'ബൈക്കിൽ ചെത്തി നടക്കുന്ന സുന്ദരനായ ചെറുപ്പക്കാരന് ഒരു വീട്ടുവേലക്കാരി പെൺകുട്ടിയോട് പ്രണയം തോന്നുമോ?'

Mail This Article
പെട്ടെന്നുള്ള അലാറത്തിന്റെ ശബ്ദം അവളെ ഉണർത്തി എങ്കിലും വൈകി കിടന്നത് കൊണ്ട് എണീക്കാൻ അവളുടെ ശരീരം സമ്മതിക്കുന്നില്ല. പക്ഷേ അവൾക്ക് എണീറ്റെ പറ്റൂ ഇന്ന് ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് അവ ഓരോന്നായി അവളുടെ മനസ്സിനെ ശല്യം ചെയ്യാൻ തുടങ്ങിയതോടെ അവൾ എണീറ്റു. പുറത്തുവന്ന് കുറച്ചു നേരം ഉദിച്ചുവരുന്ന സൂര്യനെ നോക്കി നിന്നു. ചിലപ്പോഴൊക്കെ അവൾ സൂര്യനെ മറികടക്കാറുണ്ട് സൂര്യൻ ഉദിക്കുന്നതിന് മുമ്പ് തന്നെ അവൾ ഉദിച്ചു നിൽക്കാറുണ്ട്. മോളേ... അകത്ത് നിന്ന് ഒരു ഇടറിയ വിളി. ദാ വരുന്നു അമ്മേ... അവൾ അകത്തു പോയി അമ്മയുടെ അടുത്തിരുന്നു. അവളെ ആശ്രയിച്ചാണ് അമ്മ ജീവിക്കുന്നത്. അമ്മയ്ക്ക് സ്വന്തം കൈ ഉയർത്താൻ പോലും അവളുടെ സഹായം വേണം. അമ്മയുടെ കട്ടിലിന് താഴെ കിടന്നുറങ്ങുന്ന രണ്ട് അനിയത്തിമാർ.. മരണത്തെ പഴിച്ചു കിടക്കുന്ന മുത്തശ്ശി.. എല്ലാവരുടെയും ആശ്രയവും പ്രതീക്ഷയും അവളാണ്. അതുകൊണ്ടുതന്നെ വൈകി ഉറങ്ങുന്നതും നേരത്തെ എഴുന്നേൽക്കുന്നതും അവൾക്ക് ഒരു ശീലമാണ്.
അച്ഛൻ അവരെ വിട്ടു പോയിട്ട് 8 വർഷം ആയി. അച്ഛന്റെ പെട്ടന്നുള്ള മരണം അമ്മയെ മാനസികമായി മാത്രമല്ല ശാരീരികമായും തളർത്തി. അന്ന് തുടങ്ങിയതാണ് അവളുടെ ഈ ഓട്ടം. അവളുടെ പ്രായക്കാരോടൊപ്പം കോളജിൽ പോവാനോ പാടവരമ്പത്ത് കഥകൾ പറഞ്ഞു നടക്കാനോ പിന്നീട് അവൾക്ക് കഴിഞ്ഞിട്ടില്ല. അവൾ ചിന്തകളിൽ നിന്നെല്ലാം പുറത്തിറങ്ങി തന്റെ ജോലികളിൽ മുഴുകി. രാവിലെ വീട്ടിലെ ജോലികൾ തീർത്ത ശേഷം അടുത്തുള്ള രണ്ടു മൂന്നു വീടുകളിലും ഉച്ചകഴിഞ്ഞ് ഒരു തുണി മില്ലിലും അവൾക്ക് ജോലിക്ക് പോകണം. ഇതെല്ലാം കഴിഞ്ഞ് വൈകുന്നേരമേ തിരിച്ചു വീട്ടിൽ എത്തൂ. അങ്ങനെ അവളുടെ ജീവിതം പുതുമകൾ ഒന്നുമില്ലാതെ കടന്നുപോയിക്കൊണ്ടിരുന്നു.
ഒരു ദിവസം പതിവുപോലെ ഡോക്ടർ കരുണാകരൻ സാറിന്റെ വീട്ടിലേക്ക് ജോലിക്ക് പോയതായിരുന്നു അവൾ. അന്നാണ് അവളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ആ സംഭവം തുടങ്ങുന്നത്. ഡോക്ടർ രാവിലെ വീട്ടിൽ പരിശോധന നടത്തുന്നതുകൊണ്ട് മുറ്റത്തും വരാന്തയിലും തങ്ങളുടെ ഊഴവും കാത്ത് നിൽക്കുന്നവരുടെ ഇടയിലൂടെയാണ് അവൾ ആ വീട്ടിലേക്ക് കയറി ചെല്ലാറ്. അവരിൽ നിന്നുള്ള പലതരത്തിലുള്ള നോട്ടങ്ങൾ അവൾക്ക് പരിചിതമാണ്. ചിലരുടെ മനസ്സിലെ സംശയങ്ങളും സഹതാപവും പുച്ഛവും എല്ലാം അവൾ ആ നോട്ടത്തിൽ നിന്ന് വായിച്ചെടുക്കാറുണ്ട്. ഞായറാഴ്ച ആ വീട്ടിലേക്ക് കയറി ചെല്ലാൻ അവൾക്ക് ഒരുപാട് സന്തോഷമാണ്. അന്ന് ആരുടെയും കണ്ണിന് പിടികൊടുക്കാതെ അവൾക്ക് തന്റെ ജോലികൾ ചെയ്യാം.
പതിവുപോലെ അന്നും അവൾ കയറി ചെല്ലുമ്പോൾ നോട്ടങ്ങൾക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അതിൽ ഒരാളുടെ നോട്ടം അവളെ വല്ലാതെ അസ്വസ്ഥയാക്കുന്നതായി അവൾക്കു തോന്നി. ചെടി നനക്കുമ്പോഴും... കാർ കഴുകുമ്പോഴും.... മുറ്റം വൃത്തിയാക്കുമ്പോഴും എല്ലാം ആ കണ്ണുകൾ ഒരു അത്ഭുതത്തോടെ അവളെ പിന്തുടർന്ന് കൊണ്ടേ ഇരുന്നു. അത് താൻ പതിവായി കണ്ടുമടുത്ത നോട്ടമല്ല എന്ന് അവൾക്കും തോന്നി. അതുകൊണ്ടുതന്നെ ഇടക്കിടക്ക് അറിയാതെ അവളുടെ കണ്ണുകൾ അയാളെയും തിരയുന്നുണ്ടായിരുന്നു.
വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ അവൾ വല്ലാതെ അസ്വസ്ഥയായിരുന്നു. അവളിൽ നിന്ന് എന്തൊക്കെയോ ആരോ തട്ടിയെടുക്കുന്നത് പോലെ അവൾക്ക് തോന്നി. ക്ഷീണം കാരണം എന്നും റൂമിൽ എത്തുമ്പോഴേക്കും ഉറക്കം അവളെ മാടി വിളിക്കാറുണ്ട്. എന്നാൽ ഇന്ന് ഉറങ്ങാൻ സാധിക്കാത്തതു പോലെ അവൾ ഉറക്കത്തെ തിരയുകയാണ്. പെട്ടെന്ന് അവൾക്ക് തോന്നി ഒരു നോട്ടം കൊണ്ട് പ്രണയം ഉണ്ടാകുമോ, ഞാനെന്തൊരു പൊട്ടിയാണ്, തന്റെ ആരോഗ്യപ്രശ്നത്തിനായി ഡോക്ടറെ കാണിക്കാൻ വന്ന ഒരാൾ സ്റ്റൈലൻ ബൈക്കിൽ ചെത്തി നടക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ അയാൾ എന്നെപ്പോലൊരു വീട്ടുവേലക്കാരിയെ പ്രേമിക്കുകയോ... ഞാൻ എന്താ ഇങ്ങനെ... അയാളെ നാളെ കാണുമോ എന്ന് പോലും അറിയില്ല. എന്നിട്ടും എന്തിനാണ് എന്റെ മനസ്സിൽ ഇങ്ങനെയൊക്കെ തോന്നിയത്..? ഞാൻ അത്രയ്ക്ക് പൊട്ടി പെണ്ണാണോ.. അപ്പോഴും ആ നോട്ടം ആ കണ്ണുകൾ അവരുടെ മനസ്സിൽ നിന്ന് പോയില്ലായിരുന്നു.
ഉറങ്ങാൻ വൈകിയത് കൊണ്ട് എണീക്കാനും വൈകി അവളുടെ പതിവുകൾ എല്ലാം തെറ്റി വീട്ടിലെ കാര്യങ്ങളൊക്കെ തീർത്ത് ഡോക്ടറുടെ വീട്ടിലെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അവൾ ഓടിക്കിതച്ച് ചെല്ലുമ്പോൾ തിരക്കുകൾ കുറവായിരുന്നു. എങ്കിലും കിതച്ചുകൊണ്ട് ചെല്ലുന്ന അവളുടെ മേൽ നോട്ടങ്ങൾ പതിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഡോക്ടറുടെ ഭാര്യ പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ പതിവുകളും ശീലങ്ങളും തെറ്റുന്നത് അവർക്ക് ദേഷ്യം ഉള്ള കാര്യമാണെന്ന് അവൾക്കറിയാം. അവർക്ക് തീരെ ഇഷ്ടമല്ല അവളെ. ഡോക്ടറുടെ നിർബന്ധത്തിനാണ് അവളെ അവിടെ നിർത്തുന്നത് തന്നെ. അവരുടെ എല്ലാ അമർഷങ്ങളും അധികാരത്തിന്റെ ആധിപത്യവും കൊച്ചമ്മയുടെ അഹന്തയും എല്ലാം അവളുടെ മേൽ ക്രൂരമായി തന്നെ തീർത്തു. ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്ന അവൾക്ക് അടക്കിപ്പറച്ചിലും പരിഹാസ ചിരികളും കേൾക്കാമായിരുന്നു. ഡോക്ടർ പുറത്തുവന്ന് ശകാരിച്ചതിനുശേഷമാണ് 60 കഴിഞ്ഞ ആ സ്ത്രീയുടെ നാവ് അവർ ഉള്ളിലേക്ക് ഇട്ടത്.
അവൾ തല ഉയർത്താതെ ഉള്ളിലേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞു തറ വൃത്തിയാക്കാൻ പുറത്തിറങ്ങിയപ്പോഴാണ് ഇന്നലത്തെ നോട്ടം വീണ്ടും അവളുടെ കണ്ണിലുടക്കിയത്. ഒരു നിമിഷം അവൾ സ്വപ്നത്തിൽ എന്നപോലെ നിശ്ചലമായി നിന്നു. അടുത്ത പേഷ്യന്റിനെ വിളിക്കാനായി ഡോക്ടർ ബെല്ലടിച്ചപ്പോഴാണ് അവൾ ഉണർന്നത്. തന്റെ ജോലികൾ വേഗം തീർത്ത് അവൾ അവിടെ നിന്നും ഇറങ്ങി. രാത്രി അവൾക്ക് ഉറങ്ങാനായില്ല അവളുടെ മനസ്സ് എങ്ങോട്ടൊക്കെയോ സഞ്ചരിക്കുകയായിരുന്നു. ആ കണ്ണുകൾ മാത്രമായിരുന്നു അവളുടെ മനസ്സിൽ. എന്തിനായിരിക്കും അയാൾ ഇന്നും വന്നത് എന്നെത്തന്നെ ഇങ്ങനെ നോക്കി നിന്നത്. എന്തായിരിക്കും ആ നോട്ടത്തിൽ ഒളിഞ്ഞിരിക്കുന്നത് എന്ന് കണ്ടുപിടിക്കാൻ അവൾക്ക് സാധിച്ചില്ല. ഒരു വേലക്കാരി പെണ്ണിനോട് തോന്നുന്ന സഹതാപം ആയിരിക്കുമോ..? അവൾ ബെഡിൽ നിന്നും എണീറ്റ് പുറത്തു പോയി ഇരുന്നു. പുറത്ത് മനോഹരമായ നിലാവ് അവൾ അതുതന്നെ നോക്കി നിന്നു. രാത്രിക്ക് ഇത്ര സൗന്ദര്യമുണ്ടോ എന്ന് അവൾ ചിന്തിച്ചു.
രാവിലെ പോകാൻ നിൽക്കുമ്പോൾ ചുമരിൽ തൂക്കിയിട്ട പൊട്ടിയ കണ്ണാടിയിൽ അവർ കുറച്ചുനേരം നോക്കി നിന്നു. അവൾ അവളെത്തന്നെ പ്രണയിക്കുന്നതായി അവർക്ക് തോന്നി. അല്ലെങ്കിൽ ഞാൻ എന്തിനാ കണ്ണാടി നോക്കുന്നത്, എന്തിനാ മുഖം സുന്ദരമാക്കാൻ നോക്കുന്നത്, എന്തെങ്കിലും വാരി ചുറ്റി പോകുന്ന ഞാൻ എന്തിനാ ഇത്രയും സമയം എടുത്ത് ഒരുങ്ങിയത്. മോളെ നേരം കുറെ ആയില്ലേ നീ എന്താ അവിടെ ചെയ്യുന്നത് ഇന്ന് പോകുന്നില്ലേ അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ തന്റെ സ്വപ്നലോകത്ത് നിന്ന് ഉണർന്നത്. അവൾ വേഗം ഇറങ്ങി ഡോക്ടറുടെ വീട്ടിലേക്ക് നടന്നു. വഴിയിലുടനീളം അയാളെക്കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു അവളുടെ മനസ്സിൽ. ഡോക്ടറുടെ വീട്ടിലെത്തിയ അവൾ ആദ്യം നോക്കിയത് ആ വരാന്തയിലേക്കായിരുന്നു. അവിടെ രോഗികൾക്കിടയിൽ തന്റെ മനസ്സ് കീഴടക്കിയ ആ കണ്ണുകൾ അവൾ തിരഞ്ഞു. പക്ഷേ അവൾക്ക് അവിടെ അയാളെ കാണാൻ കഴിഞ്ഞില്ല. നിരാശയോടെ അവൾ അകത്തേക്ക് കയറിപ്പോയി. ജോലികൾക്കിടയിലും അവൾ അയാളെ തിരയുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഡോക്ടർ അവളെ റൂമിലേക്ക് വിളിച്ചത്. അവിടെ ചെന്നതും അവൾ ഒന്നു ഞെട്ടി. അവൾ രാവിലെ മുതൽ തേടുന്നയാൾ ഡോക്ടറുടെ റൂമിൽ. മനസ്സിൽ തോന്നിയ സന്തോഷവും ഞെട്ടലും പുറത്തു കാണിക്കാതെ അവൾ ഡോക്ടറോട് വിളിച്ച കാര്യം അന്വേഷിച്ചു.
(തുടരും)