സൗഹൃദം കാട്ടി ജീവിതം തകർക്കും; 'തമ്മിൽ തല്ലി ഞങ്ങൾ പിരിയുവാൻ കാരണം അവളാണ്...'

Mail This Article
മിത്രൻ, ഇന്നുമുതൽ നീയെന്റെ മിത്രമല്ല. നിന്നെ ഇനിയും എനിക്ക് സഹിക്കാനാകില്ല. സഹനത്തിന് ഒരു പരിധിയുണ്ടല്ലോ, അതിന്റെ എല്ലാ പരിധിയും കഴിഞ്ഞെന്നു എനിക്ക് ഉറപ്പായിരിക്കുന്നു. ജീവിതത്തിൽ ഇനിയും പരീക്ഷണങ്ങൾ തുടരേണ്ടതില്ല എന്നാണ് ഞാൻ കരുതുന്നത്. ഒരു വെറുപ്പുമില്ലാതെ പിരിഞ്ഞുപോകുന്നത് രണ്ടുപേർക്കും നല്ലതാണ്. പിന്നീട് കാണുമ്പോൾ സൗഹൃദമെങ്കിലും നിലനിർത്താനാകുമല്ലോ. ശത്രുവാകേണ്ട, ഒരു സുഹൃത്ത് മാത്രം. അതിന് മാത്രം എന്താണ് ഇവിടെ ഇപ്പോൾ ഉണ്ടായത്? മിത്രൻ രമയോട് ചോദിച്ചു.
നിങ്ങൾ വീട്ടിലെ ഒരു കാര്യവും ഞാനുമായി ചർച്ച ചെയ്യുന്നില്ല, സംസാരിക്കുന്നുമില്ല, സ്വന്തമായി തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കുന്നു. പലപ്പോഴും പുറത്തുള്ളവർ പറഞ്ഞാണ് ഞാൻ വീട്ടിലെ കാര്യങ്ങൾ അറിയുന്നത്. ഞാൻ പറയുന്ന ഏതെങ്കിലും കാര്യങ്ങൾ രമയ്ക്ക് സ്വീകാര്യമായിരുന്നോ? എല്ലാത്തിനും ഒരു തറുതല ആയിരിക്കും ഉത്തരം. നമുക്കിടയിൽ കൂടുതൽ അസ്വാരസ്യങ്ങൾ വളരാതിരിക്കാൻ മൗനമാണ് നല്ലതെന്ന് ഞാൻ തിരഞ്ഞെടുത്തു, അത് ശരിതന്നെയാണ്.
എന്റെ പിറന്നാൾ ആഘോഷങ്ങൾ ഞാൻ മറ്റുള്ളവരിൽ നിന്ന് അറിയണോ? നിന്നെ വിസ്മയിപ്പിക്കാൻ ശ്രമിച്ചു എന്നതാണോ ഞാൻ ചെയ്‌ത തെറ്റ്? എന്റെ കൂട്ടുകാരി സ്മിത വിളിച്ചു പറഞ്ഞപ്പോൾ എന്റെ തൊലി ഉരിഞ്ഞുപോയി. നിന്റെ ആ കൂട്ടുകാരിയോട് ഞാൻ വളരെ വ്യക്തമായി പറഞ്ഞതാണ്, ഞാൻ എന്റെ ഭാര്യയെ ഈ പിറന്നാളിന് അത്ഭുതപ്പെടുത്താൻ ആഗ്രഹിക്കുന്നു, അതിനാൽ മുമ്പേ നിന്നെ വിളിച്ചൊന്നും പറയരുതെന്ന്. നിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയതിനാൽ ആണ് അവരെ വിളിച്ചത് തന്നെ. നമ്മുടെ നല്ല ബന്ധം പൊളിക്കുക എന്നതായിരിക്കും നിന്റെ ഈ ഏറ്റവും അടുത്ത സുഹൃത്തിന്റെ താൽപര്യം, അല്ലെങ്കിൽ വിളിച്ചു പറയരുതെന്ന് പറഞ്ഞിട്ടും അവർ നിന്നെ വിളിക്കുമായിരുന്നില്ലല്ലോ.
എന്റെ പിറന്നാളിന് ഇവിടെ ആരും വരേണ്ട, അതാഘോഷിക്കുകയും വേണ്ട, അതെനിക്ക് ഇഷ്ടവുമല്ല എന്ന് നിങ്ങൾക്കറിയാവുന്നതല്ലേ. വല്ലപ്പോഴുമൊക്കെ മനുഷ്യർ ജീവിതം ആഘോഷിക്കേണ്ടേ? നിന്റെ സ്വകാര്യതയെ ഞാൻ മുഴുവനായിത്തന്നെ മാനിക്കുന്നു. അതിനൊപ്പം പിറന്നാളിലുള്ള ഒരു ചെറിയ ആഘോഷം നമുക്കിടയിലെ പൊട്ടിത്തെറിയാക്കണോ? ഒരു കേക്ക് വാങ്ങുന്നു, നീ ജോലി കഴിഞ്ഞുവരുമ്പോൾ നീയറിയാതെ എല്ലാവരുംകൂടി നിന്നെ സ്വീകരിക്കുന്നു. കേക്ക് മുറിക്കുന്നു, ഭക്ഷണം കഴിക്കുന്നു, പിരിയുന്നു. ആരെങ്കിലും ഒന്നോ രണ്ടോ വാക്കുകൾ പറഞ്ഞാലായി.
എന്റെ പിറന്നാൾ ക്ഷണിക്കാൻ നിങ്ങൾ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് തന്നെയുണ്ടാക്കിയതായി ഞാൻ അറിഞ്ഞു. എല്ലാവരെയും ഒന്നിച്ചറിയിക്കുവാൻ അതാണ് നല്ലതെന്നു തോന്നി. മാത്രവുമല്ല അവരോടു ദിവസം മാത്രമാണ് പറഞ്ഞത്, വൈകീട്ടെന്നും, സമയം നീ ജോലി സ്ഥലത്തു നിന്ന് തിരിച്ചു വരുന്നതുപോലെ എന്നും അറിയിച്ചു. എനിക്കായി നിങ്ങൾ ഒരു ദിവസം അൽപസമയം മാറ്റിവെക്കണമെന്നും. നിന്നോട് ഈ സമയത്തു വീട്ടിലുണ്ടാകണം എന്ന് പറയാനാകില്ലല്ലോ, അങ്ങനെ പറഞ്ഞാൽ നീ തീർച്ചയായും ആ സമയത്ത് വരികയുമില്ല. നിങ്ങൾ എല്ലാവരുമായി എന്റെ പിറന്നാൾ ആഘോഷിച്ചോളൂ, ഞാൻ ഉണ്ടാകില്ല. മിത്രന് വാക്കുകൾ ഇല്ലാതെയായി. അയാൾക്ക് അയാളോടുതന്നെ വെറുപ്പ് തോന്നി.
അന്നുതന്നെ രമ തന്റെ സാധനങ്ങൾ എടുത്ത് അവരുടെ വീട്ടിലേക്ക് പോയി. മിത്രൻ കാത്തിരുന്നു. രണ്ടു ദിവസം കഴിഞ്ഞു അവർ തിരിച്ചു വരുമെന്ന്. പിറന്നാൾ ദിവസം ആയിട്ടും രമ വീട്ടിൽ തിരിച്ചെത്തിയില്ല. മിത്രൻ എല്ലാവർക്കും സന്ദേശമയച്ചു, തനിക്ക് സുഖമില്ലാത്തതിനാൽ രമയുടെ പിറന്നാൾ ആഘോഷം മാറ്റിവെച്ചെന്ന്. സ്മിത ആ സന്ദേശവും രമയ്ക്ക് അയച്ചുകൊടുത്തു, ഒരു വരികൂടെ അതിനടിയിൽ ചേർത്തു. ഇത്തവണ നീ വിജയിച്ചിരിക്കുന്നു. എന്നിട്ടു ഉറക്കെ ചിരിച്ചു. മറ്റുള്ളവരുടെ ജീവിതം തകർത്തല്ല നീ നിന്റെ ജീവിതം ആഘോഷിക്കേണ്ടത്. സ്മിതയുടെ ഭർത്താവ് അൽപം ശബ്ദം ഉയർത്തിത്തന്നെയാണ് ആ വാക്കുകൾ പറഞ്ഞത്. എന്റെയും അവളുടെയും പിറന്നാൾ ഒരേ ദിവസമല്ലേ, അങ്ങനെ അവൾ മാത്രം സന്തോഷിച്ചാൽ ശരിയാകില്ലല്ലോ. നിന്നെയൊക്കെ ആത്മമിത്രം എന്ന് പറഞ്ഞു നടന്നു വിശ്വസിക്കുന്നവരെ പറഞ്ഞാൽ മതി. സ്മിതയുടെ ഭർത്താവ് ദേഷ്യത്തോടെ വീട്ടിൽ നിന്ന് ഇറങ്ങി നടന്നു.
പിറന്നാളിന്റെ അന്ന് അമ്മ കൊണ്ടുവന്ന പാൽപായസം കുടിച്ചുകൊണ്ട് രമ പറഞ്ഞു. നല്ല മധുരം. അമ്മ എന്റെ പിറന്നാൾ മറന്നില്ലല്ലോ. നിന്റെ പിറന്നാൾ മറക്കാത്ത ഒരാളാണ് ഈ പാൽപായസം അമ്പലത്തിൽ പറഞ്ഞു വെച്ചിരുന്നത്. നിങ്ങൾ നഗരത്തിൽ ആയിരുന്നപ്പോഴും, അയാളത് കൃത്യമായി മറക്കാതെ ചെയ്യുമായിരുന്നു. എന്നോട് അമ്പലത്തിൽ നിന്ന് വാങ്ങി അയൽവക്കങ്ങളിലും തൊട്ടടുത്ത ബന്ധുക്കൾക്കും കൊടുക്കണമെന്നും പറയുമായിരുന്നു. ഇതൊന്നും നിന്നെ അറിയിക്കരുതെന്നും അയാൾ എന്നോട് പറഞ്ഞിരുന്നു. അയാളെന്നും എന്റെ മകനായിരുന്നു, മരുമകൻ എന്ന വാക്ക് ഞാൻ ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. ഇപ്പോൾ അങ്ങനെയല്ല എന്നറിഞ്ഞു എനിക്ക് ദുഃഖമുണ്ട്.
രമ വേഗം നഗരത്തിലേക്ക് തിരിച്ചു. അവരുടെ വീട് പൂട്ടി കിടക്കുകയായിരുന്നു. തിരിച്ചു പോകുമ്പോഴാണ് അയൽവക്കത്തെ ചേച്ചിയെ കണ്ടത്. മിത്രനെ കണ്ടോ എന്ന് രമ ചോദിച്ചു. കാലത്ത് കണ്ടിരുന്നു, എങ്ങോട്ടോ ദീർഘയാത്ര പോവുകയാണെന്നാണ് പറഞ്ഞത്, എന്ന് വരും എന്ന് ചോദിച്ചപ്പോൾ, അറിയില്ല എന്നും പറഞ്ഞു. രമയോട് പറഞ്ഞില്ലേ? അവരോട് മറുപടി പറയാതെ രമ റോഡിലേക്ക് ഇറങ്ങി നടന്നു. അവൾക്കരികിലൂടെ സ്മിതയും ഭർത്താവും ബൈക്കിൽ ഒന്നിച്ചു പോകുന്നത് രമ നോക്കിനിന്നു.