മോഷ്ടിക്കപ്പെട്ട പഴ്സിൽ ഭാര്യയുടെയും കുട്ടിയുടെയും നിറം മങ്ങിയ പഴയ ഫോട്ടോ മാത്രം; എന്നിട്ടും എന്തിനാണ് അയാൾ കരയുന്നത്?

Mail This Article
ഇന്നത്തെ ദിവസം അത്ര പോരാ.. കാര്യമായിട്ടൊന്നും കയ്യിൽ തടഞ്ഞിട്ടില്ല. ഇന്ന് എടുത്ത രണ്ടു മൂന്നെണ്ണത്തിൽ ആണെങ്കിൽ കാര്യമായി ഒന്നുമില്ലതാനും. അല്ലെങ്കിലും ഇന്നത്തെ കാലത്തു ഈ പോക്കറ്റടി ഒക്കെ കാലഹരണപ്പെട്ട ഒരു തൊഴിലായി മാറിയിട്ടുണ്ട്. ചെറുപ്പം തൊട്ടേ ചെയ്തു തുടങ്ങിയ തൊഴിലായത് കൊണ്ട് ഇത് നിർത്താൻ മനസ്സ് അനുവദിക്കുന്നുമില്ല. ആരുമില്ലാതിരുന്ന സമയത്തു തന്നെ ചേർത്തു പിടിച്ച മണിയാശാൻ തന്നെ വിട്ടുപോയപ്പോൾ ആകെ മിച്ചം വച്ചത് ഈ പഠിപ്പിച്ചൊരു തൊഴിലാണ്. അത് വച്ച് തന്നെയാണ് ഇത്രയും കാലം ജീവിച്ച് പോയത്. പക്ഷേ ഇപ്പോൾ കാര്യങ്ങൾ കുറച്ച് കഷ്ടത്തിലാണ്. ഗൂഗിൾ പേയും ഫോൺ പേയും ഒക്കെ വന്നതിനു ശേഷം ഒറ്റ ഒരുത്തന്റെ പേഴ്സിലും കാശായിട്ട് ഒന്നും കാണത്തില്ല. പിന്നെ ആകെയുള്ള ഒരു ആശ്വാസം ക്രെഡിറ്റ് കാർഡുകളാണ്, ഇന്നത്തെ കാലത്ത് എല്ലാവന്മാരുടെയും അടുത്ത് അത് പിന്നെ ചുരുങ്ങിയത് ഒരു മൂന്നെണ്ണമെങ്കിലും കാണും. മൂന്ന് കാർഡ് ഒക്കെ കയ്യിൽ കിട്ടിയാൽ അതിലെ ടാപ്പ് ആൻഡ് പേ ഉപയോഗിച്ച് പെട്രോൾ പമ്പിലെ മാത്യു ചേട്ടന്റെ ഒത്താശയോടെ ചുരുങ്ങിയത് ഒരു ആറായിരം രൂപ എങ്കിലും തരപ്പെടുത്താം.
ഇന്നത്തെ ദിവസം പക്ഷേ അതും നടന്നില്ല. കയ്യിൽ കിട്ടിയ രണ്ട് പേഴ്സിലെ കാർഡുകളിൽ നിന്ന് പണം എടുക്കാൻ കഴിഞ്ഞില്ല, അവന്മാർ അത് ഓഫ് ചെയ്തു വച്ചിട്ടുണ്ട്. ബുദ്ധിയുള്ളവരാണ് എന്ന് തോന്നുന്നു. മൂന്നാമത്തെ പേഴ്സിൽ കാശും ഇല്ല ക്രെഡിറ്റ് കാർഡും ഇല്ല. ഏതോ ഗതിയില്ലാത്തവന്റെ പേഴ്സ് ആണെന്ന് തോന്നുന്നു. ആകെ അതിനകത്തുള്ളത് മുഷിഞ്ഞ ഒരു പഴയ ബസ് ടിക്കറ്റും പിന്നെ അയാളും ഭാര്യയും കൊച്ചുമുള്ള ഒരു പഴയ നിറം മങ്ങിയ ഫോട്ടോയും മാത്രമാണ്. ഒരു ഗതിയും പരഗതിയും ഇല്ലാത്തതു കൊണ്ടാണ് ഞാൻ ഈ പോക്കറ്റടിച്ചു ജീവിച്ചു പോകുന്നത്. എന്റെ പോക്കറ്റടി ചരിത്രത്തിൽ ആദ്യമായിട്ടാണ് എന്നെക്കാൾ ഗതികെട്ട ഒരു പേഴ്സ് എന്റെ ഈ കൈകളിൽ എത്തുന്നത്. അപ്പം പിന്നെ ഇവനൊക്കെ എന്ത് ചെയ്താന്നോ ജീവിച്ചു പോകുന്നത് എന്ന് ആലോചിച്ചു എനിക്ക് സങ്കടം തോന്നി. ഇവനൊക്കെ ഫോട്ടോ എടുത്ത് വയ്ക്കാനാണെങ്കിൽ വല്ല ആൽബത്തിൽ വച്ചാൽ പോരെ. വെറുതെ എന്റെ സമയം കളയണമോ. ഒരു ആയിരം രൂപ പോലും പേഴ്സിൽ വയ്ക്കാത്ത ദരിദ്രവാസി, ത്ഫൂ..
എന്നാലും മണിയാശാൻ പഠിപ്പിച്ച ലക്ഷണങ്ങൾ ഒക്കെ വച്ച് ഈ പറഞ്ഞ വ്യക്തിയുടെ പേഴ്സിൽ കാശ് ഉണ്ടാവേണ്ടത് ആണ്. എവിടെയാണാവോ തനിക്ക് പിഴച്ചത്. അംബാനിയേക്കാൾ ഗമയിൽ ഒരുങ്ങി നിൽക്കുന്ന പിച്ചക്കാർ ഉള്ള ഈ കാലത്തു പുറമെ കാണുന്നത് ഒന്നും വിശ്വസിക്കാൻ കൊള്ളത്തില്ല. എവിടുന്നോ അടിച്ചു മാറ്റിയ വേഷം ഇട്ട് നടക്കുന്ന ദരിദ്രവാസി വല്ലതും ആവും. എന്തായാലും ഇന്നത്തെ തിരിച്ചടികൾ എല്ലാം മറന്ന് മണിയാശാനെ മനസ്സിൽ ധ്യാനിച്ച് ഞാൻ മാർക്കറ്റിലേക്ക് വീണ്ടും അവസരങ്ങൾക്കായി ഇറങ്ങി. നമുക്ക് വേണ്ട മുതൽ പല വിധത്തിൽ ഇങ്ങനെ പല പല പോക്കറ്റിലായി അവിടെ ഇങ്ങനെ കറങ്ങി നടക്കുന്നുണ്ടല്ലോ. ലോകത്താകമാനെയുള്ള തസ്കരവീരന്മാരെയും മനസ്സിൽ ഓർത്ത് ഞാൻ മാർക്കറ്റിലുള്ള ഓരോ മുതലുകളെയും ശ്രദ്ധിച്ച് ഇങ്ങനെ നടന്ന് തുടങ്ങി. പലരുടെയും പോക്കറ്റിൽ നിന്ന് എന്നെ പല പേഴ്സുകളും അവരുടെ അടുത്തേക്ക് മാടി വിളിക്കുന്നതായി എനിക്ക് തോന്നി. അങ്ങനെ ലക്ഷണം ഒത്ത ഒരു പോക്കറ്റിനെ ലക്ഷ്യമാക്കി നടന്ന് നടന്ന് കുറച്ച് മുന്നിൽ എത്തിയപ്പോഴാണ് ഷുക്കൂറിക്കാന്റെ ഹോട്ടലിന് മുന്നിലായി ഒരു ആൾക്കൂട്ടം കണ്ടത്. കൂട്ടത്തിൽ നിന്ന് ഏതോ ഒരുത്തന്റെ നിലവിളി ശബ്ദവും കേൾക്കാം. ആ വൃത്തികെട്ട നിലവിളി കാരണം എനിക്ക് എന്റെ ശ്രദ്ധ തെറ്റി പോയി, എന്റെ മുതലിനെ എനിക്ക് നഷ്ടപ്പെട്ടു. ഏതവൻ ആണ് ഈ കിടന്നു നിലവിളിക്കുന്നത് എന്നും, എന്താ സംഗതി എന്നും അറിയാൻ വേണ്ടി ഷുക്കൂറിക്കാന്റെ ഹോട്ടലിന്റെ അടുത്തേക്ക് ആൾക്കൂട്ടത്തിനിടയിലൂടെ ഞാനും നടന്നു കയറി.
കാശില്ലാതെ ഭക്ഷണം കഴിച്ചതിന് ഷുക്കൂറിക്കാന്റെ ശിങ്കിടികൾ പൊതിരെ തല്ലുന്നതാകും. നല്ല തല്ല് കിട്ടട്ടെ, എന്റെ ശ്രദ്ധ തെറ്റിച്ചത് അല്ലെ. ആൾക്കൂട്ടത്തിലൂടെ ഇടിച്ചു കേറി മുന്നിലേക്ക് എത്തിയപ്പോൾ ദാ ഞാൻ നേരത്തെ പറഞ്ഞ ഗതിയില്ലാത്തവൻ എന്റെ പേഴ്സ് കള്ളൻ കൊണ്ട് പോയേ എന്ന് പറഞ്ഞു നിർത്താതെ മോങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. എന്ത് തേങ്ങക്കാണാവോ ഇവൻ ഇങ്ങനെ കിടന്നു കരയുന്നത്. ആ പേഴ്സിന്റെയുള്ളിൽ ഒരു അമ്പത് പൈസ പോലുമില്ല. അവൻ ഈ കരഞ്ഞു തീർത്ത കണ്ണീർ തിരിച്ചു വെള്ളം ആയി അവന്റെ ശരീരത്തിലേക്ക് കയറ്റാൻ ഒരു നാരങ്ങാ സോഡാ കുടിക്കാൻ പോലും ആ പേഴ്സ് കൊണ്ട് അവന് ഉപകാരപ്പെടില്ല. അതിനെ പേഴ്സ് എന്നു വിളിക്കുന്നത് തന്നെ ലോകത്തു ആകെമാനെയുള്ള മറ്റ് പേഴ്സുകൾക്ക് ഒരു അപമാനമാണ്. എന്തായാലും ഇവന്റെ ഈ പ്രകടനം എവിടെ വരെ പോവും എന്ന് അറിയാൻ ഞാനും അവിടെ ആ കൂട്ടത്തില്‍ നിന്നിട്ട് അവനെ തന്നെ ശ്രദ്ധിച്ചു തുടങ്ങി. അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഷുക്കൂറിക്കയും ശിങ്കിടികളും അവിടെ കൂടിയ ആളുകളും അവരുടെ പണി നോക്കി പോയി. അവൻ അപ്പോഴും അവന്റെ മോങ്ങൽ നിർത്തിയിട്ടില്ല. പണി നിർത്തി അര മണിക്കൂർ അവനെ തന്നെ ഇങ്ങനെ നോക്കി നിന്നത് കാരണം എന്റെ മനസ്സിൽ കുറയേറെ ചോദ്യങ്ങൾ ഉയർന്നു തുടങ്ങി. എന്നാലും എന്തിനാകും അവന് ഇത്ര വിഷമം. ഇനി എന്റെ കണ്ണിൽ പെടാതെ പോയ എന്തെങ്കിലും ആ പേഴ്സിൽ ഉണ്ടോ. സംഗതി ഒന്നും കൂടി കുത്തി തുറന്ന് വിശദമായി നോക്കേണ്ടി വരും എന്നാണ് തോന്നുന്നത്. മണിയാശാൻ പഠിപ്പിച്ചത് ഒക്കെ മറന്ന് പോയി കൊണ്ടിരിക്കുകയാണോ, ഈ തൊഴിലിൽ നിന്ന് റിട്ടയർ ആവാൻ സമയം ആയോ എന്നൊക്കെയുള്ള ആധി എന്റെ ഉള്ളിൽ ഇങ്ങനെ വന്നു തുടങ്ങി.
എന്നാലും ഈ ഗതിയില്ലാത്തവൻ അവന്റെ ഈ ഓഞ്ഞ പേഴ്സ് പോയതിനു എന്തിനാകും ഇത്ര ഒക്കെ കാണിച്ചു കൂട്ടുന്നത്, ഈ കാലി പേഴ്സ് തിരിച്ചു കിട്ടിയിട്ട് അവന്‍ എന്ത് കാണിക്കാനാ. ഓരോരോ മനുഷ്യന്മാർ! എന്റെ ഉള്ളിലുണ്ടായ എന്തോ ഒരു കൗതുകം കൊണ്ട് ഞാൻ ഒരു സൂത്രം ഒപ്പിച്ചു. ഇന്ന് രാവിലെ എന്റെ കയ്യിലുണ്ടായിരുന്ന കുറച്ച് മുതൽ വിറ്റു കിട്ടിയ മുപ്പതിനായിരം രൂപ ഞാൻ അയ്യായിരം, പതിനായിരം, പതിനയ്യായിരം എന്ന കണക്കിൽ എന്റെ കയ്യിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേഴ്സിലായി ഞാൻ എടുത്തു വച്ചു. വെറുതെ ഒരു പരീക്ഷണം. എന്നെ കള്ളൻ എന്ന് വിളിക്കുന്ന ഇവന്റെ സത്യസന്ധത ഞാൻ ഒന്ന് അളക്കട്ടെ. ഇവൻ ഇനി ഇതിൽ നിന്ന് ഏത് പേഴ്സ് എടുത്താലും, ഇന്ന് രാത്രി തന്നെ അത് ഞാൻ തിരിച്ചെടുത്തോളാം. ഞാൻ അധ്വാനിച്ചു സമ്പാദിച്ച എന്റെ പൈസ അവൻ അവന്റെ കയ്യിൽ അങ്ങനെ വെക്കേണ്ട. ഇത് കൊണ്ടൊക്കെയാണ് കാരണവന്മാർ പണി സമയത്തു വെറുതെ ഇരിക്കരുത് എന്ന് നമ്മളെ ഉപദേശിക്കുന്നത് എന്ന് തോന്നുന്നു. ഇങ്ങനത്തെ ആവശ്യമില്ലാത്ത ഓരോരോ തോന്നലുകൾ നമുക്ക് തോന്നും. ഈ ഗതിയില്ലാത്തവന്റെ കള്ളത്തരം പുറത്തു കൊണ്ടുവരാൻ വേണ്ടി ഞാൻ അവന്റെ അടുത്തേക്ക് എന്റെ കയ്യിലെ അയ്യായിരം രൂപ നിറച്ച പേഴ്സും കയ്യിൽ പിടിച്ച് നടന്നു ചെന്നു.
"ചങ്ങാതി ഈ പേഴ്സ് എനിക്ക് കുറച്ചു അപ്പുറത്തു നിന്ന് വീണു കിട്ടിയതാണ്, ഇതാണോ നിങ്ങളുടെ പേഴ്സ് എന്ന് നോക്ക്." എന്നെ കള്ളൻ എന്ന് വിളിച്ച ഈ പെരുങ്കള്ളൻ അതിനുള്ളിലെ അയ്യായിരം രൂപ തന്റേതാക്കുന്ന നിമിഷത്തിനായി ഞാൻ കാത്തിരുന്നു. എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു അയാൾ എനിക്ക് ആ പേഴ്സ് തിരിച്ചു നൽകിയത്. "എന്റെ പേഴ്സ് അല്ല ചേട്ടാ ഇത്, എന്റെതിൽ ഇത്ര പൈസ അല്ല ഉള്ളത്?" അത് എനിക്ക് അറിയാമല്ലോ, നിന്റേതിൽ എത്ര പൈസ ഉണ്ടെന്നു എനിക്ക് വളരെ നന്നായിട്ടു അറിയാമല്ലോ. ഞാൻ എന്തായാലും വിട്ടു കൊടുക്കാൻ തയാർ ആയില്ല. ഏതൊരു മനുഷ്യനും ഒരു വില ഉണ്ട്, ഈ ഗതിയില്ലാത്തവനും കാണുമല്ലോ ഒരു വില. ഞാൻ എന്തായാലും ഇവന്റെ വില അളന്നു നോക്കാൻ തീരുമാനിച്ചു. ഈ മാർക്കറ്റ് ഒന്ന് പരതി നോക്കാം എന്ന് പറഞ്ഞു കൊണ്ട് അവനെ അവിടെ നിന്ന് എണീപ്പിച്ചിട്ട് ഞാൻ അവന്റെ കൂടെ പേഴ്സ് തപ്പാൻ എന്ന പോലെ ചുറ്റും നടന്നു തുടങ്ങി. അടുത്ത പേഴ്സ് സംശയം ഒന്നും തോന്നാത്ത രീതിയില്‍ ഇവന് കൊടുക്കണമല്ലോ. അങ്ങനെ കുറച്ചു ദൂരം നടന്നു കഴിഞ്ഞു. അവൻ ഇപ്പോഴും അവന്റെ കരച്ചിൽ നിർത്തിയിട്ടില്ല. കുറച്ചു നിമിഷം കഴിഞ്ഞു ദൂരത്തായി ഒരു പേഴ്സ് കണ്ടപോലെ നടിച്ചു അവിടേക്കു ഓടി ചെന്നിട്ടു അവിടെ നിന്ന് പേഴ്സ് എടുക്കും പോലെ ആ മണ്ടനെ ഞാൻ വിശ്വസിപ്പിച്ചു. എന്നിട്ടു ഞാൻ അവന്റെ അടുത്ത് ചെന്ന് പതിനായിരം രൂപ ഉള്ള അടുത്ത പേഴ്സ് നീട്ടി. ഇനി നിന്റെ തനി കൊണം ഞാൻ ഒന്ന് കാണട്ടെ. "ചേട്ടാ ഇത്ര പൈസയല്ല എന്റെ പേഴ്സിൽ ഉള്ളത്" ഇതും പറഞ്ഞ് ആ പേഴ്സ് അവൻ എനിക്ക് വീണ്ടും തിരിച്ചു തന്നു.
മണിയാശാൻ എന്നോട് ചെറുപ്പത്തില്‍ പറഞ്ഞൊരു കാര്യമുണ്ട്. ഒരിക്കലെങ്കിലും കള്ളം പറയാത്തവരോ കള്ളം ചെയ്യാത്തവരോ ആയി ആരും തന്നെ ഇല്ല. അത് സമ്മതിക്കാത്തവന്‍ ആണ് കള്ളൻ, അല്ലാത്തവർ മനുഷ്യർ. ഞാനും നീയും ഒക്കെ മനുഷ്യനാ. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്തു തന്നെയാ ഇത്രയും കാലം ഈ ലോകം മുന്നോട്ടു പോയത്, ഇനിയും അങ്ങനെ തന്നെയാവും. അതുകൊണ്ട് ഈ തൊഴിൽ നീ ആത്മാർഥമായി ചെയ്യണം, ഒരു കുറ്റബോധവും അരുത്. പിന്നെയുള്ള ജീവിതം മൊത്തം ഞാൻ അങ്ങനത്തെ മനുഷ്യന്മാരെ മാത്രമേ കണ്ടിട്ടുള്ളൂ. ഇവനെ ഇന്ന് കാണും വരെ! ശെടാ ഇതെന്ത് ജാതി മനുഷ്യൻ. ഇവൻ മനുഷ്യ ജാതി തന്നെയാണോ ആവോ. കയ്യിൽ പത്തു പുത്തൻ വെറുതെ വന്നാൽ അത് സ്വന്തമാക്കാത്ത മനുഷ്യന്മാർ ഉണ്ടോ. പണം കൂടും തോറും സ്വന്തം സ്വഭാവം മാറുന്ന മനുഷ്യന്മാരെയേ ഞാൻ ഇന്ന് വരെ കണ്ടിട്ടുള്ളു. എനിക്ക് ഇപ്പോൾ ആകെ മൊത്തത്തിൽ എന്റെ കയ്യിലുള്ള ഇവന്റെ പേഴ്സിന്റെ മൂല്യത്തിന്റെ കാര്യത്തിൽ വല്ലാത്ത സംശയമായി. അതിനകത്തു ഇനി വിലപിടിപ്പുള്ള വേറെ സംഗതി വല്ലതും ഉണ്ടോ ആവോ. ഞാൻ എന്തായാലും വിട്ടുകൊടുക്കാൻ തയാറായില്ല. എനിക്ക് ഇനി ഇവന്റെ വില കണ്ടുപിടിച്ചേ പറ്റൂ. ഞാൻ പതിവ് കലാപരിപാടികൾ എല്ലാം പിന്തുടർന്ന് പതിനയ്യായിരം രൂപയുള്ള പേഴ്സ് അവനു നേരെ നീട്ടി. അവനും പതിവ് തെറ്റിച്ചില്ല, അവന്റെ പേഴ്സ് അല്ല ഇതെന്ന് പറഞ്ഞു കൊണ്ട് അതും അവൻ എനിക്ക് തിരിച്ചു നൽകി. ഈ തവണ ശരിക്കും എന്റെ കയ്യീന്നു പോയി.
"അല്ല ചങ്ങാതി തന്റെ പേഴ്സിൽ എത്ര കാശ് ഉണ്ടായിരുന്നു." അയാള്‍ അതിന് ഒന്നും മിണ്ടിയില്ല. മിണ്ടില്ലെല്ലോ. "അല്ല ചങ്ങാതി നമ്മൾ ഈ കളയുന്ന സമയത്തിന് അനുസരിച്ചുള്ള കാശ് അതിലുണ്ടോ എന്ന് അറിയാനാ, അല്ലെങ്കിൽ പിന്നെ വെറുതെ സമയം കളയേണ്ടല്ലോ." അവൻ അതിനും മറുപടി ഒന്നും പറയുന്നില്ല. ഞാൻ ദേഷ്യപ്പെട്ട് തിരിച്ചു പോവാനായി ഒരുങ്ങിയപ്പോൾ അവൻ എന്റെ കാലിൽ വീണു കെഞ്ചി. "ചേട്ടാ ആ പേഴ്സിൽ പൈസ ഒന്നുമില്ല. പക്ഷേ എനിക്ക് അത് എങ്ങനെ എങ്കിലും കിട്ടിയേ മതിയാവൂ. എന്നെ എങ്ങനേലും ഒന്ന് സഹായിക്കണം ചേട്ടാ. പ്ലീസ്." അവൻ എന്റെ കാലുകൾ മുറുക്കി പിടിച്ചു ആ മാർക്കറ്റിൽ വച്ച് പൊട്ടി കരഞ്ഞു കൊണ്ട് ഇത് പറഞ്ഞു തീർത്തു. ഞാൻ എങ്ങനെയൊക്കെയും ആ പിടുത്തത്തിൽ നിന്ന് കുതറി മാറി നടന്ന് പോവാൻ നോക്കിയിട്ടും അവൻ എന്നെ പിടിവിട്ടില്ല, കരച്ചിലും നിർത്തിയില്ല. പിന്നെ ഞാൻ സഹായിക്കാം എന്ന് പറഞ്ഞപ്പോളാണ് അവൻ പിടിവിട്ടത്. പിന്നെയും ഞാൻ അവന്റെ കൂടെ ആ മാർക്കറ്റിലൂടെ ഇങ്ങനെ പേഴ്സ് തപ്പി നടക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞു അവന്റെ ശ്രദ്ധ തെറ്റിയപ്പോൾ ഞാൻ കുറച്ചു അങ്ങോട്ട് മാറി എന്റെ കയ്യിലുള്ള അവന്റെ ആ പേഴ്സ് സൂക്ഷ്മമായി പരിശോധിച്ചു. അതിനകത്തു എന്റെ കണ്ണിൽ പെടാതെ പോയ ഒന്നും തന്നെ ഇല്ല എന്ന് ഒന്നും കൂടി ഞാൻ ഉറപ്പു വരുത്തി. എന്നിട്ട് അയാളുടെ കൈകളിൽ അത് തിരിച്ച് ഏൽപ്പിച്ചു. അയാൾ തന്റെ പേഴ്സ് കണ്ട സന്തോഷത്തില്‍ വിങ്ങിപ്പൊട്ടി എന്നെ പെട്ടെന്ന് കെട്ടിപിടിച്ചു. അയാൾ എന്നോട് കുറെ നന്ദി പറഞ്ഞുകൊണ്ട് അപ്പോൾ തന്നെ തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന കുറച്ചു കാശ് എടുത്തു എനിക്ക് നേരെ നീട്ടി. എണ്ണി നോക്കിയപ്പോൾ അത് ആറായിരം രൂപക്ക് അടുത്ത് ഉണ്ടായിരുന്നു. എന്താണ് ഈ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് സത്യം ആയിട്ടും എനിക്ക് മനസ്സിലായില്ല.
"ഇപ്പോൾ എന്റെ അടുത്ത് ഈ കാശ് മാത്രമേ ഉള്ളൂ. ചേട്ടന് ഇനിയും വേണമെങ്കിൽ ചോദിച്ചാൽ മതി. ഞാൻ തരാം." എനിക്ക് ആണെങ്കിൽ എന്റെ ഞെട്ടൽ ഇത് വരെ മാറിയിട്ടില്ല. "അല്ല ചങ്ങാതി ഈ പേഴ്സിൽ ഒന്നുമില്ലല്ലോ, പിന്നെന്തിനാ എനിക്ക് ഇത്ര കാശൊക്കെ താൻ തരുന്നത്." അയാൾ ആ പേഴ്സ് ഒന്നും കൂടി നോക്കിയിട്ടു ഒന്നും കൂടി എന്നെ മുറുക്കി കെട്ടിപിടിച്ചു. എന്നെ വിടാന്‍ പറഞ്ഞപ്പോൾ അയാൾ പിടിവിട്ടിട്ട് നിറകണ്ണുകളോടെ എന്നെ നോക്കി അവൻ ഇങ്ങനെ പറഞ്ഞു. "ചേട്ടാ എന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ഞാൻ ഒരു അനാഥനായാണ് വളർന്നതൊക്കെയും. എന്റെ ജീവിതത്തിലേക്ക് പിന്നെ ഒരു അനുഗ്രഹമായി കയറി വന്നതാണ് എന്റെ ഭാര്യ സുമതി. അവളും എന്റെ കൊച്ചും മാത്രമാണ് എനിക്ക് ഈ ഭൂഗോളത്തില്‍ എന്റേതെന്ന് പറയാൻ ആകെപ്പാടെ ഉള്ളൊരു ബന്ധം. എന്റെ വീട്ടിലുണ്ടായ ഒരു തീപിടുത്തത്തിൽ അവരെ നഷ്ടമായതിൽ പിന്നെ അവരുടെ ഓർമ്മക്ക് എന്ന് പറയാനായി എന്റെ കയ്യിൽ ആകെയുള്ളത് ഞാനും അവളും കൂടി ആദ്യമായി ഒന്നിച്ചു സഞ്ചരിച്ച ഈ ബസ് ടിക്കറ്റും, പിന്നെ ഈ ഫോട്ടോയും മാത്രം ആണ്. ഇതിന്റെ മൂല്യം എനിക്ക് ഈ ലോകത്തിലെ മറ്റ് എന്തിനേക്കാളും വലുത് ആണ്." അയാൾ ഇത് പറഞ്ഞു നിറകണ്ണുകളോടെ എന്നെ വീണ്ടും മുറുക്കെ കെട്ടിപിടിച്ചു. എന്നിട്ട് അയാളുടെ നമ്പർ എനിക്ക് തന്നിട്ട് മാര്‍ക്കറ്റിലെ ആൾക്കൂട്ടത്തിലൂടെ എന്റെ മറ്റു മുതലുകളുടെ ഇടയിലേക്ക് നടന്നകന്നു. എല്ലാ മനുഷ്യർക്കും ഒരു വില ഉണ്ടെന്നും ആ വില എപ്പോഴും കാശ് ആയി കൊള്ളണം എന്നുമില്ല എന്ന് ഇന്നേ ദിവസം ഈ കള്ളൻ തിരിച്ചറിഞ്ഞു. ഇന്നത്തെ ദിവസം കൊള്ളാം..!