ADVERTISEMENT

2020 സെപ്റ്റംബർ 12 എന്റെ  അമ്മച്ചി ഞങ്ങളെ വിട്ടു പിരിഞ്ഞ ദിവസം. ഇന്നേക്ക് അമ്മച്ചി മരിച്ചിട്ട് നാലു വർഷം. ജീവിതകാലം മുഴുവൻ അമ്മച്ചിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചും ആ സ്നേഹത്തണൽ ആസ്വദിച്ചുള്ള ജീവിതമായിരുന്നു എന്റേത്. ഈ ദിവസം എത്തുമ്പോൾ അമ്മച്ചിയെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ് മുഖപുസ്തക സൗഹൃദങ്ങൾക്ക് കൂടി വേണ്ടി പങ്കുവയ്ക്കുന്നു.

1993 ഡിസംബർ 25ന് പ്രമുഖരായ 5 സംവിധായകർ സിദ്ദിഖ്, ലാൽ, പ്രിയദർശൻ, സിബിമലയിൽ, ഫാസിൽ  ചേർന്നൊരുക്കിയ 'മണിച്ചിത്രത്താഴ്'എന്ന ചിത്രം പുറത്തു വന്നു. പതിവുപോലെ ക്രിസ്തുമസ് അവധി ദിനങ്ങൾ ആഘോഷിക്കാൻ എന്നെയും മകനെയും ആലപ്പുഴയിലെ ഭർത്തൃഗൃഹത്തിലേക്ക് തിരുവനന്തപുരത്തുനിന്നും ഞങ്ങളെ അപ്പച്ചൻ അയച്ചു. അന്ന് എന്റെ ഭർത്താവ് വിദേശത്താണ്. ആലപ്പുഴയിൽ എത്തിയാൽ അവിടെ മറ്റൊരു തരത്തിലുള്ള ആഘോഷങ്ങളാണ് ഞങ്ങളെ കാത്തിരിക്കുക. ബന്ധുവീട് സന്ദർശനങ്ങൾ, ദിവസേനയുള്ള പള്ളിയിൽ പോക്ക്, ബന്ധുക്കളുടെ ഇങ്ങോട്ടേക്ക് ഉള്ള സന്ദർശനം, ആലപ്പുഴയിലെ ബീച്ചിൽ പോക്ക്, പാർക്ക്‌ സന്ദർശനം, സിനിമ, ഐസ്ക്രീം തീറ്റ അങ്ങനെ പത്തുദിവസം അടിച്ചുപൊളിച്ചാണ് ഞങ്ങൾ തിരുവനന്തപുരത്ത് തിരികെ എത്തുക. പക്ഷേ അപ്രാവശ്യം തിയേറ്ററിലെ തിരക്ക് കാരണം സിനിമ ഒന്നും കാണാൻ പറ്റിയിരുന്നില്ല. സ്കൂൾ തുറന്നപ്പോൾ എല്ലാ കൂട്ടുകാരികളും എല്ലാ സിനിമകളും കണ്ടു കഴിഞ്ഞിരിക്കുന്നു. ഞാൻ മാത്രം ഒരെണ്ണം പോലും കണ്ടിട്ടില്ല. സ്കൂൾ തുറന്നു വന്ന ആദ്യത്തെ ശനിയാഴ്ച തന്നെ അമ്മച്ചിയുടെ മുൻപിൽ ഞാൻ ഡിമാൻഡ് വെച്ചു. ഈ ശനിയാഴ്ച തന്നെ എനിക്ക് ഈ സിനിമ കാണണം. അല്ലാതെ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. “വലിയ തിരക്കാണ് എന്നാണ് കേട്ടത് എന്നെക്കൊണ്ട് അവിടെയിട്ട് ഡ്രൈവ് ചെയ്യാൻ പറ്റില്ല. തിരക്കുള്ളവർ ഓട്ടോറിക്ഷ എടുത്ത് പോയി കണ്ടോ” എന്ന് അപ്പച്ചൻ.

തിരുവനന്തപുരത്ത് അന്ന് പേട്ടയിൽ ‘കാർത്തിക’ എന്നൊരു തിയേറ്റർ ഉണ്ട്. അപ്പച്ചനും അമ്മച്ചിയും ഒക്കെ അവിടത്തെ സ്ഥിരം പ്രേക്ഷകരാണ്. കാരണം സിനിമകൾ സിറ്റിയിലെ തിയേറ്ററിൽ ഓടി കിതച്ച് രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ പേട്ട ‘കാർത്തികയിൽ’ എത്തുമ്പോൾ വലിയ തിരക്ക് ഉണ്ടാകില്ല. സിനിമ നല്ലതാണോ ചീത്തയാണോ എന്ന് അറിയാനുള്ള സാവകാശവും കിട്ടും. അതാണ് അവരുടെ ട്രിക്ക്. “ആറിയ കഞ്ഞി പഴങ്കഞ്ഞി” എന്നല്ലേ പഴഞ്ചൊല്ല്. മൂന്നുമാസം കഴിഞ്ഞിട്ട് ഈ സിനിമ കണ്ടിട്ട് എന്താ കാര്യം എന്ന് ഞാനും. എന്റെ വാശിക്ക് മുമ്പിൽ അമ്മച്ചിയെ ഞാൻ മുട്ടുകുത്തിച്ചു. ഓട്ടോറിക്ഷ പിടിച്ച് ഞാനും അമ്മച്ചിയും മോനും കൂടി തമ്പാനൂരിലെ ശ്രീകുമാർ തിയേറ്ററിലെത്തി. അന്ന് അവിടെ മാത്രമേ ഡോൾബി ഡിജിറ്റൽ സിസ്റ്റം ഉള്ളൂ എന്ന് തോന്നുന്നു. പക്ഷേ രണ്ടരയ്ക്ക് ഉള്ള മാറ്റിനിക്ക് ഒരുമണിക്ക് എത്തിയിട്ടും ഭയങ്കര തിരക്ക്. ബാൽക്കണി ഫുൾ എന്ന് ബോർഡ് വെച്ചു കഴിഞ്ഞു. ഫസ്റ്റ് ക്ലാസിന് പോയി ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടു സെക്യൂരിറ്റി. നമുക്ക് തിരിച്ചു പോകാം എന്ന് അമ്മച്ചി എന്നോട് പറയുന്നുണ്ടെങ്കിലും ഞാൻ സമ്മതിച്ചില്ല. മുമ്പോട്ട് വച്ച കാൽ മുമ്പോട്ട് തന്നെ. ഞാൻ പോയി സ്ത്രീകളുടെ ക്യൂവിൽ നിന്നു. അപ്പോളാണ് അടുത്ത അനൗൺസ്മെന്റ്. ഒരാൾക്ക് രണ്ട് ടിക്കറ്റ് മാത്രമേ കൊടുക്കൂ എന്ന്. പൊരിവെയിലത്ത് അമ്മച്ചി ക്യൂവിൽ വന്നുനിന്നു. മുമ്പേ റിസർവ് ചെയ്ത് അപ്പച്ചന്റെ കൂടെ കാറിൽ മാത്രമേ അമ്മച്ചി സാധാരണയായി സിനിമയ്ക്ക് പോകാറുള്ളു. എന്നെ രൂക്ഷമായി നോക്കുന്നുണ്ട് എങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യുന്നില്ല. എന്റെ മുമ്പിൽ സിനിമ മാത്രം. ടിക്കറ്റ് കൊടുക്കാനുള്ള ബെല്ല് കേട്ടതോടെ ആൾക്കാർ ക്യു തെറ്റിച്ച് ഇടയിൽ കയറാൻ തുടങ്ങി. ഏകദേശം പൊരിവെയിലത്തു നിന്ന് ചുവന്ന നിറമായി അമ്മച്ചി ഒരു പൊലീസുകാരനെ വിളിച്ച് ഇടക്ക് കയറിയ സ്ത്രീയെ പിടിച്ചു കൊണ്ടു പോ എന്ന് പറഞ്ഞു. “അയ്യോ അമ്മാ ഞാൻ ഇവരെ എവിടെ കൊണ്ടു പോകാനാണ് എന്ന്” പൊലീസ്.

ഏതായാലും ഒരു യുദ്ധം ജയിച്ച അവസ്ഥയിൽ ഞങ്ങൾ ടിക്കറ്റുമായി ക്യൂവിൽ നിന്ന് പുറത്തു ചാടി. തിയേറ്ററിനകത്തേക്ക് ഓടിക്കയറി. ഓടിച്ചെന്നില്ലെങ്കിൽ ഏറ്റവും മുമ്പിൽ ഇരിക്കേണ്ടിവരും. ഹാവൂ! എല്ലാവർക്കും സീറ്റും കിട്ടി. അമ്മച്ചി ആണെങ്കിൽ പരിചയമുള്ള വല്ലവരും കണ്ടിരിക്കുമോ എന്നൊക്കെ ഭയന്ന് ഇരിക്കുകയാണ്. എനിക്ക് ആ വക ടെൻഷനുകൾ ഒന്നുമില്ല. സിനിമ തുടങ്ങി. ഹോ!!!!!! ഒരു ഒന്നൊന്നര സിനിമ തന്നെ. ഞാനിതുവരെ ഇതിനു മുമ്പോ പിമ്പോ ഇതുപോലൊരു സിനിമ കണ്ടിട്ടില്ല. ഏതായാലും ആ കഷ്ടപ്പാടു നിറഞ്ഞ യാത്ര അമ്മച്ചി എപ്പോഴും പറയുമായിരുന്നു. എങ്കിലും ഈ സിനിമ കാണാൻ വേണ്ടി ആയതുകൊണ്ട് അമ്മച്ചിയുടെ വലിയ വഴക്കുകളിൽ നിന്ന് ഒഴിവായി കിട്ടി. പക്ഷേ സിനിമ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് നാഗവല്ലിയും എന്റെ കൂടെ പോന്നു എന്ന് മനസ്സിലായത്. ആരും ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കാൻ ധൈര്യപ്പെട്ടില്ല. ഒരാഴ്ച അതിന്റെ ഹാങ് ഓവർ ഉണ്ടായിരുന്നു എല്ലാവർക്കും. ദിലീപ്  “മേരിക്കുണ്ടൊരുകുഞ്ഞാട്” ൽ പറഞ്ഞതുപോലെ രാത്രി ആണെങ്കിൽ എവിടെയാണെങ്കിലും നമ്മൾ ജോയിന്റ് ഫാമിലി ആയിട്ടേ പോകാവൂ എന്നൊരു നിബന്ധന പരസ്പരധാരണയോടെ എല്ലാവരും അംഗീകരിച്ചു.

31 വർഷങ്ങൾക്കിപ്പുറം പുതുമ നഷ്ടപ്പെടാതെ ഇന്നും ആ സിനിമ റീ ക്രിയേറ്റ് ചെയ്തു എന്ന് അറിയുന്നതിൽ സന്തോഷം. അമ്മച്ചി ഈ വാർത്ത അറിയുമ്പോൾ സ്വർഗ്ഗത്തിൽ ഇരുന്ന് തന്റെ ഈ സിനിമ ആദ്യമായി കാണാനുള്ള തീയേറ്ററിലേക്ക് ഉള്ള പോക്ക് മുത്തച്ഛനോടും മുത്തശ്ശിയോടും പോൾ അങ്കിളിനോടും തോമസ്അങ്കിളിനോടും പങ്കുവയ്ക്കും എന്നത് ഉറപ്പ്. മുമ്പ് ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ എല്ലാ മക്കളുടെ അടുത്തും അമ്മച്ചിയും അപ്പച്ചനും വന്ന് ഞങ്ങളോടൊപ്പം താമസിക്കുന്ന ഒരു പതിവുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഏകദേശം മണിച്ചിത്രത്താഴിലെ പാട്ടുപോലെ സാമ്യമുള്ളതായി പിന്നീടുള്ള എന്റെ ജീവിതവും.

“വരുവാനില്ലാരുമിന്നൊരു നാളും 

ഈ വഴിക്കറിയാം അതെന്നാലുമെന്നും

പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു

ഞാൻ വെറുതെ മോഹിക്കുമല്ലോ

ഇന്നും വെറുതെ മോഹിക്കുമല്ലോ…

പടി വാതിലോളം ചെന്ന് മിഴി പാതി നിൽക്കാറുണ്ടല്ലോ…”

എന്റെ കൊച്ചുകൊച്ചു വാശികൾ സാധിച്ചു തന്നിരുന്ന അമ്മച്ചിക്ക് എന്റെ ഹൃദയത്തിൽ ഒരിക്കലും മരണമില്ല. വിജയകരമായി ജീവിത ഓട്ടം പൂർത്തിയാക്കിയ എന്റെ അമ്മച്ചിയുടെ സ്മരണക്ക് മുമ്പിൽ മിഴിനീർപൂക്കൾ അർപ്പിച്ചുകൊണ്ട് ആദരാഞ്ജലികൾ.

English Summary:

Malayalam Memoir ' Oru Manichithra Sangharsham ' Written by Mary Josy Malayil

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com