കള്ളവും സത്യവും – ഫക്രുദീൻ എഴുതിയ കവിത

Mail This Article
കാലത്ത് ചായയ്ക്കുള്ള കവർ പാൽ
വാങ്ങാത്തവരായി ആരുമില്ല..
എവിടെ നിന്നെല്ലാമോ ഉൽപാദിപ്പിക്കപ്പെട്ട്
എവിടെനിന്നെല്ലാമോ സംഭരിക്കപ്പെട്ട്
എവിടെ നിന്നെല്ലാമോ തരംതിരിക്കപ്പെട്ട്
ഒടുവിൽ നമ്മുടെ കൈകളിൽ എത്തുന്ന
കവർ പാലിൽ വെള്ളം ചേർത്തിട്ടുണ്ടായിരിക്കില്ലേ?
കേടു വരാതിരിക്കാനുള്ള രാസ പദാർഥങ്ങളും
ചേർക്കപ്പെട്ടിട്ടുണ്ട്
ഈ രാസപദാർഥങ്ങൾ മാരകമായ രോഗങ്ങൾക്ക്
കാരണമായിത്തീരുന്നുണ്ട്
എന്നിട്ടും നമ്മൾ വില കൊടുത്തു വാങ്ങാറില്ലേ?
നമ്മളെ കബളിപ്പിക്കാൻ നമ്മൾ നിന്നു കൊടുക്കാറില്ലെ
നമ്മൾ എന്താ മോശമാണോ?
ഒരു ശരാശരി സാധാരണക്കാരനായ
മനുഷ്യനായത് കൊണ്ട് തന്നെ,
ഞാൻ ഒരു ദിവസത്തിൽ 9 സത്യങ്ങളും
ഒരു കള്ളവും പറയാറുണ്ട്.
എന്നെ സമീപിക്കുന്നവർ അത് കേൾക്കാറുണ്ട്
അവരെ സംബന്ധിച്ചിടത്തോളം ഞാൻ
ഒരു വ്യക്തി എന്നതിലുപരി
ഒരു ഇൻഫർമേഷൻ ആണ്
"ഞാൻ പറയുന്ന സത്യങ്ങളും കള്ളവും
പ്രവർത്തിക്കുന്നത് അവിടെയാണ്"
എന്റെ വായയിൽ കിടക്കുന്ന നാവ്
മൃദു താലുവിലും കഠിന താലവ്യത്തിലും തട്ടി
ചിലപ്പോഴൊക്കെ പല്ലിലും ചുണ്ടിലും തട്ടി
പുറത്തേക്ക് വരുന്ന ശബ്ദങ്ങൾ
എവിടെനിന്നോ ഉത്പാദിപ്പിക്കപ്പെടുന്ന
ചിന്തകളാണ്
തരംതിരിക്കപ്പെടുന്നത് തലച്ചോറിൽ നിന്നാണ്.
പറയേണ്ട കാര്യങ്ങൾ പറയാൻ ആളുകളെ
തിരഞ്ഞെടുക്കുന്നത്
(കവറിൽ ആക്കി നൽകുന്ന പ്രക്രിയ)
ബുദ്ധിയാണ്
ഒരു ദിവസം 9 സത്യങ്ങൾ ഞാൻ പറയുന്നു
ഒരു കള്ളവും പറയുന്നു.
കള്ളം ആരോട് പറയണം
ആളുകളെ ഞാനാണ് തെരഞ്ഞെടുക്കുന്നത്.
എനിക്കിഷ്ടപ്പെടാത്ത ജീവിത സാഹചര്യങ്ങൾ ഉള്ളവരെ,
എനിക്കിഷ്ടപ്പെടാത്ത നിറമുള്ളവരെ,
എനിക്കിഷ്ടപ്പെടാത്ത ജോലി ചെയ്യുന്നവരെ,
എനിക്കിഷ്ടപ്പെടാത്ത വസ്ത്രം ധരിക്കുന്നവരെ,
ബുദ്ധിയില്ലാത്ത ആളുകളെ
കുട്ടികളുടെ സ്വഭാവം കാണിക്കുന്നവരെ
ഞാൻ കള്ളം പറയാൻ ഉദ്ദേശിക്കുന്ന ആളുകളുടെ പട്ടിക
അങ്ങനെ നീണ്ടു നീണ്ടു പോവുകയാണ്
വഴി ചോദിച്ചു വരുന്ന ആളുകളാണെന്ന് കരുതുക
9 പേർക്ക് ഞാൻ കൃത്യമായ വഴി പറഞ്ഞു കൊടുക്കും
ഒരാളോട് മാത്രം കള്ളം പറയുന്നു
എന്റെ കള്ളം വിശ്വസിച്ച് അയാൾ യാത്ര തുടങ്ങും.
അയാൾക്ക് തീരെ പരിചയമില്ലാത്ത ചിലയിടങ്ങളിൽ
അയാൾ കുടുങ്ങും.
പരിചയമില്ലാത്ത മനുഷ്യരുടെ ഇടയിൽ
പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ
അയാൾ ഒറ്റപ്പെടുമായിരിക്കും
നട്ടം തിരിയും ആയിരിക്കാം
ഉദ്ദേശിച്ച ഇടത്തേക്ക് എത്തിപ്പെടാൻ പറ്റാതെ
പ്രയാസപ്പെടുമായിരിക്കും
ഇത്രയേറെ പ്രയാസങ്ങൾ അനുഭവിക്കുന്ന
സാഹചര്യത്തിലും
അയാൾ ഒരാളോടും വഴി ചോദിക്കുന്നില്ല
അയാൾക്ക് ആരെയും വിശ്വാസമില്ലാതായിരിക്കുന്നു,
ആത്മവിശ്വാസം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു
ഞാൻ പറഞ്ഞ ഒരു കള്ളത്തിന്റെ ദൂഷ്യഫലം
എത്ര വലുതാണ്
ഇനി അയാൾ വല്ല വിധേനയും തുടങ്ങിയ ഇടത്ത്
തന്നെ ഒരിക്കൽ തിരിച്ചെത്തും
വർഷങ്ങൾ കഴിഞ്ഞ് ഒരുപക്ഷേ ഞങ്ങൾ
തമ്മിൽ വീണ്ടും കാണുമായിരിക്കും
പക്ഷേ ആ സമയം ആകുമ്പോഴേക്കും
അയാളെ നോക്കി ഒരു വിളറിയ ചിരിയെങ്കിലും
ചിരിക്കാൻ എനിക്ക് സാധിക്കില്ല.
കാരണം
ഒരു ദിവസത്തിൽ 9 സത്യങ്ങളും ഒരു കള്ളവും
പറഞ്ഞുകൊണ്ടിരുന്ന ഞാൻ,
എന്റെ ഒരു കള്ളത്തെ ന്യായീകരിച്ച് ന്യായീകരിച്ച്,
ഒടുവിൽ നിത്യവും ഒരു സത്യവും
9 കളവുകളും പറയുന്ന ആളായി
ഞാൻ മാറി കഴിഞ്ഞിരിക്കുന്നു.
ആർക്കാണ് നഷ്ടം?