ADVERTISEMENT

പനിയുറക്കങ്ങളെ എനിക്കെപ്പോഴും ഇഷ്ടമായിരുന്നു. ഒരു പക്ഷേ അതായിരുന്നിരിക്കാം എന്റെ ഏറ്റവും മനോഹരമായ നിദ്രകളെന്നു തോന്നുന്നു. ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടാതെ ക്ഷീണിച്ച് തളർന്ന് പുതപ്പിനടിയിലേക്ക് ഊർന്നിറങ്ങിയൊരുറക്കം. പണ്ടൊരിക്കൽ അഞ്ചാം പനി വന്ന് രാത്രി മുഴുവൻ ഉറക്കമിളച്ച് അമ്മ കൂട്ടിരുന്നത് എനിക്കോർമ്മയുണ്ട്. ഒരു പക്ഷേ എന്റെ പനിയോർമ്മകളിൽ ഏറ്റവു പഴക്കവും തെളിമയും അതിനായിരുന്നിരിക്കാം. പുലർച്ചെ മൂന്നു മണിക്ക് കട്ടൻചായയിട്ടു തന്ന് എന്റെയരികിൽ നിന്ന് മാറാതെ എന്നെത്തന്നെ മിഴിച്ചു നോക്കിയിരുന്ന അമ്മ. അന്നെനിക്ക് പത്തു വയസായിക്കാണും. അമ്മച്ചൂടിൽ സുഖമായുറങ്ങിയ രാവ്.. ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം അതുപോലെ ചൂടു നൽകി ഞാനുറക്കിയ അമ്മ. അർദ്ധരാത്രിയിൽ കട്ടൻ ചായയും ഗോതമ്പു ദോശയും നൽകി കൂട്ടായിരുന്ന് ചൂടു പകർന്ന് അമ്മയെ ഉറക്കുമ്പോൾ എന്റെയുള്ളിലൊരു കനൽ എരിഞ്ഞെരിഞ്ഞ് പുറത്തിറങ്ങാനാവാത്ത ലാവയായി സ്ഫോടനങ്ങളൊരുക്കുകയായിരുന്നു. ഇനി ഉണരാത്ത ഉറക്കത്തിലേക്കാണ് അമ്മ ഉറങ്ങുന്നതെന്ന് തിരിച്ചറിഞ്ഞ നിമിഷം.

ഓർമ്മകളെ ഇടയ്ക്കൊക്കെ പുറത്തെടുത്ത് തേച്ചുമിനുക്കണം. ഇനിയുള്ള യാത്രയിലേക്ക് കരുതലാണവ. മുറ്റത്തെ മാവിൻകൊമ്പില്‍ പരിഭവക്കിളിയിരുന്ന് പായാരം ചൊല്ലാൻ തുടങ്ങിയിരിക്കുന്നു. കിളികളുടെ ഭാഷയുടെ മനോഹാരിത തപ്പി ഇടയ്ക്കൊക്കെ ഞാനെന്റെ സ്വപ്നരഥങ്ങളിലേറി അലയാറുണ്ട്. മുറ്റത്തെ മാവില്‍ അവർക്കിരുന്നാടാന്‍ ഊഞ്ഞാലും വേനലിൽ വെള്ളവും മാവിൻ ചുവട്ടിൽ ധാന്യങ്ങളും എല്ലാം ഞാനൊരുക്കി കൊടുക്കാറുണ്ട്. പക്ഷേ ഇടയ്ക്കെല്ലാം അവയെന്നെ വിട്ട് ദൂരെ പോകാറുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. ഏറെനാള്‍ കഴിയുമ്പോൾ എവിടെനിന്നോ ഓടിപ്പറന്നെത്തും. തിരിച്ചറിയാൻ അവരുടെ വരയും നിറവും ഒന്നും ഞാൻ നോക്കി വെക്കാറില്ല. അതുകൊണ്ട് പോയവൻ തന്നെയാണോ തിരികെ വന്നതെന്നും അറിയാറില്ല. അത്തരമൊരിനം എന്നു മാത്രമറിഞ്ഞു. ക്ലോക്കിലെ സമയസൂചി അക്കങ്ങളെ മറികടന്ന് പോയിക്കൊണ്ടിരിക്കുന്നു. 

സമയമൊരുപാടായെന്ന ചിന്ത ചെയ്യാനുള്ള ജോലിത്തിരക്കുകളെ കൺമുന്നിലൊരുക്കി നിർത്തി. പക്ഷേ കിടക്കയിൽ നിന്നിറങ്ങാൻ തോന്നിയില്ല. സത്യത്തിൽ ഇടയ്ക്കുള്ള പനിയൊരനുഗ്രഹമാണ്. അടുക്കളയിലെ വിഭവങ്ങളെക്കുറിച്ചുള്ള പരാതിയോ മുറ്റം തൂത്തുവാരാത്തതിന്റെ കുറ്റപ്പെടുത്തലോ തുണിയലക്കാത്തതിന്റെ പരിഭവമോ ഒന്നും ആരിൽ നിന്നും ഉയരില്ല. അതുകൊണ്ട് തിരക്കുകളെ മറന്ന് സ്വസ്ഥമായിങ്ങനെ കിടക്കാം. ഓഫിസ് ടേബിളില്‍ കുന്നുകൂടുന്ന ഫയലുകൾ നെഞ്ചിലെ ഭാരം കൂട്ടുമ്പോൾ ഞാൻ കണ്ണുകൾ ഇറുക്കിയടക്കും. പുറത്ത് മഴ അലച്ചാർത്ത് പെയ്യുകയാണ്. മഴ തകർത്താടുമ്പോൾ എല്ലാ വർഷവും ഞാനിതു പോലെ പുതപ്പിനടിയിലമരാറുണ്ട്. ഒന്നോ രണ്ടോ ദിവസത്തേക്ക്.. അതൊരു റീചാർജിംഗായാണ് തോന്നാറുള്ളത്. ശരീരം മൊത്തം ഭാരമറിയാതങ്ങനെ അലസമായി.. ഓർത്തപ്പോഴെന്തിനോ കയര്‍ പൊട്ടി അകാശത്തനന്തതയിലൂടെ പറന്നുയർന്നു പോകുന്ന ബലൂണിന്റെ ചിത്രം തെളിഞ്ഞു തെളിഞ്ഞു വന്നു.

പുറത്താരൊക്കെയോ ഒച്ചയിടുന്ന പോലെ.. എവിടെനിന്നോ കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്നുണ്ടോ..? അതോ കറുപ്പും വെളുപ്പും നിറമുള്ള മെല്ലിച്ച തള്ളപ്പൂച്ച അതിന്റെ കുഞ്ഞുങ്ങളെയന്വേഷിച്ച് മഴയിലെമ്പാടും അലയുകയായിരിക്കുമോ..? എല്ലാം മഴയുയർത്തുന്ന തോന്നലുകളാണ്. ആർത്തലക്കുന്ന മഴപ്പെയ്ത്തിൽ ഒഴുകിയൊലിച്ചരികത്തണഞ്ഞ് ദൂരേക്കിരമ്പിയകലുന്ന കുറെയേറെ ശബ്ദങ്ങളുണ്ട്. ചെവിയോർത്തങ്ങനെ കിടക്കുമ്പോൾ, സന്തോഷവും സങ്കടവും വേദനയും ദേഷ്യവും പെയ്തിറങ്ങുന്ന മഴ എന്റെയുള്ളിലാണെന്ന് തോന്നി.

കിളികളുടെ ഒച്ച നിലച്ചിരിക്കുന്നു. ഇലച്ചാർത്തിനടിയിൽ കൂനിക്കൂടിയവ മഴത്തണുപ്പിനെ ആവാഹിച്ചിട്ടുണ്ടാവാം. അതോ മഴയുടെ അലർച്ചയിൽ കു‍ഞ്ഞിക്കിളികളുടെ ശബ്ദം അലിഞ്ഞമർന്നതോ. വീണ്ടും കണ്ണുകളിറുക്കിയടച്ച് മഴയിലേക്കിറങ്ങി. കാഴ്ചയിൽ ദൂരെയൊരമ്പലമുറ്റവും അതിനടുത്തായി പാടത്തേക്ക് കാൽനീട്ടിയിരിക്കുന്ന കൊച്ചുവീടും.. മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞ് ഇരമ്പിയൊലിക്കുമ്പോൾ കടലാസുവഞ്ചികള്‍ക്കായി കടലാസുകൾ ശേഖരിക്കുന്ന പാവാടക്കാരി.. മഴയിലവളുടെ വികൃതികൾ അതിരു കടക്കുമ്പോൾ ഉമ്മറത്തിണ്ണയിൽ കണ്ണുരുട്ടി നിൽക്കുന്ന അച്ഛൻ രൂപം.. പിന്നെ എന്നോ, ഏതോ പെരുമഴ, ദൂരേക്ക്..

English Summary:

Malayalam Memoir ' Paniyurakkangalude Ormapputhappu ' Written by Saritha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com