, പാത്രങ്ങളും എല്ലാം അതേപടി. ഫ്രിഡ്ജ് തുറന്നു നോക്കി. പാവം, അവന്തിക കുറച്ചു ആപ്പിളും, ഗ്രേപ്പ്‌സും വെള്ളവും എല്ലാം അതിൽ വെച്ചിട്ടുണ്ട്. കിച്ചൻ ക്യാബിനറ്റ് തുറന്നു നോക്കി. അതിൽ കോഫി പൗഡറും, പഞ്ചസാരയും എല്ലാം വെച്ചിരിക്കുന്നു. അവളെ വിളിക്കണം. താങ്ക്സ് പറയണം. അലോറ ഫോൺ ഡയൽ ചെയ്തു. ഹായ്, അലോറ. അവന്തികയുടെ ശബ്ദം. ഫ്ലൈറ്റ് കറക്റ്റ് ടൈം ആയിരുന്നല്ലേ? ഇത്തിരി തിരക്കിലായി പോയി. അതാണ് നിന്നെ വിളിക്കാഞ്ഞത്. അവന്തിക പറഞ്ഞു. ഓ അത് സാരമില്ല. നിന്റെ ജോലി നടക്കട്ടെ. രാത്രി വിളിക്കാം. പിന്നെ താങ്ക്സ് ഉണ്ടെടി. ഫ്ലാറ്റ് വൃത്തിയായിരിക്കുന്നു. അലോറ പറഞ്ഞു. ഒന്ന് പോടി. രാത്രി വിളിക്കാം കേട്ടോ. അവൾ ഫോൺ കട്ട് ചെയ്തു. അവൾ ബിസി ആണെന്ന് അലോറക്കു മനസ്സിലായി.
ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു. അവിടെ നിന്നാൽ ബിൽഡിങ്ങിന്റെ എൻട്രൻസ് ഗേറ്റ് കാണാം. കുറച്ചു സമയം അവിടെ നിന്നു. ഒരുപാട് ഓർമ്മകൾ ചിതറി കിടക്കുന്ന സ്ഥലമാണ് ആ ബാൽക്കണി എന്നവൾക്കു തോന്നി. അതെ. ഓർക്കാനും ഒരുപാടുണ്ടല്ലോ. അങ്ങനെ മറക്കാൻ പറ്റുമോ. അവൾ വാച്ചു നോക്കി. സമയം അഞ്ചരയായിരിക്കുന്നു. കെറ്റിൽ ഓൺ ചെയ്തു. ഒരു കോഫി ഉണ്ടാക്കാം. ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. കോഫി പതുക്കെ കുടിച്ചു കൊണ്ടിരുന്നു. ഓർമകൾ പിന്നിലേക്ക് വലിക്കുന്നുണ്ടെന്നു അവൾക്കു തോന്നി. വേണ്ട ഒന്നും ആലോചിക്കേണ്ട. ഓർമകളെ പതുക്കെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് അലോറ എഴുന്നേറ്റു. ഒന്ന് ഫ്രഷ് ആവാം. അവൾ ബാത്ത് റൂമിൽ കയറി.
ഷവറിൽ നിന്നുള്ള തണുത്ത വെള്ളം തലയിൽ കൂടി പതുക്കെ ദേഹത്തേക്ക് അരിച്ചിറങ്ങിയപ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം തോന്നി. അവൾ മുടി അഴിച്ചിട്ടു ഫാനിന്റെ താഴെ നിന്നു. തല പതുക്കെ തോർത്തികൊണ്ടിരുന്നു. ചെന്നൈയിലെ വെള്ളം തന്റെ മുടിക്ക് ഒരു കേടും വരുത്തിയിട്ടില്ല എന്നവൾക്കു തോന്നി. മുട്ടിനു താഴെ വരെ കിടക്കുന്ന ഈ മുടി ഒരു പാട് പ്രാവശ്യം വെട്ടണമെന്നു തോന്നിയതാണ്. പിന്നെ വേണ്ടെന്നു വെച്ചു. ഇനി ഡിന്നറിനു ഓൺലൈൻ എന്തെങ്കിലും ഓർഡർ ചെയ്യാം. കുറച്ചു കഴിയട്ടെ. അലോറ ലാപ്ടോപ്പ് ഓൺ ചെയ്തു. കുറച്ചു മെയ്‌ൽസ് ചെക്ക് ചെയ്യാനുണ്ട്. പതുക്കെ ഓരോന്നിനും റിപ്ലൈ ചെയ്തു. ഇന്ന് വെള്ളിയാഴ്ച. തിങ്കളാഴ്ച മുതൽ ഓഫീസിൽ ജോലി തുടങ്ങുകയായി. തിരക്ക് പിടിച്ച ദിനങ്ങൾ തന്നെ തേടി വരുന്നതായി അവൾക്കു തോന്നി. ലാപ്ടോപ്പ് അടച്ചു വെച്ചു.
ബാഗ് തുറന്നു. രണ്ടു ബോട്ടിൽ വൈൻ കൊണ്ട് വന്നിട്ടുണ്ട്. പിനോട്ട് നോയർ റെഡ് വൈൻ. അലോറ ഒരു ബോട്ടിൽ തുറന്നു. കിച്ചണിൽ നിന്നു വൈൻ ഗ്ലാസ് എടുത്തു അതിലേക്കു ഒഴിച്ചു പതുക്കെ സിപ്പ് ചെയ്തു കൊണ്ടിരുന്നു. സമയം എട്ടു മണിയായിരിക്കുന്നു. ഫുഡ് ഓർഡർ ചെയ്യാം. സ്വിഗ്ഗിയിൽ ഫുഡ് ഓർഡർ ചെയ്തു. എന്തിനായിരുന്നു താൻ ചെന്നൈയിൽ നിന്നു ഇങ്ങോട്ടു ട്രാൻസ്ഫർ വാങ്ങിയത്? ഇനി ഒരിക്കലും ഹൈദരാബാദിൽ വരില്ലെന്നാണ് തീരുമാനിച്ചത്. അതാണ് ഫ്ലാറ്റ് വിൽക്കാൻ തീരുമാനിച്ചത്. പിന്നെ മനസ്സ് മാറിയതെന്തുകൊണ്ട്? അലോറ ചിന്തിച്ചു. റോവൻ മനസ്സിലേക്ക് വന്നു. റോവൻ ഇപ്പോൾ എവിടെയായിരിക്കും? അവനെ എന്ത് കൊണ്ട് താൻ വേണ്ടെന്നു വെച്ചു? അല്ലെങ്കിലും അവനെന്തായിരുന്നു കുഴപ്പം? നല്ല സ്വഭാവമായിരുന്നില്ലേ? തന്നെ ഒരുപാടു സ്നേഹിച്ചിരുന്നില്ലേ? തനിക്കും ഇഷ്ടമായിരുന്നില്ലേ? അലോറ ചോദ്യങ്ങൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു.
റോവനുമായി ചുറ്റി നടന്നിരുന്ന കാലം വെറുതെ ഓർത്തു. അവൻ ഇപ്പോൾ എവിടെയായിരിക്കും? ഹൈദരാബാദിൽ തന്നെ ഉണ്ടാവുമോ? അവന്റെ നമ്പർ എല്ലാം താൻ ഡിലീറ്റ് ചെയ്തിരുന്നു. അവനെയും കാത്തു ബാൽക്കണിയിൽ നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു. ബൈക്കുമായി അവൻ താഴെ വരും. അവനു വേണ്ടി അഴിച്ചിട്ട തന്റെ മുടി നല്ലവണ്ണം വിടർത്തി പാതി ഇരുട്ടിൽ നിൽക്കും. അവൻ പറയും, ഒരു യക്ഷിയാണ് നീ. നിന്റെ മുടിയും പിന്നെ മൂക്കും ഏതു ഇരുട്ടിലും തെളിഞ്ഞു കാണാമെന്നു അവൻ പറയും. എന്തോ തന്റെ മൂക്ക് ഒരുപാട് ഇഷ്ടമായിരുന്നു അവന്. തന്റെ മൂക്കിൽ അവൻ മുഷ്ടി ചുരുട്ടി ഇടയ്ക്ക് മൃദുവായി ഇടിക്കുമായിരുന്നു. ബാൽക്കണിയിൽ തലമുടി അഴിച്ചിട്ടു പുറത്തേക്കു നോക്കി നിൽക്കുന്ന തന്റെ ഫോട്ടോ ഒരിക്കൽ അവന്തിക എടുത്തത് അവനു അയച്ചു കൊടുത്തിരുന്നു. എന്തൊരു സന്തോഷമായിരുന്നു അവന്. രാത്രിയിൽ അവന്റെ കൂടെ കറങ്ങുന്നതു പതിവായിരുന്നു. ഒരുപാട് ഇഷ്ടമായിരുന്നു അവനു തന്നോട്.
അലോറ വൈൻ ഗ്ലാസ് വീണ്ടും നിറച്ചു. താൻ പുതിയ ഒരു ഐടി കമ്പനിയിൽ ഡെവലപ്പർ ആയി കയറി. പുതിയ കൂട്ടുകാർ, ആർഭാടമായ ജീവിതം, വലിയ സ്റ്റാറ്റസ്. രാത്രി വരെ നീളുന്ന മീറ്റിംഗ്.. അവനെ കാണാൻ സമയം കിട്ടാതായി. ബാൽക്കണിയിൽ നിൽക്കാതെയായി. രാത്രിയിൽ അവൻ വിളിച്ചു പരിഭവം പറയുമ്പോൾ താൻ ദേഷ്യപ്പെട്ടു ഫോൺ കട്ട് ചെയ്യുമായിരുന്നു. പിന്നെ പിന്നെ അവൻ വിളിക്കാതെയായി. അവന് നല്ലൊരു ജോലി ഇല്ലായിരുന്നു. ഗ്രാജുവേഷൻ മാത്രമായിരുന്നു അവൻ. ഭാവിയെ കുറിച്ച് ഒരു സീരിയസ്നെസും ഇല്ലായിരുന്നു അവന്. തന്റെ സ്റ്റാറ്റസ് തന്റെ ഈഗോ ഉയർത്തി. പതുക്കെ അവനെ ഒഴിവാക്കികൊണ്ടിരുന്നു. അവന് അത് മനസിലായിട്ടുണ്ടാകണം. തന്റെ ഐടി കമ്പനിയിലെ മറ്റു ചെറുപ്പക്കാരുമായി താൻ അവനെ താരതമ്യം ചെയ്തിരുന്നു. റോവൻ ഒന്നുമല്ല എന്നൊരു തോന്നൽ മനസ്സിൽ ഉറച്ചുകൊണ്ടിരുന്നു. അവസാനം മൂന്ന് വർഷത്തെ റിലേഷൻഷിപ്പിനു താനായിട്ടു തന്നെ തിരശ്ശീലയിട്ടു. ആ കുറ്റബോധം ഇന്നും തന്നെ വേട്ടയാടുന്നു. അവനെയല്ലേ സ്നേഹിച്ചത്? അവന്റെ സ്റ്റാറ്റസിനെയല്ലല്ലോ? എല്ലാം അറിഞ്ഞിട്ടു തന്നെയല്ലേ അവനെ സ്നേഹിച്ചത്? എന്നിങ്ങനെയുള്ള ചിന്തകൾ കുറ്റബോധത്തെ അഗാധമാക്കി.
കോളിങ്ബെല്ലിന്റെ ശബ്ദം ഉയർന്നു. അവൾ ഓർമ്മകൾക്ക് കടിഞ്ഞാണിട്ടു. പതുക്കെ എഴുന്നേറ്റു. സ്വിഗ്ഗിയായിരിക്കണം. ഡോർ തുറന്നു. അതെ സ്വിഗ്ഗി തന്നെ. "അലോറ.." പരിചയമുള്ള ശബ്ദം. അവൾ അയാളുടെ മുഖത്തേക്ക് നോക്കി. "റോവൻ..." അലോറ അൽപം ഉറക്കെത്തന്നെ വിളിച്ചു. റോവൻ ഫുഡ് അവളുടെ നേരെ നീട്ടി. യാന്തികമായി അവൾ അത് വാങ്ങി. "അലോറ... സുഖമല്ലേ?" അവൻ പതിയെ ചോദിച്ചു. അവൾ ഒന്ന് മൂളി. "റോവൻ നിനക്കോ? നീ സ്വിഗ്ഗിയിൽ എപ്പോൾ കയറി?" അലോറ ചോദിച്ചു. അവൻ പുഞ്ചിരിച്ചു. അവളെ നോക്കികൊണ്ടിരുന്നു. "ഞാൻ പോട്ടെ. ഒരുപാട് സ്ഥലത്തു ഇനിയും ഡെലിവറി ഉണ്ട്. നീ എന്തെ വീണ്ടും ഹൈദരാബാദിൽ? നീ ഇവിടുന്നു പോയത് ഞാൻ അറിഞ്ഞിരുന്നു." അലോറ എന്തോ പറയാനാഞ്ഞു. ഉത്തരത്തിനു കാത്തു നിൽക്കാതെ അവൻ തിരിഞ്ഞു നടന്നു. അവൾ അകത്തു കയറി വാതിലടച്ചു. ഫുഡ് കിച്ചണിൽ വെച്ചു എന്തോ ഓർത്തെന്നപോലെ അവൾ ബാൽക്കണിയിലേക്കു നടന്നു.
റോവൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നത് കണ്ടു. അതെ ബൈക്ക്. ഒരു നിമിഷം... എന്തോ ഓർത്തെന്നപോലെ അവൾ തന്റെ മുടി അഴിച്ചിട്ടു. അവൻ തിരിഞ്ഞു നോക്കി അൽപ്പനേരം അവളെ നോക്കി നിന്നതിനു ശേഷം ചിരിച്ചുകൊണ്ട് സ്വന്തം മൂക്കിൽ തൊട്ടു കാണിച്ചുകൊണ്ട് അവൾക്കു നേരെ മുഷ്ടി ചുരുട്ടി ഇടിക്കുന്നതുപോലെ കാണിച്ചു. അവന്റെ ആ ഇടി തന്റെ മൂക്കിൽ സ്പർശിച്ചതായി അവൾക്കു തോന്നി. പിന്നെ ബൈക്കിൽ കയറി ഗേറ്റ് കടന്നു അവൻ അപ്രത്യക്ഷമായി. അലോറ തിരികെ സോഫയിൽ വന്നിരുന്നു. എന്തോ ഒരു വല്ലായ്മ. മനസ്സിൽ എവിടെയോ ഒരു വിങ്ങൽ. പാവം, പഴയ റോവനെയല്ല. ഒരുപാട് നിശ്ശബ്ദനായിരിക്കുന്നു. കുറച്ചുകൂടി വൈൻ അടുത്തു. അവന്തികയെ വിളിക്കാം. റോവനെ കണ്ട കാര്യം പറയാം.
പെട്ടെന്ന് ഫോൺ റിങ് ചെയ്തു. അവന്തിക. "ഹെലോ... എങ്ങിനെ.. നീ ഒരു വിധം സെറ്റിൽ ആയോ?" "ഉം..." അലോറ മൂളി. "ഫുഡ് ഞാൻ സ്വിഗ്ഗിയിൽ നിന്നും ഓർഡർ ചെയ്തു." "ആ.. ഓക്കേ... പിന്നെ നിന്നോട് ഒരു കാര്യം പറയാനുണ്ട്. എന്തായാലും നിന്നോട് പറയണം." അവന്തിക പറഞ്ഞു. അവൾ പറയാൻ പോകുന്ന കാര്യം അലോറക്കു മനസിലായി. റോവന്റെ കാര്യം ആയിരിക്കും. അവൾ വൈൻ ഒന്നുകൂടി സിപ്പ് ചെയ്തു. "നീ റോവനുമായി ബ്രേക്ക് അപ്പ് ആയതിനുശേഷം ചെന്നൈയിലേക്ക് പോയില്ലേ. ഒരു കൊല്ലം കഴിഞ്ഞതിനു ശേഷം ഞാൻ അവനെ കണ്ടു. അവൻ അപ്പോൾ സ്വിഗ്ഗിയിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്." അലോറ കേട്ട് കൊണ്ടിരുന്നു. "രണ്ടാഴ്ച മുമ്പ് ഫുഡ് ഡെലിവറി ചെയ്യാൻ പോകുമ്പോൾ അവന് ഒരു ആക്സിഡന്റ് ഉണ്ടായി. ആ സ്പോട്ടിൽ തന്നെ അവൻ പോയി. ഹി ഈസ് നോ മോർ അലോറ. പിറ്റേ ദിവസത്തെ ന്യൂസ്പേപ്പറിലാണ് ഞാൻ വിവരമറിഞ്ഞത്. എന്തായാലും നീ ഇങ്ങോട്ടു വരുകയല്ലേ അപ്പോൾ പറയാമെന്നു കരുതി. വെറുതെ നിന്റെ മൂഡ് കളഞ്ഞിട്ടെന്തിനാ.."
അവളുടെ കയ്യിൽ ഇരുന്നു വൈൻ ഗ്ലാസ് വിറച്ചു. എസിയുടെ തണുപ്പിലും വിയർപ്പുതുള്ളികൾ മുഖത്തേക്ക് ഒലിച്ചിറങ്ങി. തല കറങ്ങുന്നതുപോലെ തോന്നി. അവന്തിക എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അലോറ ഫോൺ കട്ട് ചെയ്തു. ഫ്ലാറ്റിൽ നിശ്ശബ്ദത തളം കെട്ടി നിൽക്കുന്നതുപോലെ തോന്നി. താനിവിടെ ഒറ്റക്കാണ്. അവൾ വെറുതെ പറഞ്ഞതാണോ? ഭീതി അവളെ പുണർന്നു. അവൻ കൊണ്ട് വന്ന ഫുഡ് കിച്ചണിൽ വെച്ചിട്ടുണ്ട്. അവന്തികയെ വിളിക്കാം. എന്തിനാണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് ചോദിക്കാം. അവൾ കിച്ചണിലേക്കു നടന്നു. അലോറ ഞെട്ടി. ഫുഡ് ഇരുന്ന സ്ഥലം ശൂന്യമായിരുന്നു. ചുണ്ടുകൾ വരണ്ടു. വീഴാതിരിക്കാൻ ഡോറിൽ അവൾ ബലമായി പിടിച്ചു അൽപ്പനേരം നിന്നു.
കോളിങ്ബെല്ലിന്റെ ശബ്ദം വീണ്ടും ഉയർന്നു. അവൾ സാവധാനം ഡോറിന്റെ അടുത്തേക്ക് നടന്നു. ക്ലോക്ക് നോക്കി. സമയം ഒൻപതു മണി. ബോധം മറയുന്നതുപോലെ അവൾ ഡോർ തുറന്നു. മാഡം സ്വിഗ്ഗിയിൽ നിന്നാണ്. ഫുഡ് ഓർഡർ ചെയ്തിരുന്നില്ലേ? അയാൾ ഇംഗ്ലിഷിൽ ചോദിച്ചു. ബാഗിലെ പാക്കുകളിൽ നിന്ന് ഒരെണ്ണമെടുത്തു അയാൾ വായിച്ചു "അലോറ?" "ഉം." അവൾ യാന്ത്രികമായി മൂളി. "സോറി മാഡം. നല്ല ട്രാഫിക് ആയിരുന്നു. കുറച്ചു ലേറ്റ് ആയി." അയാൾ ഫുഡ് അവൾക്കു നേരെ നീട്ടി.