പ്രണാമം – കൊച്ചന്നം ടീച്ചര്‍ എഴുതിയ കവിത

Mail This Article
ഹായ് സ്വപ്ന സുന്ദരി
സര്‍വ്വാംഗ മനോഹരി വയനാടേ
നിന്‍ ദര്‍ശനം കണ്ണിനും കാതിനും സായൂജ്യം
സ്വര്‍ണ്ണപ്രഭചൊരിയും നീല മേലാപ്പിന്‍ കീഴെ
സര്‍വ്വാഭരണ വിഭൂഷയായ് നില്‍ക്കും
നിന്‍ മടിത്തട്ടില്‍ മയങ്ങിയ
നിന്‍ പ്രിയ മക്കള്‍ ഇന്നെവിടെ?
സ്‌നേഹമാം സമ്പത്ത് പരസ്പരം പങ്കിട്ട്
ഒന്നായ് ഒരുമനമായ് വാണ
നിന്‍ പ്രിയ മക്കളെ കണ്ടുവോ നീ?
ആയിരം മോഹങ്ങള്‍ നെഞ്ചിലൊതുക്കി
നിന്നുപോയ ആ ഹൃദയ താളങ്ങള്‍
കേട്ടുവോ നീ?
ആ ഹൃദയ താളങ്ങള്‍ കേട്ടുവോ നീ?
രൗദ്രയായ് ഉറഞ്ഞാടി മണ്‍കൂനയായ് മാറിയ
നിന്‍ നേരെ മിഴികളുയര്‍ത്തുവാന്‍
എന്‍ മനതാരില്‍ ഭയമേറിടുന്നു
പ്രകൃതി തീര്‍ത്ത മണ്‍ ശയ്യകളില്‍
അന്ത്യവിശ്രമം കൊള്ളുന്ന
നിങ്ങളുടെ അവസാന മിടിപ്പുകള്‍
കണ്ടെത്താന്‍ കഴിയാത്ത
ഹതഭാഗ്യരാം ഞങ്ങളോട്
പൊറുക്കണേ മക്കളെ..
പൊറുക്കണേ മക്കളെ..
ജീവിതാന്ത്യം വരെ
നിങ്ങള്‍തന്‍ ആത്മാക്കള്‍ക്കു മുന്നില്‍
പ്രാര്‍ഥന തന്‍ നറുമലരുകള്‍
കണ്ണീരോടെ ഏകീടുന്നു
എന്നും കണ്ണീരോടെ ഏകീടുന്നു.