ADVERTISEMENT

ഏകദേശം നൂറു വർഷങ്ങൾക്കപ്പുറം നടന്ന ഒരു കഥയാണിത്. അന്ന് മരുമക്കത്തായ സമ്പ്രദായം ആയിരുന്നു. അനന്തവിഹായസ്സിലേക്ക് വാതായനം തുറന്നിട്ട നീലിമലയുടെ താഴ്‌വാരത്തിലാണ് തിരുമേനിയുടെ വീട്. കണ്ണെത്താത്തോളം ദൂരം ചിതറികിടക്കുന്ന മലകളുടെ അറ്റം ആകാശവും തുളച്ചുകയറി മുകളിലേക്ക് പോകയാണോ എന്ന് തോന്നും. നീലിമലയുടെ നീലാകാശത്തിൽ കോടമഞ്ഞു വീണു മൂടി ഇരിക്കുന്നു. പച്ചപ്പുൽ നിറഞ്ഞ താഴ്‌വരയിൽ മഞ്ഞു വിരിച്ച തൂവെള്ളവിരി ഉരുകി ഒലിക്കുന്നു. ശാന്ത പുതപ്പിന്നടിയിൽ നിന്നും മെല്ലെ എഴുന്നേറ്റു. നാലരയാകുമ്പോൾ തിരുമേനി എഴുന്നേറ്റ് അടുത്തുള്ള ദേവീക്ഷേത്രത്തിൽ പൂജക്കായി പോകും. കുന്നിൽ ചെരിവിലുള്ള ആ ദേവീ ക്ഷേത്രത്തിൽ നിന്നും പ്രഭാത ഗീതങ്ങൾ ഒഴുകി കൊണ്ടിരുന്നു. അമ്മായി അമ്മയ്ക്ക് ചായയും കൊടുത്ത് ശാന്ത കുളിയും കഴിഞ്ഞ് അമ്പലത്തിലേക്ക് നടന്നു. ആ യാത്രയിൽ അവർ പലതും ചിന്തിച്ചു. കഴിഞ്ഞകാല ഓർമ്മകൾ ഓരോന്നായി മനസ്സിൽ പൊങ്ങി വന്നു.

ചാലിയാർ പുഴയുടെ തീരത്തുള്ള സമ്പന്ന കുടുംബത്തിലെ മാധവന്റെയും അമ്മിണിയുടേയും ഏക സന്തതിയാണ് ശാന്ത. പഠിക്കാൻ അതിസമർഥയായ അവൾ ഡിഗ്രി കഴിഞ്ഞ് പി. ജി. ക്ക് പോകാൻ തയാറായി ഇരിക്കുമ്പോഴാണ് അച്ഛൻ മാധവന്റെ പെട്ടെന്നുള്ള മരണം. അത് ആ അമ്മയേയും മകളേയും വല്ലാതെ തളർത്തി. ഒരുപാട് സ്വത്തുക്കൾ ഉണ്ടായിരുന്ന ആ തറവാട്ടിൽ ഭാഗമൊന്നും കഴിഞ്ഞിരുന്നില്ല. മാധവന്റെ മരണശേഷം അയാളുടെ ബന്ധുക്കൾ വന്ന് സ്വത്തെല്ലാം കൈക്കലാക്കി. വീടും കൈവശപ്പെടുത്തി. അമ്മിണിയേയും ശാന്തയേയും യാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ അവർ ആ വീട്ടിൽ നിന്നും ഇറക്കി വിട്ടു. നിറഞ്ഞ കണ്ണുകളും തളർന്ന ശരീരവുമായി അവർ ആ വീടിന്റെ പടിയിറങ്ങി. ആരുടെയോ നല്ല മനസ്സുകൊണ്ട് അവർക്ക് താമസിക്കാൻ ഒരു വാടക വീട് കിട്ടി. അവർ പോകുമ്പോൾ നീലിമലയുടെ താഴ്‌വരയിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വേദനയോടെ അവരെ യാത്രയാക്കി.

മാധവൻ മരിച്ചതോടെ അവരുടെ കഷ്ടകാലവും തുടങ്ങി. മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന സമയമായിരുന്നു ആ കാലം. അതുകൊണ്ട് തന്നെയാണ് അവർക്ക് ഒന്നും ലഭിക്കാതെ പോയതും. അമ്മയ്ക്കും മകൾക്കുമുള്ള ആഭരണങ്ങൾ മാത്രമാണ് അവരുടെ ഏക സാമ്പാദ്യം. അത് വിറ്റും പണയം വെച്ചുമാണ് അവർ ജീവിത ചിലവും, വീട്ടു വാടകയും നൽകിയിരുന്നത്. ഇതിനിടയിൽ ആദിയും വ്യാദിയും കൊണ്ട് അമ്മിണി ഒരു രോഗിയായി തീർന്നു. അമ്മയുടെ ചികിത്സാ ചിലവും വീട്ടുഭാരവും താങ്ങേണ്ടി വന്ന ശാന്ത കുട്ടികളെ ട്യൂഷൻ എടുത്ത് വരുമാനം കണ്ടെത്തി. അവിടേയും വിധി അവളെ വേട്ടയാടി. രോഗിയായ അമ്മ അവളെ തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്ഞു. അതോടെ അവൾ തളർന്നു. അമ്മ മരിച്ചു വർഷം ഒന്നു കഴിഞ്ഞു. നീറുന്ന ഓർമ്മയിൽ നിന്നും ഒരു മോചനത്തിന്നായി അവൾ ക്ഷേത്രത്തിൽ പോകാൻ തീരുമാനിച്ചു.

ചാലിയാർ മണൽപ്പുറത്ത് മരതകപ്പച്ച വീശുന്ന മറ്റൊരാകാശം. പുലർക്കാറ്റ് മലമുടികൾക്കപ്പുറത്ത് കന്നിപ്പുലരിയുടെ തുടുപ്പുമായി അവളെ നോക്കി പുഞ്ചിരി പൊഴിച്ചു. ശാന്ത അമ്പലത്തിലേക്കായി നടന്നു. അമ്പലത്തിലെ തിരുമേനി അവളുടെ വരവും നോക്കി അനുകമ്പയോടെ നിൽക്കയാണ്. പാവം എന്ത് സുന്ദരിയായ പെൺകുട്ടി. അടക്കവും ഒതുക്കവും ആവശ്യത്തിലേറെ. അയാൾക്ക് അവളോട് ഒരു പ്രത്യേക ഇഷ്ടം തോന്നി. ശാന്തയെ പറ്റിയുള്ള എല്ലാ വിവരങ്ങളും അയാൾ അന്വേഷിച്ച് അറിഞ്ഞിരുന്നു. അവൾക്കൊരു ജീവിതം കൊടുക്കാനായി അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് നായർ യുവതിയായ ശാന്ത വാസുദേവൻ തിരുമേനിയുടെ പത്നിപദം അലങ്കരിച്ചത്.

സാമാന്യം നല്ലൊരു ചുറ്റുപാടാണ് വാസുദേവൻ തിരുമേനിയുടെ. തോട്ടവും തൊടിയും പാടവും കുളവും എല്ലാമുള്ള നിറഞ്ഞ ഇല്ലം. അവിടുത്തെ താമസം ശാന്തയെ പുളകം കൊള്ളിച്ചു. നീലാംബരക്കാഴ്ച്ചയിൽ വിസ്മയം ജനിപ്പിക്കുന്ന പാടശേഖരങ്ങളിലൂടേയും വൃക്ഷനിബിഡമായ പറമ്പിലൂടേയും ചുറ്റിക്കറങ്ങി അവൾ തന്റെ സമയം ചിലവഴിച്ചു. വയസ്സായ ഒരമ്മയും ശാന്തയും തിരുമേനിയും കാര്യസ്ഥൻ രാമനുമാണ് ആ വീട്ടിൽ താമസം. അവളുടെ മനസ്സിനെ വേദനിപ്പിച്ചുകൊണ്ടിരുന്ന ഓർമകളിൽ നിന്നും മോചനം നേടാൻ ആ അന്തരീക്ഷം അവൾക്ക് ഏറെ സഹായകമായി. ഒരു സായംസന്ധ്യയിലെ കുളിർക്കാറ്റിൽ കോരിത്തരിച്ചു നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെ നടക്കാൻ അവളുടെ കൂടെ അവളുടെ അമ്മായി അമ്മയും വന്നു. അവളുടെ ആ കരുതലും സ്നേഹവും ആ മനസ്സിനെ ഏറെ ആകർഷിച്ചു. തനിക്ക് പിറക്കാതെ പോയ മകളാണ് അവളെന്ന് ആ മനസ്സ് മന്ത്രിച്ചു.

ദിവസങ്ങൾ കടന്നുപോയി ഇന്നവൾ ഒരു കുഞ്ഞിന്റെ അമ്മയാണ്. ശരത് അതാണവന്റെ പേര്. ഒറ്റനോട്ടത്തിൽ തന്നെ ആരും ഇഷ്ടപ്പെടുന്ന ഓമനമുഖം.  പൗർണ്ണമി ചന്ദ്രനെ വെല്ലുന്ന മുഖകാന്തി. മനം മയക്കുന്ന പുഞ്ചിരി എല്ലാം കൊണ്ടും അവൻ ആ വീട്ടിലെ പൊൻ നക്ഷത്രമായി തിളങ്ങി. ശരത്തിനു മൂന്നു വയസ്സുള്ളപ്പോഴാണ് ചാലിയാർ പുഴയിൽ കുളിക്കാനായി പോയ മുത്തശ്ശി പുഴയുടെ ഒഴുക്കിൽ പെട്ട് മരിച്ചത്. ആ ഞെട്ടിക്കുന്ന സംഭവത്തിൽ നിന്നും ഇന്നും അവരൊന്നും കരകയറിയിട്ടില്ല.  ശരത്തിനു മുത്തശ്ശിയെ ജീവനായിരുന്നു. മൂന്നു വയസ്സ് കഴിഞ്ഞിട്ടും ശരത് സംസാരിക്കാൻ തുടങ്ങിയിട്ടില്ല. അത് ആ അച്ഛനമ്മമാരിൽ ഭയം ജനിപ്പിച്ചു. ആശിച്ചു മോഹിച്ചുണ്ടായ മകന്റെ ഈ അവസ്ഥ അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഒടുവിൽ അവർ അവനെ ടൗണിൽ ഉള്ള പ്രഗത്ഭനായ ഡോക്ടർ സഹദേവനെ കാണിച്ചു. ഡോക്ടറുടെ പരിശോധനയിൽ അവൻ സംസാരിക്കാൻ സാധ്യത ഇല്ല എന്നും അഥവാ അവന്റെ മനസ്സിനെ തകർക്കുന്ന എന്തെങ്കിലും ഷോക്ക് ഉണ്ടായാൽ സംസാരിക്കാനുള്ള സാധ്യത ഉണ്ടാകാം എന്നും ഡോക്ടർ പറഞ്ഞു. ആശിച്ചു മോഹിച്ചുണ്ടായ മകന്റെ അവസ്ഥയിൽ ആ ദമ്പതികൾ തകർന്നു പോയി. അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. അവന് സ്കൂളിൽ പോകേണ്ട സമയമായി. അവർ അവനെ ബധിരമൂക വിദ്യാലയത്തിൽ ചേർത്തു. അവന്റെ അപാര ബുദ്ധി വൈഭവം എല്ലാവരേയും അത്ഭുതപ്പെടുത്തി. ആ കുടുംബം ഭാഗവാനിൽ തന്നെ അഭയം പ്രാപിച്ചു.  ഭജനയും വൃതങ്ങളുമായി അവർ ദിവസങ്ങൾ കഴിച്ചു കൂട്ടി.

ഒരു ദിവസം അവർ ഒരു യാത്ര പോയി. പോകുന്ന വഴിയിൽ ചായ കുടിക്കാനായി ഒരു കടയിൽ കയറി. അവിടെ കണ്ട കാഴ്ച ആ പിഞ്ചു ഹൃദയത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കടയുടമയും മറ്റു ചിലരും ചേർന്ന് ഒരു ചെറുബാലനെ തല്ലി ചതയ്ക്കുന്നു. അവൻ എന്നെ തല്ലല്ലേ തല്ലല്ലേ ഇനി ഞാൻ എടുക്കില്ല. വിശപ്പു സഹിക്കാൻ വയ്യാതെയാണേ എന്നെല്ലാം പറഞ്ഞു കരയുന്നു. ആ രംഗം കണ്ടു നിന്ന ശരത് അവരുടെ അരികിലേക്ക് ഓടിയെത്തി. നിർത്ത് അവൻ ആക്രോശിച്ചു. ഒന്നും മനസ്സിലാകാതെ അമ്പരന്നു നിൽക്കുന്ന ആ മാതാപിതാക്കൾ മകന്നരികിൽ എത്തി. അവിടെ കണ്ട കാഴ്ച ആ ദമ്പതികളുടെ മനസ്സിൽ കുളിർ കോരിയിട്ടു. കത്തിക്കാളുന്ന വിശപ്പിൽ നിന്നും മോചനത്തിന്നായി പഴക്കുലയിൽ നിന്നും ഒരു പഴം ഇരിഞ്ഞെടുത്ത് ഓടിയതാണ് ആ കുട്ടി ചെയ്ത തെറ്റ്. അവനെ ഉപദ്രവിക്കുന്ന കാഴ്ച കണ്ടു ഷോക്കേറ്റ തങ്ങളുടെ മകന്റെ നാവിൽ നിന്നും അക്ഷരങ്ങൾ പുറത്തേക്ക് ചാടി. വൈദ്യ ശാസ്ത്രം പോലും തോറ്റിടത്ത് ഇപ്പോൾ അവൻ വിജയിച്ചിരിക്കുന്നു.

ശരത് ആ കുട്ടിയുടെ കൈ പിടിച്ച് തന്റെ അച്ഛനമ്മമാരുടെ അടുത്തെത്തി പറഞ്ഞു. നിങ്ങൾക്ക് ഇനി മക്കൾ രണ്ടാണ്. അനാഥനായ ഇവനെ നമുക്ക് നമ്മോടൊപ്പം വളർത്താം. തന്റെ മകന്റെ വൈകല്യം മാറി കിട്ടിയതിന്റെ പിന്നിൽ കാരണഭൂതനായ ആ കുട്ടിയെ നല്ല നിലയിൽ തന്നെ അവർ വളർത്തി. കാലം കടന്നുപോയി. ഇന്ന് ആ രണ്ടു സഹോദരന്മാർ ശാന്ത മെഡിക്കൽ സെന്ററിന്റെ എം. ഡി. മാരാണ്.  പാവപ്പെട്ടവർക്കും അനാഥർക്കും ഫ്രീ ചികിത്സ നൽകി. അനാഥർക്കായി അവർ അഗതി മന്ദിരവും കൂടി പണിതു. ആ സുവർണ്ണ ഗോപുരത്തിൽ തന്റെ ഓമന പുത്രന്മാർക്കൊപ്പം എല്ലാവിധ ഐശ്വര്യങ്ങളോടും കൂടി അവർ ദിവസങ്ങൾ കഴിച്ചു കൂട്ടി.

English Summary:

Malayalam Short Story ' Suvarnna Gopuram ' Written by Syamala Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com