നീയെന്തൊരു വസന്തം – വൈഷ്ണവ് സതീഷ് എഴുതിയ കവിത

Mail This Article
ഒറ്റ വാക്കിൽ നീയെന്നിലൊരു
സമുദ്രമുണ്ടാക്കുന്നു..
പുറമെ മരം പഴുത്തൊരില പൊഴിക്കും
പോലെ നിസ്സാരമത്.
അകമേ അനന്തമായ കാടിനകം
പോലെ വിശാലവും.
ഹാ.. സഖേ.. നീയെന്തൊരു വസന്തം..!
നിനക്കുമേൽ പൂക്കളാകാശം നെയ്യുന്നു.
മേഘങ്ങളുമ്മകൾ പെയ്യുന്നു.
മഞ്ഞുകണങ്ങൾ അതിന്റെ
ക്യാൻവാസിൽ നിന്റെ
ചിത്രമൊരുക്കുന്നു.
അതാ.. തൂവെള്ളക്കുളിരിൽ നീയൊരു
മഴവില്ലായി ചിരിക്കുന്നു!
ഹാ.. സഖേ.. നീയെന്തൊരു വസന്തം..!
കാട്ടരുവികൾ നിന്നെക്കുറിച്ചാണ്
പാടിയൊഴുകുന്നത്..
നീ തൊടുത്ത ചിരിയമ്പുകളിൽ
ഇരുട്ടിനെ കീറിമുറിച്ച് പുതുപുലരി
പിറക്കുന്നു.
കാറ്റിന് നിന്റെ സുഗന്ധമാകുന്നു.
പൂക്കൾ നിന്റെ പുഞ്ചിരികളാകുന്നു.
രാത്രി നിന്റെ സ്വപ്നങ്ങളാകുന്നു.
നിലാവ് നിന്റെ ഓർമ്മകളാകുന്നു.
ഹാ.. സഖേ.. നീയെന്തൊരു വസന്തം.!
നീ ചുവന്ന വട്ടപ്പൊട്ട് ദേശീയ
പതാകയാക്കിയ ഒരു സ്വതന്ത്ര
റിപ്പബ്ലിക്കാകുന്നു..
ഭൂതകാലപ്പിണരുകൾ കശക്കിപ്പിഴിഞ്ഞ
പരന്ന നെറ്റിത്തടാകങ്ങൾ
നിശ്ചലമായ വർത്തമാനകാലത്തിന്റെ
അടയാളപ്പെടുത്തലാകുന്നു..
ലോകം അവിടെ മുങ്ങിമരിക്കുകയും
ഞാനും നീയും തോണിപ്പുറത്തെ
ഒറ്റക്കയ്യകലത്തിൽ
മോണാർക്കുകളെപ്പോലെ ആ
നിമിഷം ചുംബിക്കുകയും ചെയ്യുന്നു..
ഹാ.. സഖേ.. നീയെന്തൊരു വസന്തം!
അന്ത്യത്തിൽ.. നീ പേനകൊണ്ട്
ഹൃദയത്തിലൊന്ന് കോറിയിടുന്നു..
ചിത്രശലഭത്തിന്റെ ചിറകുകൾ പോലെ,
ഒരു കുഞ്ഞ് വാക്ക്..
കടലുകൾ വറ്റുന്ന കാലമെത്തുന്നു..
അപ്പോഴും ഞാനതിൽ
നീറിക്കൊണ്ടങ്ങനെ..
ഹാ.. സഖേ.. നീയെന്തൊരു വസന്തമായിരുന്നു..!