വിമലയും സുധിർ കുമാർ മിശ്രയും സ്വപ്നങ്ങളിലേക്ക് കടന്നു വരുമ്പോള്...

Mail This Article
കോടമഞ്ഞ് മൂടിയ പുലർച്ചെയാണ് നൈനിറ്റാളിലെ വീടിന്റെ വാതിൽ അയാൾ മുട്ടിയത്. പുലർച്ചെയുള്ള ഉറക്കം നഷ്ടപ്പെട്ടതിന്റെ സകല അസ്വസ്ഥതയും പ്രകടിപ്പിച്ചാണ് വാതിൽ തുറന്നത്. മുന്നിൽ കണ്ട ആ മുഖം എവിടെയോ കണ്ട് പരിചയമുണ്ട്. പക്ഷേ എവിടെയാണെന്ന് ഓർമയില്ല. പക്ഷേ എന്തോ എനിക്ക് അത്ര സുഖമുള്ള സൗഹൃദമായിരുന്നില്ല എന്നൊരു തോന്നലുണ്ടായിരുന്നു.. കഴുത്തിലിട്ട വരയൻ ഷാൾ ഒന്ന് അഴിച്ച് വീണ്ടും അതേപടിയിട്ട് നരപിടിമുറുക്കിയ താടി ഒന്നുകൂടി ഉഴിഞ്ഞ് അയാൾ അകത്തേക്ക് കയറി. അനുമതിയില്ലാതെ അകത്ത് കയറിയതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കും മുൻപേ സുപരിചിതനേപ്പോലെ അയാൾ ചോദിച്ചു- അപർണയ്ക്ക് എന്നോട് ഇപ്പോഴും വിദ്വേഷമാണോ?
ഇപ്പോഴും വിദ്വേഷമാണോ എന്ന് ചോദിക്കണമെങ്കിൽ പണ്ടെന്തോ വിദ്വേഷം സൂക്ഷിച്ചിരുന്ന ആളാണ് എന്നൊരു തോന്നൽ എനിക്കുണ്ടായി. എന്നാൽ ആളെ മനസ്സിലാവുന്നുമില്ല. കണ്ണുകളിലെ അപരിചിതത്വം കണ്ടിട്ടാണോ എന്തോ അയാൾ സോഫയിലേക്ക് ആഞ്ഞിരിക്കുന്നതിന് മുന്നേ എന്നെ നോക്കി വീണ്ടും ചിരിച്ചു. എന്നിട്ട് സോഫയിൽ മറുഭാഗം ചൂണ്ടിക്കാട്ടി എന്നോട് ഇരിക്കാൻ ആവശ്യപ്പെട്ടു. എന്റെ വീട്ടിൽ കയറി വന്ന് എന്റെ സോഫയിലേക്ക് കൈ കാണിച്ച് എന്നെ ഇരിക്കാൻ ക്ഷണിച്ച അയാളെ എനിക്ക് അപ്പോ അവിടുന്ന് ഇറക്കിവിടണം എന്ന് തോന്നി. ആതിഥേയ മര്യാദ ഓർത്ത് മിണ്ടാതിരുന്നു. നീരസം മുഖത്ത് കാണുന്നത് കൊണ്ടായിരിക്കാം എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ഒരു കപ്പ് കാപ്പി കിട്ടുമോ എന്ന് ചോദിച്ചത്.. കാപ്പിയെടുക്കാൻ തിരിഞ്ഞപ്പോൾ അയാൾ സീറ്റിൽ നിന്ന് എണീറ്റ് വീണ്ടും അതേ ചോദ്യം ആവർത്തിച്ചു. ഇപ്പോഴും വിദ്വേഷമാണോ?
ഞാൻ സുധീർ കുമാർ മിശ്ര. ജരാനരകൾ വന്നതോടെ ചിലപ്പോ മനസ്സിലാവാൻ പ്രയാസമായതായിരിക്കാം. എന്തായാലും ഇയാൾ കരുതുന്നത് പോലെ ഞാൻ തന്റെ വിമലടീച്ചറെ പറ്റിച്ചിട്ടില്ല. അതിന്റെ പേരിലാണെങ്കിൽ ഈ അപരിചിതത്വം കാണിക്കേണ്ടതില്ല. സത്യത്തിൽ എനിക്ക് ആളെ മനസ്സിലാവാത്തത് കൊണ്ടാണ് അപരിചിതത്വം കാണിക്കുന്നതെന്ന് പറയണമെന്നുണ്ട്. പക്ഷേ അത് പറയാൻ വയ്യ. എന്നാലും ഇയാളെ എനിക്കറിയാം എന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു. വിമല ഇപ്പോഴും എന്റെ കൂടെത്തന്നെയുണ്ട്. ഞങ്ങൾ ഏറെ സന്തോഷത്തോടെ ഈ താഴ്‌വരയിൽ ജീവിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.. അപർണയെ അതിനിടെ ഒരിക്കൽപോലും കണ്ടിട്ടില്ല അതുകൊണ്ടാണ് എന്നെ കുറിച്ച് തെറ്റിദ്ധാരണ.
വിമലടീച്ചറെ കുറിച്ച് പറഞ്ഞപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്. കാലങ്ങളായി വിമലടീച്ചർ കാത്തിരുന്ന അതേ സുധീർ കുമാർ മിശ്ര. ആശ്ചര്യമായിരുന്നു മുഖത്ത്. ചിരിക്കാൻ പോലും മറന്നു പോയി.. അപ്പോഴും പിന്നിൽ നിന്ന് അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. കുട്ടി എന്നെ തെറ്റിദ്ധരിക്കുകയാണ്. എനിക്ക് എന്റെ വിമലയെ ജീവനാണ്.. ഞാനൊരിക്കലും അവരെ ഉപേക്ഷിച്ചിട്ടോ പറഞ്ഞു പറ്റിച്ചിട്ടോ ഇല്ല. ഇവിടെ ഈ നൈനിറ്റാളിൽ അവരുടെ കൂടെയാണ് ഞാൻ ഇപ്പോഴും.. തന്നെ കാണാനായി വന്നതാണ് ഇപ്പോൾ ഞാൻ മാത്രമല്ല ടീച്ചറും കൂടെയുണ്ട്. വിശ്വാസമില്ലെങ്കിൽ പുറത്തേക്ക് വരാം.. തണുപ്പ് കാലിനെ മരവിപ്പിച്ചുവെങ്കിലും ടീച്ചറെ കാണാനുള്ള ആവേശത്തിൽ ഞാൻ പുറത്തേക്ക് ഓടി. അവിടെ തടാകത്തിന്റെ കരയിൽ വയലറ്റ് ഓർഗാന്റി സാരിയുടുത്ത് നിൽക്കുന്ന ടീച്ചർ. മഞ്ഞ് മാറി വരുന്ന സൂര്യരശ്മിയിൽ ആ മുഖത്തെ കുഞ്ഞ് മീശ രോമങ്ങൾ തിളങ്ങി. താടിയുടെ വശത്തായി ആ കറുത്ത കാക്കപ്പുള്ളി.
എന്റെ വരവ് അറിഞ്ഞെന്നോണം വലത്തേ കൈ നീട്ടി നിൽക്കുന്ന ടീച്ചർ. ഇടത്തേ കൈയ്യിൽ ചുരുട്ടിപ്പിടിച്ച സാരിത്തുമ്പ്. അടുത്തെത്തിയ ഞാൻ ഒന്നു കൂടി ഉറപ്പിച്ചു അത് വിമലടീച്ചർ തന്നെയാണോ എന്ന്. അതേ. ആ ചിരിയിൽ എല്ലാമുണ്ട്. സുധീർ കുമാർ പറഞ്ഞ കാര്യങ്ങൾ വീണ്ടും ടീച്ചർ പറഞ്ഞു.. എന്നോട് അനീതി കാണിച്ചു എന്നതിന്റെ പേരിൽ ഒരിക്കലും നീ സുധീറിനോട് വിദ്വേഷം കാണിക്കേണ്ടതില്ല. നീ വായിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ ആയ ഞാനല്ല ഇപ്പോൾ. ഈ മഞ്ഞിൽ ഈ താഴ്‌വരയിൽ ഞാൻ എത്ര സന്തോഷവതിയാണെന്നറിയോ.. അത് മനസ്സിലാക്കണം.. ഞാൻ മാത്രമല്ല ഇവിടെ ഒരാൾ കൂടി തന്നെ കാണാനായി വന്നിട്ടുണ്ട്. ആരാണെന്നല്ലേ.. ബുദ്ദു.. പണ്ടെപ്പോഴോ അവന്റെ കെട്ടുവഞ്ചിയിലെ ഇരിപ്പോർത്ത് ഉറക്കം കളഞ്ഞ ഒരു കൗമാരക്കാരിയെ എനിക്കറിയാലോ എന്ന് പറഞ്ഞു പാതി ചിരിച്ചു നിർത്തി ടീച്ചർ.
തടാകത്തിലേക്കുള്ള കാഴ്ച പാതിയും മഞ്ഞ് മൂടിയിരുന്നുവെങ്കിലും കൊട്ടവഞ്ചിയിലിരുന്ന് ചിരിക്കുന്ന ബുദ്ദുവിനെ വ്യക്തമായി കാണാം. ആ ചിരിയിലുണ്ട് വിമല ടീച്ചറിന്റെയും സുധീർ കുമാർ മിശ്രയുടെയും പ്രണയം.. അപ്പോഴേക്കും കാപ്പിയുമായി സുധീർ കുമാർ മിശ്രയും എത്തി. കാപ്പി കുടിക്കുന്നതിനിടെ ഇടയ്ക്കിടെ അവർ കാര്യ കാരണമില്ലാതെയുണ്ടായ പിണക്കത്തെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ആരെന്നോ എന്തിനെന്നോ അറിയാതെ വാശിപിടിച്ച് തീർത്ത ഇന്നലെകൾ നാളെയുടെ ബാധ്യതയാണെന്നോ മറ്റോ സുധീർ കുമാർ മിശ്ര പിറുപിറുക്കുന്നുണ്ടായിരുന്നു.
വെയിലിന് കട്ടി കൂടിയപ്പോഴാണ് ഞാൻ കിടക്കയിൽ നിന്ന് ഉണർന്നെണീറ്റത്. അപ്പോഴേക്കും അക്ഷരക്കൂട്ടങ്ങളിൽ നിന്ന് തെറിച്ചു വീണ മൂന്ന് കഥാപാത്രങ്ങളായി അവർ ആ തടാകക്കരയിൽ അവശേഷിച്ചിരുന്നു. നൈനിറ്റാളിനെ ഇന്ന് വരെ നേരിട്ടറിയാത്ത ഞാൻ ഇതുവരെ കാണാത്ത സുധീർ കുമാർ മിശ്രയെയും വിമല ടീച്ചറെയും ആ തണുത്ത കരയിൽ തനിച്ചാക്കി തിരികെ എന്റെ തിരക്കിലേക്ക്.. ഒരു സ്വപ്നത്തിന്റെ അവശേഷിപ്പുകളേ..