അപ്രതീക്ഷിതമായി ആശുപത്രിയിൽ വെച്ചു കിട്ടിയ സൗഹൃദം, ജീവിതത്തിൽ കൂട്ടായി...

Mail This Article
മരുന്നുകൾ കയറിക്കഴിഞ്ഞു. ഞാൻ സൂചി ഊരിയെടുക്കട്ടെ. കുറച്ചുനേരംകൂടി കണ്ണടച്ച് കിടക്കൂ. അത് കഴിഞ്ഞു ഡോക്ടറെ കാണണം. എമർജൻസി റൂം ആയതിനാൽ ഞാൻ തിരക്കിലായിപ്പോകും. മാഷിന് സുഖമായി എന്ന് തോന്നുമ്പോൾ പോയി ഡോക്ടറെ കണ്ടോളൂ. എല്ലാത്തിനും നന്ദി സബീന. സന്തോഷം, നമ്മുടെ ജോലിയല്ലേ, ഇതൊരു സന്തോഷമാണ്, കിടക്കയിൽ നിന്ന് എഴുന്നേറ്റു പോകുമ്പോൾ മനുഷ്യരുടെ മുഖത്തു കാണുന്ന ആശ്വാസം, അത് നമുക്ക് ചെറിയ സന്തോഷങ്ങൾ സമ്മാനിക്കും. രാത്രിയിൽ തനിയെ ആകുമ്പോൾ ഇന്ന് ചിരിച്ചു നന്ദി പറഞ്ഞുപോയ മുഖങ്ങൾ ഞാൻ ആലോചിക്കാറുണ്ട്, അതെനിക്ക് എന്റെ വേദനകളിൽ നിന്നും മോചനം നൽകുന്നു. ഇനിയും കാണാം എന്ന് പറഞ്ഞു പിരിയാനാകില്ലല്ലോ. വീണ്ടും ഈ മുറിയിലേക്ക് തിരിച്ചു വരാതിരിക്കട്ടെ, അതിന് അവസരങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർഥിക്കാം. അത് പറഞ്ഞു സബീന അടുത്ത കിടക്കയിലേക്ക് നീങ്ങി.
ഡോക്ടറുടെ അടുത്തേക്ക് നടക്കുമ്പോൾ അയാൾ ചിന്തിച്ചു. സബീനയുടെ നമ്പർ വാങ്ങിയില്ല. അവർ ദിവസവും കാണുന്ന നൂറുകണക്കിന് രോഗികളിൽ ഒരാൾ മാത്രമാണ് താൻ. താനും അവരും തമ്മിലുള്ള ബന്ധം, തീരം കാണാതെ ഒരേകടലിൽ സഞ്ചരിക്കുന്ന യാത്രികർ എന്നത് മാത്രമാണ്. വീണ്ടും പരിശോധിച്ചു ഡോക്ടർ പറഞ്ഞു, അഡ്മിറ്റ് ചെയ്യുന്നില്ല, എന്നാൽ രോഗം കുറയുന്നില്ലെങ്കിൽ തീർച്ചയായും തിരിച്ചുവരണം, വരാതിരിക്കരുത്. മാത്രമല്ല രണ്ടു ദിവസം നിർബന്ധമായും വിശ്രമിക്കണം. അവർ ഒരുപാട് മരുന്നുകൾക്ക് എഴുതി. ഫാർമസിയിൽ പോയിക്കോളൂ, മരുന്നുകൾ അവിടെത്തരും. മരുന്നുകൾ വാങ്ങി, ഫിലിപ്പിനോ സുഹൃത്തിന് ഫോൺ ചെയ്തു. ഞാൻ തിരക്കിലാണ്, സാരമില്ല, ഞാൻ നിന്റെ നാട്ടുകാരനായ ഒരു സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്, അവൻ വരും.
വടക്കേ ഇന്ത്യക്കാരനായ അയാൾ സുപരിചിതനായിരുന്നു. കാലത്ത് ആശുപത്രിയിൽ പോകാൻ എന്നെ വിളിക്കാമായിരുന്നില്ലേ, ഞാൻ വരുമായിരുന്നു. രാവിലെ നിങ്ങൾ തിരക്കിലാകുമെന്നു കരുതി. സാരമില്ല, ഞാൻ മുറിയിൽ കൊണ്ട് ചെന്നാക്കാം. മുറിയിലേക്ക് പോകുന്നതിന് മുമ്പ്, താഴത്തെ കടയിൽ നിന്ന് കുറച്ചു ബ്രെഡ്ഡുകളും ഓട്ട്സും വാങ്ങി. ഇനിയുള്ള രണ്ടുമൂന്നു ദിവസങ്ങൾ താഴേക്ക് ഇറങ്ങി വന്ന് ഭക്ഷണം കഴിച്ചു മുകളിലേക്ക് കയറിപ്പോകാൻ ബുദ്ധിമുട്ടായിരിക്കും. മുകളിലേക്ക് കയറിക്കോളൂ, ഞാൻ ഉച്ചഭക്ഷണം വാങ്ങി വരാം. രണ്ടെണ്ണം വാങ്ങിക്കൊള്ളൂ, നാളെ വെള്ളിയാഴ്ചയല്ലേ, നിനക്ക് അവധിയും. ബുദ്ധിമുട്ടണ്ട, ഞാൻ ഫ്രിഡ്ജിൽ വെച്ചോളാം. ഒരു ഭക്ഷണം വാങ്ങിയാൽ രണ്ടുനേരം കഴിക്കാൻ ധാരാളമാണ്. ഞാൻ നാളെ വരാം, ചൂടോടെ കഴിക്കാമല്ലോ.
വേണ്ട, നിന്റെ അവധി എനിക്കായി കളയേണ്ട. നീ വിശ്രമിക്കൂ, ആഴ്ചയിൽ ഒരിക്കൽ നന്നായി ഉറങ്ങാൻ കിട്ടുന്ന ദിവസമല്ലേ. നിങ്ങൾ നിങ്ങളിലേക്ക് എത്രകണ്ടാണ് ഒതുങ്ങുക? അതിനു മറുപടിയായി അയാൾ ചിരിച്ചു. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം, ഫോൺ തൊട്ടരികിൽത്തന്നെ വെക്കുക. തീർച്ചയായും. വാങ്ങിയ ബ്രെഡിൽ നിന്ന് ഒന്നെടുത്തു വായിൽ വെച്ചു. ഒരു രുചിയുമില്ല, വായിൽ കയ്പ്പ്നീര് കിനിഞ്ഞിറങ്ങുന്നു. കഴിക്കാതെ പറ്റില്ലല്ലോ, ഇത് കഴിഞ്ഞു വേണം ഗുളികകൾ വിഴുങ്ങാൻ. ഗുളികകൾ കഴിച്ചു അയാൾ കട്ടിലിൽ കിടന്നു. മയങ്ങിയിരിക്കണം. ഏതോ മലയുടെ മുകളിലേക്ക് അയാൾ നടക്കുകയാണ്. അയാൾ ചുറ്റും നോക്കി, ആരും തന്നെ അരുകിലില്ല. മുകളിൽ ഒരു പാറക്കെട്ട്, എന്നാൽ മുകളിലേക്ക് കയറാൻ ഒതുക്കുകൾ വെട്ടിയപോലെ കാണാം. സഹായത്തിനായി ആരോ കെട്ടിയിട്ട ഒരു കയറും. കയറിന് ബലമുണ്ടോ? അയാൾ ആ കയറിൽപിടിച്ചു വലിച്ചു നോക്കി, ബലം ഉള്ളപോലെ തോന്നിച്ചു. അയാൾ അതിൽ പിടിച്ചു മുകളിലേക്ക് കയറി, കുത്തനെയുള്ള കയറ്റമാണ്, പിടിവിട്ടാൽ താഴ്‌വാരത്തിൽ തലയടിച്ചു പതിക്കും. ആരാരുമില്ലാത്ത ഈ മലമുകളിൽ നിന്ന് താഴെ പതിച്ചു തന്റെ ജീവിതം തീരും. കയറിൽ പിടിച്ചിരുന്നെങ്കിലും അയാളുടെ കൈകൾ ഒന്ന് വിറച്ചു.
എന്തിനാണ് താൻ ഈ മലമുകളിലേക്ക് വലിഞ്ഞുകയറുന്നത്? ആരെ കണ്ടെത്താൻ ആണ്. മുകളിൽ ആരാണ് തന്നെ കാത്തിരിക്കുന്നത്. വലിയ മല കീഴടക്കുന്ന സന്തോഷമോ? ജീവിതം ഒരിക്കൽപോലും കീഴടക്കാൻ കഴിയാത്ത താൻ ഈ മലകീഴടക്കി എന്ത് നേടുവാനാണ്. ഈ മലനിരകൾക്കു ആരാണ് ഏകാന്തതയുടെ കൊടുമുടികൾ എന്ന് പേരിട്ടത്. ആ പേരാണല്ലോ തന്നെ ഇങ്ങോട്ട് വരുത്തിയത്. നഗരത്തിന്റെ തിരക്കിൽ നിന്ന് താൻ എന്തിനാണ് ഒളിച്ചോടുന്നത്? ചുറ്റും ആരവങ്ങൾ ആണെങ്കിലും, താനവിടെയും ഏകനല്ലേ. ഓഫീസിൽ ഒഴികെ, പരിചിതമായ ഒരു മുഖവും അയാൾ എവിടെയും തേടിയിരുന്നില്ല. എല്ലാ തിരക്കിനിടയിലും അയാൾ അയാളുടെ ഏകാന്തതയുടെ കൊടുമുടികൾ കയറിക്കൊണ്ടിരുന്നു. മലമുകളിൽ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പതിവുപോലെ അയാൾ ചുറ്റും നോക്കി. കണ്ണെത്താദൂരത്തുവരെ കാഴ്ചകൾ. ഈ ഭൂമിക്കു മുകളിൽ താൻ മാത്രം ഏറ്റവും ഉയരെ, എന്നാൽ തനിക്ക് കൂട്ട് താൻ മാത്രം. ഒന്നലറിയാൽ ചിലപ്പോൾ തന്റെ അലർച്ച തന്നിലേക്ക് തന്നെ തിരിച്ചെത്തിയേക്കാം. മറ്റൊരു ശബ്ദവും, അതിന് മറുപടിയായി തനിക്ക് ലഭിക്കില്ല.
കയറിൽപ്പിടിച്ചു താഴേക്ക് ഇറങ്ങാനായിരുന്നു പാട്, പലപ്പോഴും കൈകൾ വിട്ടു താഴേക്ക് പതിക്കുമെന്നു തോന്നി. അയാൾ നന്നായി വിയർത്തു. കൈകൾ വഴുക്കുന്നത് പോലെ. ഏതോ നിമിഷത്തിൽ കയറിന്റെ പിടിവിട്ടു. ആ മലയുടെ താഴേക്ക് താൻ പതിക്കുന്നത് അയാൾ തിരിച്ചറിഞ്ഞു. അയാൾക്ക് ഉറക്കെ കരയണമെന്നുണ്ട്. ആരെങ്കിലും എന്നെ രക്ഷിക്കൂ. ശബ്ദം പുറത്തു വരുന്നില്ല. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. പെട്ടെന്നാണ് ഫോൺ അടിച്ചത്. അയാൾ കണ്ണുകൾ തുറന്നു. താൻ കട്ടിലിൽത്തന്നെയാണ്, എന്നാൽ വിയർത്തുകുളിച്ചിരിക്കുന്നു. അയാൾ ഫോണിലേക്ക് നോക്കി, പരിചയമില്ലാത്ത നമ്പർ ആണ്. അയാൾ ഫോണെടുത്തു. ഞാൻ സബീനയാണ്, മാഷിന്റെ മെഡിക്കൽ കാർഡിൽ നിന്ന് നമ്പർ കിട്ടി. ഒറ്റക്കല്ലേ ഒന്ന് വിളിക്കണമെന്ന് തോന്നി. അയാളുടെ ശബ്ദം വിറച്ചിരുന്നു. മാഷ് വീണ്ടും സ്വപ്നം കണ്ടല്ലേ. ദയവായി കൂടുതൽ ചിന്തിക്കാതിരിക്കൂ. പറ്റുമെങ്കിൽ പ്രാർഥനകൾ ഉരുവിടൂ. മനസ്സിനെ ശാന്തമാക്കൂ. മാഷിന്റെ വലത് കൈ കട്ടിലിൽ നിവർത്തിവെക്കൂ. ദൂരെയാണെങ്കിലും, ഞാൻ എന്റെ കൈത്തലം മാഷിന്റെ കൈത്തലത്തിൽ ചേർത്ത് വെച്ചിട്ടുണ്ട്. ആരുമില്ലാത്തവർക്കു ദൈവമുണ്ട്, ഇനിയെങ്കിലും ശാന്തമായുറങ്ങൂ. അയാളുടെ മനസ്സ് പറഞ്ഞു, ദൈവത്തിന്റെ പേര് സബീന എന്നായിരിക്കും.