ADVERTISEMENT

ഞങ്ങൾ വിചാരിക്കുന്നപോലെ ഞങ്ങളെ വളർത്താൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് ജനിപ്പിച്ചത്? അച്ഛൻ ഒരു തികഞ്ഞ പരാജയമാണ്. ഇന്നും ഇതുതന്നെയാണ് മകൻ എന്നോട് പറഞ്ഞത്. അനാമിക അയാളെ മൂളികേട്ടു. വീട്ടിലും ഇങ്ങനെയൊക്കെത്തന്നെ, തെറ്റുകാർ ആരെന്നു നമുക്ക് തിരിച്ചറിയാൻ കഴിയുന്നുമില്ല. അയാൾ തുടർന്നു, ഞാൻ എങ്ങനെ വളരണമെന്ന് നിശ്ചയിച്ചത് എന്റെ അച്ഛനായിരുന്നു. അന്നൊക്കെ അച്ഛൻ എന്നോട് വളരെ ക്രൂരമായൊക്കെ പെരുമാറിയിട്ടുണ്ട്. എന്നാൽ അതിന്റെ നന്മകൾ ഞാനിന്നു അനുഭവിക്കുന്നു. മകനെ കുറ്റപ്പെടുത്തുകയല്ല, അവർ എവിടെയെത്തിച്ചേരും എന്നാണ് എന്റെ ആശങ്ക. അവർക്കു ശേഷമുള്ള തലമുറയെക്കുറിച്ചോർക്കുമ്പോൾ ഭയം തോന്നുന്നു. ക്ഷമിക്കൂ അനാമിക, തന്റെ സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷതേടാനാണല്ലോ താൻ നീണ്ട യാത്ര പോകാമെന്നു പറഞ്ഞത്. അശോക് എന്ത് പറയുന്നു. 

അദ്ദേഹം ഒന്നും മിണ്ടാറില്ല എന്നതാണ് എന്നെ കുഴയ്ക്കുന്ന പ്രശ്‍നം. ഒരുപക്ഷേ പൊട്ടിത്തെറിക്കാതിരിക്കാൻ സ്വയം നിയന്ത്രിക്കുന്നതാകാം. വീട്ടിൽ മകനും അച്ഛനും തമ്മിൽ സംസാരിക്കാറേ ഇല്ല. പലപ്പോഴും ഞാനതിന് ശ്രമിച്ചിരുന്നു. ജീവിതത്തിലെ തോൽവി എനിക്ക് മാത്രമല്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ എനിക്കായില്ല. താഴെയുള്ള മകൾ സ്കൂളിൽ ആയിരുന്നപ്പോൾ എന്നോട് എല്ലാം തുറന്നു പറയുമായിരുന്നു. കോളജിൽ പോയതിൽപ്പിന്നെ അവളുടെ വാതിലിന് പുറത്തു പലപല മുന്നറിയിപ്പുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. വാതിലിൽ മുട്ടണം, അനുവാദം നൽകിയാൽ മാത്രം കയറുക. അങ്ങനെ പലതും. മൈ സ്പെയ്സ് (എന്റെയിടം) എന്നാണ് ആ മുറിക്ക് അവൾ നൽകിയിരിക്കുന്ന പേര്. അവരുടെ സ്വാതന്ത്ര്യത്തെ നാം മാനിക്കുന്നു. നമ്മുടെ വീട് മുഴുവൻ എന്റെയിടം ആയിരുന്നല്ലോ. ചെറുപ്പത്തിൽ കൂട്ടുകുടുംബം ആയിരുന്നപ്പോൾ പത്തോ പതിനഞ്ചോ പേര് ഒരുമിച്ചാണ് വീട്ടിലെ ഹാളിൽ കിടന്നിരുന്നത്. അന്നത്തെ ഒത്തൊരുമയെല്ലാം തകർന്നുപോയിരിക്കുന്നു.

മക്കളുമായുള്ള ആശയവിനിമയങ്ങൾ അമ്മമാരിലേക്കു മാത്രം ഒതുങ്ങിക്കൊണ്ടിരിക്കുകയാണോ എന്ന് ഞാൻ സംശയിക്കാറുണ്ട്. അച്ഛന്മാർ എല്ലാ വീടുകളിലും പുറന്തള്ളപ്പെടുകയാണോ എന്ന് ഞാൻ ഭയപ്പെടുന്നു. നീണ്ട നിശബ്ദതയും, അവഗണനയും അവരെ വീട്ടിനുള്ളിൽത്തന്നെ ഒരു ഏകാന്തദ്വീപിൽ തളച്ചിടുന്നപോലെ. അയാൾ പറഞ്ഞു. ഇതേ കാര്യം അശോക് പറഞ്ഞിരുന്നു, എന്തിനാണ് വീട്ടിലേക്ക് വരുന്നതെന്ന്. മക്കൾക്ക് സംസാരിക്കേണ്ട എങ്കിൽ, മറ്റെവിടെയെങ്കിലും ജീവിച്ചാൽപോരേയെന്ന്. ഞാൻ ജീവിച്ചിരിക്കുന്നതുവരെ ഒപ്പമുണ്ടാകണമെന്ന് കെട്ടിപ്പിടിച്ചു പറയുമ്പോൾ, രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

വഴിതെറ്റിയോ അനാമിക? വണ്ടിയിപ്പോൾ ചെറുതുരുത്തി പാലത്തിന് മുകളിലാണ്. സാരമില്ല, ഇഷ്ടമുള്ളയിടത്തേക്ക് വണ്ടിയോടിക്കൂ. ലക്ഷ്യങ്ങൾ ഇല്ലാത്ത യാത്രകളല്ലേ നമുക്ക് മുന്നിലുള്ളൂ. അയാൾ ചിരിച്ചു. പാലം കടന്നതും, താഴേക്ക് ഒരു വഴി കണ്ടു. ഇതിലേ പുഴയിലേക്ക് ഇറങ്ങാമെന്ന് തോന്നുന്നു. അയാൾ അടുത്തുകണ്ട ആളോട് ചോദിച്ചു. ഇറങ്ങാം, പാലത്തിന് അടിയിലൂടെ അപ്പുറത്തേക്ക് കടന്നാൽ ഇറങ്ങാനുള്ള പടികളും ഉണ്ട്. പുഴയിലേക്ക് ഇറങ്ങാനുള്ള പടികളുടെ അടുത്ത് അയാൾ വണ്ടി നിർത്തി. വെള്ളം വളരെ ദൂരെയാണ്, അപ്പുറത്തെ കരയെപ്പറ്റിയാണ് പുഴ ഒഴുകുന്നത്. മുന്നിൽ കുറച്ചുപേർ പുഴയിലേക്ക് കൂട്ടമായി നടക്കുന്നത് കണ്ടു.

അനാമിക പറഞ്ഞു, എനിക്ക് പുഴയിലേക്ക് പോകണം. നല്ല വെയിലാണ്, വേണോ? അയാൾ ചോദിച്ചു. വേണം, അനാമികയുടെ ശബ്ദം ഉറച്ചതായിരുന്നു. അത് പറഞ്ഞതും അനാമിക വണ്ടിയിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങി. അയാൾ അവരെ അനുഗമിച്ചു. മുമ്പേ പോയവർ പുഴയിൽ മുങ്ങി നിവരുന്നു. അവർ ബലിയിടാൻ വന്നവരാണോ എന്നയാൾ സംശയിച്ചു. മുന്നിൽ നടന്ന അനാമിക ചെരിപ്പ് ഊരിയിട്ട് പുഴയിലേക്ക് നടന്നു. ആഴം കാണും, ഒഴുക്കും, ഇനിയധികം പോകണ്ട. അയാൾ പറഞ്ഞു. അരക്കൊപ്പം വെള്ളത്തിൽ എത്തിയപ്പോൾ അനാമിക പുഴയിൽ മുങ്ങി നിവർന്നു. മൂന്നു തവണ മുങ്ങി നിവർന്നു അവർ കരയിലേക്ക് വന്നു.

മുമ്പേ വന്നവർ കരയിലേക്ക് പോയിരുന്നു. മറ്റൊരു കൂട്ടം ചെറുപ്പക്കാർ പുഴയിലേക്ക് നടന്നു വരുന്നു. അയാൾ അനാമികയോട് ചോദിച്ചു, എന്താണ് ആളുകൾ ഇവിടെ വണ്ടികളിൽ വന്ന് പുഴയിൽ മുങ്ങി നിവരുന്നത്? തിരിഞ്ഞു നോക്കൂ, അയാൾ തിരിഞ്ഞു നോക്കി, മരങ്ങൾക്കിടയിലൂടെ ആ ബോർഡ് അയാൾ കണ്ടു - ശാന്തിതീരം സമാധി. ഓ, ഇവരെല്ലാം അവരുടെ പ്രിയപ്പെട്ടവരെ യാത്രയാക്കി പുഴയിൽ മുങ്ങി നിവരാൻ വരുന്നവരാണല്ലേ. പലപല  ചെറുസംഘങ്ങൾ, പ്രിയപ്പെട്ടവരെ പിരിഞ്ഞ വേദനയിൽ അവരിൽ നിന്ന് വിടുതലിനായി പുഴയിൽ മുങ്ങിത്താഴ്ന്നു, ഓർമ്മകളിൽ നിന്ന് മോചനം തേടാൻ ശ്രമിക്കുന്നവർ.

അച്ഛനെയും ഇവിടെയാണ് അടക്കിയത്. അനാമികയിൽ നിന്ന് ആ വാക്കുകൾ കേട്ടപ്പോൾ അയാൾ ഞെട്ടിത്തരിച്ചു. താനറിയാതെ എന്തിനാണ് അനാമികയെ ഇങ്ങോട്ട് കൊണ്ട് വന്നത്. ഇതൊരു നിയോഗമാണ്, അല്ലെങ്കിൽ ഞാൻ ഇവിടെ നിന്നോടൊപ്പം എത്തിച്ചേരേണ്ട കാര്യമില്ല. അച്ഛൻ എന്നെ മോനെ എന്നാണ് വിളിച്ചിരുന്നത്. നന്നായി പഠിക്കണം, നല്ല ജോലി നേടണം, ജീവിതത്തിൽ  സ്വന്തം കാലിൽത്തന്നെ നിൽക്കാൻ ശ്രമിക്കണം. ഉത്തരേന്ത്യയിൽ കേന്ദ്രസർക്കാർ ജീവനക്കാരിയായി യാത്ര പുറപ്പെടുമ്പോൾ, തീവണ്ടിയിൽ സീറ്റിൽ ഇരുത്തി, തലയിൽ കൈവെച്ചു അനുഗ്രഹിച്ചു. വണ്ടി നീങ്ങുന്നതിന് മുമ്പേ ഇറങ്ങി, സ്റ്റേഷന് പുറത്തേക്ക്‌ തിരിഞ്ഞു നോക്കാതെ നടന്നു, കരയുകയായിരിക്കണം, അതായിരിക്കാം തിരിഞ്ഞു നോക്കാതിരുന്നത്. അതായിരുന്നു അച്ഛൻ ജീവനോടെയുള്ള അവസാനക്കാഴ്ച.

അയാൾ അനാമികയെ ചേർത്തുപിടിച്ചു പറഞ്ഞു. പുണ്യം ചെയ്ത മകൾ. പുഴയിൽ മുങ്ങിത്താഴ്ന്നപ്പോൾ തീർച്ചയായും അച്ഛൻ അത് അറിഞ്ഞിരിക്കും. ഇപ്പോൾ വലിയ ഉദ്യോഗസ്ഥയായി ഇരിക്കുന്നത് കാണുമ്പോൾ എവിടെയിരുന്നാലും അച്ഛൻ സന്തോഷിക്കുന്നുണ്ടാകും. കാറിലേക്ക് നടക്കുമ്പോൾ അനാമിക അയാളോട് പറഞ്ഞു. നീ ഇനി വരുമ്പോഴും എന്നെ ഇങ്ങോട്ട് കൊണ്ട് വരണം. അച്ഛന്റെ സ്നേഹം വീണ്ടും വീണ്ടും ഓർത്തെടുക്കാൻ, അനുഭവിക്കാൻ.

English Summary:

Malayalam Short Story ' Achan ' Written by Kavalloor Muraleedharan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com