'അടി കൊണ്ട് മടുത്തതോടെ ആകര്ഷണയന്ത്രം സ്വന്തമാക്കാൻ തീരുമാനിച്ചു...'

Mail This Article
ടോക്കൺ നമ്പർ 67.. "ഛെ. ഇനിയും ഉണ്ട് മൂന്ന് പേരും കൂടി. അതും കഴിഞ്ഞാലേ ടോക്കൺ നമ്പർ ആകൂ. കഷ്ടമായല്ലോ. നേരത്തേ തന്നെ വരേണ്ടതായിരുന്നു." കവി കൂനാച്ചി പുരയിൽ ഫാൽഗുനൻ (കൂ.പു.ഫ എന്ന് തൂലികാ നാമം) മനസ്സിൽ പറഞ്ഞു. നേരത്തേ തന്നെ ഇറങ്ങിയതാണെന്നേ. പക്ഷേ വിഘ്നം തെക്കേലെ പുള്ളി പശുവിന്റെ കോസ്റ്റ്യൂം ഇട്ട് നൈസ് ആയിട്ട് പണി കൊടുത്തു. ചുവന്ന സിൽക്ക് ജുബ്ബയായിരുന്നു കവി ഇട്ടിരുന്നത്. അപ്പൊ നിങ്ങള് വിചാരിക്കും കവിക്ക് സിൽക്ക് ജുബ്ബ ഒക്കെ വാങ്ങാൻ പണം ഉണ്ടല്ലോ എന്ന്. കഴിഞ്ഞ ആഴ്ച കവിയരങ്ങിന് "ഉരുളക്കിഴങ്ങും അധോവായുവും" എന്ന കവിത വായിച്ചപ്പോൾ, കേട്ടിരുന്ന ആരോ കലി മൂത്ത് ജുബ്ബ ഊരി കവിയുടെ വായിൽ കുത്തിക്കേറ്റി ഓടയിൽ കൊണ്ട് തള്ളി. നല്ല ഫിറ്റ് ആയിരുന്ന കൊണ്ട് നെക്സ്റ്റ് ഡേ ആഫ്റ്റർ നൂൺ ഏതോ കൊടിച്ചി പട്ടി വന്ന് മുഖമണ്ഡലത്തിൽ (മണ്ടന്റെ മുഖം എന്ന് വായിക്കുക) മൂത്രാഭിഷേകം നടത്തിയപ്പോളാ ഒന്ന് കണ്ണ് തുറന്നെ. പിന്നെ ഒന്നും നോക്കിയില്ല ഏറ്റവും നല്ല കവിതയ്ക്ക് കിട്ടിയ സമ്മാനം എന്നും വിളിച്ചു പറഞ്ഞു ജുബ്ബയും പൊക്കി പിടിച്ചു നേരെ വീട്ടിലോട്ടു വെച്ചു പിടിച്ചു.
എന്തായാലും നമ്മുടെ കപിയെ സോറി കവിയെ പുള്ളി പശു മുന്നിൽ കിട്ടിയ കണ്ടം ഒക്കെ ഇട്ടോടിച്ചു സീൻ മൊത്തം ഡാർക്ക് ആക്കിക്കളഞ്ഞു. അതോണ്ടാണ് ഇടയ്ക്കിടയ്ക്ക് അയാൾ കാണാൻ ചെല്ലാറുള്ള കണിയാൻ കേശവനെ കാണാൻ താമസിച്ചു പോയത്. ഉത്തരാധുനീകനും, അരവട്ടനും, തികഞ്ഞ നിരീശ്വരവാദിയാണെങ്കിലും കവിക്ക് കണിയാനെ വല്യ വിശ്വാസാണെ. പണ്ട് ഒരിക്കൽ കണിയാന്റെ വീട്ടിൽ വിറകു വെട്ടാൻ (പൂർവാശ്രമത്തിൽ വിറകുവെട്ടായിരുന്നു പണി) വന്നപ്പോഴാ മിസ്റ്റർ ഫൽഗുവിനോട് കവി ആയി സ്വയം അവരോധിക്കാൻ കവടി നിരത്തി കണിയാൻ പറഞ്ഞത്. അന്ന് തുടങ്ങിയ വിശ്വാസമാ കണിയാന്‍ സാറിനോട് ഫൽഗുവിന്. അതിനുശേഷം പലപ്പോഴും വന്നിട്ടുണ്ട് ഫൽഗു. രാപ്പനി മാറാൻ ചരട് ജപിച്ചു കെട്ടാൻ, അയൽവക്കത്തെ പെടക്കോഴി വീട്ടിൽ വന്ന് മുട്ട ഇട്ടേച്ചും പോകാൻ തകിട് എഴുതിക്കാൻ, പിന്നെ എതിരാളി കവിക്ക് വയറ്റിളക്കം പിടിപ്പിക്കാൻ കൂടോത്രം ചെയ്യാൻ. അങ്ങനെ അങ്ങനെ ഒരുപാട് സാമൂഹ്യ സേവനങ്ങൾ കവിക്ക് കണിയാനിൽ നിന്നു കിട്ടിയിട്ടുണ്ട്. ബൈ ദി ബൈ, കണിയാന് ലേശം കൂടോത്രം, യന്ത്രം തുടങ്ങിയ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസും ഉണ്ടത്രേ. എല്ലാം ഒരു സാമൂഹ്യസേവനം.
ടോക്കൺ നമ്പർ 70.. വീണ്ടും പഴേ കിളി ശബ്ദം. കണിയാന്റെ ഭാര്യ മിസ്സിസ് കുസുമം ആണത്. പാരമ്പര്യമായി ക്രോണിക് ബാച്ചലർ ആയ കവിക്ക് ആ ശബ്ദം മരുഭൂമിയിൽ ഒരു കുളിർമഴ എന്ന കവിത എഴുതാൻ കനത്ത പ്രേരണ നൽകി. നശിച്ച പുള്ളി പശു. അതിനെ ഓടിക്കാന്‍ വേണ്ടി അവസാനം തോൾസഞ്ചി എടുത്തെറിയേണ്ടി വന്നു. പേപ്പറും പേനയും നഖം വെട്ടിയും പയിന്റ് കുപ്പിയും അതിലായിരുന്നു. കുപ്പി പൊട്ടി കൂതറ റമ്മിന്റെ മണം താങ്ങാൻ വയ്യാണ്ടാണ് ഗോമാതാ ഓടി കുളത്തിൽ ചാടിയത്. അങ്ങനെയാ ടിയാൻ രക്ഷപ്പെട്ടെ.
ടോക്കൺ നമ്പർ 71.. ഹാവൂ.. വിളിച്ചേ വിളിച്ചേ. എന്റെ നമ്പർ വിളിച്ചേ. കവിക്ക് പുരപ്പുറത്ത് കേറി നിന്നു ഉറക്കെ കൂവണമെന്നു തോന്നി. പിന്നെ തോന്നി അത്തരം ആഹ്ലാദപ്രകടനങ്ങൾ കണിയാന്റെ കൺസൾട്ടേഷൻ തീർന്നിട്ടാവാം. "മിസ്റ്റർ ഫൽഗു.. ആഗമനോദ്ദേശം?" കേശവ കണിയാൻ ചോദിച്ചു. "ഒരു ആകർഷണ യന്ത്രം വേണം. ഒറ്റയ്ക്ക് കവിത എഴുതിയും തെറി കേട്ടും മടുത്തു. മിസ്സിസ് കവി ഉണ്ടേൽ തെറി ശതമാനക്കണക്കിൽ ഷെയർ ചെയ്യാമല്ലോ. നേരാംവണ്ണം പെണ്ണ് തിരക്കി നടന്നാൽ വായിൽ മിച്ചമുള്ള 28 പല്ലും പെൺകുട്ടികളുടെ വീട്ടുകാർ കൊഴിക്കും." (നാല് പല്ലിൽ രണ്ടെണ്ണം വാട്ടീസടിച്ചു തലയും കുത്തി താഴെ വീണു മണ്ണ് കൊണ്ട് പോയി. ഒരെണ്ണം കവിത അടിച്ച് മാറ്റീന്നും പറഞ്ഞു ഒരു യുവ കവി തല്ലി കൊഴിച്ചു. ഒരെണ്ണം പിന്നെ ജനിച്ചപ്പോളെ ഇല്ലാർന്നു. എവിടെ പോയോ ആവോ.) "ഈ ആകർഷണ യന്ത്രമാകുമ്പോ റിസ്ക് ഇല്ലല്ലോ. ഇഷ്ടപ്പെട്ട പെണ്ണിനെ നോക്കി ആ യന്ത്രം അങ്ങ് സ്വിച്ച് ഇട്ടാ മതീലോ."
"യൂ സ്റ്റുപ്പിഡ് ഫൽഗു.. യന്ത്രം എന്ന് പറഞ്ഞാ കറന്റിൽ കുത്തി വര്‍ക്ക് ചെയ്യിക്കുന്ന മിക്സി ഒന്നും അല്ല. ഇത് പെൺകുട്ടിയുടെ പേരും നാളും പറഞ്ഞു 10008 തവണ ആകർഷണ ബന്ധന മന്ത്രം ചൊല്ലി സെറ്റ് ആക്കണം. എന്നിട്ട് ആ പെൺകുട്ടിയുടെ കയ്യിൽ കെട്ടി കൊടുക്കണം. എന്നാലേ ഫലം കിട്ടൂ എന്റെ ഫൽഗു മോനേ. പിന്നെ ഫീസ് ലേശം കൂടുതലാ. ആയിരം ഗാന്ധി ഇപ്പൊ. യന്ത്രം കയ്യിലോട്ട് വെച്ചു തരുമ്പോൾ വീണ്ടും ഒരു ആയിരം. ഈസ് ഇറ്റ് എ ഡീൽ ഓർ നോ ഡീൽ?" "ഇറ്റ് ഈസ് എ ഡീൽ." ഫൽഗു ഗെയിം ഷോ കണ്ടെസ്റ്റന്റ് ആയി മാറി ഒരു നിമിഷം. "അപ്പൊ പിന്നെ, കണിയാൻ ഒരു ഉപകാരം കൂടെ ചെയ്യണം. കണിയാന്റെ വാമഭാഗം കുസുമത്തിന്റെ നാള് ഒന്ന് ചോദിച്ചു വെച്ചേക്കണം." "അതെന്തിനാ എന്റെ ഭാര്യയുടെ നാള്?" കണിയാന്റെ സ്വരം പഴേ ഹിന്ദി സിനിമേലെ സ്ഥിരം വില്ലൻ അമരീഷ് പുരിയുടെ ശബ്ദം പോലെ ആകാൻ തുടങ്ങി. "അത് പിന്നെ.. ആകർഷണ യന്ത്രം കെട്ടേണ്ടത് കുസുമത്തിന്റെ കയ്യിലാ. അപ്പൊ പിന്നെ നാള് അറിയണ്ടേ"
ഠപ്പേ.. കണിയാന്റെ കൈ അടുത്തിരുന്ന വെള്ളം നിറച്ച കിണ്ടിയിലേക്ക് നീളുന്നതും ഒട്ടും സമയം കളയാതെ ആ കിണ്ടി പറന്നു വന്ന് കവിയുടെ ചെന്നിക്ക് ലാൻഡ് ചെയ്തതും ഞൊടിയിടയിലായിരുന്നു. മുന്നിലിരുന്ന കവടികൾക്കു കൂട്ടായി കവടി പലകയിൽ ഫൽഗു വക രണ്ട് കറ പിടിച്ച പല്ലുകൾ വീണു. പിന്നെ നടന്നത് ജരാസന്ധ വധം ആട്ടകഥയുടെ പുനരാവിഷ്കാരമായിരുന്നു. നമ്മുടെ തൊലിഞ്ഞ ജരാസന്ധൻ ഓടിയ വഴി പുല്ല്, പൂവ്, പന ഇവ ഒന്നുമേ കിളിർത്തിട്ടില്ലെന്നാ നാട്ടില് പറച്ചില്. എന്തെരോ എന്തോ.