കാറ്റ് പറഞ്ഞ കഥകൾ – ഗിരിജ ചാത്തുണ്ണി എഴുതിയ കവിത

Mail This Article
കാറ്റ് പറഞ്ഞ എത്രയെത്ര കഥകൾക്കാണ്
കാത് കൂർത്തിരുന്നത്
തിരിവെട്ടത്തിലെ ഇരുട്ടിൽ പതുങ്ങിയെത്തിയ
ഭൂതകാലത്തിന്നോർമ്മകളുടെ കഥകൾ
മഴയിൽ നനഞ്ഞു കുതിർന്ന
ജീവിതത്തിന്റെ ഭാരമുള്ള കഥകൾ
മലനിരകൾ തണുപ്പിനെ ഊതിയകറ്റി
പുകച്ചുരുളുകളായ കോടമഞ്ഞിന്റെ
തണുത്തുറഞ്ഞ കഥകൾ
ഗ്രീഷ്മം ചുട്ടുപ്പൊള്ളിച്ച പുലം
പറഞ്ഞ സ്നേഹരാഹിത്യകഥകൾ
വഴിയോരങ്ങളിൽ നട്ടിട്ടുപോയ കാട്ടുതെച്ചിയുടെ
ഇല്ലായ്മയുടെ കഥകൾ
ഇടവഴികളിൽ നിഴലും നിലാവും കളിക്കുന്ന
രാപ്പകലുകളുടെ പ്രണയത്തിന്റെ കഥകൾ
പാൽപതചുരത്തി പാദങ്ങളെ
മസൃണമായി തലോടുന്ന
കടലാഴങ്ങളുടെ വിസ്മയപ്പെരുമകൾ
കിഴക്കന്മലകളിൽ കാറ്റിനൊപ്പം കണ്ണുപൊത്തി–
കളിക്കുന്ന കാർമേഘങ്ങളുടെ സങ്കടക്കഥകൾ
മാറിമറയുന്ന ഋതുഭേതങ്ങൾ കൈകുമ്പിളിൽ
തീർക്കുന്ന കാലത്തിന്റെ ജാലവിദ്യകൾ
കഥകളിൽ അഭിരമിച്ചിരുന്നു മറന്നുപോയ
എന്റെ കഥ ഓർമ്മിപ്പിക്കാൻ
ഒരു രാവ് മാത്രം മൂകയായി!!