രാഗയാഗം – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ എഴുതിയ കവിത

Mail This Article
ഇനിയീ നിലാവെന്റെ
കൈരേഖയിൽ
സുഖകര സുഷുപ്തി-
യിലലിയുമെങ്കിൽ
ഇനിയും വരാമെന്ന
ഹേമന്ത മന്ത്രണം
ചേർത്തിടും ഞാൻ
കരളാഴങ്ങളിൽ.
ഇനിയീ കിനാവെന്റെ
മീനത്തിലെ
ശീതളഛായയായ്
മാറുമെങ്കിൽ
ഇനിയുമുറങ്ങാത്ത
രാവുകൾക്കായി ഞാൻ
ഒരു പാട്ടുപീലി-
യെടുത്തുവെക്കും.
ഇനിയീ പനിക്കൂർക്ക-
ത്തൈ,എന്റെ നോവുന്നൊ-
രുച്ചിമേൽ
സാന്ത്വനമാകുമെങ്കിൽ
ഇനിയും നിലക്കാത്തൊ-
രാർദ്രമാം തെന്നലിലേ-
ക്കെന്റെ സ്വപ്നത്തെ
വിളിച്ചുണർത്തും.
ഇനി നിൻ തുടിപ്പുകൾ
എന്റെ മോഹത്തിന്റെ
ജപമാലയിൽ
ശ്രുതിയാകുമെങ്കിൽ
ഇനിയുമീ സംസർഗ-
വൈവിധ്യമുണരുന്ന
മണ്ണിലൊരു കൂണായ് ഞാൻ
പുനർജനിക്കും.
ഇനിയീ മധുസ്വര-
പ്പൂവുകളെന്നുടെ
സാഫല്യ രാവിനെ
പുണരുമെങ്കിൽ
ഇനിയുമീ മാത്രകൾ-
ക്കനുയാത്ര പോകുന്ന
അനുഭൂതിയായി ഞാൻ
ഉണർന്നെണീക്കും.
ഇനിയീണം ചേരുന്ന
വീണയായെന്നുടെ
നിനവ് മാരിക്കുളിർ
ചൂടുമെങ്കിൽ
മധുലിഖിതമെഴുതിയ
പ്രാചീന മുനി പോലു-
മമ്പരക്കും മധുര-
മായിടും ഞാൻ.
ഇനിയീ മറവിയെൻ
പഴയ ചതുരംഗ-
ക്കളത്തിലെ
വിങ്ങലായ് മാറീടുകിൽ
ഇനിയെങ്ങും പോകാതെ-
യരികത്തൊരാൽ മര-
ക്കാറ്റിന്റെ ആർദ്രത-
യായലിയും.
ഇനിയീ പുളഞ്ഞൊഴു-
കീടുന്ന പുഴയെന്റെ
പാതിരാ പല്ലവി-
യാകുമെങ്കിൽ
ഇനിയും നിലക്കാത്ത
ജൈവ പ്രവാഹമായ്
നിന്നിലേക്കെല്ലാം
മറന്നലിയും.
ഇനിയീ ജരയുടെ
ജടയുടെ ശൂന്യമാം
ഇരുൾ കാവ് പോലെ നീ-
യാകുമെങ്കിൽ
ഇനിയുമീ മന്ത്രാ-
ക്ഷരങ്ങളാൽ ജീവന്റെ
പൊരുൾ തേടി-
യകലേക്കു മായും
വിഷാദമാകും.