പണം നഷ്ടപ്പെട്ടത് അറിഞ്ഞ് ആ സ്ത്രീ നെഞ്ചത്തടിയും നിലവിളിയുമായി; 'മോഷണം നടത്തിയ ആൾ ഒന്നുമറിയാത്ത പോലെ കൂടെ തന്നെയുണ്ട്...'

Mail This Article
മെഡിക്കൽ കോളജിലെ ജനറൽ വാർഡിൽ എട്ടാം നമ്പർ കട്ടിൽ ആയിരുന്നു റിമയുടെത്. ആദ്യത്തെ പ്രസവശുശ്രൂഷകൾക്കായി ഏഴാം മാസം തന്നെ സ്വന്തം വീട്ടിൽ എത്തിയിരുന്നു റിമ. തലേദിവസം രാത്രി ഊണും കഴിഞ്ഞ് ടിവിയും കണ്ട് സന്തോഷത്തോടെ ഉറങ്ങാൻ പോയത് മാത്രമേ ഓർമ്മയുള്ളൂ. ഡോക്ടർ പറഞ്ഞ ഡേറ്റ് അനുസരിച്ച് ഇനിയും പ്രസവം നടക്കണമെങ്കിൽ 10 - 12 ദിവസം കൂടി കഴിയും. എന്നാലും അമ്മ റിമയ്ക്ക് 9 മാസം കഴിഞ്ഞപ്പോഴേ ആശുപത്രിയിൽ പോകാൻ ഉള്ള എല്ലാ സന്നാഹങ്ങളും ഒരുക്കി വെച്ചിരുന്നു. സഹായത്തിനായി അന്നാമ്മച്ചേടത്തിയും എത്തി. സുഖപ്രസവത്തിന് ആവശ്യമായ ചില വ്യായാമമുറകൾ, ഭക്ഷണങ്ങൾ, വേദന അറിയാതെ പ്രസവിക്കാനുള്ള ചില പച്ചമരുന്നുകൾ ഒക്കെ അന്നാമ്മ ചേടത്തിയുടെ നിർദ്ദേശപ്രകാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു റിമ. അന്നാമ്മച്ചേടത്തി പഴയ ഒരു വയറ്റാട്ടി ആയിരുന്നു. പിന്നെ പ്രസവം ഒക്കെ എല്ലാവരും ആശുപത്രിയിലേക്ക് മാറ്റിയതോടെ അന്നമ്മയും അനിയത്തി ത്രേസ്യമ്മയും ഇപ്പോൾ പ്രസവശുശ്രൂഷയിലേക്ക് മാറി.
ആ നാട്ടിലെ സമ്പന്ന കുടുംബങ്ങളിലെ പ്രസവ ശുശ്രൂഷകൾ ഒക്കെ നടത്തിയിരുന്നത് ഇവർ രണ്ടുപേരും ആയിരുന്നു. വേണ്ടിവന്നാൽ പ്രസവം എടുക്കാനും അവർക്ക് അറിയാമല്ലോ. അതുകൊണ്ട് ചോദിക്കുന്ന പണം കൊടുത്ത് ഇവരെ മകൾ ഗർഭിണിയാണെന്ന് അറിയുന്നതോടെ തന്നെ വീട്ടുകാർ ബുക്ക് ചെയ്യും. പെൺകുട്ടി വന്ന് ഏഴാം മാസം മുതൽ പ്രസവം കഴിഞ്ഞു മൂന്നാം മാസം ഭർത്തൃഗൃഹത്തിലേക്ക് പോകുന്നതു വരെ ഇവരിൽ ആരെങ്കിലും ഒരാളുടെ സഹായം അവിടെ ഉണ്ടാകും. സദാസമയവും ചിലച്ചോണ്ടിരിക്കുന്ന സ്വഭാവം ആയതുകൊണ്ട് വീട്ടുകാർക്ക് ടെൻഷനും ഒഴിവായി കിട്ടും. ആത്മപ്രശംസയ്ക്ക് ആണ് അന്നമ്മ അധികസമയവും ചെലവിടുക. പിന്നെ പ്രസവം വളരെ ഈസിയായ ഒരു കാര്യമാണെന്ന് നാഴികയ്ക്ക് നാല്പത് വട്ടം വച്ച് പറഞ്ഞുകൊണ്ടിരിക്കും. ഇതിനുമുമ്പ് നിന്ന വീടുകളിൽ നിന്ന് കിട്ടിയ പാരിതോഷികങ്ങൾ, അവരുടെ ഹൃദ്യമായ പെരുമാറ്റം, കരുതൽ.. അങ്ങനെ അങ്ങനെ ഗീർവാണം നീട്ടി കൊണ്ടേയിരിക്കും. അതിൽ നിന്ന് പല പാഠങ്ങളും ഇപ്പോഴത്തെ വീട്ടുകാർക്ക് പഠിക്കാൻ ഉണ്ടാകും. കാരണം ചേടത്തി കട്ടിലിലേ കിടക്കു, ഫാൻ നിർബന്ധമാണ്, നല്ല ഭക്ഷണവും വേണം. ഏതായാലും ചേടത്തി പറയുന്നതിൽ ഒരുപടികൂടി കടന്നു വേണം സമ്മാനങ്ങളുമായി ആറുമാസം കഴിയുമ്പോൾ ചേടത്തിയെ യാത്രയാക്കാൻ എന്ന് സാരം.
രാത്രി പെയിൻ തുടങ്ങി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന റിമയ്ക്ക് ഡോക്ടർ പറഞ്ഞ ഡേറ്റ് പ്രകാരം കാലെകൂട്ടി ബുക്കു ചെയ്തിരുന്ന പേവാർഡ് ഒന്നും കിട്ടിയിരുന്നില്ല. രാത്രി തന്നെ ലേബർ റൂമിൽ പ്രവേശിപ്പിച്ച് കുടുംബാംഗങ്ങൾ എല്ലാവരും ആകാംക്ഷയോടെ പുറത്തുനിന്നു. പിറ്റേദിവസം ഉച്ചയോടെയാണ് റിമ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. നോർമൽ ഡെലിവറി ആയതുകൊണ്ട് തന്നെ 24 മണിക്കൂർ ജനറൽ വാർഡിൽ കിടക്കാൻ നിർബന്ധിതയായി.
പത്തമ്പത് കട്ടിൽ ഉള്ള ആ വാർഡ് കണ്ടപ്പോൾ തന്നെ റിമയുടെ ബോധം പോയി. കൂട്ടിരിപ്പിന് അന്നാമ്മച്ചേടത്തി ഉണ്ടായിരുന്നു. ഒരു പരിഭവം പോലും പറയാതെ അവർ റിമയുടെ കട്ടിലിന്റെ താഴെ ഒരു ഷീറ്റ് വിരിച്ച് അന്ന് രാത്രി കിടന്നു. മരുന്നിന്റെ സെഡേഷൻ കാരണം റിമ അപ്പോൾതന്നെ മയങ്ങി പോവുകയും നല്ല ഗാഢനിദ്രയിൽ ആവുകയും ചെയ്തു. ആത്മാർഥതയുള്ള അന്നമ്മച്ചേടത്തി റിമക്ക് കൂട്ട് ഉള്ളത് കാരണം കുടുംബാംഗങ്ങൾ ഒക്കെ സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം രാവിലെ 10 മണിക്ക് ഡോക്ടർ റൗണ്ട്സിനു വന്നതോടെ റിമയ്ക്ക് ഡിസ്ചാർജ് എഴുതി കൊടുത്തു.
ഉച്ചയോടെ എല്ലാവരുംകൂടി വീട്ടിലെത്തി. അപ്പോൾ തന്നെ അന്നാമ്മച്ചേടത്തി പറഞ്ഞു 8 ദിവസം കഴിഞ്ഞ് അല്ലേ വേതുകുളിയും ആയുർവേദ മരുന്നുകളും തുടങ്ങുകയുള്ളൂ ഞാൻ ഒന്ന് വീട്ടിൽ പോയി രണ്ടു ദിവസം കഴിഞ്ഞു വരാം എന്ന്. അതെല്ലാവർക്കും സ്വീകാര്യമായിരുന്നു. കാരണം ജനറൽ വാർഡിൽ പാവം റിമയുടെ കട്ടിലിന്റെ സൈഡിൽ തറയിൽ ഒരു ഷീറ്റ് വിരിച്ച് തലേദിവസം ഒരുപോള കണ്ണടക്കാതെ റിമയെയും കുഞ്ഞിനെയും നോക്കിയതാണ്. അന്നാമ്മച്ചേടത്തി നാലാം ദിവസം അനിയത്തി ത്രേസ്യമ്മയെയും കൂട്ടിയെത്തി. എനിക്ക് അത്യാവശ്യമായി വീട്ടിൽ കുറച്ചു റിപ്പയർ വർക്ക് തുടങ്ങണം അതുകൊണ്ട് ബാക്കി ജോലികൾ ത്രേസ്യമ്മ ചെയ്യും എന്നും പറഞ്ഞു കുറച്ചു കമുകിൻ തടിയും റിമയുടെ വീട്ടിൽ നിന്ന് വാങ്ങി ആളു സ്ഥലം വിട്ടു. അന്നമ്മയേക്കാൾ മിടുക്കിയാണ് ത്രേസ്യമ്മ. അതുകൊണ്ട് അതിലും ആർക്കും ഒരു പരിഭവവും തോന്നിയില്ല. മൂന്നുമാസം കഴിഞ്ഞ് റീമ കുഞ്ഞുമായി ഭർത്തൃഗൃഹത്തിലേക്കും പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീരം ആയി സമ്മാനങ്ങളും കൂലിയുമായി ത്രേസ്യമ്മ സ്വന്തം വീട്ടിലേക്കും മടങ്ങി.
ഇനിയാണ് ഇതിന്റെ പിന്നാമ്പുറ കഥ. കമുകിൻ തടിയുമായി വീട്ടിലെത്തിയ അന്നമ്മയെ മകൻ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. കാരണം അന്നമ്മയ്ക്ക് പണവും സ്വർണവും മാത്രം മോഷ്ടിക്കുന്ന ഒരു സ്വഭാവമുണ്ടത്രേ! ചെറിയ സാധനങ്ങൾ ഒന്നും അവർ മോഷ്ടിക്കില്ല. വലിയ ലെവലിൽ നമ്മുടെ പോട്ടയിൽ ഈയിടെ ബാങ്ക് കൊള്ളയടിച്ച ആളെ പോലെയുള്ള മോഷണത്തിൽ ആണ് ആൾക്ക് പ്രിയം. സാധാരണ വീട്ടുജോലിക്കാരെ പോലെ ചെറിയ രീതിയിലുള്ള തേയില, പഞ്ചസാര, തേങ്ങ... പോലുള്ള വീട്ടുസാധനങ്ങൾ ഒന്നും ആൾ മോഷ്ടിക്കില്ല. വീട് റിപ്പയർ ചെയ്യാൻ ഉള്ള പണം റിമയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചതല്ലേ, സത്യം പറഞ്ഞോ അല്ലെങ്കിൽ ഞാൻ ഇപ്പോൾ പൊലീസിനെ വിളിക്കും എന്ന് പറഞ്ഞു മകൻ ഭീഷണിപ്പെടുത്തിയപ്പോൾ അന്നമ്മ സത്യം തുറന്നു പറഞ്ഞു. "റിമ കുഞ്ഞു ഉറങ്ങുന്ന സമയത്ത് ജനറൽ വാർഡിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഞാൻ ഒരു കറക്കം കറങ്ങി ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കയ്യിൽ നിന്ന് അടിച്ചു മാറ്റിയതാണ് ഈ തുക."
നമ്മുടെ ബാങ്ക് കൊള്ളക്കാരനും തലേ ദിവസം ചാലക്കുടി പെരുന്നാളിന് പോയി ഡാൻസ് ചെയ്തിരുന്നല്ലോ? ഡാൻസ് മേളം മുറുകിയപ്പോൾ ആൾ പതുക്കെ പോയി അവിടെ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഊരിയെടുത്ത് വീട്ടിൽ കൊണ്ടുവന്നു തന്റെ സ്കൂട്ടറിന് പിടിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളിൽ വന്നാൽ തന്നെ ബൈക്കുകാരൻ കുടുങ്ങിക്കോളും എന്നാണ് പുള്ളി വിചാരിച്ചത്. പക്ഷേ കുടവയറും ഷൂസും ചതിച്ചു. അതാണ്ടാ കേരള പൊലീസ്! രാഷ്ട്രീയഇടപെടലുകൾ ഇല്ലെങ്കിൽ കേരള പൊലീസ് പുലിയാണ് പുലി!
20,000 രൂപ അവർ പശുവിനെ വിറ്റോ മറ്റോ ചികിത്സയ്ക്ക് പണം കണ്ടെത്തിയത് ആയിരുന്നു. അവർ നേരം വെളുത്തപ്പോൾ പണം നഷ്ടപ്പെട്ടത് അറിഞ്ഞു നെഞ്ചത്തടിയും നിലവിളിയും ആയി. ആ വാർഡിലെ എല്ലാവരുടെയും ബാഗും കിടക്കയും ഒക്കെ നഴ്സിങ് സൂപ്രണ്ട് പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. സംശയം തോന്നാതിരിക്കാൻ അന്നാമ്മച്ചേടത്തിയും എല്ലാത്തിന്റെയും മുൻപന്തിയിൽ നിന്നിരുന്നു അത്രേ! സത്യസന്ധനായ മകൻ അപ്പോൾ തന്നെ ആശുപത്രിയിൽ ചെന്ന് വിവരം പറഞ്ഞു. ഓപ്പറേഷൻ ചെയ്യാതെ ആ രോഗി ഡിസ്ചാർജ് വാങ്ങി പോയിരുന്നു. അവരെ തിരക്കി വീട് കണ്ടുപിടിച്ച് ആ തുക അവരെ തിരിച്ചേൽപ്പിച്ചു എന്നുപറഞ്ഞാൽ കഥാന്ത്യം ആയി. മദ്യപാനിയായ മകൻ കുറച്ചു അന്തിക്കള്ള് അകത്തു ചെന്നപ്പോൾ അമ്മയുടെ പുതിയ ആശുപത്രി മോഷണ കഥയും പഴയ ചില പ്രത്യേക സ്വഭാവവിശേഷങ്ങളും ഉറ്റ സുഹൃത്തിനോട് പങ്ക് വച്ചു. കള്ള് തലയ്ക്ക് പിടിച്ചപ്പോൾ സുഹൃത്ത് അത് മറ്റു പലരോടും പങ്ക് വച്ചു. അറിഞ്ഞവർ ഉടനെ പ്രതിവിധിയുമായെത്തി. എന്തിന് പറയുന്നു സംഭവം കാട്ടുതീ പോലെയങ്ങു പരന്ന് നാട്ടിൽ പാട്ടായി.
ആ കാലഘട്ടത്തിൽ ‘മ’ പ്രസിദ്ധീകരണങ്ങളിൽ നീണ്ട കഥകളോടൊപ്പം ജനപ്രീതിനേടിയ ഒരു പംക്‌തി മനഃശാസ്ത്രജ്ഞനോട് ചോദിക്കാം എന്ന ശീർഷകത്തിൽ വന്നിരുന്ന ചോദ്യോത്തര പരിപാടി മനസ്സിനെ പിടിച്ചു കെട്ടിയാലും അതിന്റെ അതിർവരമ്പുകൾ കടന്ന് മോഷണം നടത്തുന്ന സ്വഭാവരീതികൾക്ക് ക്ലെപ്റ്റോമാനിയ എന്നാണ് പേര് എന്ന് അതിൽ പ്രതിപാദിച്ചിരുന്നു. അങ്ങനെ ആയിരിക്കാം പൊതുജനങ്ങൾ മന:ശാസ്ത്ര വിഷയങ്ങൾ സംസാരത്തിലും ഒക്കെ സാധാരണ പോലെ ഇട്ട് ഈ വാക്ക് അമ്മാനമാടാൻ തുടങ്ങിയത് എന്ന് തോന്നുന്നു. "എനിക്ക് ഒബ്സസീവ് കംപൽസീവ് ന്യൂറോസിസ് ആണോ ഡോക്ടർ? അതോ ബോർഡർലൈൻ പേഴ്സണാലിറ്റി സിൻട്രോം ആണോ ഡോക്ടർ" എന്നൊക്കെ പൊതുജനം ഡോക്ടറോട് ചോദിക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. പിന്നെ ടിവി പോലുള്ള ദൃശ്യമാധ്യമങ്ങൾ എത്തിയപ്പോൾ മനഃശാസ്ത്രജ്ഞനെയൊക്കെ ജനം മറന്നു. നീണ്ട കഥയുടെ സ്ഥാനം സീരിയൽ ഏറ്റെടുത്തു. പക്ഷേ ക്ലെപ്റ്റോമാനിയ എന്ന വാക്ക് പൊതുജനം മറന്നില്ല.
ക്ലെപ്റ്റോമാനിയ ഉള്ള ഈ ചേടത്തിയെ പൊതുജനം ബഹുമാന പുരസ്ക്കരം ക്ലപ്റ്റോ ചേടത്തി എന്ന് വിളിച്ചു തുടങ്ങി. ഇവർ മുൻപ് നിന്ന പല വീടുകളിലും സ്വർണവും പണവും ഇതിനുമുമ്പും മോഷണം നടത്തിയിരുന്നുവെങ്കിലും ആരും പരാതിപ്പെട്ടിരുന്നില്ല. ഇവരെ സംശയിച്ചിരുന്നുമില്ല. പക്ഷേ ഈ കഥ എങ്ങനെയോ നാട്ടിൽ പാട്ടായി ചേടത്തിക്ക് അതോടെ ക്ലിപ്റ്റോ ചേടത്തി എന്നൊരു പേരും വീണു. അങ്ങനെ നമ്മുടെ അന്നമ്മ ചേടത്തിക്ക് ക്ലിപ്റ്റോ ചേടത്തി എന്നൊരു പേര് കാലതാമസം കൂടാതെ വീണു കിട്ടി. ചരിത്രത്തിൽ ഇടം പിടിച്ച ക്ലിയോപാട്രയുടെ പേര് ലോപിച്ച് ഉണ്ടായതാണ് തന്റെ പേര് എന്ന് ചേടത്തി വാദിച്ചു നോക്കിയെങ്കിലും ജനം ഊറി ചിരിച്ചു.