'കൊച്ചാപ്പയുടെ കടയിലെ പൊറോട്ടയും ഇറച്ചിയും എത്ര കഴിച്ചാലും മതിവരില്ല...'

Mail This Article
അന്നവിചാരം മുന്നവിചാരം എന്നാണല്ലോ..!! നാവിൽ രുചിയൂറും ഭക്ഷണവിഭവങ്ങളോടുള്ള മനുഷ്യരുടെ കൊതി അന്നും ഇന്നും ഒരുപോലെയാണ്. അതിനാൽ മറ്റെന്തൊക്കെ മറന്നാലും ഭക്ഷണകാര്യങ്ങളെക്കുറിച്ച് ഒരാൾ മറക്കുക അസാധ്യം. ഒരുപക്ഷേ ആൺകുട്ടികൾക്കു മാത്രം ലഭ്യമായിരുന്ന അസുലഭ സൗഭാഗ്യമായിരുന്നു അന്നത്തെ കോളജ് പരിസരങ്ങളിലെ ലഘുഭക്ഷണശാലകൾ. ഭക്ഷണം സിഗററ്റ് ബൈക്ക് ചെത്തൽ തുടങ്ങി ആണുങ്ങൾക്കു മാത്രം അന്ന് അനുഭവവേദ്യമായിരുന്ന ഇത്തരം സ്വാതന്ത്ര്യ സൗഭാഗ്യങ്ങൾ സത്യത്തിൽ പെൺകുട്ടികളോടുള്ള വിവേചനം കൂടിയാണ് എന്നിപ്പോൾ തോന്നുന്നു.
ഉച്ചയ്ക്ക് ക്ലാസ്സുവിടുമ്പോൾ ഓടിയെത്തുന്ന കോളജിന് പിൻവശത്തുള്ള ഗേറ്റു കടന്നെത്തുന്ന കൊച്ചാപ്പയുടെയും പാപ്പിയുടെയും ചെറുകടകൾ ഓർമ്മകളിൽ ഒരിക്കലും ഒളിമങ്ങാത്ത ഒന്നാണ്. കൊച്ചാപ്പയുടെ കടയിലെ പൊറോട്ടയും ഇറച്ചിയും എത്രകഴിച്ചാലും മതിവരില്ല. പിഞ്ഞാണത്തിൽ ആവിപറക്കുന്ന ഇറച്ചിക്കറിയും പൊറോട്ടയും മേശപ്പുറത്ത് കൊണ്ടു വെയ്ക്കുമ്പോൾ കൊച്ചാപ്പയുടെ ഒരു ചെറുപുഞ്ചിരി കൂടി അതിനൊപ്പം ഫ്രീയായി കിട്ടും. ഭാഗ്യമുണ്ടെങ്കിൽ ഒരു കണ്ണിറുക്കലും. പീസ്കറിയാണ് കൊച്ചാപ്പയുടെ മറ്റൊരു മാസ്റ്റർപീസ്. കൊച്ചാപ്പയുടെ സ്നേഹവും കരുതലുമെല്ലാം ഭക്ഷണത്തിനൊപ്പം തന്നെ ആവോളം വിളമ്പിത്തരും. കഴിച്ചുകഴിഞ്ഞു കൗണ്ടറിൽ ചെല്ലുമ്പോൾ കടം പറഞ്ഞാൽ പക്ഷേ കൊച്ചാപ്പയുടെ മുഖം കറുക്കും നെറ്റി ചുളിയും. അതുകൊണ്ട് ആ പണിക്ക് പോകാതിരിക്കുകയാണ് എല്ലാവർക്കും നല്ലത്. തൊട്ടപ്പുറത്ത് താഴെ ഇടവഴിയിൽ കടയുള്ള പാപ്പിയും ഒട്ടും പിന്നിലല്ല രുചിയുടെ കാര്യത്തിൽ. കൊച്ചാപ്പയുടെ കടയിൽ ഇടം ലഭിക്കാത്തവർ പാപ്പിയുടെ അടുത്തേക്ക് പായും. ഹാപ്പിയായിത്തന്നെ കോളജിലേക്കു മടങ്ങും. എങ്കിലും ഒരു പൊടിക്ക് കൊച്ചാപ്പ തന്നെയാണ് മുന്നിൽ. വയറു നിറയെ പൊറോട്ടയും ഇറച്ചിയും കഴിച്ച് ഇറങ്ങുമ്പോൾ കിട്ടുന്ന ആ ഒരു സുഖം ഐഎഎസ് പാസ്സായാലും കിട്ടില്ല.
കയ്യിൽ കാര്യമായി കാശില്ലാത്ത ദിവസമാണെങ്കിൽ നേരെ കോളജ് കാന്റീനിലേക്കാണ് അന്നു പോക്ക്. ഫ്രണ്ട് ഗേറ്റ് വഴിയാണ് അങ്ങോട്ടേക്കുള്ള പ്രയാണം. മാനേജരുടെ വെളുക്കെയുള്ള ചിരിയും വെള്ളംമുഴുക്കെ തിളപ്പിച്ചൊഴിച്ചു സ്റ്റീൽ ബക്കറ്റു നിറച്ചു വെച്ചിരിക്കുന്ന സാമ്പാറും നമ്മെ ഇരുകൈയ്യും നീട്ടി വരവേൽക്കും. പക്ഷേ ഒരു കുഴപ്പമുണ്ട് കഷണം കിട്ടണമെങ്കിൽ ഇറങ്ങിത്തപ്പണം ആഴത്തിൽ അന്തരാഴത്തിൽ. പാതാളക്കരണ്ടിയുമായി കിണറ്റിലിറങ്ങുന്നതു പോലെ മൂന്നാലുവട്ടം ചുഴറ്റിയടിച്ചാലെ വല്ല വെണ്ടക്കയുടെയോ കിഴങ്ങിന്റെയോ ഒക്കെ കഷണം തടയൂ. അല്ല, അതു മതി രണ്ടു രൂപയേ അന്ന് മാനേജരുടെ കാന്റീനിൽ ഊണിനു വിലയുള്ളൂ. റേഷനരിയുടെ പ്രത്യേക സുഗന്ധം പോലും ആസ്വദിച്ചു കഴിക്കാൻ എന്തൊരു സ്വാദായിരുന്നു. അതല്ലെങ്കിൽപ്പിന്നെ പൊറോട്ടയും സാമ്പാറും കഴിക്കാം വളരെ ചുരുങ്ങിയ ചെലവിൽ. ഒരു രൂപക്ക് കാര്യം നടക്കും.
പോക്കറ്റിൽ അൽപ്പം കാശു കനക്കുന്ന സന്ദർഭങ്ങളിലാണ് താഴെ കോളജ് ജംഗ്ഷനിലുള്ള മയൂര ഹോട്ടലിലേക്കുള്ള ജൈത്രയാത്ര. താടിവെച്ച ചേട്ടനാണ്
കൗണ്ടറിൽ. കടയുടെ ഓണറാണ് ഓൾ ഇൻ ഓളാണ്. വൃത്തിയും വെടിപ്പും മാത്രമല്ല നല്ല ഒന്നാന്തരം ഉച്ചയൂണും ഉച്ചക്ക് റെഡി. കൂടുതലും എഞ്ചിനീയറിങ് സ്റ്റുഡന്റ്സ് ആണ് അവിടന്ന് അമൃതേത്ത് കഴിക്കാറ്. സ്റ്റാൻഡേഡ് ഹോട്ടലാണ് അതിനാൽ വിലയും ഒരൽപ്പം കൂടുതലാണ്. നല്ല മീൻ പൊരിച്ചതൊക്കെ കൂട്ടി ഊണു കഴിച്ചാൽ പത്തു രൂപയെങ്കിലും ആവും ചുരുങ്ങിയത്. ബൂർഷ്വകൾക്ക് മാത്രം അന്നു സാധിക്കുന്ന സംഗതി. വല്ലപ്പോഴും ഇടയ്ക്കൊക്കെ ബൂർഷ്വയായി വേഷം മാറി പോയല്ലേ പറ്റൂ വയറിന്റെ വയറ്റത്തടിയും നിലവിളിയും കേൾക്കാതിരിക്കാൻ.
മയൂരയുടെ നേരെ ഓപ്പോസിറ്റാണ് വേലായുധൻ ചേട്ടന്റെ കഞ്ഞിക്കട. റോഡിനപ്പുറത്തെ പീടികയ്ക്കു പിറകുവശത്താണ് കട. വേലായുധൻ ചേട്ടന്റെ കഞ്ഞി ഒരിക്കൽ കഴിച്ചാൽ ഒരാൾക്കും മരണം വരെ അതുമറക്കാൻ കഴിയില്ല അത്രത്തോളം രുചിയേറിയതാണ്. നല്ല ചൂടുകഞ്ഞിയും അപ്പോൾത്തന്നെയിട്ട ഉശിരുള്ള നാരങ്ങയും നെല്ലിക്കയും മാങ്ങയും മാറിമാറിയുള്ള അച്ചാറും കാച്ചിയ പപ്പടവും കൂട്ടി കഴിച്ചാൽ കഞ്ഞി വെറും കഞ്ഞിയല്ല നല്ലൊന്നാന്തരം ബിരിയാണിയാണ്. വേണമെങ്കിൽ മീൻ പൊരിച്ചതും വാങ്ങാം കാശു കയ്യിൽ തോനെയുണ്ടെങ്കിൽ. ഒന്നിടവിട്ട ദിവസങ്ങളിൽ അയലയും മത്തിയും പൊരിച്ചത് മാറി മാറി പൊരിച്ചുകൊടുക്കും. അതിന്റെ സ്വാദ് തലയ്ക്ക് മത്തു പിടിപ്പിക്കുന്നതാണ്. ഗന്ധം നമ്മുടെ നാസാരന്ധ്രങ്ങളെ ത്രസിപ്പിക്കുന്നതാണ്.
ഇങ്ങനെ നാലുപാടു നിന്നും നമ്മളെ പിടിച്ചുവലിച്ചിരുന്ന ഭക്ഷണവലയത്തിൽ കുടുങ്ങി നാവിലെ ഒട്ടേറെ രുചിമുകുളങ്ങളാണ് അന്ന് അകാലമൃത്യു വരിച്ചത്. അതിനാൽ കാലങ്ങൾക്കിപ്പുറം വീട്ടിലെ ഭക്ഷണത്തിന് ചിലപ്പോഴെങ്കിലും രുചിയില്ല എന്നുരിയാടുമ്പോഴാണ് ചിരവയേറും പുട്ടുകുമ്പത്തിന് തലയ്ക്കു കൊട്ടലും പോലുള്ള ചില നാടൻകലാരൂപങ്ങൾ അരങ്ങേറുന്നത് അകമ്പടിയായി ഭരണിപ്പാട്ടും ചവിട്ടുനാടകവും. പോരേ തിമൃതിത്തൈ..!!