ADVERTISEMENT

വഴിയാകെ ഇരുട്ട് പരന്നിരുന്നു ഇനിയൊരു വനമാണ്, ചോഴിയക്കോടെന്ന എന്റെ ഗ്രാമം എത്തും വരെ ഈ വനവും കൂരിരുട്ടും നേർത്ത തണുപ്പും ചാറ്റൽ മഴയും. എനിക്കെന്തോ വല്ലാത്തൊരു ഇഷ്ട്ടമാണ് മഴ നനഞ്ഞിങ്ങനെ ബൈക്ക് യാത്ര ചെയ്യാൻ. കാറ്റിനെ കീറിമുറിച്ചെത്തുന്ന നനുത്ത മഴത്തുള്ളികൾ എന്റെ ശിരസിലൂടെ കൺപോളകളെ തലോടി റോഡിൽ വീണുടയുന്നു. സഹ്യനെ തലോടിയെത്തുന്ന വൃശ്ചിക കാറ്റിനെ കീറി മുറിച്ചുള്ള യാത്ര. അരിപ്പൽ UPSന്റെ കമാനം കടന്നപ്പോൾ എന്റെ നിനവിനെ കീറിമുറിച്ചു മഴയിൽ നനഞ്ഞൊരു രൂപം എനിക്ക് കൈ കാട്ടി. ആറടിയോളം ഉയരമുള്ള ലുങ്കി മടക്കി കുത്തി ചാറ്റ മഴയെ വെറുതെ തടയാൻ ഇടതു കൈ തലയിൽ വെച്ചൊരു മനുഷ്യരൂപം. ഈ സമയത്തിനി കുളത്തൂപ്പുഴ ഭാഗത്തേക്ക് ബസില്ല. ആരോ ലിഫ്റ്റ് ചോദിക്കുന്നതാണ്. 

കുറച്ചു ദൂരം ഉരുണ്ടതിനു ശേഷമാണ് ശകടത്തിന്റെ ചക്രങ്ങൾ നിന്നതു. അപ്പോഴേക്കും ആ മനുഷ്യൻ ഓടി വന്നു ബൈക്കിൽ കയറിയിരുന്നു. "എവിടേക്കാ?" "ഓന്തുപച്ചയിൽ ഇറക്കിയാൽ മതി" അയാൾ. ക്ലച്ചു പിടിച്ചു ഗിയർ മാറ്റുന്നതിനിടയിൽ ഞാനാ മനുഷ്യനെ തിരിഞ്ഞു നോക്കി 'ചിരിപ്പി'. എന്നെ കണ്ടാൽ അവനും അവനെകണ്ടാൽ ഞാനും വഴിമാറി നടന്നു തുടങ്ങിയിട്ട് കാലമേറെയായി. പരസ്പരം സംസാരിച്ചിട്ട് വത്സരങ്ങൾ കഴിഞ്ഞു. ഒരു കാലത്തു ഇഴപിരിയാത്ത ഹൃദയബന്ധം ഉള്ളവർ ആയിരുന്നു ഞാനും ശ്യാമും ചിരിപ്പിയും. വല്ലപ്പോഴും കുന്നിറങ്ങി വരുന്ന സനോഫറും കൂടിയായാൽ കോറം തികയുന്ന ബാല്യകാല സുഹൃത്തുക്കൾ. പിച്ചവെച്ച കാലം മുതൽ കൂട്ട് കൂടിയ നാലുപേർ! തോർത്ത് കൂട്ടി മീൻപിടിക്കാൻ, ക്രിക്കറ്റ് കളിക്കാൻ, മഴ നനയാൻ, കാട് കയറാൻ, ഉത്സവം കാണാൻ, പേപ്പർ ചുരുട്ടി ബീഡി വലിക്കാൻ, സൈക്കിൾ ചവിട്ടാൻ, ആട് മേയ്ക്കാൻ, സിനിമ കാണാൻ.... എല്ലാറ്റിനും എല്ലാറ്റിനും തോളിൽ കയ്യിട്ട് കൂടെയുണ്ടാകുന്ന നാലു പേര്!

ചിരിപ്പി എന്ന പേര് ആരോ ചെറുപ്പത്തിൽ തന്നെ ചാർത്തിയതാണ്. അവൻ ചിരിപ്പിയും ഞാൻ പാക്കരനും. എനിക്കും അവനുമുള്ള കോമൺ ഫാക്ടർ സുജിത്തെന്ന പേരിലെ കൺഫ്യൂഷൻ ഒഴിവാക്കാൻ സ്നേഹമുള്ള നാട്ടുകാർ ചാർത്തി കൊടുത്ത പുതിയ ഐഡന്റിറ്റി ആയിരുന്നു ആ പേരുകൾ. ഞങ്ങൾക്ക് മൂന്നാൾക്കും കിട്ടാത്ത ഒരു പ്രത്യേക പരിഗണന എല്ലാ വീടുകളിൽ നിന്നും ചിരിപ്പിക്ക് കിട്ടുമായിരുന്നു. ചെറുപ്പത്തിലേ അമ്മ മരണപ്പെട്ട, കൊടിയ അപസ്മാരം മൂലം കഷ്ട്ടപ്പെടുന്ന കുട്ടി എന്ന പരിഗണന. വീടുകളിൽ നിന്നും, അമ്മമാരിൽ നിന്നും മാത്രമല്ല ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നു അവനാ പരിഗണന. പഠനത്തിനും ജോലിക്കൊക്കെയുമായി ഞങ്ങൾ മൂന്നാളും പല ദിക്കിലേക്കു ചേക്കേറി. ഒറ്റക്കാണെന്ന തോന്നലും, വിട്ടുമാറാത്ത അസുഖവും, പുതിയ കൂട്ടുകെട്ടുകളും, മദ്യപാനവുമൊക്കെ അവനെ അതിനോടകം മറ്റൊരാളാക്കി മാറ്റിയിരുന്നു. നാട്ടിലെത്തുമ്പോളൊക്കെ മദ്യപിച്ചു ബോധമില്ലാതെ നടക്കുന്ന ഞങ്ങളുടെ ബാല്യകാല സുഹൃത്തിനെ വേദനയോടെ കാണേണ്ടി വന്നു. വൃഥാവിലാണെങ്കിലും അവനൊരു ജീവിതമാർഗം ഉണ്ടാക്കാനും, നേർവഴി നടത്താനും ഞങ്ങളപ്പോഴും പാഴ്ശ്രമങ്ങൾ നടത്തികൊണ്ടേയിരുന്നു. "ഒരു മറ്റേമോനും ഇനിയെന്റെ കാര്യത്തിൽ ഇടപെടേണ്ടെന്നു" മുഖത്ത് നോക്കി പറഞ്ഞ ശേഷം പിന്നെ ഞങ്ങളാരും അവനോടു അധികം അടുത്തിട്ടില്ല. 

"നീയെന്നാണ് വന്നത്?" ചിന്തകൾ കീറി, വർഷങ്ങളുടെ പിണക്കം മുറിച്ചു അവന്റെ ശബ്ദം എന്റെ കാതിൽ പതിച്ചപ്പോളേക്കും ഞങ്ങൾ കൊച്ചരിപ്പ എന്ന സ്ഥലം പിന്നിട്ടിരുന്നു. "25 ദിവസമായി" "എന്നാണ് തിരിച്ചു പോകുന്നത്?" അവന്റെ ആ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഞാൻ എന്റെ മനസിലെ ചെറിയ സന്ദേഹം പുറത്തു ചാടിച്ചു. "അരിപ്പൽ നിനക്കെന്തായിരുന്നു പരിപാടി? വെള്ളമടി ആയിരിക്കും അല്ലെ? നീയൊക്കെ എന്നാടാ നന്നാവുന്നെ. ഒരിക്കലും നന്നാവില്ലെന്നാണോ." "ഇപ്പോ മരംവെട്ടും ചുമടെടുപ്പും ആണ് ജോലി. വെട്ടുകത്തി വേങ്കോല്ല ആലയിൽ കൊടുക്കാൻ പോയതാണ്. തിരികെ ബസിൽ വരാൻ വണ്ടിക്കൂലിക്കു പൈസ ഇല്ലായിരുന്നു. നടന്നു വീട്ടിലേക്കു പോകുന്ന വഴിയാണ് നിന്നെ കണ്ടത്." ഒരാളെ പോലും കൂസാത്ത, മദ്യപാനിയായ, ഒറ്റയ്ക്ക് താമസിക്കുന്ന ധിക്കാരിയായ പഴയ ചിരിപ്പിയിൽ നിന്നും എന്തൊക്കെയോ മാറ്റങ്ങൾ എന്റെ ബൈക്കിന്റെ പുറകിലിരിക്കുന്ന ചിരിപ്പിക്കുണ്ടായതായി എനിക്ക് തോന്നി. 

"നീ കല്യാണം കഴിക്കുന്നില്ലേ?" "നോക്കണം." "വെള്ളമടി?" "ഇല്ലെടാ. വല്ലപ്പോഴും രണ്ടെണ്ണം അത്ര തന്നെ. നീ ഇനി വരുമ്പോൾ ഒരു കുപ്പി കൊണ്ട് വാ. അത് കൂടി അടിച്ചിട്ട് നിർത്താം സത്യം!" "ഡാ ഞാൻ അടുത്ത ആഴ്ച തിരികെ പോകും കേട്ടോ" അവൻ കുറച്ചു മുൻപ് ചോദിച്ച ചോദ്യത്തിന് ഞാനെന്തോ അപ്പോഴാണ് മറുപടി കൊടുത്തത്. ഓന്തുപച്ചയെന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തിലെത്തുമ്പോഴും ആ നനുത്ത ചാറ്റൽ മഴ പൊഴിയുന്നുണ്ടായിരുന്നു. ആകെ നനഞ്ഞെങ്കിലും വെറുതെ വിടർത്തിയ ഇടതു കൈ തലയിൽ വെച്ച് അവൻ ദൂരേക്ക്‌ മറയുന്നതു ഞാൻ നോക്കി നിന്നു. "പാക്കരാ നീ ഇനി വരുമ്പോൾ കാണാം! കുപ്പിയുടെ കാര്യം മറക്കണ്ട!" ഒന്ന് തിരിഞ്ഞു നിന്നു വെളുക്കെ ചിരിച്ചു കൊണ്ട് ഇത്രയും പറയുന്നതിനുള്ളിൽ അവന്‍ ഇരുട്ടിലേക്ക് മറഞ്ഞിരുന്നു! 

ലോകത്തിലെ ഏറ്റവും സുന്ദരമായ യാത്ര വീട്ടിലേക്കുള്ള യാത്രയാണെന്നു കേട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ സത്യമാണതെന്നു തോന്നിയിട്ടുമുണ്ട്. ഈ യാത്ര മകൻ ജനിച്ചിട്ട് നാട്ടിലേക്കുള്ള ആദ്യയാത്രയാണ്! കൃത്യമായി പറഞ്ഞാൽ അവൻ ജനിച്ചിട്ട് ഇരുപത്തിയഞ്ചാമത്തെ ദിവസമാണിന്ന്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ചതാണവൻ.. പൃഥ്വി! കുഞ്ഞിന്റെ  ജനന സമയത്തു കൂടെയുണ്ടാകും എന്ന് ചിന്നുവിന് വാക്ക് കൊടുത്തിരുന്നതാണ്. കമ്പനിയിലെ ജോലിത്തിരക്ക് കാരണം മാനേജ്‌മെന്റ് അവധി അനുവദിച്ചില്ല. മിക്കവാറും എല്ലാ പ്രവാസികളുടെയും അവസ്ഥ ഇങ്ങനെയൊക്കെയായിരിക്കും. ബോർഡിങ് പാസ്സൊക്കെ വാങ്ങിക്കഴിഞ്ഞു അബുദാബി എയർപോർട്ട് ലോഞ്ചിൽ ചായമോന്തി ഇരിക്കുമ്പോൾ നിമിഷങ്ങൾക്ക് വല്ലാത്ത നീളമാണെന്നു തോന്നി. യാത്രക്കാർക്കായുള്ള അറിയിപ്പ് ബോർഡിലൊക്കെ മലയാളത്തിൽ ഓണാശംസകൾ തെന്നി നീങ്ങുന്നുണ്ട്. തിരുവോണമാണ്!

ഫ്ലൈറ്റിനു ഇനിയും രണ്ടു മണിക്കൂർ ബാക്കിയുണ്ട്. ഫോണെടുത്തു ദിനുവിനെ വിളിച്ചു. എപ്പോൾ അവധിക്കു നാട്ടിൽ വന്നാലും എയർപോർട്ടിൽ നിന്നും എന്നെ പിക് ചെയ്യാൻ വരുന്നത് ദിനുവാണ്. അവനു ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ജോലി കിട്ടുന്നതുവരെ അവൻ തന്നെയായിരുന്നു കൂട്ടാൻ വരാറുള്ളത്. ഫോൺ റിങ് ചെയ്യുന്നുണ്ട്.. അങ്ങോട്ട് ഹലോ പറയാനുള്ള സാവകാശം പോലും എനിക്ക് കിട്ടിയില്ല. "എടേ.. വിളിക്കുകയൊന്നും വേണ്ട ഞാൻ കൃത്യസമയത്തു എയർപോർട്ടിൽ ഉണ്ടാകും" ദിനു. "ഓകെ ഡാ". സമയം, അത് ഇഴയുകയാണ് വല്ലാത്തൊരു ഇഴച്ചിൽ. ലോഞ്ചിൽ നിന്നും പുറത്തേക്കിറങ്ങി നടന്നു. ഒരു വശത്തു പല നിറങ്ങൾ, പല ഭാഷകൾ, പല രാജ്യങ്ങൾ, പല സ്വപ്നങ്ങൾ, തിരികെ നാട്ടിലെത്താൻ വിമാനം കാത്തിരിക്കുന്നവർ. പലരും ഉറക്കത്തിന്റെ ആലസ്യത്തിലാണ്. മറുവശത്തു മനോഹരമായ കരകൗശല വസ്തുക്കളുടെ കച്ചവടം. അബുദാബിയുടെ പൈതൃകത്തിന്റെ ഒരു മിനിയേച്ചർ ഒരു കടയിലാക്കി വെച്ചിരിക്കുന്നു. അതിനപ്പുറമാണ് വൈൻ ഷോപ്. ആളുകൾ തിക്കി തിരക്കുകയാണ്. മിക്കവാറും ഏറെ പേരും മലയാളികൾ. ഇവറ്റകൾ ഇതിപ്പോ എവിടെ പോയാലും ഇങ്ങനെ തന്നെയാണോ ദൈവമേ!

സാധാരണ നാട്ടിലേക്കു പോകുമ്പോൾ മദ്യം വാങ്ങാറില്ല. പക്ഷെ ഇന്ന്... ഒരെണ്ണം വാങ്ങിയാലോ? ചിരിപ്പിക്ക്! ഏതു വാങ്ങണം എന്നൊരു കൺഫ്യൂഷൻ. ഫോണെടുത്തു ഗോകുലിനെ വിളിച്ചു. മദ്യത്തിന്റെ രുചിയിലും നിറത്തിലും ഗുണത്തിലുമൊക്കെ ഡോക്ടറേറ്റ് എടുത്തവനാണവൻ, ചിറയിൻകീഴുകാരൻ. ആവശ്യം അറിയിച്ചു. കുറെയേറെ പേരുകൾ.. ഉപദേശങ്ങൾ, നിർദേശങ്ങൾ. പേരുകൾ മുഴുവൻ ഇപ്പോൾ ഓർക്കുന്നില്ല. എന്നാലും അവൻ റെഡ് ലേബൽ എന്ന് പറഞ്ഞത് ഇപ്പോൾ ഓർക്കുന്നുണ്ട്. "റെഡ് ലേബൽ മൂന്നെണ്ണത്തിന്റെ പാക്കേജ് ഉണ്ട്. രണ്ടെണ്ണം വാങ്ങിയാൽ ഒരെണ്ണം ഫ്രീ" ആഹാ കൊള്ളാലോ. ശ്യാം ആയുർവേദ മരുന്ന് കഴിക്കുന്നതിനാൽ പഥ്യം ഉണ്ട്. അനിയണ്ണൻ ഇപ്പോ മദ്യം കഴിക്കാറില്ല. അപ്പോ പിന്നെ മൂന്നെണ്ണം...? വേണ്ട ഒരെണ്ണം മതി ചിരിപ്പിക്ക് മാത്രം മതിയല്ലോ! പാസ്പോർട്ട് പഞ്ച് ചെയ്യണം സാധനങ്ങൾ വാങ്ങാൻ, ഡെബിറ്റ് കാർഡും സ്വൈപ്പ് ചെയ്തു, റെഡ് ലേബലിന്റെ ഒരു ഫുൾ വാങ്ങി. ഹാൻഡ് ബാഗിൽ അത് ഭദ്രമായി വെക്കണം. ഉണ്ടായിരുന്ന വെള്ള ബനിയനിൽ പൊതിഞ്ഞു അത് ബാഗിനുള്ളിലാക്കി. സേഫ്!

നാലാം ഗേറ്റിനു മുന്നിലെ വെയ്റ്റിംഗ് ഏരിയയിൽ സൗകര്യമുള്ള ഒരിരിപ്പിടം കണ്ടെത്തി. ബോർഡിങ് പാസ് കൈയ്യിലുള്ളതുകൊണ്ടു ഇനി പേടിക്കണ്ട. മൂന്നു ദിവസത്തെ വിശ്രമമില്ലാത്ത ജോലിയുടെയും അബുദാബി എയർ പോർട്ടിലേക്കുള്ള ദീർഘമായ യാത്രയുടെ ക്ഷീണവും കണ്ണിലേക്കു അരിച്ചിറങ്ങി. മയക്കം! ജീൻസിന്റെ പോക്കറ്റിൽ മൊബൈൽ തുരു തുരെ വിറക്കുന്നു. വല്ലാത്തൊരു ഞെട്ടലോടെ കണ്ണ് തുറന്നു. വാട്സാപ് മെസ്സേജാണ്... ശ്യാം, പിന്നെ ഉണ്ണിയുടെ മെസ്സേജും! ഫിംഗർ ലോക്കഴിച്ചു ആദ്യം ശ്യാമിന്റെ മെസ്സേജ് "നമ്മുടെ ചിരിപ്പി മരിച്ചു" ശൂന്യത! ഉണ്ണിയുടെ മെസ്സേജിന് കുറച്ചു കൂടി വ്യക്തത. "സുജിത് അണ്ണൻ മരിച്ചു. കിണറ്റിൽ വീണതാണ്! വെള്ളം കോരുമ്പോൾ അപസ്മാരം വന്നതാണ്." വീണ്ടും ശൂന്യത!  നിസ്സംഗത! അപ്പോഴും വെള്ള തുണിയിൽ പൊതിഞ്ഞ ആ റെഡ് ലേബൽ എന്റെ ഹാൻഡ് ബാഗിൽ തുളുമ്പുന്നുണ്ടായിരുന്നു. ഇന്നും തിരുവോണമാണ്! ചിരിപ്പി അപസ്മാരത്തിന്റെ വേദനകളില്ലാത്ത മറ്റൊരു ലോകത്തേക്ക് ഊളിയിട്ടതിനു ശേഷമുള്ള ആറാമത്തെ തിരുവോണം!

English Summary:

Malayalam Memoir ' Thiruvonam ' Written by Sujith Ramachandran

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com