'വിവാഹം കഴിച്ച പെൺകുട്ടിയെ കാമുകനൊപ്പം പറഞ്ഞുവിട്ട മഹാൻ എന്ന് എല്ലാവരും പറയുമ്പോഴും അയാളുടെ വേദന ആർക്കും മനസ്സിലായില്ല...'

Mail This Article
മനസ്സിന്റെ അസ്വസ്ഥതകൾ അരോചകമാകുമ്പോൾ, അയാൾ പുറത്തേക്കിറങ്ങി നടക്കും. ആരോരുമില്ലാതെ മരിച്ചൊരാൾ എന്ന ഒരഹങ്കാരം അയാൾക്കുണ്ടെങ്കിലും. മരിക്കുന്നതിന് മുമ്പ് സ്വയം നിർമ്മിച്ച് വെച്ചിരുന്ന കല്ലറയും, തന്നെ അടക്കാൻ വേണ്ട തുക മറ്റു ചിലരെ ഏൽപ്പിച്ചിരുന്നതുകൊണ്ടും, മരണ ശേഷം അയാൾക്ക് സ്വസ്ഥമായി കിടക്കാൻ ഒരിടമായി. സെമിത്തേരിയിലെ സ്വന്തമായി പണിതുണ്ടാക്കിയ കല്ലറയുടെ ആഢ്യത്വം മരിക്കുന്നതിന് മുമ്പ് പലപ്പോഴും വന്നു കണ്ട് അയാൾ ആസ്വദിക്കുമായിരുന്നു. മരിക്കുന്നതിന് മുമ്പ് പൊള്ളുന്ന പനിയായിരുന്നു. പനിയുണ്ടെന്നേ അയാൾക്ക് അറിയുമായിരുന്നുള്ളൂ. പറമ്പിലെ പണിക്കു വന്ന ജോലിക്കാരനാണ് ചുക്കുകാപ്പിയുണ്ടാക്കിയത്. മേശമേൽ ചുക്കുകാപ്പിവെച്ചു തിരിയുമ്പോൾ, അയാളെന്തോ ആവശ്യപ്പെട്ടു. അയാൾക്കതു കൊടുക്കുമ്പോൾ, ശരീരത്തിൽ അയാളുടെ വിരലുകൾ സ്പർശിച്ചു. തീയിൽ തൊട്ടപോലെ അയാൾ കൈവലിച്ചു പറഞ്ഞു, പൊള്ളുന്നു. പൊള്ളുന്നു, ആ വാക്കുകൾ അയാളെ വളരെയധികം കാലം പിറകിലേക്ക് കൊണ്ടുപോയി.
മുറപോലെ വിവാഹം കഴിച്ചു, ആദ്യരാത്രിയിൽ ആണ് ആ വാക്ക് കേട്ടത്, നിങ്ങളെ പൊള്ളുന്നു. തന്റെ ശരീരത്തിന് നല്ല ചൂടുണ്ടെന്ന് അയാൾക്കറിയാമായിരുന്നു. എന്നാൽ മറ്റൊരാൾക്ക് സഹിക്കാൻ പറ്റാത്തത്ര തന്റെ ശരീരം പൊള്ളുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞു. ആരും തീയിൽ ചേർന്നുകിടക്കാൻ ആഗ്രഹിക്കില്ലെന്ന് അയാൾ സ്വയം മനസ്സിലാക്കി, അവരെ വീട്ടിൽ കൊണ്ട് ചെന്നാക്കി. അയാൾ സ്വന്തം വീട്ടിൽ തിരിച്ചെത്തുന്നതിന് മുമ്പ് അവർ കാമുകനൊപ്പം കടന്നുകളഞ്ഞു എന്നറിഞ്ഞപ്പോൾ അയാൾക്ക് കൂടുതൽ പൊള്ളി, അതിനൊപ്പം തന്റെ ജീവിതം കരുവാളിച്ചതായും അയാൾ തിരിച്ചറിഞ്ഞു. വിവാഹം കഴിച്ച പെൺകുട്ടിയെ കാമുകനൊപ്പം പറഞ്ഞുവിട്ട മഹാൻ എന്നൊക്കെ അയാളെ ആരൊക്കെയോ പുകഴ്ത്തി. താൻ തോറ്റുപോയ ജീവിത നാടകത്തെക്കുറിച്ചു വീണ്ടും ചിന്തിക്കാൻ അയാൾ ആഗ്രഹിച്ചില്ല. എന്നാൽ ആഗ്രഹിക്കാത്തതാണല്ലോ ജീവിതത്തിൽ നിരന്തരമായി സംഭവിക്കുക. അവരെ അയാൾ പലതവണ വിവിധയിടങ്ങളിൽ കണ്ടു. അപ്പോഴെല്ലാം അയാൾ ശരീരത്തിൽ പൊള്ളിപടരുന്ന തീ കെടുത്താൻ ശ്രമിച്ചു പരാജയപ്പെട്ടു. ജീവിതം ഉയർച്ചതാഴ്ചകൾ നിറഞ്ഞതാണെങ്കിലും, തന്റെ ജീവിതത്തിൽ പൊള്ളിച്ചേരുന്ന നിമിഷങ്ങളെ അവശേഷിക്കുന്നുള്ളൂ എന്നയാൾ തിരിച്ചറിഞ്ഞു.
പലതവണ പലരും നിർബന്ധിച്ചെങ്കിലും രണ്ടാമതൊരു സാഹസത്തിന് അയാൾ മുതിർന്നില്ല. അങ്ങനെയൊരു ജീവിതം ചിലപ്പോൾ തനിക്ക് കൽപ്പിച്ചിട്ടുണ്ടാകില്ല എന്നയാൾ സമാശ്വസിച്ചു. ഇനി താൻ കാരണം ആരും പൊള്ളി മരിക്കേണ്ട. ജീവിതത്തിന്റെ നശ്വരതകളെക്കുറിച്ചാണ് അയാൾ ചിന്തിച്ചത്. കുറ്റക്കാരൻ അല്ലാതെയായിട്ടും, തനിക്കു നല്ലൊരു ജീവിതം നിഷേധിക്കപ്പെട്ടു. ആരെയും കുറ്റപ്പെടുത്താൻ നമുക്കാകില്ല. അവർ അവരാഗ്രഹിച്ച ജീവിതത്തിലേക്ക് എത്തിച്ചേരാൻ ചില കുറുക്കു വഴികൾ കണ്ടു പിടിച്ചു. ഒരു കുറുക്കന്റെ കുശാഗ്ര ബുദ്ധി തനിക്കില്ലാത്തതിനാൽ താൻ അവർ പറഞ്ഞത് വിശ്വസിച്ചു. അവർ തന്നെ തകർക്കാൻ ഉപയോഗിച്ച ഒരു പദം, ഒരു ജീവിതകാലം മുഴുവൻ തന്നെ പിന്തുടരുന്നു. ഒരൊറ്റ വാക്കിൽ ഒരാൾക്ക് മറ്റൊരാളുടെ ജീവിതം ഇങ്ങനെ തകർത്തെറിയുവാൻ കഴിയുമോ? കഴിയുമായിരിക്കും. തന്റെ കർണ്ണകപോലങ്ങളെ തകർത്തുകൊണ്ട് തലച്ചോറിലേക്ക് ഊർന്നിറങ്ങിപ്പോയ ഒരു വാക്ക്. എന്തുകൊണ്ട് തനിക്കതൊന്നും മറന്നുകളയാൻ കഴിയുന്നില്ല. ഒരുപക്ഷെ തന്റെ കഴിവ് കുറവായിരിക്കാം.
പതിവുപോലുള്ള തന്റെ രാത്രി സഞ്ചാരങ്ങൾ കഴിഞ്ഞു അയാൾ കല്ലറയിൽ തിരിച്ചെത്തി. പുറത്തെ വലിയ ശബ്ദ കോലാഹലങ്ങൾ കല്ലറക്കുള്ളിലും അയാളെ ഉണർത്തി. തന്റെയരികിൽ മറ്റാരെയോ അടക്കാനുള്ള ശ്രമങ്ങളാണെന്നു തോന്നുന്നു. തന്റെ ഏകാന്തവാസത്തിനിടയിലേക്ക് മറ്റൊരാൾ കടന്നുവരുന്നത് അയാൾക്ക് അരോചകമായി തോന്നി. അടക്കം കഴിഞ്ഞുള്ള പ്രാർഥനകൾ തുടങ്ങിയപ്പോഴാണ് അയാൾക്ക് ഭൂമി ചൂടാകുന്നതായി അനുഭവപ്പെട്ടു തുടങ്ങിയത്. കല്ലറക്കുള്ളിലും തനിക്ക് ചുട്ടുപൊള്ളുന്നു. രാത്രിയായി, കല്ലറക്കുള്ളിലെ ചൂട് അപ്പോഴും അസഹ്യമായിരുന്നു, അയാൾ പുറത്തു കടന്നു, പുതുതായി അടക്കിയ കല്ലറയിലെ പേര് വായിച്ചു. അത് അവർതന്നെയായിരുന്നു, തന്നെ പൊള്ളിച്ചു, തന്റെ ജീവിതവുമായി കടന്നു കളഞ്ഞവർ. കല്ലറക്കുള്ളിലും സമാധാനം തരാത്തവർ, അയാൾ പിറുപിറുത്തു.