കേഴുന്ന വയനാട് – ദിനേഷ് ചൊവ്വാണ എഴുതിയ കവിത

Mail This Article
വയനാടൻകുന്നു കരഞ്ഞതു നൊമ്പരമാകുമ്പോൾ,
വയനാടാംപെണ്ണു പറഞ്ഞതു രോദനമാവുന്നു.
പതനം ഹൃദയങ്ങളിലാകെയിരുട്ടു വിതച്ചതിനാൽ,
മിഴിയിൽ കദനപ്പുകയായൊരു കണ്ണട മൂടുകയായ്.
മലനീരു പകർന്നൊരു കൺകടലാറിയൊരുപ്പു കവിൾ,
വ്യഥയറ്റ മനസ്സിലുമിന്നു ജ്വലിക്കുകയായി കനൽ.
ദുരിതം മഴ, കാറ്റായ്, വെയിലായ് കൂരയിലെത്തുമ്പോൾ,
മരണം വിടവാങ്ങിയ ചുണ്ടുകൾ മാറുകൾ തിരയുന്നു.
ഇവിടില്ലിടിയാത്തൊരു പുഴയും കുന്നും പാതകളും,
ഇവിടില്ലൊഴുകാത്തൊരു കണ്ണും മുറിയാത്തിടനെഞ്ചും.
ഇവിടില്ലതിവ്യാധിചികിത്സയ്ക്കായിട്ടിന്നൊരിടം.
ഇവിടില്ലകലേക്കു കുതിച്ചിടുവാനൊരു പോംവഴിയും.
ഇടയിൽ ചുരപാത തടഞ്ഞു മിടിപ്പു നിലയ്ക്കുന്നു,
ഉടയും ഹൃദി തേങ്ങിയ കണ്ണീർ കോട മറയ്ക്കുന്നു.
സമപാളപ്പാതയിലുയരും ചൂളം കാത്ത ജനം,
അകലുന്നൊരു നഞ്ചൻകോടവരോർത്താൽ തേങ്ങുന്നു.
കരയാതിനി മകളേ! കണ്ണീരൊപ്പാനണയുന്നോർ,
വിരലിൽ മഷികേറുംവരെയും കുടിലുകൾ കേറുന്നു.
വയനാടാംപെണ്ണിവളെരിയും മിഴിയാലോതുന്നു,
വലയുന്നവരിവിടം വിട്ടങ്ങകലേക്കൊഴുകുമ്പോൾ.
മകളല്ലേ ഞാനും ഭാരതമണ്ണിൽനിന്നല്ലേ?
പറയൂ വയനാടിവളെന്നും കാടകമാണെന്നോ?