അനാഥയായ പെണ്കുട്ടി; 'ധനികനും സൽസ്വഭാവിയുമായി ആ യുവാവ് ഇഷ്ടം പറഞ്ഞപ്പോൾ അവൾക്ക് വിശ്വസിക്കാനായില്ല...'

Mail This Article
അന്തിമസൂര്യന്റെ പൊൻവെളിച്ചം പടിഞ്ഞാറേ ചക്രവാളത്തിൽ മങ്ങി കൊണ്ടിരുന്നു. പുഴ കടന്നു വേണം ആതിരക്ക് വീട്ടിലെത്താൻ. അവൾ തണുത്തു കുളിരുന്ന പുഴയെ ഉണർത്തി പുഴ ഇറങ്ങിക്കടന്നു. പുഴയുടെ വഴുക്കുന്ന പാറകളിൽ ചവുട്ടി തെന്നിവീഴാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. അകലേ നിന്നേ വീടു കാണാൻ തുടങ്ങി. നേർത്ത നിലാവിന്റെ പുഞ്ചിരിയിലവൾ മന്ദം മന്ദം നടന്നു. വീടിന്നടുത്തെത്തിയപ്പോൾ അവൾ വേലിപ്പടർപ്പിലെ മുള്ളു ഗേറ്റ് മലർക്കേ തുറന്നു. ഓലമേഞ്ഞ വീടിന്റെ ഉമ്മറത്ത് തുളസിത്തറയിലെ വിളക്ക് അണയാറായിട്ടില്ല. മുറ്റത്തെ നാട്ടുമാവിന്റെ കൊമ്പിലിരുന്ന് കിളികൾ കശപിശ കൂട്ടുന്നു. അവൾ അകത്തേക്ക് കയറി. ചാണകം മെഴുകിയ തറയിൽ വെറ്റിലച്ചെല്ലവുമായി മുത്തശ്ശി കാലും നീട്ടി ഇരുന്ന് മുറുക്കുന്നു. വെള്ളിക്കമ്പികൾ പോലെ മിന്നുന്ന നരച്ച മുടിയും മൂക്കിലെ തിളങ്ങുന്ന മൂക്കുത്തിയും കാതിലെ തോടയും കഴുത്തിലെ രണ്ടുവരി മുത്തുമാലയും എല്ലാം മുത്തശ്ശിയുടെ സൗന്ദര്യത്തെ വിളിച്ചറിയിക്കുന്നു. പല്ലില്ലാത്ത മോണകാട്ടിയുള്ള ആ ചിരികാണുമ്പോൾ അവളുടെ ഹൃദയം കുളിരുകോരും. അവൾ ഓടിച്ചെന്ന് ആ കവിളിൽ മുത്തമിട്ടു.
മുത്തശ്ശൻ വർഷങ്ങൾക്ക് മുമ്പേ മരിച്ചു. അവർക്ക് കുട്ടികൾ ഇല്ലായിരുന്നു. സാമാന്യം നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു മുത്തശ്ശൻ. മുത്തശ്ശന്റെ മരണശേഷം ബന്ധുക്കൾ വന്ന് സ്വത്തെല്ലാം കൈക്കലാക്കുകയും മുത്തശ്ശിക്ക് ഒരു പത്തു സെന്റ് നീക്കിവെച്ച് അതിൽ ഒരു ഓലമേഞ്ഞ വീട് നിർമിച്ചു കൊടുത്തു. പാവം മുത്തശ്ശി ഒന്നും പറയാനോ ചോദിക്കാനോ പോയില്ല. തേയില തോട്ടത്തിൽ പണിക്കു പോയി മുത്തശ്ശി തന്റെ ജീവിതം കഴിച്ചു കൂട്ടി. ആതിര മുത്തശ്ശിയുടെ ആരുമല്ല. മുത്തശ്ശി ഒരു ദിവസം പണി കഴിഞ്ഞ് തിരിച്ചു വരുന്ന സമയം പുഴയുടെ തീരത്തുള്ള പുൽപ്പരപ്പിൽ നിന്നും ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. മുത്തശ്ശി കരച്ചിൽ കേട്ട സ്ഥലം ലക്ഷ്യമാക്കി നടന്നടുത്തു. ആ പുൽത്തകിടിൽ ചുവന്നു തുടുത്ത് ഐശ്വര്യമുള്ള ഒരു പെൺകുഞ്ഞ് കൈകാലിട്ടടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു. അവർ വേഗം ആ കുഞ്ഞിനെ വാരിയെടുത്തു തന്റെ മാറോടു ചേർത്തു വീട്ടിലേക്ക് കൊണ്ടുവന്നു. ആളുകൾ പലതും പറഞ്ഞുണ്ടാക്കി. അവർ അതിനൊന്നും ചെവി കൊടുത്തില്ല. നിലത്തും നെറുകിലും വയ്ക്കാതെ അവർ ആ കുഞ്ഞിനെ വളർത്തി.
മുത്തശ്ശിയുടെ കരലാളനയിൽ അവൾ വളർന്നു. ഇന്നവൾക്ക് പതിനെട്ടു വയസ്സായി. കാണാൻ അതിസുന്ദരി. മിനിമം വിദ്യാഭ്യാസം. തനിക്കു വേണ്ടി കഷ്ടപ്പെട്ട മുത്തശ്ശിയെ ജോലിക്കു വിടാതെ അവൾ ആ സ്ഥാനം ഏറ്റെടുത്തു. കാലത്ത് മുത്തശ്ശിക്ക് ഉള്ളതെല്ലാം ഒരുക്കിയിട്ടാണ് അവൾ തേയിലത്തോട്ടത്തിൽ പണിക്കു പോവുക. വരുമ്പോൾ വൈകുന്നേരമാകും. അവിടെ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് അവർക്ക് ബുദ്ധിമുട്ടില്ലാതെ ജീവിക്കാം. ആതിര കുളിച്ചുവന്ന് അടുപ്പ് കത്തിച്ചു ദോശ ഉണ്ടാക്കാൻ തുടങ്ങി. നെയ്യിൽ മൊരിച്ച ദോശയുടെ മണം മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ മുത്തശ്ശിക്ക് പിന്നെ ഇരിക്കപ്പൊറുതി ഇല്ല. അവർ മെല്ലെ എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നു. ആതിര കവിടി പ്ലേറ്റ് എടുത്തു അതിൽ ദോശയും ചട്നിയും വിളമ്പി മുത്തശ്ശിയുടെ മുന്നിലേക്ക് വെച്ചുകൊടുത്തു. മുത്തശ്ശി കഴിക്കുന്നത് അവൾ ഒരു കൗതുകത്തോടെ നോക്കിനിന്നു. അതിനു ശേഷം അവളും കഴിച്ചു.
രാത്രി കർക്കടക മഴ തിരിമുറിയാതെ പെയ്യുന്നു. പായ മറച്ചു കെട്ടിയ ജനലിൽ കൂടി ഊത്താൽ വെള്ളം മുറിയിലേക്ക് ഒഴുകി എത്തുന്നു. അവൾ ആ വെള്ളം മുഴുവൻ തുടച്ചു വൃത്തിയാക്കി. മുത്തശ്ശി കട്ടിലിൽ കയറിക്കിടന്നു ഉറക്കം പിടിച്ചിരുന്നു. ഉറക്കം വന്നു കൺപോളകളേ തഴുകി കൊണ്ടിരുന്നു എങ്കിലും അവൾക്ക് ഒരു പോള കണ്ണടയ്ക്കാൻ സാധിച്ചില്ല. വിവിധ ചിന്തകൾ ആ മനസ്സിലൂടെ കയറി ഇറങ്ങി കൊണ്ടിരുന്നു. ആരായിരിക്കും തന്റെ അച്ഛനും അമ്മയും? എന്തിനായിരിക്കും അവർ തന്നെ ഉപേക്ഷിച്ചത്? ഇങ്ങനെ ഉത്തരം കിട്ടാത്ത നൂറു ചോദ്യങ്ങൾ അവളുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. അങ്ങനെ എപ്പോഴോ പുറത്ത് മഞ്ഞിനെ അനുനയിപ്പിച്ചു കടന്നു വരുന്ന കാറ്റ് അവൾക്ക് സുഖനിദ്രയെ പ്രദാനം ചെയ്തു.
മുത്തശ്ശി ആ ഓർമ്മകൾ അവളെ ഞെട്ടിച്ചു. അവളുടെ കണ്ണുകളിൽ മിഴിനീർ ഇറ്റിറ്റു വീണു. അവൾ നിറഞ്ഞ മിഴികളുമായ് മുത്തശ്ശിയുടെ കുഴിമാടത്തിലേക്ക് നോക്കിനിന്നു. തിരിച്ചു കിട്ടാത്ത തന്റെ ജീവിതത്തിലെ കൊഴിഞ്ഞു പോയ വസന്തങ്ങൾ. മുഖത്ത് മായാതെ നിന്നിരുന്ന ചിരി ഇന്ന് അവളിലില്ല. കളിയും ചിരിയും സന്തോഷവുമെല്ലാം അവളിൽ നിന്നും എങ്ങോ പൊയ്മറഞ്ഞിരിക്കുന്നു. ഇന്നവൾ നാലു ചുവരുകൾക്കുള്ളിൽ ഏകാന്തതയിൽ തളച്ചിടപ്പെട്ട ചിറകൊടിഞ്ഞ പക്ഷിയെ പോലെയാണ്. ചിന്തകളുടെ ഭാണ്ഡവും പേറി വിരഹത്തിൻ വേദനയിൽ തളർന്നു വീഴാറായ അവളെ തേടി ദൈവദൂതനെ പോൽ ഒരാൾ അവിടെ എത്തി. അത് വേറാരും ആയിരുന്നില്ല. തേയില കമ്പനിയുടെ ഓണറായ അഖിൽ മേനോൻ. അയാളെ നോക്കി അവൾ വേദന നിറഞ്ഞൊരു ചിരി സമ്മാനിച്ചു. നിരാശയും നിസ്സഹായതയും നിറഞ്ഞ നിഷ്കളങ്കമായ മുഖം അയാളിൽ സഹതാപം ഉണർത്തി.
ചെറുപ്പത്തിലേ ഒരു ആക്സിഡന്റിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഹതഭാഗ്യവാൻ. ഇട്ടു മൂടാനുള്ള സ്വത്ത്, സൽസ്വഭാവി, തേയില തോട്ടത്തിന്റെ ഏക അവകാശി. സദാ മുഖത്ത് പുഞ്ചിരിയുമായി വിനീതയായി തേയില തോട്ടത്തിൽ പണിക്കു വരുന്ന ആ യുവസുന്ദരി അഖിൽ മേനോന്റെ മനസ്സിൽ സ്ഥാനം പിടിച്ചിട്ട് വർഷങ്ങളായി. അതയാൾ ആരുമറിയാതെ തന്റെ മനസ്സിൽ സൂക്ഷിച്ചു. അവൾ പോലും അറിയാതെ. ഇന്നിതാ എല്ലാം അവളോട് തുറന്നു പറയാൻ അവസരം വന്നിരിക്കുന്നു. നിരാലംബയായ അവളെ ഒറ്റക്കാക്കാൻ അയാൾക്ക് കഴിയില്ല. അവൾ ഒട്ടും പ്രതീക്ഷിച്ചിരിക്കാതെ അയാൾ തന്റെ മനസ്സ് അവൾക്കു മുമ്പിൽ തുറന്നു. അയാളുടെ ജീവിതത്തിലേക്ക് അവളെ ക്ഷണിച്ചു. നിനച്ചിരിക്കാതെ കേട്ട ആ വാക്കുകൾ അവളിൽ അത്ഭുതം ജനിപ്പിച്ചു. താൻ സ്വപ്നം കാണുകയാണോ എന്നവൾ ചിന്തിച്ചു. കേവലം ഒരു പിച്ചക്കാരിക്ക് തുല്യവും അനാഥയുമായ അവളെ ഒരു കുബേര കുമാരൻ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു.
അവളുടെ അമ്പരപ്പാർന്ന മുഖം കണ്ട് അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. ഈ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും. ഈ ലോകത്തിൽ എന്തിനേക്കാളും കൂടുതലായി ഞാൻ നിന്നേ സ്നേഹിക്കുന്നു. വരൂ നമുക്കൊന്നിച്ച് എന്റെ കൊട്ടാരത്തിലെ റാണിയായി നിനക്കു ജീവിക്കാം. അവിടെ നിനക്കൊരു കുറവും വരില്ല. ആ നല്ല മനസ്സിന് അവൾ നന്ദി പറഞ്ഞുകൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മുത്തശ്ശിയുടെ കുഴിമാടത്തിന്നരുകിലേക്ക് അവൾ നടന്നു. കൂടെ അയാളും അവളെ അനുഗമിച്ചു. ആ കുഴിമാടത്തിന്നരുകിലിരുന്നവൾ പൊട്ടിക്കരഞ്ഞു. അഖിൽ അവളെ എഴുന്നേൽപ്പിച്ചു തന്നോട് ചേർത്തു നിർത്തി. അപ്പോൾ മുത്തശ്ശിയുടെ കുഴിമാടത്തിൽ നിന്നും ഒരു പൊൻവെളിച്ചം വന്ന് അവരെ തഴുകി തലോടിയതായി അവൾക്കു തോന്നി. അവർ തിരിഞ്ഞു നടന്നു. അഖിൽ അവളുടെ കയ്യും പിടിച്ച് വന്ന് കാറിൽ കയറി. കാർ തന്റെ പറുദീസയിലേക്ക് കുതിച്ചു പാഞ്ഞു. അവരുടെ ജീവിതത്തിൽ പൊൻവെളിച്ചം വീണു. ഒരു പഞ്ചവർണ്ണക്കിളിയെ പോൽ അവർ പാറിപറന്നു നടന്നു.