അനശ്വര പാഥേയം – രഞ്ജിത്ത് ആർ. വടക്കാഞ്ചേരി എഴുതിയ കവിത

Mail This Article
പോയ പകലുകൾ അടക്കി വാണ സൂര്യൻ
എരിഞ്ഞു തീർന്നിരിക്കുന്നു..
ഇനിവരും നാളെകളിൽ വീണ്ടുമുദിച്ചിടാം
പലപല പകലോന്മാർ പതിവായെങ്കിലും
ഇനിയുദിക്കുന്നത് ഇന്നലെയൊടുങ്ങിയ
സാഹിത്യസൂര്യനോളം വരുകില്ല തീർച്ച...
പുത്തൻകാലപ്രവാഹത്തിൽ മറ്റൊരു ചെറു
മഹാ വിസ്ഫോടനത്തിൽ ഉടൽക്കൊണ്ട,
പ്രഭ തെല്ലു കുറഞ്ഞ, ചൂടൽപ്പം ശമിച്ച
ഊർജപ്രവാഹങ്ങളായിരിക്കാം അവ..
പരുവപ്പെട്ടീടണം ഇനിയീ ഭൂമിയും നമ്മളും
മറ്റേതോ ചെറിയ തേജസ്സിന്റെ കീഴിൽ ജീവിക്കുവാൻ...
എന്തു നൽകണം, എന്തെഴുതണം ഞാൻ
യാത്രാ വിരുന്നായി.
ഇത്രനാൾ തലച്ചോറിനും മനസ്സിനും
അന്നമൂട്ടിയ പൊൻ തൂലികക്ക്..
വീട്ടാൻ പറ്റുകില്ലാക്കടം ആണ്ടോടാണ്ട്
വാക്കുകളാൽ ശ്രാദ്ധമൂട്ടിയാലും...
സ്വന്തമായ് നേടിയതൊന്നുമില്ലല്ലോ നൽകാൻ...
തുച്ഛമായുള്ളൊരീ അക്ഷരങ്ങൾപോലും അങ്ങയെ
പ്പോലുള്ള മഹാരഥർതൻ ഭിക്ഷയല്ലോ....
എങ്കിലും കൈക്കൊൾക, ശബരി തൻ ആഥിത്യമുൾ
ക്കൊണ്ട ശ്രീരാമനെപ്പോലീഭക്തന്റെ ശുഷ്ക
ഭാവനയാലെച്ചിലാക്കപ്പെട്ട സ്നേഹാക്ഷരപ്പഴങ്ങൾ...
ഒരു ലഘു പാഥേയമായെങ്കിലും അവ മാറിടട്ടെ,
മോക്ഷത്തിൻ മറുതീരത്തേക്കുള്ള തവയാത്രയിൽ....