ADVERTISEMENT

കുടുകുടാ ഉള്ള അനക്കങ്ങൾ യാത്രയിൽ എന്നും പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്. വിഷാദ നിമഗ്നൻ ആകാൻ മാത്രം കാരണമായി എനിക്കൊന്നും ഉണ്ടായിരുന്നില്ലതാനും. സമയം കളയാൻ ഒന്നും തന്നെ ഇല്ലാ എന്ന പരിഭവം എനിക്കുണ്ട്. കാരണം അടിസ്ഥാനപരമായി എന്റെ മൊബൈലിന്റെ ചാർജ് തീർന്നിരിക്കുന്നു എന്ന് ഞാൻ വിധി കൽപിച്ചിരിക്കുന്നു. 6% ഇനിയും ബാക്കി ഉണ്ട്, എത്താൻ ദൂരം ഇനിയും ബാക്കി അതുകൊണ്ട് ചാർജ് തീർന്നതായി ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ചു. അങ്ങനെ പുഴുവിനെ മനസ്സിൽ സങ്കൽപ്പിച്ച് ഞാൻ എന്റെ യാത്ര തുടർന്നു, എന്താണ് പുഴു എന്നല്ലേ.. നാം ഈ അണ്ഡകടാഹത്തിൽ ഒരു പുഴുവിനോളം അല്ലെ വലിപ്പം ഉള്ളൂ എന്ന സങ്കൽപ്പത്തിൽ നിന്നും ഉടലെടുത്തതാണ് ഈ ശങ്ക. ശങ്ക അധികം നീണ്ടു നിന്നില്ല, ഇടപ്പള്ളിയിൽ നിന്നും ഞാൻ എന്റേതാക്കി സ്വന്തമാക്കി വെച്ച എന്റെ തൊട്ടപ്പുറത്തുള്ള സീറ്റിലേക്ക് ഒരു അതിഥി കൂടി വന്നെത്തി. കാണാൻ എന്നെ പോലെ അത്യാവശ്യം മാന്യത ഒക്കെ ഉള്ള ഒരാൾ, മാന്യതയുടെ അളവ് കോലൊന്നും എന്നോട് ചോദിക്കരുത്. മുടി ചീകിയിട്ടുണ്ട്. കുളിച്ചതായി തോന്നുന്നു, അത്യാവശ്യം നല്ല മെനയുള്ള ഗന്ധവുമുണ്ട്. 

എന്നാല്‍ ഞാൻ രസകരമായി ആലോചിച്ചത് എത്ര എത്ര മനുഷ്യരാണ് ദിനേന മുടി ചീകി എണ്ണ പുരട്ടി ബസിൽ കേറുന്നത്, എന്നാൽ അരികത്തെ സീറ്റിലെ യാത്രയിൽ ചീകിയ മുടി ഒക്കെ വീണ്ടും സുന്ദരമാകുമെന്ന എന്റെ ഹാസ്യം ഞാൻ ഉള്ളിൽ സ്വയം ചിരിച്ച് ഒതുക്കി തീർത്തു. അങ്ങനെ അദ്ദേഹം എന്റെ അരികത്തിരുന്ന എന്റെ സ്വന്തം ബാഗ് തട്ടി മാറ്റി അദ്ദേഹത്തിന്റെ സീറ്റ് ഉറപ്പിച്ചു. ആദ്യത്തെ അടയാളം അങ്ങനെ പ്രത്യക്ഷമായി. ഞങ്ങൾ തമ്മിലെ ആദ്യത്തേതും അവസാനത്തേതുമായ യുദ്ധത്തിന്റെ പ്രാരംഭവും. ആദ്യമൊക്കെ ഈ ഞാനെന്ന മാന്യന്റെ സീറ്റിനോട് അദ്ദേഹത്തിന് ഒരൽപം ബഹുമാനം ഉള്ളതായി ഞാൻ ഭാവിച്ചു. ഒന്നുമല്ലെങ്കിലും ഞാൻ കൊടുത്ത സീറ്റാണല്ലോ എന്ന അഹങ്കാരത്തിൽ നിന്നും ഉദിച്ച വെറും ഭാവന മാത്രമാണ് അത് എന്ന് എനിക്ക് പിന്നീടാണ് മനസ്സിലായത്. അതിൽ മാത്രം ഒതുങ്ങിയില്ല എന്റെ ചിന്ത, വീണ്ടും അത് മഹാ പർവത സമാനം വികസിച്ചു. എത്ര വലിയ ഉദാര മനസ്കനാണ്, ഞാൻ അല്ലെ.. ഞാൻ എന്നെ കൊണ്ട് തന്നെ കൃതാർഥനായി.

എന്നാൽ അതിന് വിരാമം കുറിക്കാൻ അധികം സമയം വേണ്ടി വന്നില്ല. ഈ മാന്യൻ സഞ്ചരിക്കുന്ന ബസിന്റെ നേരെ മുമ്പിൽ ഒരു വാഹനം ബ്രേക്ക് ഇട്ടു എന്ന് മനസ്സിലാക്കാൻ മുമ്പിൽ പോയി നോക്കണ്ട ആവശ്യമൊന്നും ബസിൽ ദിനേന സഞ്ചരിക്കുന്ന മലയാളികൾക്ക് വേണ്ട. ഒരു നീട്ടിയുള്ള, വീശിയെടുത്ത വളക്കൽ ആയിരുന്നു. വലത് വശത്ത് അരികത്തായി സ്വപ്നം കണ്ട് കൃതാർഥനായ ഈ മാന്യന്റെ സീറ്റിലേക്ക് അതിഥി അദ്ദേഹം ചാഞ്ഞൊന്ന് ചേർന്ന് ഇരുന്നു. അല്ല എന്റെ സ്ഥലത്തിൽ, അതും ഞാൻ ആ മാന്യന് ദാനം ചെയ്ത സ്ഥലത്ത് നിന്നും എനിക്ക് എന്റേതായി ഞാൻ കണ്ട ഇടത്തിലേക്ക് ഒരൽപം കൂടി കേറി ഇരുന്നു. അതെ അദ്ദേഹം ആ മാന്യൻ, എന്റെ സ്ഥലം അപഹരിച്ചിരിക്കുന്നു. സഹിക്കാൻ കഴിയുമോ സങ്കടം, അതും ഞാൻ ദാനം കൊടുത്ത എന്റെ സ്വന്തം സ്ഥലം, അതാണ് എന്നെ ഏറ്റവും സങ്കടപെടുത്തിയത്.

തന്റെ സ്വന്തം ഇലയിൽ അതിഥി ആയി എത്തിയ പുഴുവിന് അഭയം കൊടുത്ത ഒരു മരത്തെ പോലെ ഞാൻ എന്റെ സങ്കടം അടക്കി പിടിച്ചു. ആ മാന്യൻ, മാറ് വിരിച്ചു വിഹരിച്ച് നിന്ന എന്റെ മാറിടത്തിനിലകളെ എന്നിൽ നിന്നും കടിച്ച് തിന്ന പുഴുവിനെ പോലെ അഹങ്കാരത്തോടെ ഇരിക്കുന്നു. വിട്ട് കൊടുക്കാൻ ഞാൻ ഭാവിച്ചില്ല. അടുത്ത വളവിനായി ഞാൻ വിളിക്കാവുന്ന ദൈവത്തെ (ബസിൻ മുന്നിലെ മൂന്ന് ദൈവങ്ങളെയും മനസ്സറിഞ്ഞ് വിളിച്ചു.) വിളിച്ചതും വളവിൽ വണ്ടി തിരിഞ്ഞതും ഒരുമിച്ചായിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു. അരികിലെ നീണ്ടു നിന്ന പെയിന്റ് പോയ കമ്പിയിൽ മുറുകെ പിടിച്ച ആ മാന്യൻ വിട്ടുകൊടുക്കാൻ ഒരു മനസ്സുമില്ലാതെ അത് വീണ്ടും ഉറപ്പിച്ചു, അത് കൊണ്ടും തീർന്നില്ല, അടുത്ത അവസരത്തിൽ വീണ്ടും എന്റെ സ്ഥലം.. പുഴു, താൻ തിന്ന് തീർക്കാൻ ബാക്കി വിട്ട ഇലപോലെ ഞാനും, ഞാൻ സ്വന്തമാക്കിയ എന്റെ സ്വന്തം സ്ഥലവും ബാക്കിയായി.. വ്യസനത്തിന്റെ അത്യുംഗ.. വെല്ലാണ്ടായി.. അത്ര തന്നെ.. ഇല്ലാ ഞാൻ തോറ്റു കൊടുക്കാൻ തയാറല്ല , അതെ എനിക്കായി വീണ്ടും ഒരവസരം കൂടി.. ദൈവം എനിക്കായി തന്ന് നീട്ടിയ ഒരവസരം.

കുറച്ച് മുമ്പ് മാത്രം യാത്ര തുടങ്ങിയ ആ ബസ്, യാത്രയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വളവിൽ തിരിഞ്ഞപ്പോൾ ഞാൻ ആ മാന്യനെ തോൽപ്പിച്ചിരിക്കുന്നു. അതെ അങ്ങനെ ഞാൻ വിജയിച്ചിരിക്കുന്നു. ആഹ്ലാദിക്കിൻ.. ആനന്ദിക്കിൻ.. അങ്ങനെ വീണ്ടും ധൃതംഗപുളകിതനായി തല പൊക്കി.. സ്വൽപ്പം ഗർവോടെ തന്നെ അടുത്ത വളവിനായി കാത്തുനിന്ന, അല്ല, വിസ്തൃതിയിൽ തന്നെ ഇരുന്ന മഹാനായ മാന്യനായ ഈ ഞാൻ തൊട്ടപ്പുറത്തെ ഞെരുങ്ങിയ ആ മാന്യനെ തീരെ പരിഗണിച്ചതേ ഇല്ല എന്നത് വാസ്തവമാണ്. യാത്ര വീണ്ടും തുടർന്ന് തിരക്ക് അൽപം തെന്നി മാറി ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞ്, ഇനി കേറുന്നവൻ നിക്കേണ്ടി വരും എന്നൊക്കെ ആലോചിച്ച് ഞാൻ സ്വന്തമാക്കിയ എന്റെ സ്വന്തം സീറ്റിൽ അങ്ങനെ ഇരിക്കുമ്പോളാണ് ടിക്കറ്റിനായി കണ്ടക്ടർ എത്തിയത്, അതിന് ഞാൻ എന്തിന് ഭയപ്പെടണം..

അന്തസ്സായി പൈസ എടുത്ത് അത് അന്തസ്സായി തന്നെ കൊടുത്ത് വീണ്ടും അതേ ഇരുപ്പ് തുടരാൻ ശ്രമിച്ചപ്പോളാണ് കണ്ടക്ടർ അദ്ദേഹം എന്നെ ഒരു നോട്ടം നോക്കിയതും തല കൊണ്ട് ആംഗ്യത്താൽ എണീക്കാൻ ആവശ്യപ്പെട്ടതും. എന്തിന് എന്ന ചോദ്യം പ്രസക്തി ഇല്ലെങ്കിലും ഞാൻ ഇടം കൊടുത്ത മാന്യന്റെ മുഖത്തേക്ക് തെല്ലൊരു പ്രതീക്ഷയോടെ ഞാൻ നോക്കി. ഇല്ല അദ്ദേഹം മാന്യൻ ആണെന്ന് വീണ്ടും തെളിയിച്ചു. എഴുന്നേൽപ്പിനിടയിൽ ഞാൻ അത് വായിച്ചു, എന്റെ സ്വന്തം ജനാലക്കരികിൽ വെള്ള നിറത്തിൽ എഴുതിയ അന്ധൻ, കണ്ടക്ടർ എന്ന വലിയ അർഥങ്ങൾ ഉള്ള രണ്ട് വാക്കുകൾ..

English Summary:

Malayalam Short Story ' Randu Puzhukkal ' Written by Minzab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com