കിടപ്പിലായ അമ്മയെ ഭാര്യക്ക് വെറുപ്പാണ്; 'വീട്ടിൽ ആരുമില്ലാത്ത സമയം അവൾ അമ്മയെ എന്തെങ്കിലും ചെയ്യുമോ എന്നാണ് എന്റെ ഭയം...'

Mail This Article
ദീർഘയാത്ര കഴിഞ്ഞ് വീട്ടിലേക്കുവന്ന് കയറിയതേയുള്ളൂ. കൈയിലിരുന്ന പൊതികൾ പൂമുഖത്തെ അരത്തിണ്ണയിൽവച്ച് സൺഷേഡിൽ തൂക്കിയിട്ട ചെടിച്ചട്ടിയിൽനിന്നും താക്കോലെടുത്ത് വാതിൽ തുറക്കാൻ തുടങ്ങുമ്പോൾ എന്റെ വീടിനുപിറകിൽ വീടുവച്ചുതാമസിക്കുന്ന അനിയന്റെ പിള്ളേരെത്തി കുറച്ചുനാളായി അവരോടൊപ്പം താമസിക്കുന്ന ഞങ്ങളുടെ അമ്മയ്ക്ക് അസുഖം കൂടുതലാണെന്ന് അറിയിച്ചു. അഞ്ചുവർഷത്തിലധികമായി കിടന്ന കിടപ്പിൽ എല്ലാം കഴിച്ച് മുകളിലെ കറങ്ങാത്ത ഫാനിലേക്കും നോക്കി അമ്മ കിടക്കുന്നു. ഫാൻ കറങ്ങുമ്പോൾ അതിൽ നോക്കിയാൽ തല കറങ്ങുന്നുവെന്നു 'അമ്മ പറഞ്ഞതിനാൽ അനിയൻ മുറി എസി ആക്കി. അതോടെ എസി ഓണാക്കിയാൽ 'ഇവനെന്നെ തണുപ്പിച്ചുകൊല്ലും' എന്ന് അമ്മ വലിയവായിൽ പുലമ്പാൻ തുടങ്ങി. ഇതോടെ അമ്മയ്ക്ക് കൈ എത്തുന്നിടത്ത് ഒരു സ്വിച്ച് ബോർഡ് വച്ച് 'എന്തെങ്കിലും ചെയ്യട്ടെ അമ്മ' എന്നവൻ പറഞ്ഞു. ആരും കാണുന്നില്ലെങ്കിൽ ഫാനും എസിയും അമ്മ ഓൺ ചെയ്തു. ആരെങ്കിലും കാണാൻ വന്നാൽ അപ്പൊ ഓഫ് ചെയ്യും. 'കറണ്ട് വെറുതെ കിട്ടൂന്ന ആ ചെക്കന്റെ വിചാരം' എന്ന് പതുക്കെ പറയും. എന്നെ അടുത്ത് കിട്ടിയാൽ അനിയന്റെ ഭാര്യ ദേവപ്രിയ വർഷങ്ങളായി അമ്മയോട് മിണ്ടാറില്ലെന്ന് പറയും. കക്കൂസിൽ പോകാൻ അവളുടെ സഹായം വേണ്ടി വരുമെന്നതിനാൽ അമ്മ അധികം ഭക്ഷണമോ വെള്ളമോ കഴിച്ചില്ല. ദേവപ്രിയ്ക്ക് ഒരിക്കലും ഞങ്ങളുടെ അമ്മ അവളുടെയും അമ്മയല്ല.
ഇടയ്ക്കിടെ അമ്മയെ ആശുപത്രിലാക്കുമ്പോൾ അവൾ അനിയനോട് പറയും: നമ്മുടെ പിള്ളേര് തിന്നേണ്ട കാശാ നിങ്ങടെ തള്ള ആശുപത്രിയിൽ കളയുന്നത്. ഞാനിവിടെ വന്നു കയറിയപ്പോ തള്ള എന്നോട് കാണിച്ച പോരൊന്നും ഞാൻ മറന്നിട്ടില്ല. ദേവപ്രിയ അമ്മയുടെ മുറിയിൽ കയറിയാൽ ഉടനെ മൂക്കുപൊത്തും 'ഇത്രയും നല്ല വീടുണ്ടായിട്ടെന്താ കാര്യം മൂത്രവും തീട്ടവും മണത്തീട്ടു മനംപിരട്ടലില്ലാതെ ഒന്നും കഴിക്കാൻ വയ്യ.. നിങ്ങടെ കൂടെ കിടക്കാനും പറ്റില്ല. തള്ളയെ കെട്ടുകെട്ടാൻ ഒള്ള അമ്പലത്തിലൊക്കെ വഴിപാടിട്ടു.. എവ്ടെ, നൂറ്റമ്പത് ആയുസ്സാ' അവൾ കിടപ്പറയിലെത്തുമ്പോൾ അനിയനോട് പറയും. അവൾക്ക് തീട്ടവും മൂത്രവും കോരി ആരുടെയും നല്ല സർട്ടിഫിക്കറ്റ് വേണ്ടെന്നു പലതവണ അമ്മ കേൾക്കെതന്നെ പറഞ്ഞിട്ടുണ്ട്. അതിനാൽ അനിയനാണ് അമ്മയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. അവനത് അത്ര ശ്രദ്ധയോടെയാണ് ചെയ്തിരുന്നത്. അമ്മയ്ക്കും തൃപ്തി അതായിരുന്നു. അനിയൻ ഇല്ലാത്തപ്പോൾ അവൾ അമ്മയെ എന്തെങ്കിലും ചെയ്യുമോ എന്ന് എനിക്കും അനിയനും എറണാകുളത്തേക്ക് കല്യാണം കഴിച്ചയച്ച ചേച്ചി സുമതിക്കും ഭയമുണ്ടായിരുന്നു.
ഇന്ന് അനിയനും ഞാനും ദൂരെ യാത്ര പോയിരുന്നു. ഞാൻ വന്നപ്പോഴാണ് പിള്ളേർ വന്ന് വിളിച്ചത്. ഞാൻ ഡ്രസ്സ് മാറാൻ നിൽക്കാതെ അവർക്കൊപ്പം അമ്മ കിടക്കുന്ന മുറിയിലെത്തി. അവിടെ അനിയനുണ്ട്. അവളും. അമ്മ ആഞ്ഞുവലിക്കുകയാണ്. ഇടയ്ക്കിടെ വായിലേക്ക് കഫക്കെട്ട് തള്ളിവരുന്നു. 'അമ്മ പോകാണെന്ന് തോന്നുന്നു. രാവിലെ നമ്മൾ പോകുമ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. വർത്തമാനവും പറഞ്ഞതാ.' അനിയൻ ശബ്‍ദം താഴ്ത്തി എന്റെ ചെവിട്ടിൽ പറഞ്ഞു. ''എന്താ ചേട്ടനും അനിയനും കൂടി കുശുകുശുക്കുന്നത്.. രണ്ടാളും ഇല്ലാത്തപ്പോൾ ഞാൻ തള്ളയെ വല്ലതും ചെയ്തെന്നാണോ..? അതൊക്കെ ചെയ്യണമെങ്കി പണ്ടേ ആകാമായിരുന്നു. എനിക്കുമുണ്ടല്ലോ ഒരമ്മ.'' ദേവപ്രിയ രൂക്ഷമായി ചോദിച്ചു. ഞാൻ കട്ടിലിലിരുന്ന് അമ്മയുടെ മുടി കൊഴിഞ്ഞ തലയിൽ കൈവച്ചു. ചുക്കിച്ചുളിഞ്ഞ കൈയിൽ തലോടി. ഒത്തിരി വാൽസല്യത്തോടെ എടുത്തതും ഊട്ടിയതും കുസൃതി കാണിച്ചപ്പോൾ തല്ലിയതും ഈ കൈകൾകൊണ്ടാണ്. സ്കൂളിലേക്ക് കൈപിടിച്ചതും നേട്ടങ്ങൾ കിട്ടിയപ്പോൾ അനുഗ്രഹിച്ചതും ഈ കൈകൾകൊണ്ടാണ്. ഞാനറിയാതെ തൊണ്ടയിടറി അമ്മേയെന്നു വിളിച്ചുപോയി. അമ്മ ഞെട്ടലോടെ കണ്ണുതുറന്നു. ചുറ്റും കണ്ണോടിച്ചു. ഞാനെന്റെ മുഖം അമ്മയുടെ നെറ്റിയിലമർത്തി. ഞാൻ സർവദൈവങ്ങളേയും വിളിച്ചുവരുത്തി ഇങ്ങനെയിട്ട് നരകിപ്പിക്കാതെ അമ്മയെ കൊണ്ടുപോകൂ എന്നപേക്ഷിച്ചു.
'കിടപ്പിലാണെങ്കിലും അമ്മയുള്ളതിനാലാണ് ഇവിടേക്ക് വരാൻ ഒരു കാരണം. അതുകൂടി ഇല്ലാതായാൽ...' സുമതിചേച്ചി കഴിഞ്ഞതവണ വന്നപ്പോൾ പറഞ്ഞതാണ്. ബന്ധങ്ങൾ ഇഴകീറിനോക്കിയാണ് ഓരോരുത്തരും വരുന്നതും പോകുന്നതും എന്തെങ്കിലും ചെയ്യുന്നതും പറയുന്നതും. അന്ന് സുമതിചേച്ചി ദേവപ്രിയ കേൾക്കാതെ ഇങ്ങനെയും പറഞ്ഞു: എടാ ഈ വീട്ടില് പിള്ളേരും അവനും പുറത്തുപോയാല് അവളും അമ്മയും മാത്രമേ കാണു. അമ്മയെ ഈ യൂട്യൂബിലൊക്കെ കാണുന്നമാതിരി എന്തെങ്കിലും ചെയ്താൽ ആരറിയാനാ. ഇന്നത്തെകാലത്ത് ആരുമറിയാതെ എങ്ങനെ ഒരാളെ കൊല്ലാമെന്നുവരെ എഐ പറഞ്ഞുതരും. നമ്മടെ ചെക്കനെ അവൾ ഭർത്താവായിട്ടുപോലും കാണുന്നില്ല അവനെ അവൾക്ക് പേടിയൊന്നുമില്ല. അല്ലെങ്കിൽത്തന്നെ വഴിയിൽ പോകുന്നവരൊക്കെ അവളുടെ കാമുകന്മാരായിരുന്നല്ലോ. നമ്മുടെ ചെക്കൻ എത്ര നല്ലതായിരുന്നു. ആങ്ങളയുടെ പെണ്ണുകാണൽ എന്ന് പറഞ്ഞു കുറെ പെണ്ണുങ്ങളുടെ വീട്ടിൽ പോയി ചായയും പലഹാരവും കഴിക്കാൻ പറ്റാത്തതിന്റെ ചൊറിച്ചിൽ ഇടയ്ക്കിടെ തികട്ടിവരും ചേച്ചിക്ക്.
ശ്വാസം എടുക്കുന്നതിനിടയിൽ പെട്ടെന്ന് അമ്മ എന്റെ കൈയിൽ മുറുകെ പിടിച്ചു. കണ്ണുതുറന്നു നോക്കി. ആദ്യം കാണുന്നതുപോലെ.. അമ്മയുടെ കണ്ണ് നിറഞ്ഞുവന്നു. അമ്മ പതുക്കെ കണ്ണടച്ചു. അനിയൻ വേഗം വെള്ളം കൊണ്ടു വന്നു. ഞാനും അനിയനും പിള്ളേരും അമ്മയുടെ ചുണ്ടിൽ വെള്ളമിറ്റിച്ചു. അമ്മ കണ്ണുതുറന്ന് എന്തോ പറയാനാഞ്ഞു. അതങ്ങനെതന്നെ അവസാനിച്ചു. അപ്പോൾ സമയം പാതിരാ കഴിഞ്ഞിരുന്നു. 'അമ്മ പോയി'. നിറഞ്ഞ കണ്ണോടെ തൊണ്ടയിടറി അനിയൻ പറഞ്ഞു. ഞാൻ വെറുതെ മൂളി. അപ്പോഴും എന്റെ കൈയിൽ അമ്മ മുറുകെ പിടിച്ചിരുന്നത് ഞാൻ സാവകാശം വിടുവിച്ചു. ആ കാലുകളിൽ തൊട്ട് നമസ്ക്കരിച്ച് അതുവരെ എന്തെങ്കിലും തെറ്റു ചെയ്തെങ്കിൽ മാപ്പാക്കണം എന്ന് മനസാൽ പറഞ്ഞു. അമ്മ പോയതറിഞ്ഞ് അയൽപക്കത്തെ പലരുമെത്തി. ദേവപ്രിയ കരഞ്ഞു കലങ്ങിയ കണ്ണുമായി വരുന്നവരെ നോക്കി പതംപറഞ്ഞു. തമിഴ് പടത്തിൽ പോലും ഇതുപോലെ കരഞ്ഞ് അഭിനയിക്കില്ല. തൊട്ടപ്പറത്തെ കുര്യൻചേട്ടൻ അമ്മയുടെ കണ്ണടയ്ക്കാൻ ഒത്തിരി ശ്രമിച്ചു. പൂർണമായും അടഞ്ഞില്ല. വീട്ടിലേക്ക് ആളുകൾ കൂടുതൽ എത്തിയതോടെ അകത്തെമുറിയിൽനിന്നും അമ്മയെ പൂമുഖത്തേക്കെത്തിച്ചു. നിലവിളക്കു കൊളുത്തി. ചന്ദനത്തിരി കത്തി ച്ചു. കുറച്ചുപേർ നാമം ചൊല്ലിത്തുടങ്ങി.
നേരം വെളുപ്പിന് മൂന്നായതോടെ ആളുകളുടെ വരവുനിന്നു. നാമം ചൊല്ലിയവരിൽ ചില ന്യൂജെൻ പിള്ളേർ മൊബൈലിൽനിന്നും നാമം ചൊല്ലൽ വച്ച് ഭിത്തിയിൽ ചാരിയുറങ്ങി. അമ്മമാത്രം അങ്ങനെ കിടന്നു. ഞാനും അനിയനും അടുത്ത മുറിയിൽ ഇരുന്നു. ജനലിലൂടെ അമ്മയെ കാണാം. അവനും മയങ്ങിത്തുടങ്ങി. കുറെ സമയം കഴിഞ്ഞുകാണണം. ദേവപ്രിയയുടെ പതിഞ്ഞ ശബ്‍ദം കേട്ടാണ് ഞാൻ നോക്കിയത്. അവൾ കുനിഞ്ഞിരുന്ന് അമ്മയുടെ മൂക്കുത്തി അഴിച്ചെടുത്ത് അവളുടെ മകളുടെ കൈയിൽ കൊടുക്കുന്നു. മകളത് വാങ്ങിച്ച് അറപ്പോടെ നിലത്തുവച്ച് ഉടുപ്പിൽ കൈതുടച്ചു. അമ്മയുടെ മൂക്കിൽനിന്നും ഒലിച്ചിറങ്ങിയ മൂക്കട്ടയൊന്നും അപ്പോളവൾക്ക് പ്രശ്നമല്ല. ദേവപ്രിയ അമ്മയുടെ തലപൊക്കി മാല ഊരിയെടുത്തു. ചെവിയിലെ കമ്മൽ ഊരാൻ പറ്റാത്തതിനാൽ ചവണവച്ച് കട്ട് ചെയ്തു. 'അമ്മേ ചോരാ' കമ്മൽ കൈമാറുമ്പോൾ മകൾ പറഞ്ഞു. ഞാൻ അനിയനെ വിളിച്ചു. ഞങ്ങൾ അമ്മയുടെ ചെവിനോക്കി. ചോര നിൽക്കുന്നില്ല. അവന് ദേഷ്യം അടക്കാനായില്ല. ''ഇതിപ്പൊത്തന്നെ വേണാരുന്നോ. അമ്മ മരിച്ച് ചൂടാറുന്നതിനുമുൻപേ ഇതൊക്കെ ഊരിയെടുക്കണോ. നിന്നെക്കണ്ടാ മോള് വളരുന്നേ. ഓർത്തോ.'' അനിയന്റെ ശബ്‍ദം കൂടിപ്പോയി. എല്ലാവരും എഴുന്നേറ്റു. ചോരപുരണ്ട കൈയോടെ ദേവപ്രിയ എല്ലാവരോടുമായി പറഞ്ഞു: ഡെഡ് ബോഡിയല്ലേ.. മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരുടെ പങ്കപ്പാടറിയേണ്ടല്ലോ..