'ഇന്നും ചിലങ്കയുടെ ശബ്ദം എവിടെ കേട്ടാലും ആദ്യം മനസ്സിൽ വരുന്നത് എന്റെ ടീച്ചറുടെ മുഖമാണ്...'

Mail This Article
ആദ്യാക്ഷരം എഴുതിക്കും മുൻപേ ഗുരുദക്ഷിണ കൊടുത്തെന്നെ ചേർത്തത് നൃത്തം പഠിക്കാനായിരുന്നു. തനിക്ക് ജീവിതത്തിൽ സാധിക്കാതെ പോയ ആഗ്രഹങ്ങൾ എല്ലാം, മക്കളിലൂടെ നിറവേറ്റണം എന്ന് എല്ലാ മാതാപിതാക്കളെ പോലെ എന്റെ അമ്മയും ആഗ്രഹിച്ചിരുന്നു. അച്ഛന്റെയും അമ്മയുടേയും കൈപിടിച്ചു നൃത്തവിദ്യാലയത്തിൽ എത്തുമ്പോൾ എനിക്ക് 3 വയസ്സ് ഉള്ളത്രെ..! കൂട്ടത്തിൽ ഏറ്റവും ചെറുത് ഞാൻ ആയതു കൊണ്ട് എല്ലാവർക്കും വല്യ കാര്യം ആയിരുന്നുവെന്ന് അമ്മ എപ്പോഴും പറയും. കലപില സംസാരിച്ചു കൊണ്ട് ഞാൻ എല്ലാവരുടെയും പുറകെ ഞാൻ ഓടി നടക്കും.. ആദ്യം ഒക്കെ എന്നെ ഒരിടത്തു പിടിച്ചു നിർത്താൻ ടീച്ചർ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. പിന്നെ പിന്നെ എനിക്കും വല്യ ഇഷ്ടായി ക്ലാസ്സിൽ പോകാൻ.
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ചിരി എന്റെ ടീച്ചറുടെതാണ്.. പല നിറങ്ങളിലെ സാരികളും, മെടഞ്ഞിട്ട മുടിയും, ചന്ദനക്കുറിയും എല്ലാം ഇന്നും ഓർമയിൽ ഉണ്ട്. ഒരു ദിവസം ഒരു കുട്ടിയെ ടീച്ചർ മാറ്റിനിർത്തി ശകാരിക്കുന്നത് കണ്ടു, ഞങ്ങൾക്കാർക്കും ആദ്യം കാര്യം മനസ്സിലായില്ല. ചുവട് മറന്നു നിന്ന സമയത്തു പോലും ടീച്ചർ ആരേം വഴക്കിടുന്നത് ഞാൻ കണ്ടിട്ടില്ല, പിന്നെ ഇതെന്തിനാകും എന്നോർത്തിരുന്നപ്പോൾ ആ കുട്ടി തന്നെ ഞങ്ങളോട് വന്നു പറഞ്ഞു "കുറച്ചു ദിവസായി ഞാൻ ക്ലാസ്സിൽ വരാറില്ലാരുന്നു.. ഫീസ് കൊടുക്കാൻ പൈസ തികയാഞ്ഞതുകൊണ്ട് ഇനി പൈസയാകുമ്പോൾ പോയാൽ മതീന്നാ വീട്ടിൽ നിന്ന് പറഞ്ഞേ... ആ കാരണം പറഞ്ഞപ്പോൾ ടീച്ചർക്ക് ദേഷ്യായെന്നു തോന്നുന്നു." അടുത്ത ദിവസം ക്ലാസ് തുടങ്ങുംമുൻപ് ടീച്ചർ ആദ്യം പറഞ്ഞത് "ആരും പൈസ ഇല്ല എന്ന കാരണം പറഞ്ഞു ക്ലാസ്സിൽ വരാതിരിക്കരുത് എന്നാണ്."
എന്റെ അരങ്ങേറ്റം നടന്നത് ദ്രുവപുരം ശിവക്ഷേത്രത്തിൽ വെച്ചായിരുന്നു. അന്നും, അതുകഴിഞ്ഞുള്ള പല വേദികളിലും ഞങ്ങൾ നൃത്തം ചെയ്യുമ്പോൾ, സ്റ്റേജിന്റെ ഒരു വശത്തു പ്രാർഥനയോടെ ഞങ്ങളെ നോക്കി നിൽക്കുന്ന ടീച്ചറിനെ കാണാം.. മേക്കപ്പിന്റെയും ഡ്രെസ്സിന്റെയും എല്ലാം പുറകെ ചിലപ്പോൾ വീട്ടുകാരെക്കാൾ കൂടുതൽ ഓടിനടന്നത് ടീച്ചർ തന്നെ ആണ്. ഞങ്ങൾ പല പല സ്കൂളിലെ കുട്ടികൾ ആയിരുന്നു അധികവും ടീച്ചറുടെ അടുത്ത് ഉണ്ടായിരുന്നത്. സ്കൂൾ, ഉപജില്ലാ, ജില്ലാ, സംസ്ഥാനം.. അങ്ങനെ എല്ലാ കലോൽസവത്തിനും എത്ര ദൂരെ ആണേലും ടീച്ചർ കൊണ്ടുപോകും. കലോത്സവങ്ങളിൽ പകൽ സമയങ്ങളിൽ നടക്കേണ്ടിയിരുന്ന പല മത്സരങ്ങളും നേരം വൈകി നടക്കുമ്പോൾ പോലും ഞങ്ങൾക്കൊപ്പം കാത്തിരുന്നിട്ടുണ്ട്. അതൊരിക്കലും ടീച്ചറിന്റെ കടമയായിട്ടല്ല പകരം, ഞങ്ങളോടുള്ള സ്നേഹവും.. നൃത്തത്തിനോടുള്ള ഇഷ്ടവും.. ഒരു അധ്യാപികയുടെ ആത്മാർഥതയും ഒക്കെയായിട്ടാണ് ഞങ്ങൾക്ക് തോന്നാറ്.
ഒരു മത്സരവേദിയിൽ ഉയരം കുറഞ്ഞെന്ന പേരിൽ ഞങ്ങളിൽ ഒരാൾക്ക് ഗ്രേഡ് നഷ്ടമായപ്പോൾ മുന്നിൽ നിന്ന് സംസാരിച്ചത് ടീച്ചർ മാത്രമായിരുന്നു. ഒരുതവണ പോലും ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ എന്നു പറഞ്ഞ് കേട്ടിട്ടേയില്ല "എല്ലാ വേദികളിലും എന്റെ മക്കളും പങ്കെടുക്കുന്നുണ്ട് എന്നാണ് പറയാറ്." നൃത്തത്തിനു വേണ്ടി മറ്റെന്ത് തിരക്കുകളും മാറ്റിവെച്ച ടീച്ചർ ചിലപ്പോൾ പ്രായം പോലും മറന്നെന്നു തോന്നും...! ഓരോ വർഷം കഴിയുന്തോറും ടീച്ചറോട് ഉള്ള അടുപ്പവും ആത്മബന്ധവും കൂടിയിട്ടേ ഉള്ളൂ. ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് പോകും വഴി ടീച്ചർ ഞങ്ങളോട് പറഞ്ഞു "ഈ വയസ്സായ സമയത്ത് പോലും വീട്ടിൽ ഇരിക്കാതെ പൈസ നോക്കാതെ ഞാൻ വരുന്നത് ഒരുപാട് കുട്ടികൾക്ക് പഠിക്കാൻ ആഗ്രഹം കാണും നല്ല കഴിവ് കാണും എന്നാൽ നൃത്തത്തിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന ചിലവുകളും വീട്ടിലെ സാമ്പത്തിക സ്ഥിതിയോർത്ത് പഠിക്കാൻ ചേരാത്തതുമാണ്.
ആരുടെയും സഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ കഴിയുന്ന കാലത്തോളം ഞാൻ വരും. നിങ്ങളിൽ എത്രപേർക്ക് ഇതുപോലെ സാധിക്കുമെന്ന് എനിക്കറിയില്ല. എല്ലാവരുടെയും സാഹചര്യം ഒരുപോലെ ആയിരിക്കില്ല, ഒരിക്കലും പഠിച്ചു തീരാത്ത ഒന്നാണ് നൃത്തം. നിങ്ങൾ പഠിച്ച ഓരോ അടവും ചുവടും മുദ്രകളും എല്ലാം ഓരോരുത്തർക്ക് പറഞ്ഞു കൊടുക്കുമ്പോൾ നിങ്ങൾ മറക്കാതിരിക്കും... കൂടുതൽ പഠിക്കണമെന്ന് ആഗ്രഹം തോന്നും" നമസ്കാരം ചെയ്ത ഓരോ നൃത്തം തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ടീച്ചർ ഞങ്ങളുടെ കൂടെയുണ്ടെന്ന് തോന്നും, ചൊല്ലിത്തന്ന ശ്ലോകങ്ങൾ ഓർമ്മിക്കും..
യതോ ഹസ്താ സ്തതോ ദൃഷ്ടി
യതോ ദൃഷ്ടി സ്തതോ മനഃ
യതോ മനഃ സ്തതോ ഭവ
യതോ ഭവ സ്തതോ രസഃ
(കൈ എവിടെയാണോ അവിടെ കണ്ണുകൾ പിന്തുടരണം
കണ്ണുള്ളിടത്ത് മനസ്സും ഉണ്ടായിരിക്കണം
മനസ്സ് എവിടെയാണോ അവിടെ ഭാവവും പോകുന്നു.
എവിടെ ആവിഷ്കാരമുണ്ടോ അവിടെ വികാരം ഉണ്ടാകുന്നു.)
ഇന്ന് കലകളെ കച്ചവടം ആക്കുമ്പോഴും പരസ്പരം കുറ്റപ്പെടുത്തി തർക്കിക്കുമ്പോഴും ടീച്ചറിന്റെ മക്കളിൽ ഒരാൾ ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്നും ചിലങ്കയുടെ ശബ്ദം എവിടെ കേട്ടാലും ആദ്യം മനസ്സിൽ വരുന്നത് എന്റെ ടീച്ചറുടെ മുഖം ആണ്.