എന്റെ കഥ – ശ്രീപദം എഴുതിയ കവിത

Mail This Article
എനിക്ക്, ഒരു കഥ എഴുതണമെന്നുണ്ട്,
എന്ത് കഥയെഴുതും ഞാൻ.
ആരുടെ കഥയെഴുതും,
എന്റെ കഥയോ അതോ നിന്റെ കഥയോ..
എന്റെ കഥ എന്നോ തീർന്നു,
തീർന്നതല്ല കേട്ടോ, കൊന്നതാണ്..
നിനക്കറിയാലോ, ആ കൃത്യം ചെയ്തത്
ഞാൻ തന്നെയാണെന്ന്.
അല്ലാതെ ആരുടെ മേലും ആ പാപം
കെട്ടിവെക്കാൻ ഞാൻ ഉദ്ദേശിക്കുന്നുമില്ല...
അതിന്റെ ഖബറടക്കവും കഴിഞ്ഞു,
ഇനിയതിന്റെ കുഴി തോണ്ടിനിരത്തണോ...
ചിലപ്പോഴൊക്കെ അവയിൽ നിന്ന്,
സ്വപ്നങ്ങളുടെ കൂട്ടക്കരച്ചിൽ കേൾക്കാറുണ്ട്...
അവയുടെ കഴുത്ത് ഞെരിച്ച്
ശ്വാസംമുട്ടിയുള്ള കരച്ചിലിൽ,
ഗുളികയുടെ താരാട്ടിൽ ഇറങ്ങിയ
എന്റെ ഉറക്കവും നഷ്ടപ്പെടാറുണ്ട്..
എന്തിനാണ് ഇങ്ങനെയൊരു ജീവിതം..
ആർക്ക് വേണ്ടി, എനിക്ക് വേണ്ടിയോ?
ഇത് ജീവിതമാണോ,
പകലന്തിയോളം നാട് മുഴുവൻ പറന്നു
രാവിൽ ചേക്കേറുന്ന പക്ഷിക്ക്
കൊക്കൊരുമ്മിക്കുറുകി വിശേഷങ്ങൾ പങ്കിടാനും
തൂവലൊതുക്കി മിനുപ്പിക്കാനുമൊരു
കൂട്ടില്ലെങ്കിൽ അത് വരുന്ന വഴിക്കതിന്റെ
ജീവനറ്റു പോവട്ടെ..
ഒറ്റപ്പെട്ട കൂട്ടിലൊറ്റക്ക്, പാട്ട് മറന്ന
പൂങ്കുയിലാണ് ഞാൻ, ഈണവും വരികളും
ഘനീഭവിച്ചു ശബ്ദമെടുക്കാനാവാതെ ചങ്കും.
ഈ കഥയാണോ ഞാനെഴുതേണ്ടത്,
ഈയൊരു പാട്ടാണോ ഞാൻ പാടേണ്ടത്...