'നീ മറ്റൊരാളുടെ ഭാര്യയാണ് എന്നറിഞ്ഞിട്ടും എന്തിനാണ് നിന്നെ സ്നേഹിക്കുന്നതെന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണ്...'

Mail This Article
ജീവിതം എന്നെ ഞാൻ അറിയാത്ത ഇടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. യാദൃശ്ചികമായെങ്കിലും നിങ്ങളെന്നോടൊപ്പം കൂടുവാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ഉത്തരങ്ങൾ എന്തായാലും എനിക്ക് പോയല്ലേ മതിയാകൂ. എന്തായാലും എന്നെപ്പോലെത്തന്നെ നിങ്ങളും നിങ്ങളുടെ പരിചിതമോ അപരിചതമോ ആയ സഞ്ചാരപാതയിൽ അഭിരമിക്കുന്നവർ ആണ്. പരിമിതങ്ങളായ സന്തോഷങ്ങളിൽ ജീവിക്കുന്നവർ ആണ് നമ്മൾ. സന്തോഷവും ആഹ്ലാദവും കുറച്ചു നാൾ നീണ്ടു നിൽക്കുമ്പോൾ നമുക്ക് ഭയമാണ്, എന്തൊക്കെയോ അപകടങ്ങൾ, ആപത്തുകൾ, വേദനകൾ നമ്മളെ തൊട്ടപ്പുറത്ത് കാത്തു നിൽക്കുന്നു എന്നാശങ്കയാകും പിന്നെ നമ്മളെ പേടിപ്പെടുത്തുക.
ജീവിതത്തിന്റെ ആകെത്തുകകളിൽ നിന്ന് നാം സന്താപവും സന്തോഷവും കൂട്ടിയും കിഴിച്ചും, പെരുക്കിയും ഹരിച്ചും ഉത്തരങ്ങൾ കണ്ടെത്താനാകാതെ ഉഴറുകയാണ്. നിങ്ങൾക്കെന്തോ കുഴപ്പമുണ്ട്! ഉണ്ട്, തീർച്ചയായും ഉണ്ട്. അല്ലെങ്കിൽ പിന്നെ ഞാൻ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ. യാഥാർഥ്യങ്ങളിലൂടെ കുറച്ചധികം ദൂരം സഞ്ചരിക്കാൻപോലും നമുക്ക് വേവലാതിയുണ്ട്. എന്നാൽ സുഗമമായ പാതകൾ നമുക്കായി ആരും തുറന്നു വെച്ചിട്ടുമില്ല. പലപല ധ്രുവങ്ങൾ ഉള്ള നമ്മുടെ മുഖങ്ങൾ സ്വയം തിരിച്ചറിയാനാകാതെ, നാം നമ്മളെത്തന്നെ തേടിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ നിന്നെക്കുറിച്ചു പ്രണയപൂർവ്വം ചിന്തിച്ച ഞാൻതന്നെ, നീ മറ്റൊരാളെ പ്രണയിക്കുന്നു എന്ന് തിരിച്ചറിയുമ്പോൾ, അല്ലെങ്കിൽ നിനക്കെന്നെ ഇഷ്ടമില്ലെന്നറിയുമ്പോൾ നിന്നെ ഞാൻ വെറുക്കുന്നു. അപ്പോൾ ഞാൻ സ്നേഹിച്ചത് നിന്നെയാണോ അതോ നിന്റെ പ്രണയത്തെയാണോ എന്ന് ഞാൻ സ്വയം ചോദിക്കുന്നുണ്ടെങ്കിലും, എന്റെ സ്വാർഥതയിൽ എന്റെ ഉത്തരങ്ങൾ കുടുങ്ങിക്കിടക്കുന്നു.
നീ മറ്റൊരാളുടെ ഭാര്യയോ, കാമുകിയോ എന്നറിഞ്ഞിട്ടുകൂടി, എന്തിനാണ് ഞാൻ നിന്നെ എന്റെ മനസ്സിൽക്കൂട്ടുന്നതെന്ന് സത്യത്തിൽ ഞാൻ എന്നോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്. നിന്റെ രൂപമാണോ, അതോ എന്നിൽ ഒളിഞ്ഞിരിക്കുന്ന കാമമാണോ നിന്നെ നിരന്തരം തേടുന്നത്? അത് നിന്നെത്തന്നെയാകണമെന്നില്ല, നിന്നെപ്പോലെയുള്ള പല നിഴൽരൂപങ്ങളെയുമാകാം. ഒരുപക്ഷെ ഞാൻ തേടിക്കൊണ്ടേയിരിക്കുന്നത് ഞാൻ അറിയാത്ത ഏതോ കാമദേവതയെയാണോ? ആയിരിക്കാം. അങ്ങനെയൊരാൾ ഇല്ലെന്ന് തിരിച്ചറിഞ്ഞിട്ടും, എന്തിനാണ് നിന്നെ എന്റെ മനസ്സ് തേടുന്നത് എന്നതിനും എനിക്കുത്തരമില്ല.
വിശാലമായ കാഴ്ചപ്പാട് എന്നൊന്നില്ല. എല്ലാം വ്യക്തിപരമാണ്, അപ്പപ്പോഴത്തെ ആദായങ്ങൾ ആഗ്രഹപൂർത്തീകരണങ്ങൾ, അതിൽ കുറഞ്ഞൊന്നും വേണ്ട. നിങ്ങളുടെ ചിന്തകളും അങ്ങനെയാണെങ്കിൽക്കൂടി, നിങ്ങളത് അംഗീകരിക്കണമെന്നില്ല. ഓരോ വ്യക്തിയും അവനവന്റെ നല്ല മുഖങ്ങൾ, ചിന്തകൾ മാത്രമേ പ്രദർശനത്തിന് വെക്കുന്നുള്ളൂ. അവനവന്റെ സത്യസന്ധമായ ചിന്തകൾ, ആഗ്രഹങ്ങൾ ഒരുപക്ഷെ അവനവന് കൂടി അംഗീകരിക്കാനാവാത്തതാണ്. അതുകൊണ്ടുതന്നെയാണല്ലോ, പൊയ്മുഖങ്ങളിൽക്കൂടി നാം ജീവിതത്തിൽ വിജയിച്ചു വീരാടി നിറഞ്ഞു നിൽക്കുന്നത്.
നമുക്ക് നമ്മിൽനിന്ന് പുറത്തേക്കുള്ള ഒരു വഴി തിരയേണ്ടത് നമ്മൾത്തന്നെയാണ്. പല വഴികളുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടും മനസ്സ് അരാജകങ്ങളിൽ മാത്രം എന്തുകൊണ്ട് കെട്ടിയിടപ്പെടുന്നു. ഞാൻ നിന്നെ ഒഴിവാക്കിയതല്ല. നീയെന്നെ ഒഴിവാക്കിയതാണ്, കാരണം ഞാൻ അത്രകണ്ട് അരാജകങ്ങളിൽ മുങ്ങിക്കിടക്കുകയാണ്, നിന്നെ വേദനകളിൽ മുക്കിത്താഴ്ത്തുന്നതായിരുന്നു എന്റെ സന്തോഷങ്ങൾ. മറ്റുള്ളവരുടെ വേദനകളിൽ ആനന്ദം അനുഭവിക്കുന്നവനെന്ന് എന്നെ വിളിക്കരുത്. സത്യത്തിൽ എന്റെ വേദനകളിൽ നിങ്ങൾ എന്താണ് അനുഭവിക്കുന്നത് എന്ന് അറിയാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഞാൻ നിങ്ങളാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരാളാണ്. ഞാൻ എന്താണെന്ന് എനിക്കുപോലും അറിയില്ല. പിന്നെ എങ്ങനെയാണ് നിങ്ങൾ എന്നെ നിർവചിക്കുക.
ടിയാന, പുലരാൻ ഇനിയധികം സമയമില്ല, നിന്റെ വസ്ത്രങ്ങൾ അണിഞ്ഞു രക്ഷപ്പെടുക. വീടിന്റെ വാതിൽ തുറന്നു കിടക്കുകയാണ്. ഞാൻ വാതിലുകൾ ചാരിയിടാറേ ഉള്ളൂ. വീടിന്റെ വാതിൽ മാത്രമല്ല, മനസ്സിന്റെ വാതിലും, ഞാൻ ചാരിയിടാറേ ഉള്ളൂ. ആർക്ക് എപ്പോൾ വേണമെങ്കിലും കയറി വരാം, എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാം. ഞാനുമായുള്ള അതിരുകൾ നിങ്ങൾ നിശ്ചയിക്കുന്നതാണ്. ഒന്ന് നിങ്ങൾ തിരിച്ചറിഞ്ഞിരിക്കണം, ഞാൻ ഒരു കൊലയാളിയാണ്. ജീവിതമെന്ന കൊലയാളി.