'നിന്റെ ഈ ഫോൺകോൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്, അമ്മയ്ക്ക് ഇടയ്ക്കിടെ നിന്റെ ശബ്ദം കേൾക്കാൻ...'

Mail This Article
ഒറ്റപ്പെടുക വലിയ ഒരു സുഖമാണ്. ഓർമ്മകളോ ചിന്തകളോ ഇല്ലാതെ അങ്ങനെ അന്തരീക്ഷത്തിൽ അപ്പൂപ്പൻതാടിപോലെ പാറിപ്പറക്കുക. അതിനിടയിലും ചക്രവാളങ്ങളിൽ വിരിയുന്ന മഴവില്ലുകൾ എല്ലാം എന്റെയാണെന്ന് തിരിച്ചറിയുക. അധികം വൈകാതെ മാഞ്ഞുപോകുന്ന മഴവില്ലുകൾ, ജീവിതത്തിന്റെ നിറമേളങ്ങൾ. അത് മനസ്സിലും ഹൃദയത്തിലും വിരിയുന്ന വർണ്ണശോഭയുള്ള പൂക്കളായി മാറുമ്പോൾ ജീവിതത്തിനു ഒരു സ്വച്ഛത അനുഭവപ്പെടും, കുറച്ചു നേരത്തേക്കെങ്കിലും.
ഒറ്റപ്പെടുക അല്ലെങ്കിൽ ഒറ്റപ്പെടുത്തുക, അതൊരു പ്രക്രിയ ആണ്. തഴച്ചുവളരുന്ന ഇലകൾ നിറഞ്ഞ മരത്തെ, ഇലകൾ കൊഴിച്ചു, ഉണക്കി, വെട്ടിമാറ്റി കത്തിച്ചുകളയുന്നപോലുള്ള ഒരു പ്രക്രിയ. അത് മനഃപൂർവ്വം സംഭവിക്കുന്നു എന്നല്ല പറഞ്ഞു വരുന്നത്. സംഭവിപ്പിക്കുന്നതാണ്. ഒരാളെ തന്നിലേക്ക് മാത്രം ചേർത്തുവെക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്. അവരെ തന്നോട് ചേർക്കാൻ അവർ കണ്ടെത്തുന്ന വിദ്യയാണ്, മറ്റുള്ളവരെ വെറുപ്പിക്കുക എന്നത്. അയാളത് തിരിച്ചറിയാത്ത ആളൊന്നുമായിരിക്കില്ല. തനിക്കു പ്രിയപ്പെട്ട ഒരാളായതിനാൽ അയാൾ അതിന് നിന്ന് കൊടുക്കുന്നതാണ്. വളരെ വൈകിയാണ് അയാൾ തനിക്കു ചുറ്റും മറ്റാരുമില്ല എന്ന് തിരിച്ചറിയുക.
പരസ്പരം സ്വന്തമാക്കി എന്ന് കരുതുന്ന വ്യക്തിയുമായുണ്ടാകുന്ന ചെറിയ ഉരസലുകൾപോലും, അയാളെ ഒരു മരുഭൂമിയിലേക്ക് വലിച്ചെറിയും. നടന്നിട്ടും നടന്നിട്ടും ഒരിക്കലും മനുഷ്യവാസം കണ്ടെത്താത്ത തികച്ചും ഏകനായ ഇനിയും എങ്ങോട്ടു പോകണമെന്നറിയാത്ത ഒരു മനുഷ്യൻ. അയാൾ ഉറക്കെ വിളിച്ചു, എന്റെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത ദൂരത്ത് ആരെങ്കിലുമുണ്ടോ? അയാൾക്ക് ഒരു ഉത്തരവും കിട്ടിയില്ല. ഇരുട്ടിൽ താൻ തനിയെ നടക്കുകയാണ്, ഇരുട്ട് മാത്രം, അതോ ഇരുട്ട് തന്നെ വിഴുങ്ങിയോ. കാറ്റിന്റെ ഹുങ്കാരങ്ങൾ തന്നെ പൊതിഞ്ഞെടുത്തു ഏതെങ്കിലും മണൽക്കൂനക്ക് താഴെ കുഴിച്ചിട്ടോ. കണ്ണുകൾ തുറക്കാൻ വയ്യ. കാതുകൾ കേൾക്കാൻ വയ്യ. ശബ്ദം പുറത്തേക്കു വരുന്നേയില്ല.
ഒരു അലർച്ചയോടെയാണ് അയാൾ കട്ടിലിൽ എഴുന്നേറ്റിരുന്നത്. ഒരു പകലുറക്കമായിരുന്നെന്നു തിരിച്ചറിഞ്ഞപ്പോൾ അയാൾക്ക് സ്വയം പരിഹസിക്കണമെന്നു തോന്നി. എന്നാൽ കണ്ട സ്വപ്നങ്ങളിലെ യാഥാർഥ്യങ്ങൾ അയാളെ പിന്തുടർന്ന് വേട്ടയാടുന്നപോലെയും അനുഭവപ്പെട്ടു. അയാൾ ഫോണെടുത്തു ചേച്ചിയുടെ നമ്പറിൽ വിളിച്ചു. നീ നമ്പർ തെറ്റി വിളിച്ചതാണോ? ചേച്ചിയുടെ ശബ്ദം. കുറ്റംപറയുകയല്ല, ഓരോരുത്തർക്കും അവരവരുടെ ജീവിതം തിരഞ്ഞെടുത്തു ജീവിക്കാനെ കഴിയൂ. ഒപ്പമുള്ളവരെ സന്തോഷിപ്പിക്കാൻ, മറ്റുള്ളവരെ മറന്നുകളയുന്നത് ഒരു തെറ്റൊന്നുമല്ല. ചേച്ചി തുടർന്നു.
അമ്മ ഉറക്കത്തിലാണോ, അയാൾ ചോദിച്ചു. ഇല്ല അമ്മ ഉണർന്നിരിക്കുന്നുണ്ട്. ഞാൻ കൊടുക്കാം. എന്തുപറ്റി, എന്തേ നിനക്ക് വിളിക്കാൻ തോന്നി. അമ്മ ചോദിച്ചു. അമ്മയുടെ ശബ്ദം കേൾക്കണമെന്ന് തോന്നി, അതാണ് വിളിച്ചത്. അയാൾ പറഞ്ഞു. മുമ്പൊക്കെ എനിക്കും നിന്റെ ശബ്ദം എന്നും കേൾക്കണമെന്ന് തോന്നിയിരുന്നു. പിന്നെ വിളിയുടെ ഇടവേളകൾ കൂടിയപ്പോൾ ഞാൻ എന്നെ പറഞ്ഞു മനസ്സിലാക്കി. കിട്ടാത്തതൊന്നും ആഗ്രഹിക്കരുതെന്ന് ജീവിച്ചിരിക്കുമ്പോൾ നിന്റെ അച്ഛൻ എന്നെ ഓർമ്മിപ്പിക്കുമായിരുന്നു. ആഗ്രഹങ്ങൾ ഒന്നും അവശേഷിക്കാത്തതിന് ഞാൻ നിന്റെ അച്ഛനോടും, ഈശ്വരനോടും എന്നും നന്ദി പറയുന്നു.
അമ്മയുടെ അസുഖങ്ങൾ എങ്ങനെയുണ്ട്, അയാൾ ചോദിച്ചു. രോഗങ്ങൾ ചിലപ്പോൾ ഒരു മുതൽക്കൂട്ടാണ്. രോഗങ്ങൾക്കൊണ്ടു ഉണ്ടാകുന്ന വേദനകളും അസ്വസ്ഥതകളും മറ്റൊന്നും ചിന്തിക്കാതിരിക്കാൻ സഹായിക്കും. അതിനാൽ ഞാൻ എന്റെ രോഗങ്ങൾ ഒരു അനുഗ്രഹമായി കാണുന്നു, അനുഭവിക്കുന്നു. ചിലപ്പോൾ ഇതെന്റെ സ്വാർഥതയാകാം, എന്നാൽ ഈ സ്വാർഥത മറ്റാർക്കും ഹാനികരമാകുന്നില്ലല്ലോ. അമ്മ പറഞ്ഞു. ഞാൻ അമ്മയെ കാണാൻ വരാം. അയാൾ പറഞ്ഞു.
വരണമെന്നില്ല. നിന്റെ വീട്ടിലെ സമാധാനമാണ് ഏറ്റവും വലുത്. സ്വാർഥത ഒരു തെറ്റല്ല, ഒരുപക്ഷെ അവിടെ സ്നേഹക്കൂടുതൽ കാണും. എന്റെ മാത്രം എന്ന തോന്നൽ കാണും, അമ്മ പറഞ്ഞു. നീ തിരക്കിൽ അല്ലെ, ഫോൺ വെച്ചോളൂ, ഫോൺ ഞാൻ ചേച്ചിക്ക് കൊടുക്കാം, അമ്മ പറഞ്ഞു. നീ ക്ഷമിക്കുക, നിന്റെ ഈ ഫോൺകാൾ ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് ഇടയ്ക്കിടെ നിന്റെ ശബ്ദം കേൾക്കാൻ, ചേച്ചി പറഞ്ഞു. അയാൾക്ക് തന്റെ ശബ്ദം നിലച്ചപോലെ തോന്നി.