ADVERTISEMENT

പ്രമുഖ പ്രസാധകന് വേണ്ടിയുള്ള അനുശോചന യോഗത്തിൽ, പ്രമുഖ എഴുത്തുകാരൻ നടത്തിയ പ്രസംഗത്തിന്റെ അവസാന ഭാഗം ഇപ്രകാരമായിരുന്നു: "....അദ്ദേഹം പണത്തിന് വേണ്ടി തന്റെ ജീവിതത്തിൽ ഒരു പണിയുമെടുത്തില്ല. പണത്തോട് ഒരാസക്തിയും വെച്ചു പുലർത്തിയില്ല. ആ മനസ്സ് നിറയെ ഭാഷയും സാഹിത്യവുമായിരുന്നു. അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും വേണ്ടിയുള്ള അലച്ചിലായിരുന്നു ആ ജീവിതം. എഴുത്തുകാരനായി, പത്രാധിപരായി, പ്രസാധകരായി സാംസ്ക്കാരിക മേഖലയിൽ നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ സാഹിത്യത്തിന് വേണ്ടിയുള്ള സമർപ്പണം പുതുതലമുറ മാതൃകയാക്കണം എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ഞാൻ ഉപസംഹരിക്കുന്നു."

യോഗത്തിന് ശേഷം കാറിൽ മടങ്ങവെ, സുഹൃത്ത് എഴുത്തുകാരനോട് പറഞ്ഞു: "ജോലിയൊന്നും ചെയ്യാതെ സമയവും ഊർജ്ജവും സാഹിത്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് പരമ ദരിദ്രനായി ജീവിക്കുക എന്നൊക്കെ പറഞ്ഞാൽ അത് വലിയ ത്യാഗവും നമ്മെ സംബന്ധിച്ച് അത്ഭുതവുമൊക്കെയാണ്. സാഹിത്യം രക്തത്തിലലിഞ്ഞാൽ അങ്ങനെയാണ്. പിന്നെ മറ്റെല്ലാം രണ്ടാം തരമായിരിക്കും. അപ്രധാനമായിരിക്കും. "തേങ്ങാക്കൊല....!"-ഇത് കേട്ടപ്പോൾ എഴുത്തുകാരൻ പുച്ഛത്തോടെ അലറി. 

പിന്നെ അയാൾ പറഞ്ഞു: "എടോ, അങ്ങേരുടെ ഭാര്യ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്. വരുമാനവും ആനൂകൂല്യവും ചില്ലറയല്ല. പിന്നെ മൂപ്പര് 'വികാരമായി കൊണ്ടുനടന്ന' ഒരു മിനിമാസികയുണ്ടല്ലോ. അതിന് ഗ്രാൻഡായി ലഭിച്ചിരുന്നത് ചെറിയ തുകയല്ല. എഴുത്തുകാരിൽ നിന്ന് പണം വാങ്ങിയാണ് അങ്ങേര് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. ആ പുസ്തകങ്ങൾ ലൈബ്രറി പുസ്തക മേളകളിൽ വിറ്റഴിക്കും. മുഴുവൻ തുകയും മൂപ്പരെടുക്കും. കണക്ക് വെച്ച്, മുതൽ മുടക്കിയ എഴുത്തുകാർക്ക് ഒരു നയാ പൈസ കൊടുക്കില്ല. ഇതിനൊക്കെ പുറമെ അവശ സാഹിത്യകാരന്മാർക്ക് പെൻഷൻ, ഭാഷക്കായി ഒരു സാംസ്ക്കാരിക കേന്ദ്രം എന്നൊക്കെ പറഞ്ഞ് നടത്തുന്ന പിരിവ്. അത് മുഴുവൻ മൂപ്പര് എടുക്കും. ഇതാണ് യാഥാർഥ്യം. പക്ഷേ പുറത്ത് പറയാൻ പറ്റില്ല. പറഞ്ഞാൽ നമ്മൾ വിമതനാകും. ഒറ്റപ്പെടും. നമുക്കെതിരെ ട്രോളുകൾ പ്രത്യക്ഷപ്പെടും. അതിലും നല്ലത് ഒഴുക്കിനൊത്ത് നീന്തുന്നതാണ്. വിഗ്രഹങ്ങൾ ഉടക്കാതിരിക്കുന്നതാണ്. പുറന്തോടുകൾക്കകത്തുള്ളത് പുറത്തെടുക്കാതിരിക്കുന്നതാണ്!"

English Summary:

Malayalam Short Story ' Puranthodu ' Written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com