മകൾക്ക് സുഖമില്ല; 'നാട്ടിൽ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്, എമർജൻസി ലീവെടുത്ത് നാട്ടിലേക്കു പോകണം...'

Mail This Article
താൻ എന്ന് മുതലാണ് സ്വയം വെറുക്കാൻ തുടങ്ങിയത്? വളരെ നാളുകൾ ആയി എന്നാണ് തന്റെ വിശ്വാസം. വിഷാദം തന്നെ പലപ്പോഴും തലക്കടിച്ചു വീഴ്ത്തി അവനൊപ്പം ചേർക്കാറുണ്ട്. താൽക്കാലികമായി അവന് കീഴടങ്ങുമെങ്കിലും, താനെപ്പോഴും അവനിൽ നിന്ന് കുതറിമാറാറുമുണ്ട്. കുതറിമാറുക എന്നത്, കടലിനടിയിലെ ഒരു നീരാളിപ്പിടിത്തത്തിൽ നിന്ന്, ഇനിയും ശ്വാസകണങ്ങൾ തന്നിൽ അവശേഷിക്കുന്നില്ല എന്ന് തിരിച്ചറിയുന്ന ഒരു നിമിഷമുണ്ടല്ലോ, ഒന്നുകിൽ കീഴടങ്ങാം, അല്ലെങ്കിൽ ജീവിതത്തിലേക്ക് തിരിച്ചുവരാം എന്ന് തിരിച്ചറിയുന്ന നിമിഷം. ബാക്കിയുള്ള എല്ലാ ശക്തിയും സംഭരിച്ചു മുകളിലേക്ക് ഒറ്റ കുതിപ്പാണ്. അങ്ങനെത്തന്നെയാണ് അയാൾ വിഷാദത്തെ കുടഞ്ഞെറിയുന്നത്. എത്രയൊക്കെ കുടഞ്ഞെറിഞ്ഞാലും വിഷാദമായാലും, വിരോധമായാലും, പ്രണയമായാലും നമ്മുടെ ശരീരത്തിലെവിടെയോ അത് മറഞ്ഞിരിക്കും, നമ്മൾ അശക്തരാകുന്ന ഒരു നിമിഷം കാത്ത്. ആ നിമിഷത്തിൽ അവർ നമ്മെ ആക്രമിച്ചുകീഴടക്കും. പ്രത്യേകിച്ചും രോഗങ്ങൾ.
തണുപ്പ് വലവിരിച്ചു താഴ്ന്നിറങ്ങിവന്ന ഒരു ദിവസമാണ് താൻ പനിക്കും, ചുമക്കും കീഴടങ്ങിയത്. വെറും കീഴടങ്ങൽ ആയിരുന്നില്ല അത്. പരിപൂർണ്ണമായ ഒരു കീഴടക്കലായിരുന്നു. ചുക്ക്കാപ്പി വീണ്ടും വീണ്ടും ഉണ്ടാക്കി കുടിച്ചുകൊണ്ടിരുന്നു. മുറിക്കുള്ളിലെ ഏകാന്ത നിമിഷങ്ങൾ എങ്ങോട്ടോ ഉള്ള ദീർഘദൂരയാത്രയായി തോന്നി. ഒരു ദിവസം മുഴുവൻ യാത്ര ചെയ്‌തിട്ടും എത്താത്ത ലക്ഷ്യം പോലെ, ദിവസത്തിലെ ബാക്കി സമയം അയാളെ തുറിച്ചുനോക്കി. ഏകാന്തത ഒരു ഭീകരതയാണെന്ന് അയാൾ തിരിച്ചറിയാൻ ശ്രമിക്കുകയായിരുന്നു. തനിക്കിതിൽ നിന്ന് രക്ഷപ്പെടാൻ ആകില്ലേ? ഇഴഞ്ഞിഴഞ്ഞുനീങ്ങുന്ന നിമിഷങ്ങൾ. ഒരായിരം തേരട്ടകളുടെ അനേകായിരം കാലുകൾ ഒന്നിച്ചു തന്നിൽ ഇഴഞ്ഞു നടക്കുകയാണെന്ന് അയാൾക്ക് തോന്നി.
പെട്ടെന്നുവന്ന ഒരു ചുമ അയാളുടെ വയറിലെ മസിലുകൾ വലിച്ചു മുറുക്കി. ചുമയ്ക്കാനും, ശ്വാസം പുറത്തു വിടാനും കഴിയാതെ അയാൾ കിടക്കയിൽ ചാരിയിരിക്കാൻ ശ്രമിച്ചു. താനിതിനെ അതിജീവിച്ചേ മതിയാകൂ. താങ്ങാൻ ഒരു കൈ ഇല്ലെങ്കിലും, താൻ സ്വയം താങ്ങിയേ മതിയാകൂ. വേദനകളുടെ ഉരഗങ്ങൾ തന്റെ ശരീരം മുഴുവൻ അവരുടെ കൂർത്ത നഖങ്ങൾ ആഴ്ന്നിറക്കി ഓടുകയാണ്. ഈ വേദനകളെ താൻ മറികടക്കും. ഒന്നുറങ്ങാൻ കഴിഞ്ഞാൽ മതി. നാളെ ഉണരുമ്പോൾ താനൊരുപക്ഷേ പുതിയൊരു മനുഷ്യനായിരിക്കും. വേദനകളിൽ നിന്ന് ജീവിതത്തെക്കുറിച്ച് കുറച്ചധികം പഠിച്ചു കഴിഞ്ഞ മനുഷ്യൻ. കാണുന്നതൊന്നുമല്ല ജീവിതം, അനുഭവിച്ചറിയുന്നതാണ് ജീവിതം. സഹായിക്കാൻ ആരോരുമില്ലാതെ, വേദനയിൽ കിടന്നു പുളയുമ്പോൾ മാത്രമാണ് മനുഷ്യർ തന്റെ നിസ്സഹായാവസ്ഥ തിരിച്ചറിയുക.
പെട്ടെന്നാണ് ഫോൺ അടിച്ചത്. സബീനയാണ്. മാഷെ, മകൾക്ക് സുഖമില്ല, നാട്ടിൽ ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്. ഞാൻ പത്തു ദിവസത്തെ എമർജൻസി ലീവെടുത്ത് നാട്ടിലേക്കു പോവുകയാണ്. മാഷിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വാട്സാപ്പിൽ സന്ദേശം അയച്ചാൽ മതി, വേണ്ട പ്രതിവിധികൾ ഞാൻ അറിയിക്കാം. വേഗം നാട്ടിലേക്ക് പുറപ്പെടൂ സബീന. ഇപ്പോൾ മകളുടെ കാര്യമാണ് ശ്രദ്ധിക്കേണ്ടത്. സാമ്പത്തികമോ അതോ മറ്റെന്തെങ്കിലും സഹായങ്ങൾ വേണമെങ്കിൽ തുറന്നു പറയാൻ മടിക്കരുത്. നാമെല്ലാം ആരോരുമില്ലാതെ അലയുന്ന മനുഷ്യരാണ്. ഒന്നും തുറന്നു പറയാതെ, സ്വയം അടക്കിപ്പിടിച്ച ജന്മങ്ങളായി നാം ജീവിതകാലം മുഴുവൻ നമ്മുടെതന്നെ തടവിൽ കഴിയുന്നവർ. കുറച്ച് ദിവസമാണെങ്കിലും, ഇവിടെ നിന്ന് മാറി നിൽക്കുന്നത് ഒരു ആശ്വാസമായിരിക്കും. ഞാനിന്നു രാത്രിതന്നെ പുറപ്പെടും മാഷെ. നന്മകൾ നേരുന്നു, ഒപ്പം മകൾക്ക് എത്രയും വേഗം സുഖമാകട്ടെയെന്നും പ്രാർഥിക്കുന്നു.
അയാൾക്ക് പെട്ടെന്ന് തന്റെ രോഗങ്ങളോ വേദനകളോ ഒന്നുമല്ലെന്ന് തോന്നി. ഒരമ്മ തന്റെ മകളുടെ ആരോഗ്യത്തിന്റെ ആവലാതിയുമായി ധൃതിയിൽ നാട്ടിലേക്കു പുറപ്പെടുന്നു. വിമാന ടിക്കറ്റ് എടുക്കാൻ അവർ കടം വാങ്ങിക്കാണും, ചികിത്സക്ക് കൈയ്യിൽ പണമുണ്ടോ ആവോ? ഓരോ മാസവും മനുഷ്യർ ഒന്നും ബാക്കിവെക്കാനില്ലാതെ ഓടി അലയുന്നവരാണ്. ദീഘകാല പ്രവാസികൾ ആയിട്ടും രണ്ടറ്റം മുട്ടിക്കാൻ കഴിയാത്ത ഭാഗ്യഹീനർ. പെട്ടെന്നാണ് അയാൾ തൊട്ടടുത്തിരുന്ന പുസ്തകത്തിലെ പുറം ചട്ടയിലെ വാക്കുകൾ ശ്രദ്ധിച്ചത്. വിജയമാണ് ഏറ്റവും നല്ല പ്രതികാരം! അയാൾ അത് വീണ്ടും വീണ്ടും വായിച്ചു. ജീവിതത്തിൽ വിജയങ്ങൾ വെട്ടിപ്പിടിച്ചേ മതിയാകൂ. ഇതെല്ലാം താത്കാലിക പരീക്ഷണങ്ങൾ ആണ്. ഇതിനെയെല്ലാം അതിജീവിക്കുക എന്നതാണ് പ്രധാനം. രണ്ടു ദിവസം കഴിഞ്ഞാൽ, അല്ലെങ്കിൽ ഒരാഴ്ച കഴിഞ്ഞാൽ താൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകും. അപ്പോൾ താൻ അനുഭവിച്ച വേദനകളെല്ലാം മറക്കും.
ജീവിതം പരീക്ഷണങ്ങളുടെ ഒരു ഖനിയാണ്, പരീക്ഷണങ്ങൾ കഴിയുമ്പോൾ നമുക്ക് കിട്ടുന്ന തിരിച്ചറിവുകളാണ് ജീവിതത്തിന്റെ അനുഭവപാഠങ്ങൾ. നമ്മെ കൂടുതൽ ശക്തരും, ജീവിതത്തിൽ എന്തുംനേരിടാൻ പാകപ്പെടുത്തുന്നതുമായ പരീക്ഷണങ്ങൾ. അയാൾ നല്ലൊരു ഉറക്കം കിട്ടുന്നതിനായി പ്രാർഥിച്ചു. മനസ്സ് ഏകാഗ്രമാകുന്നതിന് അയാൾ പ്രാർഥനകൾ ആവർത്തിച്ചുകൊണ്ടിരുന്നു. എല്ലാം അതിജീവിക്കുന്നവനാണ് മനുഷ്യൻ.